Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഭാവസ്ത്രത്തിനുള്ളിലെ നിരർത്ഥകത മടുത്ത് സന്യാസത്തിന് അപേക്ഷിച്ചപ്പോൾ മോഷണക്കേസിലെ പ്രതിയാക്കി; ബാലികാ പീഡനത്തിന്റെ പേരിൽ കേസ് എടുത്തു; സഭക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച് അദ്ധ്യാപിക കൂടിയായ പാലായിലെ കന്യാസ്ത്രീ

സഭാവസ്ത്രത്തിനുള്ളിലെ നിരർത്ഥകത മടുത്ത് സന്യാസത്തിന് അപേക്ഷിച്ചപ്പോൾ മോഷണക്കേസിലെ പ്രതിയാക്കി; ബാലികാ പീഡനത്തിന്റെ പേരിൽ കേസ് എടുത്തു; സഭക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച് അദ്ധ്യാപിക കൂടിയായ പാലായിലെ കന്യാസ്ത്രീ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയതിന്റെ പേരിൽ മോഷണക്കേസ് പ്രതിയാക്കുകയും ബാലികാ പീഡനത്തിന് കേസെടുക്കുകയും ചെയ്തതോടെ തിരുവസ്ത്രമുപേക്ഷിച്ച് സഭയ്‌ക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിക്കാനൊരുങ്ങി പാലായിലെ കന്യാസ്ത്രീ. പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യനാണ് സഭ വിടാൻ തീരുമാനിച്ചത്.

കൊഴുവനാൽ സെന്റ് ജോൺ നെഫുംസ്യാൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികകൂടിയാണ് സിസ്റ്റർ മേരി. ഇതോടെ വർഷങ്ങൾക്ക് മുമ്പ് സഭയ്‌ക്കെതിരെ കലാപമുയർത്തി തിരുവസ്ത്രം ഉപേക്ഷിക്കുകയും പുസ്തകമെഴുതുകയും ചെയ്ത സിസ്റ്റർ ജെസമിയുടെ പാതയിലേക്ക് എത്തുകയാണ് സിസ്റ്റർ മേരിയും. സഭയിലെ ജീവിതം മടുത്ത് സന്യാസനത്തിന് താൽപര്യമുണ്ടെന്നും സഭയിൽ നിന്ന് വിട്ടുനിൽക്കാൻ അനുവദിക്കണമെന്നും കാട്ടി അപേക്ഷ നൽകിയപ്പോൾ മോഷണം ആരോപിച്ച് മഠം പാലാ പൊലീസിൽ കേസുകൊടുത്തതായി സിസ്റ്റർ മേരി പറഞ്ഞു. സഭാവസ്ത്രം ഉപേക്ഷിക്കാൻ അനുമതി തേടിയപ്പോൾ, ബാലികാസദനത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്നുകാണിച്ച് മഠം അധികാരികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകി. ഇതോടെ സഭാധികാരികളുടെയും സഹവാസികളുടെയും അവഹേളനവും അവഗണനയും പീഡനവും മടുെത്തന്നും കള്ളത്തരങ്ങൾക്കു കൂട്ടുനിൽക്കാൻ കഴിയില്ലെന്നും തുറന്നുപറഞ്ഞ് സഭയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുയാണ് സിസ്റ്റർ മേരി.

സഭയിലെ ചില പ്രശനങ്ങളെ തുടർന്ന് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് മേരി ആരോപിക്കുന്നു. ഇതോടെയാണ് സഭ വിടാൻ ആലോചിച്ചത്. കഴിഞ്ഞ ജനവരി നാലാംതിയ്യതി ബഹിർവാസത്തിന് അപേക്ഷ സമർപ്പിച്ചു. സഭാവസ്ത്രം ഉപേക്ഷിച്ച് സന്ന്യസ്തജീവിതം നയിക്കാനുള്ള അനുമതിയാണ് ബഹിർവാസം. എന്നാൽ അത് പരിഗണിക്കാതെ അധികൃതർ പാലാ പ്രോവിൻഷ്യൽ ഹൗസിലേക്ക് സ്ഥലംമാറ്റം നൽകി. മാനസികവും ശാരീരികവുമായ പീഡനം  തുടരുമെന്നു മനസ്സിലാക്കിയതിനാൽ അങ്ങോട്ടു മാറാൻ തയ്യാറായില്ല. തുടർന്നു നടത്തിയ ചർച്ചകളിൽ സഭ വിടാൻ അപേക്ഷ സമർപ്പിക്കാനും തുടർജീവിതത്തിനാവശ്യമായ പണം നൽകാമെന്നും പ്രൊവിൻഷ്യാളും കൂട്ടരും ഉറപ്പു നൽകി. തുടർന്ന് മെയ് 23ന് സഭയിൽനിന്നു പുറത്തുപോകാൻ അനുവദിക്കണമെന്നു കാണിച്ച് അപേക്ഷ നൽകി. 30 ലക്ഷം രൂപയാണ് സിസ്റ്റർ മേരി സെബാസ്റ്റ്യൻ മഠം അധികാരികളോട് ആവശ്യപ്പെട്ടത്. ശിഷ്ടജീവിതം സുരക്ഷിതമാക്കാനാണ് തുക ആവശ്യപ്പെട്ടത്. തുക നിരാകരിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ട് മഠം അധികാരികൾക്ക് വക്കീൽനോട്ടീസയച്ചു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ, മഠത്തിൽ മോഷണം നടത്തിയെന്നാരോപിച്ച് പൊലീസ് അന്വേഷിച്ചെത്തി. മഠം അധികാരികളുടെ സാന്നിധ്യത്തിൽ പാലാ സിഐയും എസ്.ഐ.യും രണ്ടുമണിക്കൂർ ചോദ്യംചൈയ്തന്നും സിസ്റ്റർ വിശദീകരിച്ചു. സിസ്റ്റർ വാടകയ്‌ക്കെടുത്ത മേവടയിലെ ഫ്‌ളാറ്റിലേക്ക് മഠത്തിലെ സാധനങ്ങൾ മാറ്റിയെന്നായിരുന്നു കേസ്. നസ്രത്ത് ഭവൻ മഠത്തോടുചേർന്നുള്ള ബാലികാഭവനിലെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് സിസ്റ്റർെക്കതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരാതി നൽകി. കമ്മിറ്റിയിൽനിന്നുള്ള മൂന്നംഗങ്ങൾ ബാലികാഭവനിലെത്തി തെളിവെടുത്തു. വെള്ളിയാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിമുമ്പാകെ ഹാജരായി സിസ്റ്റർ മേരി സെബാസ്റ്റ്യൻ മൊഴി നൽകി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് അവർ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്. അതിനിടെ പൊലീസും ശിശുക്ഷേമസമിതിയും സഭാ അധികൃതർക്കുവേണ്ടി കന്യാസ്ത്രീയെ പീഡിപ്പിക്കാൻ കൂട്ടുനിൽക്കുന്നതായാണ് ആരോപണവും സജീവമാകുന്നു.സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പിൽ നിന്ന് നിയമാനുസരണം വ്രതമോചനത്തിന് അനുമതി നേടിയെങ്കിലും മഠത്തിൽനിന്നുള്ള പീഡനം തുടരുകയാണെന്നും കാനൻ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ സഭ കൂട്ടാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. 'പോയിചത്തുകൂടേ' എന്നാക്രോശിച്ചുകൊണ്ട് ചുറ്റുംകൂടുന്ന സഹവാസികളും മദർസുപ്പീരിയറും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

സഭയുടെ ഉടമസ്ഥതയിൽ അന്തിനാടുള്ള സ്‌പെഷ്യൽ സ്‌കൂളിലെ അഴിമതികളുൾപ്പെടെ മഠങ്ങളുടെ അകത്തളത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതാണ് എം.എസ്. ഡബ്ല്യു ബിരുദധാരിണിയായ കന്യാസ്ത്രീ വേട്ടയാടപ്പെടാൻ കാരണം. മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ കൊണ്ടുപോയി നിർബന്ധിച്ച് മരുന്നുകഴിപ്പിക്കുക, മോഷണക്കുറ്റമാരോപിച്ച് പൊലീസിൽ കള്ളക്കേസ് കൊടുക്കുക, ബാലഭവനിലെ കുട്ടികളെ പീഡീപ്പിച്ചുവെന്ന് ആരോപിച്ച് ശിശുക്ഷേമസമിതിയിൽ പരാതിനൽകുക, മഠത്തിനുള്ളിൽ ഒറ്റപ്പെടുത്തുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്നു. മോഷണക്കുറ്റം, ബാലനീതി ലംഘനം എന്നീ കുറ്റങ്ങൾ ആരോപിച്ച് മദർ സുപ്പീരിയൽ നൽകിയ പരാതികളിൽ പാലാ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറും കോട്ടയം ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷയും കന്യാസ്ത്രീക്കെതിരെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് ഇവർക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദുലേഖയും ആരോപിച്ചു.

സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിൽ ജോലിചെയ്യുന്ന സന്യാസിനികളായിട്ടുള്ള അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കും സർക്കാർ ഗ്രാന്റ് ലഭിക്കുന്ന മറ്റ് സാമൂഹ്യക്ഷേമ സംവിധാനങ്ങളിലെ ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളം സഭ തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് അവർ ആരോപിച്ചു. 2002 സെപ്റ്റംബർ 16 മുതൽ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയായ തനിക്ക് 2015 ആഗസ്റ്റുവരെ സ്വന്തം ബാങ്ക് അക്കൗണ്ടുവഴി ലഭിച്ച 3782319 രൂപ കോൺവെന്റ് അധികൃതരാണ് കൈകാര്യം ചെയ്തത്. സ്വന്തംപേരിലുള്ള എ.ടി.എം കാർഡ് മേലധികാരികളുടെ കൈവശമാണ്. ഇത്രയുംതുക സമ്പാദിച്ച തനിക്ക് പ്രതിമാസം 100 രൂപവീതമാണ് എണ്ണയും സോപ്പുമുൾപ്പെടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി ലഭിച്ചിട്ടുള്ളത്. പുരുഷന്മാരായ പുരോഹിതരുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തുറന്നുപറയാൻ മറ്റുള്ളവർ ധൈര്യം കാണിക്കാത്തതാണ്. ഇനിയും കൂടുതൽ അഭയമാർ ഉണ്ടാകാതിരിക്കാൻ ഇത്തരം അനീതികൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ 25 വർഷത്തെ സന്യാസജീവിതം ഉപേക്ഷിച്ച് സഭവിട്ടിറങ്ങുകയാണെന്ന് സി. മേരി സെബാസ്റ്റ്യൻ എന്ന സിലിമോൾ പറഞ്ഞു.

ഇതോടെ കേരളത്തിലെ കത്തോലിക്ക സഭയിലും സന്യാസ സ്ഥാപനങ്ങളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന വിഷയങ്ങൾ തുറന്നുകാട്ടി ആമേൻഒരു കന്യാസ്ത്രീയുടെ ആത്മകഥ എന്ന ഗ്രന്ഥം രചിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റർ ജെസ്മിയുടെ പാതയിലേക്ക് നീങ്ങുകയാണ് സിസ്റ്റർ മേരിയും കാർമ്മല മാതാവിന്റെ സന്യാസസമൂഹത്തിൽ അംഗവും അദ്ധ്യാപികയുമായിരുന്ന ജെസ്മി അധികാര സ്ഥാനങ്ങൾക്കുനേരെ കലാപമുയർത്തി സമൂഹംവിട്ട് പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP