Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതപരിവർത്തനത്തിന് ശേഷം അഖിലയെ നിക്കാഹ് ചെയ്തത് ഐസിസിൽ ചേർക്കാനല്ല; മഹല്ലുകളുടെ പൂർണ്ണ സമ്മതത്തോടെയുള്ള വിവാഹം എങ്ങനെ തട്ടിക്കൂട്ടിയുള്ളതാകും; ഭാര്യയെ വിട്ടുകിട്ടാൻ ഷഫിൻ സുപ്രീംകോടതിയിലേക്ക്; അച്ഛനും അമ്മയ്ക്കുമെതിരെ പീഡന ആരോപണത്തിൽ ഹാദിയ ഉറച്ചു നിന്നാൽ ഹൈക്കോടതി വിധി അസാധുവാകും

മതപരിവർത്തനത്തിന് ശേഷം അഖിലയെ നിക്കാഹ് ചെയ്തത് ഐസിസിൽ ചേർക്കാനല്ല; മഹല്ലുകളുടെ പൂർണ്ണ സമ്മതത്തോടെയുള്ള വിവാഹം എങ്ങനെ തട്ടിക്കൂട്ടിയുള്ളതാകും; ഭാര്യയെ വിട്ടുകിട്ടാൻ ഷഫിൻ സുപ്രീംകോടതിയിലേക്ക്; അച്ഛനും അമ്മയ്ക്കുമെതിരെ പീഡന ആരോപണത്തിൽ ഹാദിയ ഉറച്ചു നിന്നാൽ ഹൈക്കോടതി വിധി അസാധുവാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സുപ്രീംകോടതിയിൽ ഹരജി നൽകും. ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനാണ് പരമോന്നത കോടതിയെ സമീപിക്കുക. തിങ്കളാഴ്ച അപ്പീൽ ഹരജി നൽകുമെന്നാണ് സൂചന. മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്നാണ് കോടതി വിലയിരുത്തിയത്.

എന്നാൽ ഹാദിയയുമായുള്ള വിവാഹം മഹല്ലുകളുടെ പൂർണ്ണ സമ്മതത്തോടെ നടന്നതെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ വിവാഹമല്ല തങ്ങളുടേതെന്നും ഭർത്താവ് ഷെഫിൻ ജഹാൻ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയിരുന്നു. കൊല്ലം ചാത്തിനാംകുളം മഹല്ലിൽ നിന്നും കോട്ടയ്ക്കൽ പുത്തൂർ മഹല്ലിലേക്ക് കത്തുകൊടുക്കുകയും പുത്തൂരിൽ നിന്നും പള്ളികളുടെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്ന ഖാളി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾക്ക് കത്ത് നൽകുകയും ചെയ്തു. കോട്ടയ്ക്കൽ പുത്തൂർ ജുമാ മസ്ജിദ് ഉൾപ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബർ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടിൽവച്ച് നിക്കാഹ് നടത്തുകയുമായിരുന്നു. വിവാഹത്തിന് വേണ്ട എല്ലാ ചട്ടങ്ങളും പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. കോടതിയിൽ പറഞ്ഞിരിക്കുന്ന പോല തട്ടിക്കൂട്ടി നടത്തിയ വിവാഹമല്ല ഇത് ഷെഫിൻ വിശദീകരിച്ചിരുന്നു. ഈ വാദങ്ങളെല്ലാമാകും സുപ്രീംകോടതിയിലും ഉയർത്തുക. ഇതിനൊപ്പം ഹാദിയയും നിന്നാൽ കേസിൽ സുപ്രീംകോടതിക്ക് ഹൈക്കോടതി തീരുമാനം അസാധുവാക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

മതപരിവർത്തനം നടത്തി ഐസിസിൽ ചേർക്കാൻ തടഞ്ഞു വെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വൈക്കം സ്വദേശി അശോകൻ നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി. വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാൽ, താൻ സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഹാദിയ കടുത്ത മനുഷ്യാവകാശലംഘനം നേരിടുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഹാദിയയെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും രക്ഷകർത്താക്കൾ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് ഹാദിയയുടെ വീട്ടുതടങ്കൽ. ടി.വി കാണാൻ അനുവാദമില്ല. നോമ്പ് എടുക്കാറുണ്ട്. ഖുർ ആൻ വായിക്കാനാണ് സമയം ചെലവാക്കുന്നത്. മുറിക്കകത്തുള്ള കുളിമുറിയിൽ വസ്ത്രം അലക്കും. കഴുകിയ വസ്ത്രങ്ങൾ പുറത്ത് ഉണങ്ങാനിടാൻ അനുവാദമില്ല. ജീവൻ നിലനിർത്താനുള്ള ആഹാരം മാത്രമാണ് കഴിക്കുന്നത്. സ്ഥലത്തുള്ള വനിതാ പൊലീസുകാർക്ക് പോലും ഹാദിയക്ക് മൊബൈൽ ഫോൺ കൊടുക്കാൻ അനുവാദമില്ല. വനിതാ പൊലീസ് വീട്ടിലേക്കു കയറുമ്പോൾ ഫോൺ വീട്ടുകാരെ ഏൽപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷണനെ അറിയിച്ചിരിക്കുന്നത്. ഇതിലാണ് അന്വേഷണം.

വൈക്കം ടി.വി. പുരം സ്വദേശിനിയാണ് അഖില എന്ന ഹാദിയ. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാത്ത വിവാഹം നടത്തി എന്ന കാരണത്താലാണ് വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷെഫിൻ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് ഹാദിയ ടി.വി പുരത്തെ വസതിയിൽ കഴിയുന്നത്. ഹാദിയയുടെ വീടും പ്രദേശവും പൊലീസ് നിരീക്ഷണത്തിലാണ്. ഹാദിയയുടെ ജീവതത്തെ കുറിച്ച് നാട്ടുകാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് ശാസ്ത്ര സാഹിത്യപരിഷത്ത് അംഗങ്ങൾ ഹാദിയയെ സന്ദർശിക്കാൻ എത്തിയിരുന്നു. എന്നാൽ പൊലീസ് അനുവദിച്ചില്ല. പൊലീസിന്റെ ഭരണകൂടഭീകരത സ്ഥലത്തെ ക്രമസമാധാന നില പോലും തകരാറിലാക്കിയെന്നും പരാതിയിൽ പറയുന്നു. ദേശീയ വനിതാ ഫ്രണ്ടിനു വേണ്ടി എൽ.നസീമയാണ് കേസ് ഫയൽ ചെയ്തത്.

ഹെക്കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളത്തെ ഹോസ്റ്റലിൽ താമസിപ്പിച്ച ഹാദിയയെ മാതാപിതാക്കൾക്കൊപ്പം കനത്ത പൊലീസ് സംരക്ഷണത്തിലാണ് വീട്ടിലേക്ക് എത്തിച്ചത്. വീട്ടിലെത്തിച്ച ഹാദിയ വീട്ടുകാരോട് സംസാരിക്കാൻ തയ്യാറായിരുന്നില്ല. ആദ്യ ദിവസം മുറിയുടെ കതക് അടച്ച് കുറ്റിയിട്ട് ഇരുന്നു. പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ആരേയും അറിയിക്കാതെ ഭക്ഷണം കഴിച്ചു. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ റംമദാൻ വൃതം ആരംഭിച്ചെന്നും, തന്നോട് ഇനി സംസാരിക്കാൻ വരേണ്ടെന്നുമായിരുന്നു മറുപടി. തന്നോട് സംസാരിക്കണമെങ്കിൽ നിങ്ങളും ഇസ്ലാം മതത്തിലേക്ക് മാറണമെന്നും ഹാദിയ പറഞ്ഞതായി പിതാവ് അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.

വീടിന് മുന്നിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ഉള്ളത്. സേലത്ത് ഹോമിയോ ഡോക്ടറാകുവാൻ പഠിക്കുന്ന വൈക്കം സ്വദേശിനി അഖില, ഈഴവ സമുദായത്തിൽ പെട്ട അശോകൻ-പൊന്നമ്മ ദമ്പതികളുടെ ഏക മകളാണ്. അശോകൻ ദൈവവിശ്വാസിയല്ല. മാതാവ് പൊന്നമ്മ മത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നയാളും. സേലത്തെ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിനാൽ അഖില പുറത്ത് മറ്റൊരു വീട്ടിൽ കൂടെ പഠിക്കുന്ന നാല് കൂട്ടുകാരുടെ കൂടെ താമസം തുടങ്ങുന്നു. അതിൽ ജസീന, ഫസീന എന്ന പെരിന്തൽമണ്ണ സ്വദേശികളായ കൂട്ടുകാരികളും ആയിട്ടായിരുന്നു അഖിലക്ക് കൂടുതൽ അടുപ്പം. അവരുടെ കൃത്യ സമയത്തുള്ള പ്രാർത്ഥനകൾ, വിശ്വാസത്തോടുള്ള കൂറ് എന്നിവ അഖിലയെ സ്വാധീനിക്കാൻ തുടങ്ങി. അതിനാൽ തന്നെ അവരോട് ഇസ്ലാം മതത്തെ കുറിച്ച് ചോദിക്കുന്ന പതിവ് അഖിലയും ആരംഭിച്ചു. പിന്നീട് മതം മാറി. ഇങ്ങനെ അഖില ഹാദിയായി.

വീട്ടിലേക്ക് വരികയോ ബന്ധപ്പെടുകയോ ചെയ്യാത്ത അവസരത്തിൽ മകളെ കാണാനില്ല എന്ന് പറഞ്ഞു അശോകൻ 2016 ജനുവരി ആറിന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. പരാതി പ്രകാരം ജസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ അഖിലയെ കണ്ടുകിട്ടാത്തത് കാരണം പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ജനുവരി പതിനാലാം തിയതി അഖിലയെ കണ്ടെത്താൻ കോടതി ഉത്തരവിടുകയും ചെയ്തു. ഈ പരാതിയാണ് നിയമനടപടികളിലേക്ക് കാര്യങ്ങളെത്തിച്ചത്. മതം മാറിയെന്ന പേരിൽ തന്നെ പൊലീസ് ശല്യംചെയ്യുന്നു ചെയ്യുന്നു എന്നുപറഞ്ഞു കോടതിയിൽ റിട്ട് ഹർജി കൊടുക്കാൻ 2016 ജനുവരിയിൽ കോടതിയിൽ ഹാദിയ എത്തിയപ്പോഴാണ്, ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത വിവരം അറിയുന്നത്. താൻ കൂട്ടുകാരികളുടെ മതാചാരം കണ്ടു ആകൃഷ്ടയായി മതം മാറിയതാണ് എന്നും, താനിപ്പോൾ മുസ്ലിമാണെന്നും അവൾ സത്യവാങ്മൂലം നൽകി.

ജനുവരി 25 ന് അശോകന്റെ ഹർജി ഡിസ്പോസ് ചെയ്തു കൊണ്ട് പ്രായപൂർത്തിയായ മകൾക്ക് അവളുടെ വിശ്വാസവും താമസ സ്ഥലവും തിരഞ്ഞെടുക്കാൻ അവസരം ഉണ്ട് എന്ന് വിധി പ്രസ്താവിച്ചു. സത്യസരണിയിൽ പോവാൻ ഉള്ള അനുമതിയും കോടതി നൽകി. അതോടൊപ്പം മാതാവിനും പിതാവിനും അവളെ സന്ദർശിക്കാൻ ഉള്ള അനുമതിയും കോടതി നൽകുകയുണ്ടായി.പിന്നീട് വിവാഹം ചെയ്തു. മുസ്ലിം യുവാവിനെ കോടതിയുടെ അറിവില്ലാതെ നിക്കാഹ് ചെയ്തത് ഏറെ ചർച്ചയായി. ഇതോടെയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ വിവാഹത്തിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. കാര്യം നേടാൻ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പ് പരിപാടിയിൽ കോടതി അത്ഭുതപ്പെട്ടു എന്നാണ് ഇത് സംബന്ധിച്ച് വിധിയിലെ നിരീക്ഷണം.

വിവാഹത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അന്വേഷിക്കാൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി ക്ക് കോടതി നിർദ്ദേശം നൽകി. ഒപ്പം അഖിലയുടെ പിതാവ് അശോകന്റെ വാദങ്ങൾ മുഖവിലയ്ക്ക് എടുക്കാൻ തീരുമാനിച്ചു. തന്റെ മകളെ നിരോധിത സംഘടനകൾ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാൽ തന്നെ ഈ വിഷയത്തിൽ തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്.എൻ.വി സദനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈൽ ഫോൺ നൽകുകയോ ചെയ്യാൻ പാടില്ല എന്നും ഉത്തരവിട്ടു. തുടർന്നാണ് വീട്ടിലേക്ക് മാറ്റാനായി ഉത്തരവ് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP