Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ പതിമൂന്ന് ജീവനുകളുടെ രക്ഷയ്ക്ക് ഏവരും മനസ്സുരുകി പ്രാർത്ഥിച്ചത് വെറുതെയായില്ല; വെള്ളക്കെട്ടു നിറഞ്ഞ ഗുഹയ്ക്കു നിന്ന് ഇഴഞ്ഞും നീന്തിയും പതിനേഴാം നാൾ എല്ലാവരും പുറത്തെത്തിയതോടെ ആശങ്കകൾ വഴിമാറിയത് ആഘോഷത്തിന്; തായ്ലാൻഡ് സാക്ഷ്യംവഹിച്ചത് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദൗത്യത്തിന്; വൈൽഡ് ബോർ ടീമിന്റെ രക്ഷയ്ക്ക് ഒരേ മനസ്സോടെ കൈകോർത്ത് ലോകരാജ്യങ്ങൾ; ഒടുവിൽ ലോകത്തന്റെ വിങ്ങുന്ന വേദനയായി ജീവൻപൊലിഞ്ഞ രക്ഷകൻ സമാൻ ഗുണാൻ

ആ പതിമൂന്ന് ജീവനുകളുടെ രക്ഷയ്ക്ക് ഏവരും മനസ്സുരുകി പ്രാർത്ഥിച്ചത് വെറുതെയായില്ല; വെള്ളക്കെട്ടു നിറഞ്ഞ ഗുഹയ്ക്കു നിന്ന് ഇഴഞ്ഞും നീന്തിയും പതിനേഴാം നാൾ എല്ലാവരും പുറത്തെത്തിയതോടെ ആശങ്കകൾ വഴിമാറിയത് ആഘോഷത്തിന്; തായ്ലാൻഡ് സാക്ഷ്യംവഹിച്ചത് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദൗത്യത്തിന്; വൈൽഡ് ബോർ ടീമിന്റെ രക്ഷയ്ക്ക് ഒരേ മനസ്സോടെ കൈകോർത്ത് ലോകരാജ്യങ്ങൾ; ഒടുവിൽ ലോകത്തന്റെ വിങ്ങുന്ന വേദനയായി ജീവൻപൊലിഞ്ഞ രക്ഷകൻ സമാൻ ഗുണാൻ

മറുനാടൻ മലയാളി ഡസ്‌ക്‌

ബാങ്കോക്ക്: ബഹിരാകാശത്ത് പോയ ഒരു പേടകം കാണാതായ്ൽ പോലും ലോകം ഇത്രമേൽ അതിനെ കാത്തിരിക്കില്ല. മലേഷ്യൻ വിമാനം ആകാശത്തേക്ക് ഉയർന്നിട്ട് കാണാതായപ്പോഴും ലോകം ഇത്രമേൽ മുൾമുനയിൽ നിന്നിട്ടില്ല. തായ്‌ലാൻഡിലെ താം ലുവാങ് നാം ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളും കോച്ചും ഗുഹയ്ക്ക് ഉള്ളിൽ അനുഭവിച്ചതിനെക്കാൾ വീർപ്പ്മുട്ടലാണ് ലോകം മുഴുവൻ അവരെ ഓർത്ത് അനുഭവിച്ചത്.മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. പ്രതികൂലമായ എല്ലാ തടസ്സങ്ങളും നീക്കി 17 ദിവസത്തിനൊടുവിൽ തായ്‌ലൻഡിലെ ആ 12 കുട്ടികളേയും കൊച്ചിനേയും പുറത്തെത്തിച്ചപ്പോൾ ലോകം ആശ്വാസത്തിന്റെ നെറുകയിലാണ്. അപകടകരമായി എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അത് തീരാകണ്ണീരായി മാറുമായിരുന്നു.

തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി എന്ന വാർത്ത അത്രമേൽ സന്തോഷമാണ് ലോകത്തിന് നൽകുന്നത്.17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും വിജയസമാപ്തിയായതോടെ സമാനതകളില്ലാത്ത ചരിത്രമായി അത് മാറി.2 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീൽ യൂണിറ്റ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിനത്തിൽ നാലു കുട്ടികളെയും കോച്ചിനേയുമാണ് പുറത്തെത്തിച്ചത്. ഗുഹയിൽ കുടുങ്ങിയ 13 പേരിൽ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവർത്തനത്തിൽ പുറത്തെത്തിച്ചിരുന്നു.

കാണാതായത് ജൂൺ 23 മുതൽ

ജൂൺ 23നാണ് വൈൽഡ് ബോർ ഫുട്‌ബോൾ ടീമിലെ 11 മുതൽ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും തം ലുവാംഗ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടർന്നായിരുന്നു ഇവർ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. മഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതായി.ഇവർ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോൾ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തേക്ക് പോവുകയായിരുന്നു കുട്ടികൾഎട്ടു കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്.ഗുഹയിൽ വെള്ളം ഉയർന്നതോടെ കുട്ടികൾ ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവർത്തനം സാധ്യമല്ലാതായി.കാണാതായി ഒൻപതാം ദിവസമാണ് കുട്ടികളും കോച്ചും ജീവനോട് ഗുഹയ്ക്ക് ഉള്ളിൽ തന്നെ ഉണ്ടെന്ന് മനസ്സിലായതും പി്ന്നീടാണ് രക്ഷാപ്രവർത്തനത്തിനായി പുതു മാർഗങ്ങൾ തേടിയത്.


ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞത് ഒൻപതാം നാൾ

കുട്ടികളുടെ സൈക്കിൾ, ബാഗുകൾ, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചർ വിവരമറിയിച്ചപ്പോഴാണു വിവരം മറ്റുള്ളവർ അറിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കൾ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളിൽ പെട്ടതാകാമെന്ന് ഉറപ്പായി. ഒൻപതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബ്രിട്ടിഷ് കേവ് റെസ്‌ക്യൂ കൗൺസിൽ അംഗങ്ങളായ നീന്തൽ വിദഗ്ദ്ധർ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. പി്‌നനീടാ ലോകം മുഴുവൻ ഒന്നോടെ പ്രാർത്ഥിച്ചു ആ കുരുന്നുകൾക്ക് ഒന്നും വരുത്തരുതെ എന്ന്

രക്ഷാപ്രവർത്തനത്തിന് ജംബോ സംഘം

ആയിരത്തി അഞ്ഞൂറോളം സാങ്കേതിക വിദഗ്ദ്ധർ, ഡൈവർമാർ, ഗുഹാ വിദഗ്ദ്ധർ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തകരാണു രണ്ടാഴ്ചയിലേറെയായി ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവർത്തിച്ചത്. റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകളാണു നേതൃത്വം നൽകിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാർഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാൻ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാൽ, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു പോവുകയല്ലാതെ മാർഗങ്ങളില്ലായിരുന്നു.

കത്തെഴുതി കുട്ടികൾ

കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വിഡിയോ ഫോണിൽ പകർത്തിയതു പുറത്തുവന്നു. അകത്തേക്ക് ടെലിഫോൺ കേബിൾ വലിക്കാനുള്ള ശ്രമം വിജയിച്ചില്ല. കുട്ടികൾ കത്തുകൾ എഴുതി കൊടുത്തയച്ചു. മാതാപിതാക്കൾ തിരിച്ചും കത്തെഴുതി. ഗുഹയ്ക്കുള്ളിലേക്കു കയറും മുൻപ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും കോച്ചിന്റെ നിർദ്ദേശപ്രകാരം അൽപാൽപമായി കഴിച്ചാണു പത്തുദിവസം പിന്നിട്ടത്. രക്ഷാപ്രവർത്തകർ കുട്ടികളെ കണ്ടെത്തിയ ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രത്യേക ജെല്ലികൾ, വിറ്റമിൻ, മിനറൽ ഗുളികൾ എന്നിവ നൽകി

ഏകോപനത്തിന് ലോക രാജ്യങ്ങൾ ഒറ്റ മനസ്സോടെ

ബ്രിട്ടൻ, യുഎസ്, ചൈന, മ്യാന്മർ, ലാവോസ്, ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനം വിജയമാക്കിയത്.

ഞായറാഴ്ച മുതൽ കുട്ടികൾ പുറത്തേക്ക്

കഴിഞ്ഞ തിങ്കളാഴ്ച കുട്ടികളെ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശ്രമകരമായ രക്ഷാദൗത്യത്തിനായി ലോകത്തിന്റെ മുഴുവൻ പിന്തുണയോടെ ശ്രമം തുടങ്ങിയതും ഞായറാഴ്ച മുതൽ കുഞ്ഞുങ്ങളെ പുറത്തെത്തിച്ചു തുടങ്ങിയതും.ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്ലാൻഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്എല്ലാ കുട്ടികളേയും കോച്ചിനേയും ശ്രമകരമായ ദൗത്യത്തിലൂടെ ഇന്ന് വളരെ നേരത്തെ തന്നെ പുറത്തെത്തിച്ചതോടെ ലോകം മുഴുവൻ കയ്യടിക്കുകയാണ് ആ മഹത്തായ രക്ഷാപ്രവർത്തനത്തിന് കൈകോർത്ത ലോകത്തെമ്പാടുമുള്ള മുങ്ങൽ വിദഗ്ധരേയും സൈനികരേയും.

അവസാനമായി ഗുഹയിൽ ശേഷിച്ച കുഞ്ഞിനേയും കോച്ചിനേയും ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പുറത്തെത്തിച്ചത്. ഇതോടെ അന്തിമ രക്ഷാപ്രവർത്തനം മൂന്നാംദിനം രക്ഷാപ്രവർത്തകർ പൂർത്തിയാക്കി. ഇന്ന് ആദ്യം ഒരോ കുഞ്ഞുങ്ങളെയായി മൂന്നുപേരെ ആണ് പുറത്തെത്തിച്ചത്. ഏറ്റവും അവസാനമായി കോച്ചിനേയും കുഞ്ഞിനേയും.

സമാൻ നീയാണ് ഹീറോ

രക്ഷാപ്രവർത്തനത്തിനിടെ തായ് മുൻ നാവികസേനാംഗവും മുങ്ങൽ വിദഗ്ധനുമായ സമാൻ ഗുണാൻ വെള്ളിയാഴ്ച പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവർത്തകരെയാകെ ആശങ്കയിലാഴ്‌ത്തിയിരുന്ന. അകത്തുള്ള എല്ലാവരേയും ജീവനോടെ പുറത്തെത്തിച്ചപ്പോൾ ഉള്ളിൽ ഒരു കനലായി അയാളുടെ ഓർമ്മകൾ അവശേഷിക്കുന്നു.

കുട്ടികൾ ഇനി ലുഷ്‌നിക്കിയിലേക്ക്

ഗുഹയ്ക്കുള്ളിലകപ്പെട്ട കുട്ടികളും പരിശീലകനും പുറത്തെത്തിയ ശേഷം ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാകുട്ടികളും പുറത്തെത്തിയെങ്കിലും ഫൈനൽ കാണാൻ എല്ലാവർക്കും എത്താനാകുമോ എന്ന് ഉറപ്പില്ല.അപകടത്തിൽ പെട്ട തായ് ജൂനിയർ ഫുട്‌ബോൾ ടീം അംഗങ്ങൾ വേഗം രക്ഷപ്പെടട്ടെയെന്ന പ്രാർത്ഥനയോടെ അവരെ ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിന് എല്ലാ കുട്ടികൾക്കും അവസരം ലഭിച്ചേക്കില്ല.

വരുന്ന ഞായറാഴ്ചയാണ് ഫൈനൽ. ഗുഹയിൽ ദിവസങ്ങളോളം ഭക്ഷണംപോലും ഇല്ലാതെ അകപ്പെട്ടതിനാൽ കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടാത്തതാണ് ആശങ്ക. വിവിധ പരിശോധനകളും ഗുഹയിൽ അകപ്പെട്ടത് സൃഷ്ടിച്ച മാനസികാഘാതം അവരെ എത്രത്തോളം തളർത്തിയെന്നറിയാൻ മാനസിക വിലയിരുത്തലുകളും നടത്തുന്നു. ഇതിന് ശേഷമേ എത്ര കുട്ടികളെ ലോകകപ്പ് ഫൈനലിന് റഷ്യയിലേക്ക് അയക്കാൻ കഴിയൂ എന്ന് തീരുമാനിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP