Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡിലെ വേഗത നിരീക്ഷണ ക്യാമറ പൊക്കിയപ്പോൾ വമ്പൻ പിഴ നൽകി പൊലീസ്; സമയത്ത് ഓടിയെത്താത്തതിനാൽ യാത്രക്കാരും കുറഞ്ഞു; ട്രെയിനിനെ തോൽപ്പിക്കാൻ മിന്നൽ വേഗത്തിൽ നിരത്തിലിറക്കിയ സിൽവർ ലൈൻ ഓർമയായി

റോഡിലെ വേഗത നിരീക്ഷണ ക്യാമറ പൊക്കിയപ്പോൾ വമ്പൻ പിഴ നൽകി പൊലീസ്; സമയത്ത് ഓടിയെത്താത്തതിനാൽ യാത്രക്കാരും കുറഞ്ഞു; ട്രെയിനിനെ തോൽപ്പിക്കാൻ മിന്നൽ വേഗത്തിൽ നിരത്തിലിറക്കിയ സിൽവർ ലൈൻ ഓർമയായി

ആർ.പീയൂഷ്

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ അതിവേഗ ബസ് സർവ്വീസായ സിൽവർ ലൈൻ ജെറ്റ് ബസ് ഓർമയായി. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച സർവ്വീസിന്റെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ഈ വിഭാഗത്തിലെ അവസാന ബസ് കഴിഞ്ഞ ദിവസമാണ് നിർത്തലാക്കിയത്. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് 12 മണിക്കൂറിൽ എത്തുമെന്നവാഗ്ദാനത്തോടെയായിരുന്നു സർവ്വീസ് ആരംഭിച്ചത്. ട്രെയിൻ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്തുന്നതിന് മുൻപ് എത്തുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഉറപ്പ് നൽകിയത്. എന്നാൽ ലൈൻ ജറ്റ് സർവീസ് സമയക്രമത്തിലെ അപാകത മൂലം പരാജയപ്പെടുകയാണുണ്ടായത്.

സ്റ്റോപ്പുകളുടെ എണ്ണം 20 ആയി വർദ്ധിപ്പിച്ചതും കൂടിയ നിരക്കും ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന് വിശേഷിപ്പിക്കുന്ന ഈ ബസിന് തിരിച്ചടിയായി. കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് സർവ്വീസ് അവസാനിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2015 ലാണ് സിൽവർ ലൈൻ ജെറ്റ് ബസുകൾ ആരംഭിച്ചത്. ദീർഘ ദൂര യാത്രക്കാരെ ഉദ്ധേശിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് സർവ്വീസുകളുണ്ടായിരുന്നത്. പുഷ്ബാക്ക് സീറ്റുകൾ, വൈ ഫൈ, സി.സി. ടി.വി. കാമറ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടെയാണ് ജെറ്റ് ബസുകൾ നിരത്തിലിറക്കിയത്.

കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വേഗമേറിയ ബസ് എന്ന ഖ്യാതിയും ജെറ്റ് ബസുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ കേരളത്തിലെ നിരത്തുകളിലൂടെയുള്ള യാത്രകൾ സമയക്രമം പാലിക്കാൻബസുകൾക്കായില്ല. ഇതോടെ വൻ തുക നൽകി കൂടിയ സമയം എടുത്ത് യാത്ര ചെയ്യാൻ യാത്രക്കാരെ കിട്ടാതെയായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് തിരിക്കുന്ന ബസ് കൊല്ലം ആകുമ്പോഴേ കാലിയാകും. വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് പിന്നീട് യാത്ര. യാത്രക്കാരില്ലാത്തതിനാൽ വൻ പ്രതിസന്ധിയാണ് കോർപ്പറേഷൻ നേരിട്ടത്. കൂടാതെ സമയക്രമം പാലിക്കാൻ അമിത വേഗതയിൽ പോയതിന് പൊലീസിന്റെ പിഴകൂടിയായപ്പോൾ നഷ്ട്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. ചുരുക്കത്തിൽ കെ.എസ്.ആർ.ടി.സിയുടെ വെള്ളാനകളായിരുന്നു ഈ സർവ്വീസുകൾ.

അതേസമയം ബസുകളുടെ വേഗവുമായി ബന്ധപ്പെട്ട വിഷയവും സർവീസ് റദ്ദാക്കാൻ കാരണമായെന്നാണു സൂചന. അറുപതു കിലോമീറ്റർ വേഗപരിധിയുള്ളതിനാൽ സമയക്രമം പാലിക്കുവാൻ ജീവനക്കാർക്കു കഴിയാതെ വന്നിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അമിത വേഗത്തിൽ ബസ് ഓടിക്കുവാൻ നിർബന്ധിതരാകുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് 500 രൂപ പിഴയൊടുക്കേണ്ടതായി വരുന്നുണ്ട്.  മാസത്തിൽ ശമ്പളത്തിന്റെ വലിയൊരു തുക ഈ ഇനത്തിൽ ഇവർക്കു നഷ്ടമായിരുന്നു. ഈ തുക ആദ്യമൊക്കെ കോർപ്പറേഷൻ അടച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി.

ഇതോടെ, സിൽവർലൈൻ ഓടിക്കാൻ ഡ്രൈവർമാർക്ക് മടിയായിരുന്നു. ഇതിന്റെ പേരിൽ സംഘർഷവുമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സർവീസ് നടത്തിവന്ന ഏഴ് സർവീസുകൾ മാത്രം മൂന്ന് ലക്ഷത്തിലധികം രൂപയാണ് പിഴയിനത്തിൽ കുടിശ്ശികവരുത്തിയിരിക്കുന്നത്. കെ.എൽ15എ 763 നമ്പറിലുള്ള സിൽവർലൈൻ ജെറ്റ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 175 തവണയാണ് അമിതവേഗതക്ക് ദേശിയപാതയിലെ ക്യാമറകളിൽ കുടുങ്ങിയത്. ഈയിനത്തിൽ 81,700 രൂപയാണ് കെഎസ്ആർടിസി ട്രാഫിക്ക് വകുപ്പിന് നൽകാനുള്ളത്. മറ്റു ബസ്സുകളുടെ കണക്കും ഒട്ടും വത്യസ്തമല്ല. കെ.എൽ15എ756 137 തവണ 65,700 രൂപ,കെ.എൽ15എ884 110 തവണ 50,100 രൂപ,കെ.എൽ15എ764 116 തവണ 49,000 രൂപ,കെ.എൽ15എ755 90 തവണ 43,800 രൂപ,കെ.എൽ15എ765 36 തവണ 17,900 രൂപ,കെ.എൽ15എ762 5 തവണ 2,300 രൂപ എന്നിങ്ങനെയാണ്.

തമ്പാനൂരിൽ നിന്ന് കാസർകോടേക്ക് ദേശിയപാതവഴിയുള്ള ദൂരം 580 കിലോമീറ്ററാണ്. ഈ ദൂരം 12 മണിക്കൂറിൽ താണ്ടണമെങ്കിൽ 50 കിലോമീറ്റർ വേഗതയിൽ നിർത്താതെ ഓടിക്കണം. ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റോപ്പുകളും, ഇടയക്കുള്ള ഇടവേളയും കൂടി കണക്കിലെടുത്താൽ ഈ വേഗം 60 കിലോമീറ്ററായി ഉയരണം. എന്നാൽ കേരളത്തിലെ റോഡുകളുടെ നിലവിലെ അവസ്ഥയിൽ പലബസ്സുകൾക്കും ഈ വേഗം കൈവരിക്കാനാകില്ല എന്നതാണ് വാസ്തവം. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്ന ബസ്സ് ചേർത്തലവരെ ഓടുന്നത് രണ്ടു വരി പാതയിലാണ്. ഇതിനിടയിൽ കൊല്ലം, ആലപ്പുഴ നഗരങ്ങൾ പിന്നിടണം.

ചേർത്തല മുതൽ മണ്ണുത്തിവരെ നാലുവരി പാതയിൽ പറക്കാം, പക്ഷെ കുണ്ടന്നൂരും, വൈറ്റിലയും, ഇടപ്പള്ളിയും ആലുവയും കടക്കണം. തൃശ്ശൂരിൽ നിന്ന് കാസർകോട് വരെയും രണ്ട് വരി പാതയാണ്. ഈ പാതയിൽ തന്നെ കോഴിക്കോടും, തലശ്ശേരിയും, കണ്ണൂരും പയ്യന്നൂരും അടക്കം നിരവധി കുപ്പിക്കഴുത്തുകളാണുള്ളത്. ഈ പ്രതിസന്ധികളൊക്കെ മറികടക്കണമെങ്കിൽ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ പരമാവധി വേഗം കൈവരിക്കണം. എന്നാൽ ഇത്തരം മേഖലകളിലാണ് ഭൂരിഭാഗം ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്.

കൊല്ലം പൊലീസ് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയിലാണ് ഭൂരിഭാഗം ബസുകളും കുടുങ്ങിയിരിക്കുന്നത്. മിന്നലിന് മുൻപെ ട്രെയിനിനെ തോൽപിക്കാനിറക്കിയ സിൽവർ ലൈൻ ജെറ്റുകൾ കെ.എസ്.ആർ.ടി.സിക്കുണ്ടാക്കിയത് ബാധ്യത മാത്രം. ജെറ്റുകൾ ഗതാഗതനിയമം ലംഘിച്ചതിന്റ പേരിൽ മൂന്നുലക്ഷം രൂപയാണ് പിഴയായി അടയ്ക്കാനുള്ളത്. രണ്ടുവർഷത്തിനിടെ ജെറ്റുകൾ അമിതവേഗതയുടെ പേരിൽ പിടിയിലായത് 669 തവണ. ഇത് കെ.എസ്.ആർ.ടി.സിയെ ഏറെ പ്രതിസന്ധിയിലാക്കി.

ദീർഘദൂര സർവീസുകൾക്ക് എയർ ബസ്സുകൾ ഉപയോഗിക്കാത്തതും, ചില ബസ്സുകളിൽ പുഷ്ബാക്ക് സീറ്റുകളില്ലാത്തതും തുടക്കത്തിലെ തന്നെ യാത്രക്കാരുടെ അപ്രീതിക്ക് കാരണമായിരുന്നു. വീതിയില്ലാത്ത കേരളത്തിലെ റോഡുകളിൽ സിൽവർലൈൻ ജെറ്റുകൾ നിരങ്ങി നീങ്ങിയതോടെ യാത്രക്കാർ പൂർണ്ണമായും കൈവിട്ടു. തിരുവനന്തപുരം- കാസർകോട് സർവീസ് മണിക്കൂറുകളോളം വൈകുന്നത് സ്ഥിരം കഥയായി.

ഒപ്പം ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച തിരുവനന്തപുരം -പാലക്കാട് സർവീസിന്റെ സമയക്രമവും യാത്രക്കാർക്ക് സ്വീകാര്യമായിരുന്നില്ല. തുടക്കത്തിൽ ഇതിലെ നിരക്ക് നിർണ്ണയത്തെക്കുറിച്ചും പരാതി ഉയർന്നിരുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്വകാര്യ സർവീസുകൾ പ്രധാന റൂട്ടുകളിൽ പിടിമുറുക്കിയതോടെ സിൽവർലൈൻ ജെറ്റിനെ യാത്രക്കാർ പൂർണ്ണമായും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് സിൽവർ ലൈൻ ജെറ്റുകൾ പൂർണ്ണമായും പിൻവലിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ സിൽവർ ലൈൻ ജെറ്റുകളും സൂപ്പർഫാസ്റ്റായും ഡീലക്സ് ബസുകളുമായി രൂപമാറ്റം വരുത്തിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP