Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുക്കൂറിനെ മാടിനെ കൊല്ലും പോലെ വകവരുത്തി; രക്ഷിക്കാൻ ശ്രമിച്ചവരെ പാർട്ടിക്കാർ തടഞ്ഞു; പാടത്തെ കൊലയ്ക്ക് മുമ്പ് ബന്ദിയാക്കി വിചാരണയും; ജയരാജൻ കാട്ടിയ ഫോട്ടോയും മാറിപ്പോയി; കോടതിയെ ഞെട്ടിച്ച കൊലപാതകം നടന്നതിങ്ങനെ

ഷുക്കൂറിനെ മാടിനെ കൊല്ലും പോലെ വകവരുത്തി; രക്ഷിക്കാൻ ശ്രമിച്ചവരെ പാർട്ടിക്കാർ തടഞ്ഞു; പാടത്തെ കൊലയ്ക്ക് മുമ്പ് ബന്ദിയാക്കി വിചാരണയും; ജയരാജൻ കാട്ടിയ ഫോട്ടോയും മാറിപ്പോയി; കോടതിയെ ഞെട്ടിച്ച കൊലപാതകം നടന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വികാരത്തള്ളിച്ചകൊണ്ടു പെട്ടെന്നുണ്ടായ കൊലപാതകമായിരുന്നില്ല തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ അബ്ദുൾ ഷുക്കൂറിന്റെ കൊലപാതകം. രണ്ടു രണ്ടരമണിക്കൂർ സമയമെടുത്താണ് ഷൂക്കൂറിനെ മാടിനെ കൊല്ലും പോലെ കൊന്നത്. ഷുക്കൂർ ഉൾപ്പെടെയുള്ളവരെ ഓടിച്ചു വീട്ടിൽ കയറ്റി, അവിടെ രണ്ടുമണിക്കൂർ ബന്ദിയാക്കി തുടർന്ന് അതിനുള്ളിൽ വിചാരണ, പിന്നീട് ഓരോരുത്തരെയായി വിളിച്ചിറക്കി പാടത്തു കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ഒടുവിൽ ഷുക്കൂറിന്റെ കൊലപാതകം.

ഇതിനിടയിൽ അക്രമമൊഴിവാക്കാൻ പലരും ഇടപെട്ടു. ഷുക്കൂറിന്റെ സഹോദരനുൾപ്പെടെ പലരും സിപിഐ(എം) നേതാക്കളെ വിളിച്ചു കരഞ്ഞു കാലു പിടിച്ചു. യുഡിഎഫ് നേതാക്കൾ ഇടപെട്ടു. പൊലീസിനെ അറിയിച്ചു, അവിടെ ചെന്ന് യുവാക്കളെ രക്ഷപ്പെടുത്തണമെന്ന്. അപ്പോഴൊക്കെ പാർട്ടി പ്രവർത്തകർ ഷുക്കൂർ ഉൾപ്പെടെയുള്ള ഇരകളുടെ ഫോട്ടോകൾ മൊബൈലിൽ കൈമാറി കൊല്ലാനുള്ളയാളെ ഉറപ്പുവരുത്തുകയായിരുന്നു. കേരളത്തെ നടുക്കിയ താലിബാൻ മോഡൽ കൊലപാതകമായിരുന്നു തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ അബ്ദുൾ ഷുക്കൂറിന്റേത്.

2012 ഫെബ്രവരി 20 ന് സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും എംഎ‍ൽഎയായ ടി. വി രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയിൽ എന്ന സ്ഥലത്തു വച്ച് ആക്രമിക്കപ്പെട്ടിരുന്നു. മുസ്ലിം ലീഗ്- സിപിഐ.(എം) സംഘർഷം നടന്നിരുന്ന പ്രദേശത്ത് സന്ദർശനം നടത്തവേയാണ് അക്രമം ഉണ്ടായത്. തുടർന്ന് ഇരുവരും തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെയാണ് തങ്ങളുടെ വാഹനം തടഞ്ഞ് ആക്രമിച്ച പ്രതികളെ നേരിടാൻ പാർട്ടി ഒരുങ്ങിയത്. പി.ജയരാജന്റേയും ടി.വി.രാജേഷ് എംഎ‍ൽഎയുടേയും അറിവോടെയാണ് ഈ തിരിച്ചടി ആസൂത്രണം ചെയ്തതെന്ന് പറയുന്നു.

സംഭവം നടന്ന് മിനുട്ടുകൾക്കകം തന്നെ നൂറോളം പാർട്ടി പ്രവർത്തകർ അരിയിൽ പ്രദേശം അരിച്ചു പെറുക്കി. മൊബൈൽ വഴി അക്രമിച്ചവരുടെ ചിത്രം പാർട്ടി പ്രവർത്തകർ പരസ്പരം കൈമാറി. അങ്ങനെയാണ് അബ്ദുൾ ഷുക്കൂറിനേയും മറ്റു നാലു പേരേയും കണ്ടെത്തിയത്. ഷുക്കൂറാണ് അക്രമിസംഘത്തിലെ നായകനെന്ന് സിപിഐ.(എം). തീരുമാനിക്കുകയും അയാളേയും കൂട്ടുകാരേയും പിൻതുടർന്ന് പാർട്ടി സംഘങ്ങൾ തിരഞ്ഞുകൊണ്ടിരിക്കെ അരിയിൽ വച്ച് കണ്ടെത്തുകയുമായിരുന്നു. ആദ്യം തങ്ങളെ പിടികൂടാനാണ് ഈ സംഘം പുറപ്പെട്ടതെന്ന് അവർക്ക് അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇവർക്ക് ഭയമുണ്ടായിരുന്നില്ല.

എന്നാൽ ഇവരെ കണ്ടതോടെ ആർപ്പു വിളിച്ച് പിടികൂടാനൊരുങ്ങിയ സംഘത്തിൽ നിന്നും കുതറി മാറി മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിൽ ഓടിക്കയറി. അറുപതോളം ആളുകൾ വീട് വളഞ്ഞു. കയ്യിൽ മാരകായുധങ്ങളും ഏന്തിയിരുന്നു. വീട്ടുടമയെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അയാൾ ഗ്രിൽ വാതിൽ തുറന്നു. അതോടെ സംഘവുമായെത്തിയ ഒരാൾ അകത്ത് കടന്ന് വാതിലടച്ചു. മൊബൈലിൽ വന്ന ഫോട്ടോ ഒത്തു നോക്കി. പിന്നെ ആഹ്വാനം നൽകുന്ന ആരോടോ സംസാരിച്ചു. അതിനിടെ ഷുക്കൂർ സഹോദരൻ മുഖേന പ്രാദേശിക സിപിഐ.(എം). നേതാക്കളോട് തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്നു.

തുടർന്ന് ബന്ദികളാക്കപ്പെട്ട മുസ്ലിം ലീഗുകാരായ മൂന്നുപേരിൽ ഒരാളെ കൊണ്ടു പോയി. കൈകളും തലയും മൂന്നു പേർ പിടിച്ചാണ് കൊണ്ടുപോയത്. വയലിൽ വച്ച് ഇരുമ്പു വടി കൊണ്ട് കാൽമുട്ടുകൾക്ക് അടിക്കുകയും കണ്ണിനു ചവിട്ടുകയും ചെയ്തു. നിരായുധരായ ചെറുപ്പക്കാരെ അക്രമിക്കാൻ നൂറുക്കണക്കിന് ആളുകളാണ് പിന്നീട് എത്തിയത്. ബന്ദിയാക്കപ്പെട്ടവരിൽ രണ്ടു പേരാണ് വീട്ടിനുള്ളിൽ അവശേഷിച്ചത്. അതിൽ സക്കറിയെ ആദ്യം പിടികൂടി പിന്നെ ഷുക്കൂറിനേയും. സക്കറിയയെ ഒരാൾ പിടിച്ചുവച്ചു, മറ്റൊരാൾ വെട്ടി. വെട്ടേറ്റ സക്കറിയയോട് ഒരാൾ ഓടാൻ പറഞ്ഞു. സക്കറിയ വെപ്രാളപ്പെട്ട് ഓടാൻ തുടങ്ങി.

കുറെ ഓടിയ സക്കറിയ രക്തം വാർന്നു തളർന്ന് വയൽ വരമ്പിൽ വീണു കിടന്നു. ഈ സമയം ഷുക്കൂർ ഓടാൻ ശ്രമിച്ചെങ്കിലും അയാളെ ബലമായി പിടിച്ച് നീയല്ലെടാ സഖാവിന്റെ കാർ തടഞ്ഞത് എന്ന് ആക്രോശിച്ചു. രക്ഷപ്പെടാനുള്ള ശ്രമം ഷുക്കൂർ തുടർന്നെങ്കിലും രണ്ടു മൂന്നു പേർ ഷൂക്കൂറിനെ വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തി. രണ്ടു മണിക്കൂർ നീണ്ടു നിന്ന ഈ താലിബാൻ മോഡൽ അക്രമവും കൊലപാതകവും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പൊലീസ് സംവിധാനം. മണിക്കൂറുകൾക്കു മുമ്പ് മാത്രം. എം.എസ്. എഫ്. മണ്ഡലം ട്രഷറർ സ്ഥാനമേറ്റ ഷുക്കൂർ തന്നെയാണു തന്റെ വാഹനം തടഞ്ഞതെന്ന് കൊലക്ക് ശേഷം പി.ജയരാജൻ വെളിപ്പെടുത്തുകയായിരുന്നു.

എന്നാൽ പി.ജയരാജൻ വാർത്താസമ്മേളനത്തിൽ ഷുക്കൂറിന്റേതെന്നു പറഞ്ഞു കാട്ടിയ ഫോട്ടോ അയാളുടേതായിരുന്നില്ല. അതോടെ ഷുക്കൂർ വധം വീണ്ടും വിവാദമായി. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കൂട്ടുകാരനെ പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് സിപിഐ.(എം) സംഘം ഷുക്കൂറിനേയും മറ്റും അക്രമിച്ചതെന്ന് പറയുന്നു. നേതാവ് കൽപ്പിച്ച കൊലപാതകം അണികൾ നടത്തിയപ്പോൾ ആളുമാറിയെന്ന വിവാദവും ജില്ലയിൽ കത്തിനിന്നു. തങ്ങൾ അക്രമം നടത്തിയവരായിരുന്നെങ്കിൽ സിപിഐ(എം) പാർട്ടിഗ്രാമത്തിൽ ധൈര്യപൂർവം നിൽക്കുമായിരുന്നോയെന്നാണ് അന്നത്തെ ഇരകൾ ഇന്നു ചോദിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തി ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കാൻ പൊലീസ് യാതൊരു ശ്രമവും നടത്തിയില്ല എന്നതും ഈ കേസിൽ പ്രസക്തമാണ്.

യുഡിഎഫ് നേതാക്കളുൾപ്പെടെയുള്ളവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് അവിടെ പോയില്ല. അക്രമം തടയാൻ അവർക്കു വേണ്ടുവോളം സമയമുണ്ടായിട്ടും അവർ മനപ്പൂർവം അതു ചെയ്തില്ല. കൃത്യവലോപത്തിന്റെ പേരിൽ കണ്ണപുരം പൊലീസ് സ്‌റ്റേഷനിലെ രണ്ടു പൊലീസുകാർ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. കേസിൽ ആകെ മുപ്പത്തിമൂന്ന് പ്രതികളാണുള്ളത്. ആസൂത്രിത കൊലപാതകം എന്ന് കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. 2013 ഒക്ടോബർ 10 ന് പൊലീസ് കേസ് അട്ടിമറിച്ചെന്നും അതിനാൽ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 2014 ജനുവരി 2 ന് ഷുക്കൂർ വധക്കേസ് സിബിഐ.ക്ക് വിടാൻ സർക്കാർ ശുപാർശ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP