Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

52 സന്യാസിമാർക്ക് പരസ്പര ധാരണയോടെ 11 പേരെ തെരഞ്ഞടുക്കാൻ സാധിക്കില്ലേ? ഗുരുദേവ സന്ദേശ വാഹകരായ ശിവഗിരി സന്യാസിമാർ എന്തിന് വാശിയേറിയ തെരഞ്ഞെടുപ്പ് നടത്തുന്നു? ഇത്രനാൾ മഠം ഭരിച്ച പ്രകാശാനന്ദയെ എല്ലാവരും കൂടി പുറത്താക്കി

52 സന്യാസിമാർക്ക് പരസ്പര ധാരണയോടെ 11 പേരെ തെരഞ്ഞടുക്കാൻ സാധിക്കില്ലേ? ഗുരുദേവ സന്ദേശ വാഹകരായ ശിവഗിരി സന്യാസിമാർ എന്തിന് വാശിയേറിയ തെരഞ്ഞെടുപ്പ് നടത്തുന്നു? ഇത്രനാൾ മഠം ഭരിച്ച പ്രകാശാനന്ദയെ എല്ലാവരും കൂടി പുറത്താക്കി

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: സ്വാമി ശാശ്വതീകാനന്ദയുടെ കാലത്താണ് ശിവഗിരിയിലെ അധികാരത്തർക്കം വലിയ ചർച്ചയായത്. ശ്രീ നാരായണ ഗുരുവിന്റെ ആശയപ്രചരണത്തിനുള്ള സന്യാസി സമൂഹത്തിന്റെ അധികാര മോഹം ഏറെ രാഷ്ട്രീയ-സാമൂഹിക ചലനങ്ങളും ഉണ്ടാക്കി. സന്യാസിമാരുടെ അധികാര കസേരയോടുള്ള താൽപ്പര്യത്തിൽ കോടതിക്ക് പോലും ഇടപെടേണ്ടി വന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി പൊലീസ് നടപടിയിലൂടെയാണ് കോടതി വിധി ശിവഗരിയിൽ നടപ്പാക്കിയത്. തുടർന്ന് എത്തിയ ഇടത് സർക്കാർ സുകുമാർ അഴിക്കോടിന്റെ നേതൃത്വത്തിൽ ഭരണസമിതിയേയും നിയോഗിച്ചു. പിന്നീട് സന്യാസിമാർക്ക് തന്നെ മഠം കൈമാറി.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന ഗുരുദേവ സന്ദേശം പ്രചരിപ്പിക്കേണ്ട മഠത്തിന്റെ ചുമതലക്കാരനായി പ്രകാശാനന്ദ മാറി. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണമുണ്ടാക്കിയ അലയൊലികൾ ഇനിയും മാറിയില്ല. അധികാര രാഷ്ട്രീയത്തിന് പിറകെ പോകുന്ന എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശിവഗരിക്ക് പുറത്തായി. എസ് എൻ ഡി പിക്ക് ബദലെന്ന ആശയവുമായി സന്യാസിക്കൂട്ടായ്മ മുന്നോട്ട് പോയി. ഇതിനിടെയിൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. അപ്പോൾ ശ്രീ നാരായണ ഗുരുവിന്റെ ശിവഗരിയുടെ ഭരണതലത്തിലെ ഭിന്നത മറനീക്കി പുറത്തുരുകയാണ്. ഭരണ സമിതി തെരഞ്ഞെുപ്പിൽ പ്രകാശാനന്ദ തോറ്റു. ഭരണം ഋതംബരാനന്ദയുടെ കൈയിലെത്തുന്നു. ഇത്തരത്തിലൊരു വാശിയേറിയ തെരഞ്ഞെടുപ്പ് ശിവഗരിക്ക് ആവശ്യമുണ്ടോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

ഏതായാലും ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിനു 201621ലേക്കു പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ ഭാരവാഹികളെ അടുത്ത ദിവസം തിരഞ്ഞെടുക്കും. മൊത്തം 52 സന്യാസിമാരാണു തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ഭരണസമിതിയിലെ ആറുപേർ വീണ്ടും വിജയിച്ചു. നിലവിൽ ട്രസ്റ്റ് പ്രസിഡന്റായ സ്വാമി പ്രകാശാനന്ദ പരാജയപ്പെട്ടപ്പോൾ ജനറൽ സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാനന്ദയും ട്രഷററായിരുന്ന സ്വാമി പരാനന്ദയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാമി സൂക്ഷ്മാനന്ദയാണു തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു പ്രമുഖ സന്യാസി. ഏറ്റവും കൂടുതൽ വോട്ട് ഋതംഭരാനന്ദയ്ക്കാണ്-35. തിരഞ്ഞെടുക്കപ്പെട്ട സന്യാസിമാരും വോട്ടും: ഋതംഭരാനന്ദ (35), സദ്രൂപാനന്ദ (33), വിശുദ്ധാനന്ദ (32), ഗുരുപ്രസാദ് (30), സൂക്ഷ്മാനന്ദ (29), സാന്ദ്രാനന്ദപുരി (28), ശിവസ്വരൂപാനന്ദ (28), ശാരദാനന്ദ (27), വിശാലാനന്ദ (27), ബോധിതീർത്ഥ (26), പരാനന്ദ (25).

സ്വാമി പരാനന്ദയ്ക്കും സ്വാമി ബ്രഹ്മസ്വരൂപാനന്ദയ്ക്കും 25 വീതം തുല്യ വോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പിലേക്കു കടക്കാതെ ബ്രഹ്മസ്വരൂപാനന്ദ സ്വയം പിന്മാറി. സ്വാമി പ്രകാശാനന്ദയ്ക്കു 19 വോട്ട് മാത്രമാണു ലഭിച്ചത്. മുൻ തീർത്ഥാടന സെക്രട്ടറി സ്വാമി സച്ചിതാനന്ദയും ശിവഗിരി മിഷൻ ആശുപത്രി സെക്രട്ടറി സ്വാമി അമേയാനന്ദയും പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്വാമി ശുഭാംഗാനന്ദ, അനപേക്ഷാനന്ദ, മംഗളസ്വരൂപാനന്ദ എന്നിവരാണു തോറ്റ മറ്റു പ്രമുഖർ. നവതിയിലേക്കു കടന്ന സ്വാമി പ്രകാശാനന്ദയുടെ തോൽവി പലരിലും ഞെട്ടലുളവാക്കി. അതേസമയം 2011ൽ പരാജയപ്പെട്ട സ്വാമി സൂക്ഷ്മാനന്ദയുടെ തിരിച്ചുവരവ് ശ്രദ്ധേയമായി. അധികാരക്കസേരയിൽ താൽപര്യമില്ലെന്നു തുടക്കത്തിൽ തന്നെ സൂക്ഷ്മാനന്ദ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമിതിയിൽ ഭരണകാര്യങ്ങളിൽ സൂക്ഷ്മാനന്ദയുടെ സ്വാധീനം നിർണായകമാകും. സ്വാമി ശാശ്വതീകാന്ദയുടെ മരണത്തോടെ ശിവഗിരിയിൽ നിന്ന് ഒതുക്കപ്പെട്ട സ്വാമിയാണ് സൂക്ഷ്മാനന്ദ. അദ്ദേഹത്തിന് മഠത്തിൽ വീണ്ടും സ്വാധീനമുണ്ടാകുന്നുവെന്നതാണ് വസ്തുത.

1989ൽ ശിവഗിരി മഠം തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് സന്യാസിമാരുടെ വോട്ടെടുപ്പിലെ വാശിയും വീറും പുറം ലോകം അറിഞ്ഞത്. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് എതിർവിഭാഗം കോടതിയിൽ നിന്ന് തങ്ങൾക്കനുകൂലമായി വിധി സമ്പാദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് ശിവഗിരിയിൽ പൊലീസ് നടപടിയിൽ കൊണ്ടെത്തിച്ചത്. 1994ൽ മഠം ഭരണം സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഹൈക്കോടതി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദയുടെ പക്ഷത്തെ പരാജയപ്പെടുത്തി സ്വാമി പ്രകാശാനന്ദ മഠാധിപതിയാകുകയും ചെയ്തു. 1995ൽ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ശാശ്വതികാനന്ദ പക്ഷത്തെ ഒഴിവാക്കി ശിവഗിരിയിൽ പ്രകാശാനന്ദ പക്ഷത്തെ അവരോധിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. പൊലീസ് ലാത്തിച്ചാർജിലും വെടിവയ്പിലുമൊക്കെ കലാശിച്ച ഈ സംഭവം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ പരാജയത്തിന് ഒരു കാരണമായി.

തുടർന്ന് നടന്ന നിയസഭാതെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ പ്രകാശാനന്ദ ഭരണസമിതിയെ പുറത്താക്കി അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. 1996 ഒക്ടോബർ 11ന് ശിവഗിരിയിലെ പൊലീസ് നടപടിയിലൂടെ പുറത്താക്കപ്പെട്ട ശാശ്വതികാനന്ദ ആറു വർഷങ്ങൾക്കു ശേഷം പ്രകാശാനന്ദ പക്ഷത്തെ കീഴ്‌പ്പെടുത്തി ശിവഗിരി ഭരണം കൈപ്പിടിയിലൊതുക്കി. 2001 ഒക്ടോബർ 11ന് നടന്ന ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ സ്വാമി ശാശ്വതികാനന്ദ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പക്ഷം മുഴുവൻ സീറ്റുകളും സ്വന്തമാക്കി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധം പുലർത്തിയിരുന്ന സ്വാമി ശിവഗിരി മഠം ട്രസ്റ്റിലേതുപോലെ എസ് എൻ ഡി പിയോഗത്തിലെയും സജീവ സാന്നിധ്യമായിരുന്നു. മരിക്കുമ്പോൾ 50 വയസായിരുന്നു. അതിന് ശേഷം വീണ്ടും പ്രകാശാനന്ദയുടെ കൈയിലേക്ക് അധികാരമെത്തി. ഋതംഭരാനന്ദയായിരുന്നു പ്രകാശനന്ദയെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാൻ കരുക്കൾ നീക്കിയത്. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ഈ കൂട്ടായ്മയാണ് മത്സരിച്ചത്. എന്നാൽ ഋതംഭരാനന്ദ കൂടുതൽ വോട്ട് നേടി ജയിക്കുന്നു. പ്രകാശാനന്ദ തോൽക്കുകയും ചെയ്യുന്നു. വലിയ അട്ടിമറിയായി ഇതിനെ വിലയിരുത്തുന്നുവരുമുണ്ട്.

പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ ശിവഗിരി സന്യാസിമാർക്കിടയിൽ ഉണ്ടാകുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തപ്പെടുന്നു. സൂക്ഷ്മാനന്ദ സ്വാമിക്ക് വെള്ളാപ്പള്ളി നടേശനുമായും അടുപ്പമുണ്ട്. വെള്ളാപ്പള്ളിയുടെ നിശത വിമർശകനായിരുന്നു പ്രകാശാനന്ദ. ഇതൊക്കെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവർ ഏറെയാണ്. ട്രസ്റ്റിലെ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോൾ വീണ്ടും അടിപിടി മൂക്കുമെന്ന് കരുതുന്നവരും ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP