Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീഴ്ചയിൽ അറ്റ്‌ലസ് രാമചന്ദ്രന് താങ്ങായി ആരുമെത്തിയില്ല; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ലേലം ചെയ്യാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്; തിരുവനന്തപുരത്തെ അറ്റ്‌ലസ് ജൂവലറിയുടെ 15 കോടി വിലയിട്ട ബഹുനില കെട്ടിടത്തിന്റെ ലേലം 21ന്; അറ്റ്‌ലസ് മുതലാളി ഗൾഫിലെ ജയിലിൽ കഴിയുമ്പോൾ 277 കോടിയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കാൻ സംസ്ഥാനത്തെ മറ്റ് ആസ്തികളും ലേലം ചെയ്യും

വീഴ്ചയിൽ അറ്റ്‌ലസ് രാമചന്ദ്രന് താങ്ങായി ആരുമെത്തിയില്ല; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ലേലം ചെയ്യാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്; തിരുവനന്തപുരത്തെ അറ്റ്‌ലസ് ജൂവലറിയുടെ 15 കോടി വിലയിട്ട ബഹുനില കെട്ടിടത്തിന്റെ ലേലം 21ന്; അറ്റ്‌ലസ് മുതലാളി ഗൾഫിലെ ജയിലിൽ കഴിയുമ്പോൾ 277 കോടിയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കാൻ സംസ്ഥാനത്തെ മറ്റ് ആസ്തികളും ലേലം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ വായ്പാ കുടിശ്ശികകൾ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ജൂവലറിയുടെ ബഹുനില കെട്ടിടം ലേലത്തിന് വച്ചു. ഇപ്പോൾ ചെക്കുകേസുകളിൽ പ്രതിയായി ഗൾഫിൽ തടവുശിക്ഷ അനുഭവിക്കുന്ന രാമചന്ദ്രൻ വായ്പാ കുടിശ്ശികയായി സൗത്ത് ഇന്ത്യൻ ബാങ്കിന് 277 കോടി രൂപയാണ് നൽകാനുള്ളത്. ഇത് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തേതിന് പുറമെ നെടുമ്പാശ്ശേരി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വസ്തുവകകളും ബാങ്ക് ലേലം ചെയ്യും. കിഴക്കേ കോട്ടയിലെ ജൂവലറിയുടെ ബഹുനില മന്ദിരം 15 കോടി നിശ്ചയിച്ചാണ് ലേലം ചെയ്യുന്നതെന്ന വ്യക്തമാക്കി ബാങ്ക് പരസ്യം നൽകി. ഈ മാസം 21നാണ് കെട്ടിടവും മറ്റുവസ്തുക്കളുടേയും ലേലം നടക്കുക.

ഗൾഫിലെ സാമ്പത്തിക ക്രമക്കേടിൽ ജയിലിലായ രാമചന്ദ്രനെ രക്ഷിക്കാൻ ആദ്യഘട്ടത്തിൽ പ്രവാസി വ്യവസായി സമൂഹവും ശ്രമം നടത്തിയിരുന്നെങ്കിലും ആയിരം കോടിയിൽപ്പരം രൂപയുടെ കടബാധ്യത തീർക്കാനാവില്ലെന്ന് വന്നതോടെ അവരും പിൻവാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ആസ്തികളും ഇപ്പോൾ ലേലത്തിലേക്ക് നീങ്ങുന്നത്.

അറ്റ്‌ലസ് സ്ഥാപനങ്ങളുടെ പേരിൽ നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന് ദുബായിലെ റിഫ, ബർദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെത്തുടർന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 ന് മകൾ ഡോ. മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 600 ദശലക്ഷം ദിർഹമാണ് (1100 കോടി രൂപ) ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകൾക്കായി നൽകാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഗൾഫിൽ നിയമനടപടി നേരിട്ട ഇരുവരും നവംബറിൽ ജയിലഴിക്കുള്ളിലായി.

ഗൾഫിലെ കേസുകൾക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരിൽ അറ്റ്‌ലസ് ഗ്രൂപ്പ് നടപടികൾ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വർണം, ആശുപത്രി, റിയൽഎസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളർന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം ഇല്ലാതാവുകയാണ്. കേരളത്തിലേതിന് പുറമെ ഗൾഫിൽ അമ്പതിലധികം ഷോറൂമുകളും നിരവധി ആശുപത്രികളും ഉണ്ടായിരുന്ന ഗ്രൂപ്പാണ് അറ്റ്‌ലസ്. വെശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ച അറ്റ്‌ലസ് രാമചന്ദ്രൻ ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്‌സ്, 2 ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചർച്ചയായി.

ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.

അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു. ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീർക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

ബോംബെ സ്‌റ്റോക് എക്‌സ്‌ഞ്ചേഞ്ചിൽ പേരുവരാനുള്ള നീക്കമാണ് അറ്റ്‌ലസ് രാമചന്ദ്രനെ പ്രതിസന്ധിയിൽ ആക്കിയതെന്നാണ് സൂചനകൾ. ഇതിനായി പൊളിഞ്ഞു കിടന്ന ജിഇഇ ഇഎൽ വൂളൻസ് കമ്പനിയുടെ അമ്പത്തിയൊന്ന് ശതമാനം ഓഹരികൾ അറ്റ്‌ലസ് ഗ്രൂപ്പ് ഏറ്റെടുത്തു. അതിന് ശേഷം ജിഇഇ ഇഎൽ വൂളൻസിന്റെ ഡയറക്ടർ ബോർഡ് കമ്പനിയുടെ പേര് അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് എന്ന് മാറ്റുകയായിരുന്നു. ഇന്ത്യൻ ഓഹരിയിലെ സ്വർണ്ണ കച്ചവട കമ്പനികളിൽ ഒന്നാമനാവുകയായിരുന്നു ലക്ഷ്യം. നേരിട്ട് ഓഹരി വിപണയിൽ കടക്കുന്നതിന്റെ നൂലാമാലകൾ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാൽ സ്വർണ്ണത്തിന് ആഗോള വിപണിയിൽ വില ഇടിയുന്നത് സ്ഥിരമായതോടെ ഓഹരികൾക്ക് മുന്നോട്ട് കുതിക്കാനായില്ല. ഇതോടെ ഓഹരി വിപണിയിൽ മുതൽമുടക്കിയ തുടയുടെ മൂല്യം ഇടിയാനും തുടങ്ങി. ഇതിൽ നിന്ന് കരകയറാനുള്ള കരുത്ത് രാമചന്ദ്രന് ഉണ്ടായില്ല. ഇതു തന്നെയാണ് ജനങ്ങളുടെ വിശ്വസ്ത സ്വർണ്ണ വിൽപ്പന കേന്ദ്രത്തെ തകർച്ചിയിലേക്ക് നയിച്ചത്.

ഇദ്ദേഹത്തിന്റെ ആസ്തികൾ മുഴുവൻ വിറ്റാലും ഇന്ത്യയിലെ ബാങ്കുകൾക്ക് കൊടുക്കാനുള്ള കടങ്ങൾ കൊടുത്തുതീർക്കാൻ ആകില്ലെന്നാണ് വിലയിരുത്തൽ. ഗൾഫിൽ മാത്രം 50ലധികം ഷോറൂമുകളും നിരവധി ആശുപത്രികളും അറ്റ്‌ലസ് ഗ്രൂപ്പിന് ഉണ്ടായിരുന്നു. ദുബായിൽ തന്നെ പന്ത്രണ്ടോളം ജുവല്ലറി ഷോറൂമുകളാണ് ഉള്ളത്. സാമ്പത്തിക ഞെരുക്കത്തിലായതോടെ പല ഷോറുമുകളിലും ജ്വലറി പേരിനു മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്. ഷാർജ, അബുദാബി, റാസ് അൽ ഖൈമ, അൽ ഐൻ, അജ്മാൻ എന്നിവടങ്ങിലും ഇവർക്ക് ഷോറുമകളുണ്ട്.

കേരളത്തിലെ അറ്റ്‌ലസ് ജൂവലറികളിൽ ജോലി ചെയ്തിരുന്ന ഇടുക്കി കൂട്ടാർ സ്വദേശി അജിത്തും എറണാകുളം സ്വദേശി ലൂക്കുവും തങ്ങളെ ഉപയോഗിച്ച് രാമചന്ദ്രൻ നടത്തിയ തട്ടിപ്പുകൾ തുറന്നുപറഞ്ഞതോടെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. അജിത്തിനെയും ലൂക്കിനെയും ഉപയോഗിച്ച് അവരുടെ പേരിൽ വിവിധ ബാങ്കുകളിൽ നിന്ന് പണമെടുത്തതായും നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തി. 30 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഗൾഫിൽ സാമ്പത്തിക ക്രമക്കേടിന് ജയിലിലാവുകയും കേരളത്തിൽ വാങ്ങിയ കുടിശ്ശികകൾ തിരിച്ചടയ്ക്കാൻ ഇനി രാമചന്ദ്രന് കഴിയില്ലെന്ന് ബോധ്യമാവുകയും ചെയ്തതോടെയാണ് ഇവിടെയും കടം തിരിച്ചുപിടിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് നടപടികൾ തുടങ്ങിയിരിക്കുന്നത്.

രാമചന്ദ്രന്റെ കാരുണ്യത്തിൽ ഗൾഫിലെത്തിയവരും പിന്നീട് സ്വന്തമായി വ്യവസായം തുടങ്ങിയവരുമായ പലരും ചേർന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആയിരം കോടിയുടെ ബാധ്യത ഏറ്റെടുക്കാൻ മലയാളി സമൂഹം ഒന്നായി വിചാരിച്ചാലും നടക്കാത്ത അവസ്ഥയായതോടെ അവരും പിന്മാറുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ദുബായിലെ സ്വർണ്ണ മുതലാളിമാരുടെ സംഘടനയും ശ്രമം നടത്തിയിരുന്നുവെങ്കിലും അതൊന്നും രാമചന്ദ്രനെ ജയിലിൽ നിന്ന് രക്ഷിക്കാൻ പര്യപ്തമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP