Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്‌ളാമിക് സ്റ്റേറ്റിനെതിരെ ശക്തമായ നീക്കവുമായി സമസ്തയുടെ വിദ്യാർത്ഥി സംഘടന; മതസൗഹാർദത്തിന്റെയും ഒരുമയുടെയും പഴയകാലം വീണ്ടെടുക്കാൻ പ്രചരണം തുടങ്ങും; വിദ്വേഷ പ്രാസംഗികർക്കും ഐ.എസിനും ബീഫ് കൊലക്കുമെതിരെ എസ്.കെ.എസ്.എസ്.എഫ് ദേശീയോദ് ഗ്രഥന പ്രചാരണം

ഇസ്‌ളാമിക് സ്റ്റേറ്റിനെതിരെ ശക്തമായ നീക്കവുമായി സമസ്തയുടെ വിദ്യാർത്ഥി സംഘടന; മതസൗഹാർദത്തിന്റെയും ഒരുമയുടെയും പഴയകാലം വീണ്ടെടുക്കാൻ പ്രചരണം തുടങ്ങും; വിദ്വേഷ പ്രാസംഗികർക്കും ഐ.എസിനും ബീഫ് കൊലക്കുമെതിരെ എസ്.കെ.എസ്.എസ്.എഫ് ദേശീയോദ് ഗ്രഥന പ്രചാരണം

എം പി റാഫി

കോഴിക്കോട്: മതസൗഹാർദത്തിന്റെയും ഒരുമയുടെയും നഷ്ട പ്രതാപം വീണ്ടെടുക്കാൻ കാമ്പയിനുമായി സമസ്ത വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. വിദ്വേഷ പ്രാസംഗികർക്കും ഐ.എസ് അടക്കമുള്ള തീവ്രവാദികൾക്കുമെതിരെ പ്രചാരണം ശക്തമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.

സ്‌നേഹവും സൗഹാർദവും, ഇസ്ലാമിന്റെ യാർത്ഥ സംസ്‌കൃതിയും സമൂഹത്തോട് പറയുന്നതോടൊപ്പം തീവ്രവാദത്തിനും വിദ്വേഷ പ്രസംഗത്തിനുമെതിരെ ആശയ പ്രചാരണം ശക്തമാക്കുന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ്. വ്യത്യസ്ത സൗഹൃദ പരിപാടികൾ സെമിനാറുകൾ, മത്സരങ്ങൾ രണ്ട് മാസം നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി നടക്കും.

സ്റ്റേജുകളിലും സോഷ്യൽ മീഡിയകളിലും വർധിച്ചു വരുന്ന മത വിദ്വേഷം പ്രചരണം, മാട്ടിറച്ചിയുടെ പേരിലുള്ള കൊലപാതകങ്ങൾ, ഐ.എസ് - തീവ്രവാദം, അസഹിഷ്ണുത തുടങ്ങി മതത്തിനും മതസൗഹാർദത്തിനും ഭീഷണി സൃഷ്ടിക്കുന്ന പ്രചാരണങ്ങളെ വിദഗ്ദരെയും പണ്ഡിതരെയും നിരത്തി ആശയപരമായി നേരിടുന്നതാണ് കാമ്പയിനിലെ ആകർഷണീയ ഇനം. ഇത്തരത്തിൽ തയ്യാറാക്കുന്ന വീഡിയോ ക്ലിപ്പിംങുകൾ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്.

രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം വർദ്ധിക്കുകയും സമൂഹത്തെ വർഗീയവത്കരിച്ചു നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾ വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം ' എന്ന പേരിൽ
ദേശീയോദ്‌ഗ്രഥന പ്രചാരണ കാമ്പയിന് സംഘടന രൂപം നൽകിയതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

യോഗത്തിൽ ഓണംപിള്ളി മുഹമ്മദ് ഫൈസി, ബശീർ ഫൈസി ദേശമംഗലം, കെ.എൻ.എസ് മൗലവി, ഇബ്റാഹീം ഫൈസി ജെഡിയാർ, പി.എം.റഫീഖ് അഹ്മദ്, കുഞ്ഞാലൻ കുട്ടി ഫൈസി നടമ്മൽപൊയിൽ, ഡോ.ടി.അബ്ദുൽ മജീദ് കൊടക്കാട്, മമ്മുട്ടി നിസാമി തരുവണ, വി.കെ.ഹാറൂൺ റഷീദ് മാസ്റ്റർ, ഡോ.സുബൈർ ഹുദവി ചേകനൂർ, നൗഫൽ കുട്ടമശ്ശേരി, ഡോ.കെ.ടി.ജാബിർ ഹുദവി, ലത്തീഫ് മാസ്റ്റർ പന്നിയൂർ, ഹാഫിള് അബ്ദുസലാം ദാരിമി കിണവക്കൽ, ശഹീർ പാപ്പിനിശ്ശേരി, താജുദ്ദീൻ ദാരിമി പടന്ന, ടി.പി.സുബൈർ മാസ്റ്റർ, ആസിഫ് ദാരിമി പുളിക്കൽ, ആശിഖ് കുഴിപ്പുഴം, റശീദ് ഫൈസി വെള്ളായിക്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന പ്രചാരണ കാലയളവിൽ നാട്ടുമുറ്റം, ഫ്രീഡം സ്‌ക്വയർ, രചനാ മത്സരം, ഡോക്യുമെന്ററി, സൗഹൃദ സന്ദർശനം എന്നീ പരിപാടികളാണ് നടക്കുക. കേരളത്തിലെ പേരുകേട്ട മതസൗഹാർദ ചരിത്രങ്ങൾ, പ്രതീകങ്ങൾ, ചരിത്ര പുരുഷന്മാർ, സൂഫികളുടെ ജീവിതങ്ങളും വിവിധ മതക്കാരുമായുള്ള ഇടപഴക്കങ്ങളും തുടങ്ങിയ കാര്യങ്ങൾ ഇക്കാലയളവിൽ ചർച്ചയും സംവാദ വിഷയങ്ങളുമാകും.

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന വിധത്തിൽ നടക്കുന്ന പ്രചാരണങ്ങൾ ക്രോഡീകരിച്ച് വസ്തുനിഷ്ഠമായ വിശദീകരണം നൽകുകയാണ് പ്രചാരണം ലക്ഷ്യമാക്കുന്നത്. ഇതിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രാഥമിക നടപടികൾ തുടങ്ങിയതായി സംഘാടകർ അറിയിച്ചു. സംഘടന ശാഖാതലങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മയായി നാട്ടുമുറ്റം രൂപീകരിക്കുന്നതാണ് മറ്റൊരു ശ്രദ്ധേയ പരിപാടി. വിദ്യാഭ്യാസം,ആരോഗ്യം,പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ യോജിച്ച സേവന പ്രവർത്തനങ്ങൾക്ക് നാട്ടുമുറ്റം വേദിയൊരുക്കും.

ഓഗസ്റ്റ് പതിനഞ്ചിനു വൈകീട്ട് നാലുമണിക്ക് സംസ്ഥാനത്തെ 150 മേഖലാ കേന്ദ്രങ്ങളിൽ ഫ്രീഡം സ്‌ക്വയർ സംഘടിപ്പിക്കും. സമുദായ സൗഹാർദത്തിന്റെ ചരിത്ര മാതൃകകളും, ഇന്നു നിലനിൽക്കുന്ന മാതൃകാ സ്ഥാപനങ്ങളേയും വ്യക്തികളേയും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.ജില്ലാ തലങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ വിവിധ സൗഹൃദാനുഭവങ്ങളുടെ രചനാമൽസരം നടത്തും.

വിദ്വേഷ പ്രഭാഷണം നടത്തുന്നവരെ നേരിൽകണ്ട് അവരുടെ വാദങ്ങളിലെ അബദ്ധങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പ്രചാരണ പരിപാടികൾ ഫലപ്രദമാക്കുന്നതിനു വേണ്ടി പ്രഭാഷകർ,എഴുത്തുകാർ, സാമൂഹ്യ മാധ്യമങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർ തുടങ്ങിയവർക്ക് പ്രചാര പരിപാടികളുടെ മുന്നോടിയായി പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്.

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റ്, അവരുടെ ആശയങ്ങൾ യഥേഷ്ടം മലയാളം അടക്കമുള്ള ഭാഷയിൽ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് നിലവിൽ. ഖുർആൻ, ഹദീസ് സൂക്തങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് തീവ്രവാദത്തിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

എന്നാൽ ഇത് സമൂഹത്തിന് ഏറെ അപകടകരമാണെന്നിരിക്കെ ഇതിനെതിരെ ശക്തമായി ഇനിയും മുസ്ലിം സംഘടനകൾ രംഗത്ത് വന്നിട്ടില്ല. ഐ.എസിനെതിരെ സെമിനാറുകളും സമ്മേളനങ്ങളും നടത്തി എല്ലാ മുസ്ലിം സംഘടനകളും എതിർപ്പ് ശക്തമാക്കുന്നുണ്ടെങ്കിലും ആശയ വൈകല്യങ്ങൾ തുറന്ന് കാട്ടാനോ നവ മാധ്യമങ്ങളിലൂടെ ഇവരുടെ ആശയങ്ങളെ കൗണ്ടർ ചെയ്യാനോ സാധിച്ചിട്ടില്ല.

സാഹചര്യത്തിലാണ് പുതിയ ദൗത്യവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ( സുന്നി ഇ.കെ വിഭാഗം) വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് രംഗത്ത് വന്നിരിക്കുന്നത്. കാമ്പയിന് ശേഷവും ഇതിനെതിരെ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ജന. സെക്ര. സത്താർ പന്തല്ലൂർ അറിയിച്ചു. ഐ എസിനു പുറമെ, ഇന്ത്യയിലെ നിലവിലെ അസഹിഷ്ണുത നിറഞ്ഞ സാഹചര്യവും ബീഫിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നതും ദേശീയോദ് ഗ്രഥന കാമ്പയിനിൽ പ്രധാന വിഷയമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP