Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ക്രിമിനൽ സ്റ്റേഷനിൽ കയറി ചെന്ന് എസ് ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഇടിയും അടിയുമൊക്കെ കിട്ടിയെന്ന് വരും; യൂത്ത് കോൺഗ്രസുകാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്ത എസ് ഐയെ 'നല്ല പിള്ള'യാക്കി സി.പി.എം നേതാക്കൾ; അച്ചടക്ക നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കും; സമ്പത്ത് തിരുവല്ലത്ത് എസ് ഐയാകും

ഒരു ക്രിമിനൽ സ്റ്റേഷനിൽ കയറി ചെന്ന് എസ് ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഇടിയും അടിയുമൊക്കെ കിട്ടിയെന്ന് വരും; യൂത്ത് കോൺഗ്രസുകാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്ത എസ് ഐയെ 'നല്ല പിള്ള'യാക്കി സി.പി.എം നേതാക്കൾ; അച്ചടക്ക നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കും; സമ്പത്ത് തിരുവല്ലത്ത് എസ് ഐയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്ത എസ് ഐ സമ്പത്തിന്റെ സസ്‌പെൻഷൻ പിൻവലിക്കും. സിപിഎമ്മിൽ നിന്ന് സമ്മർദ്ദം ശക്തമായതോടെയാണ് ഇത്. എന്നും സിപിഎമ്മിനൊപ്പം അടിയുറച്ച് നിന്ന സമ്പത്തിനെ കൈവിടാനാകില്ലെന്ന് സിപിഎമ്മിലെ മുൻ എംഎൽഎ നിലാപാട് എടുത്തു. ഇതോടെ കഞ്ചാവ് മാഫിയയെ തകർത്ത വീരനായകനായി സമ്പത്തിനെ വാഴ്‌ത്തി സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായി. ഇത് സി.പി.എം ഔദ്യോഗിക പക്ഷത്തെ ലക്ഷ്യമിട്ട് കൂടിയാണ്. ഇതോടെ സമ്പത്തിനെതിരെ നിലപാട് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വവും മയപ്പെടുത്തി. പൊലീസ് സ്‌റ്റേഷനിലെത്തിയ യുവ നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തതിന് തെളിവുള്ളതിനാൽ സമ്പത്തിനെതിരെ നടപടിയുണ്ടാകും. എന്നാൽ ഈ നടപടി തിരുവല്ലം പൊലീസ് സ്‌റ്റേഷനിലേക്കുള്ള മാറ്റമായി മാറും. അതിനിടെ ക്രമസമാധാന ചുമതലയിൽ നിന്നെങ്കിലും സമ്പത്തിനെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.

ഇന്നലെ അതിനാടകീയ നീക്കങ്ങളാണ് സംഭവിച്ചത്. കമ്മീഷണർ ഇറക്കിയ ഉത്തരവ് സമ്പത്തിന് കൈമാറാതെയായിരുന്നു സഹായം. അതുകൊണ്ട് തന്നെ രണ്ട് ദിവസം മുമ്പ് ഉത്തരവിറങ്ങയിട്ടും സമ്പത്തിന് അത് കിട്ടിയില്ല. അതുകൊണ്ട് തന്നെ ഇന്നലെ പതിവ് പോലെ നേമം സ്‌റ്റേഷനിൽ സമ്പത്ത് ജോലിക്കെത്തി. ഇതിനിടെ മൂന്ന് ദിവസത്തെ അവധിയും നൽകി. ഇത് അംഗീകരിച്ചതോടെ ഇയാൾ അവിടെ നിന്നും പോയി. അതുകൊണ്ട് തന്നെ അതിന് ശേഷവും ഉത്തരവ് കൈപ്പറ്റിയില്ല. ഇതിനിടെ പൊലീസ് ആസ്ഥാനത്ത് നിന്ന് മറ്റൊരു ഉത്തരവും ഇറങ്ങി. സമ്പത്തിനെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. എൻ ആർ ഐ സെൽ എസ് പി വിജയകുമാറിനാണ് അന്വേഷണ ചുമതല. രണ്ട് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതിനിടെ അടികിട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് സ്ഥിരം ക്രിമനലാണെന്ന പ്രചരണവും സൈബർ ലോകത്ത് സജീവമായി. സി.പി.എം കൗൺസിലറും ഡി വൈ എഫ് ഐ നേതാവുമായി ഐപി ബിനു തന്നെ ഇക്കാര്യം വിശദീകരിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു.

സമ്പത്തിനെ എനിക്ക് അറിയാം.. ഈ പറയപ്പെടുന്ന യൂത്തന് മ്യൂസിയം സ്റ്റേഷനിൽ 16 കാരിയെ പീഡിപ്പച്ച കേസ് .. നേമം സ്റ്റേഷനിൽ നഴ്‌സിനെ കയറിപ്പിടിച്ച കേസ്.. ബാലരാമപുരം സ്റ്റേഷനിൽ മോഷണക്കേസ്.. അതു കൊണ്ടൊക്കെ ഒരു യുവ യൂത്തനെ എസ് ഐക്ക് അടിക്കാമോ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. എന്നാൽ പാർട്ടിനേതാവാണെന്നും വലിയ പുള്ളിയാണെന്നും ഒക്കെ പറഞ്ഞ് സ്റ്റേഷനിൽ കയറി ചെല്ലുന്നർ സ്വയം നിയന്ത്രിക്കണമെന്നും ആർക്ക് വേണ്ടിയാണ് വക്കാലത്തുമായി പോകുന്നതെന്നും ഒക്കെ ഓർക്കണം.. ഒരു ക്രിമിനൽ സ്റ്റേഷനിൽ കയറി ചെന്ന് എസ് ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഇടിയും അടിയുമൊക്കെ കിട്ടിയെന്ന് വരും.. സംഗതി യൂത്തനാണെങ്കിലും ചെഗുവേരക്കാരനാണെങ്കിലും സമ്പത്തിന്റെ രീതി ഇതാണെന്നാണ് എന്റെ ഉറപ്പ്.. എടാ നിനക്ക് ഒരു ഡബിൾ സല്യൂട്ട്-ഇതാണ് ഐപി ബിനുവിന്റെ പോസ്റ്റ്. ഈ പോസ്‌റ്റോടെ തന്നെ സമ്പത്തിനെതിരെ നടപടിയെടുക്കാൻ സി.പി.എം ജില്ലാ കമ്മറ്റി തയ്യാറാകില്ലെന്നും ഉറപ്പായി.

ഇതിനിടെയാണ് നേമം മണ്ഡലത്തിന്റെ ഭാഗമായ തിരുവല്ലം പൊലീസ് സ്‌റ്റേഷനിൽ തന്നെ സമ്പത്തിനെ നിയമിക്കാനും നീക്കം നടക്കുന്നത്. നേമം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേമം നിയോജക മണ്ഡലം പ്രസിഡന്റ് സജീറിനെ ( 29 )മർദ്ദിച്ച എസ്. ഐ സമ്പത്തിനെയും സി. പി. ഒ അജയകുമാറിനെയും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ സസ്‌പെൻഡ് ചെയ്തിരുന്നു. സജീറിന് പൊലീസുകാരുടെ മർദ്ദനമേറ്റെന്നും ഗുരുതരമായി പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡെപ്യൂട്ടി കമ്മിഷണർ പി. എൻ. രമേശ് കുമാർ റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ പൊതുപ്രവർത്തകനെ കൈയേറ്റം ചെയ്തതിനും മർദ്ദിച്ചതിനുമാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. ഇതിന് ശേഷമാണ് നാടകീയമായ മാറ്റങ്ങൾ സംഭവിച്ചത്. കേസിന്റെ കാര്യങ്ങൾ സംസാരിക്കാൻ പ്രതിയുമായെത്തിയ സജീർ, സിവിൽ പൊലീസ് ഓഫീസർ അജയകുമാറിനെ കൈയേറ്റം ചെയ്തതായി പൊലീസ് കേസെടുത്തിട്ടുണ്ട്. അജയകുമാർ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. എന്നാൽ കസ്റ്റഡിയിലെടുത്ത സജീറിന് മർദ്ദനമേറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടർമാരിൽ നിന്നുള്ള റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ.

അടിവയറ്റിൽ ചവിട്ടേറ്റ് മൂത്രതടസം ഉണ്ടായതിനെത്തുടർന്നാണ് സജീറിന് ശസ്ത്രക്രിയ നടത്തിയത്. പൊലീസ് സ്റ്റേഷനിൽ കടന്നുകയറി സാധനങ്ങൾ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും സജീറിനെതിരേ എടുത്ത കേസ് തുടരുമെന്ന് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. തനിക്കൊപ്പമെത്തിയ ശ്രീജിത്തിനെ നേമം എസ്.ഐ ചെകിട്ടത്ത് അടിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നുമാണ് സജീറിന്റെ വാദം. തോക്കിന്റെ പാത്തിയും ലാത്തിയും ഉപയോഗിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചു. കസ്റ്റഡിയിലെടുത്ത് തിരുവല്ലം സ്‌റ്റേഷനിൽ കൊണ്ടുപോയും മർദ്ദിച്ചു. എം.വിൻസെന്റ് എംഎ‍ൽഎ എത്തിയാണ് സജീറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പൊലീസ് സ്‌റ്റേഷനിൽ സജീർ ആക്രമം കാണിച്ചെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതേ തുടർന്നുള്ള സംഘർഷത്തിനിടെ സജീറിന് പരിക്കേറ്റു. അതുകൊണ്ട് തന്നെ സമ്പത്തിനെ കുറ്റക്കാരനാക്കേണ്ടതില്ലെന്നും പുതിയ റിപ്പോർട്ട് വരും. ഇതിന്റെ അടിസ്ഥാനത്തിൽ നേമത്ത് നിന്ന് തിരുവല്ലത്തേക്ക് സ്ഥലം മാറ്റം.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സമ്പത്തിനെ എസ് ഐ ആയി നിയമിക്കാൻ അവസരമൊരുക്കിയത് ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയുടെ വഴി വിട്ട നീക്കമുള്ളതുകൊണ്ട് തന്നെ സമ്പത്തിനെ തിരുവല്ലത്തേക്ക് മാറ്റിയാലും സി.പി.എം പ്രതിക്കൂട്ടിലാകില്ല. സമ്പത്തിന്റെ ക്രിമനൽ പശ്ചാത്തലം നിയമസഭയിൽ പോലും കോൺഗ്രസ് ഉന്നയിക്കുകയും ഇല്ല. ഇതൊക്കെ മനസ്സിലാക്കിയാണ് സമ്പത്തിനെ രക്ഷിക്കാൻ സി.പി.എം പരസ്യമായി രംഗത്ത് വരുന്നത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ എസ് ഐ ആവുകയായിരുന്നു മോഹം. വി എസ് അച്യുതാനന്ദൻ അധികാരത്തിൽ എത്തിയപ്പോൾ ദേഹത്ത് വി എസ് എന്ന് എഴുതി ബൈക്ക് ഓടിക്കുകയും ചെയ്തു. ഹക്കിംഷാ എന്ന വിദ്യാർത്ഥിയെ വടിവാളു കൊണ്ട് വെട്ടിയ കേസിലും പ്രതിയായിരുന്നു. ഓംപ്രകാശും പുത്തൻ പാലും രാജേഷുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പോൾ മുത്തൂറ്റ് വധക്കേസിൽ ഉയർന്ന് കേട്ട പലപേരുകളുമായും സമ്പത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഈ സമയത്ത് എസ് എഫ് ഐ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. അപ്പോഴും പൊലീസുകാരനാവുകയെന്ന മോഹവുമായി സമ്പത്ത് നടന്നു. പരീക്ഷ എഴുതി അത് സാധിക്കുകയും ചെയ്തു. അപ്പോഴും മുന്നിൽ കടമ്പകൾ ഏറെയായിരുന്നു. ഇതിന് കോൺഗ്രസുകാരുടെ സഹായവും ആവോളം കിട്ടിയപ്പോൾ സമ്പത്ത് എസ് ഐ ആയി.

ലോ കോളേജിലെ പഠനം കഴിഞ്ഞതോടെ കോൺഗ്രസ് അനുകൂല അഭിഭാഷകനൊപ്പമായി പ്രാക്ടീസ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് എസ് ഐ റാങ്ക് ലിസ്റ്റിൽ സമ്പത്ത് ഇടം നേടുന്നത്. പിഎസ് സി പട്ടികയിൽ ഇടം നേടിയെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് സമ്പത്തിന് വിനയായി. ഇന്റലിജൻസ് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകി. ഒരിക്കും എസ് ഐ തസ്തികയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയെന്നതായിരുന്നു ഇന്റലിജൻസ് പരാമർശം. ഇതോടെ സമ്പത്തിന്റെ എസ് ഐ മോഹങ്ങൾക്ക് മങ്ങലേറ്റു. സീനിയറായ അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനങ്ങളുടെ പിൻബലത്തിൽ ഇതിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് ക്ലിയറൻസ് നഷ്ടമാകുന്ന അവസ്ഥയും എത്തി. എന്നാൽ ചെന്നിത്തലയുടെ ഓഫീസിലെ പ്രമുഖൻ തന്നെ സമ്പത്തിനെ രക്ഷിക്കാനെത്തി.

നെയ്യാറ്റിൻകര സ്വദേശി കൂടിയായ സമ്പത്തിന്റെ പ്രശ്നത്തിന് പ്രാദേശിക മാനങ്ങൾ വന്നു. ഇതോടെയാണ് സിപിഎമ്മുകാരനായ സമ്പത്തിനായി നീക്കം സജീവമായത്. ഇതോടെ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടു. യുത്ത് കോൺഗ്രസുകാരുടേയും കെ എസ് യുക്കാരുടേയും എതിർപ്പ് അവഗണിച്ച് സമ്പത്തിനെതിരായ കേസുകളെല്ലാം എഴുതി തള്ളി. ഇതോടെയാണ് പൊലീസ് കുപ്പായത്തിൽ സമ്പത്ത് പരിശീലനം തുടങ്ങിയത്. ഇടത് ഭരണകാലത്ത് നെയ്യാറ്റിൻകരയോട് ചേർന്ന നേമത്ത് എസ് ഐയായി രാഷ്ട്രീയ കരുത്ത് കാട്ടുകയും ചെയ്തു. ഇതോടെ യുത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ എസ് ഐയ്ക്കെതിരെ നിരവധി പരാതികൾ ഉയർത്തി. രാഷ്ട്രീയ വിവേചനം ശക്തമായി ആരോപിക്കപ്പെട്ടു. എന്നാൽ സി.പി.എം പിന്തുണ സമ്പത്തിനൊപ്പമായിരുന്നു.

ഇതിനിടെയാണ് കഞ്ചാവുമായി രണ്ട് യുവാക്കളെ നേമം പൊലീസ് പിടികൂടിയത്. കഞ്ചാവു കേസിൽ പിടിയിലായ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗത്തെ പാർട്ടി നേതാക്കൾ ഇടപെട്ടു പൊലീസ് സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടു പോയത് വലയി വാർത്തയായിരുന്നു കഴിഞ്ഞ വിഷുദിവസം രാത്രി ഒമ്പതിനാണു മേലാംകോട് ഭാഗത്തു നിന്നു വിദ്യാർത്ഥി നേതാവുൾപ്പെട്ട സംഘത്തെ സമ്പത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നു കഞ്ചാവു പൊലീസ് കണ്ടെടുത്തു. തുടർന്ന് പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് എസ്.എഫ്.ഐ. മുൻ അഖിലേന്ത്യാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ. സംസ്ഥാന കമ്മറ്റിയംഗവുമായ നേതാവ് പ്രതികളെ വിടണമെന്ന ആവശ്യവുമായി എത്തിയത്. എന്നാൽ, പ്രതികളെ വിടാൻ കഴിയില്ലെന്ന് എസ്.ഐ. വ്യക്തമാക്കിയതോടെ നേതാവ് പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. തുടർന്നു ജില്ലയിലെ പാർട്ടിയുടെ പ്രമുഖ നേതാവിനെക്കൊണ്ട് എസ്.ഐയെ ഫോണിൽ വിളിപ്പിച്ച് പ്രതിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതിനാൽ, പ്രതികളുടെ കൂട്ടത്തിൽനിന്ന് എസ്.എഫ്.ഐ. നേതാവിനെ മാത്രം വിട്ടയച്ചു.

ഈ കേസിലെ ചോദ്യം ചെയ്യലുകൾ വിരൽ ചൂണ്ടിയത് മുൻ എസ് എഫ് ഐ നേതാവിന് നേരെയായിരുന്നു. എസ് എഫ് ഐകാലത്ത് സമ്പത്തിന്റെ എതിർചേരിയുടെ നേതാവ്. അതുകൊണ്ട് തന്നെ കഞ്ചാവ് കേസ് കടുപ്പിച്ചു. പല കോണിൽ നിന്ന് സമ്മർദ്ദം എത്തിയിട്ടും കേസുമായി മുന്നോട്ട് പോയി. നേതാവിനെതിരെ കേസ് വന്നില്ലെങ്കിലും യുവാക്കൾക്കെതിരെ ശക്തമായി നടപടി സമ്പത്ത് എടുത്തു. ഇതോടെ പാർട്ടിയിലും പറഞ്ഞാൽ കേൾക്കാത്തവനെന്ന പേര് നേമം എസ് ഐയ്ക്ക് വന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം ഇടിച്ചു തകർത്ത കേസെത്തിയത്. പൊലീസിന്റെ തലപ്പത്ത് സെൻകുമാറാണ്. അതുകൊണ്ട് തന്നെ കണ്ണടയ്ക്കാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയും വന്നു. ഇതോടെയാണ് ലോക്കപ്പ് മർദ്ദനത്തിൽ പൊലീസ് അന്വേഷണവും നടപടിയും വന്നത്. എന്നാൽ സമ്പത്തിനെ കൈവിടില്ലെന്ന് സി.പി.എം നേതാക്കളിൽ ഒരുവിഭാഗം പരസ്യ നിലപാട് എടുത്തതോടെ സസ്‌പെൻഷൻ ഉത്തരവ് പോലും മരവിപ്പിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP