Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുദേവന്റെ പേരിൽ കബളിപ്പിക്കപ്പെട്ടവർക്കു തുണയാകാൻ കോടതി; എസ്എൻ ട്രസ്റ്റ് തട്ടിപ്പിനിരയായവർക്കു അമ്പലപ്പുഴയിലെ എസ്എൻ കല്യാണമണ്ഡപം വിറ്റ് തുക കണ്ടെത്താൻ കോടതി ഉത്തരവ്

ഗുരുദേവന്റെ പേരിൽ കബളിപ്പിക്കപ്പെട്ടവർക്കു തുണയാകാൻ കോടതി; എസ്എൻ ട്രസ്റ്റ് തട്ടിപ്പിനിരയായവർക്കു അമ്പലപ്പുഴയിലെ എസ്എൻ കല്യാണമണ്ഡപം വിറ്റ് തുക കണ്ടെത്താൻ കോടതി ഉത്തരവ്

ആലപ്പുഴ: എസ്എൻ ട്രസ്റ്റിന്റെ നിക്ഷേപസമാഹരണപദ്ധതിയിൽ നടന്ന തട്ടിപ്പിനെത്തുടർന്ന്, എസ്എൻഡിപിയുടെ പേരിൽ അമ്പലപ്പുഴ വളഞ്ഞവഴിയിൽ പ്രവർത്തിച്ചിരുന്ന യോഗത്തിന്റെ 'എസ്എൻ കല്യാണമണ്ഡപം' വിറ്റ് നിക്ഷേപകരുടെ കടം വീട്ടാൻ കോടതി ഉത്തരവെത്തി. സിപി 33/2007 നമ്പരായുള്ള കേസിൽ സുപ്രീം കോടതി എത്രയും വേഗം വിധി നടപ്പിലാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പ്രവർത്തിക്കുന്ന കാക്കാഴം നീർക്കുന്നം 363-ാം ശാഖയിലെ നിക്ഷേപകരാണ് കോടതി ഉത്തരവ് സമ്പാദിച്ചത്. 1995-ൽ സ്ഥാപിതമായ ശാഖയുടെ നിക്ഷേപ സമാഹരണ പദ്ധതിയിൽ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ജാതിമതഭേദമെന്യേയുള്ള നാട്ടുകാരാണ് പണം നിക്ഷേപിച്ചത്. ഏകദേശം 40 കോടി രൂപയാണ് നിക്ഷേപ ഇനത്തിൽ ശാഖ നിക്ഷേപകർക്ക് കൊടുക്കാനുള്ളത്. ഏതാണ്ട് 60 കോടിയോളം രൂപ തട്ടിച്ചതായാണ് കണക്ക്.

ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിച്ച് പണം സ്വീകരിച്ച ട്രസ്റ്റ് പറഞ്ഞ പലിശ കൊടുക്കുകയോ നിക്ഷേപത്തുക തിരിച്ചുകൊടുക്കുകയോ ചെയ്തില്ല. പലിശ മുടങ്ങിയതോടെ പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകർക്ക് ഒരു സുപ്രഭാതത്തിൽ ട്രസ്റ്റ് പൂട്ടിയതായാണ് കാണാൻ കഴിഞ്ഞത്. പണം തിരിച്ചെടുക്കാൻ ഉപാധികളില്ലെന്ന് ഭാരവാഹികൾ അറിയിച്ചതോടെയാണ് നിക്ഷേപകരുടെ എണ്ണം വർദ്ധിച്ചത്.

ഇതിൽ അധികവും പെൺകുട്ടികളുടെ വിവാഹാവശ്യാർത്ഥം നിക്ഷേപിച്ചവരാണ്. വിവാഹം ഉറപ്പിക്കുന്നതോടെ പണം തിരികെ ലഭിച്ചാൽ മതിയെന്ന ധാരണയിലായിരുന്നു ഇവർ പണം നിക്ഷേപിച്ചത്. എസ് എൻ ഡി പി യോഗത്തോടും ശ്രീനാരായണഗുരുവിനോടുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപക കൂട്ടായ്മ പറയുന്നു. എന്നാൽ യോഗം ജനറൽ സെക്രട്ടറിയെ വിവരങ്ങൾ ധരിപ്പിക്കാനെത്തിയപ്പോൾ തങ്ങളെ വിരട്ടിയോടിച്ചതായും നിക്ഷേപകർ പറഞ്ഞു. ഇത്തരത്തിൽ 1141 നിക്ഷേപകർക്കാണ് ട്രസ്റ്റ് പണം നൽകാനുള്ളത്. പണം ആവശ്യപ്പെട്ടതോടെ ട്രസ്റ്റിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന പ്രസിഡന്റും സെക്രട്ടറിയും മുങ്ങുകയും ചെയ്തു.

ഇതേതുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്. കോടതിയാകട്ടെ ഫെഡറൽ ബാങ്ക് ആലപ്പുഴ ചീഫ് മാനേജരെ റിസീവർ ആയി നിയമിക്കുകയും ചെയ്തു. ഇതിന് പ്രത്യേക കാരണവും ഉണ്ടായിരുന്നു. യോഗം ഭരണസമിതി ബാങ്കിൽനിന്നും നേരത്തെ 70 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് ഇല്ലാതായതോടെ ബാങ്കും കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ ബാങ്ക് വായ്പാതുക തിരിച്ചുപിടിച്ചതോടെയാണ് കോടതി വീണ്ടും നിക്ഷേപകർക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും തീരാതെയാണ് കേസ് അനന്തമായി നീളുന്നത്. ജില്ലയിൽതന്നെ നാലോളം വേറെയും അടച്ചുപൂട്ടപ്പെട്ട ട്രസ്റ്റുകളുണ്ട്. ഇവിടെയും നിക്ഷേപകർ പണം തിരികെ ലഭിക്കാൻ കോടതി വരാന്തകളിൽ കയറിയിറങ്ങുകയാണ്. ശ്രീപാദം, മുന്നോടി, തോട്ടപ്പള്ളി, തുറവൂർ എന്നിവിടങ്ങളിലെ ട്രസ്റ്റുകളിലായി 200 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്.

എസ്എൻഡിപി യോഗ നേതൃത്വത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്എൻ ട്രസ്റ്റ് ശാഖകൾ സംഘടിപ്പിക്കുന്ന മൂലധന നിക്ഷേപ പദ്ധതിയാണു ഒന്നൊന്നായി നീർക്കുമിളകൾ പോലെ പൊട്ടുന്നത്.

നൂറു രൂപ മുതൽ കോടികൾ വരെ നിക്ഷേപിക്കാൻ പാകത്തിലാണ് ട്രസ്റ്റുകൾ ആരംഭിച്ചിട്ടുള്ളത്. മണി ലെൻഡിങ് ആക്ടിന്റെ ഏഴയലത്തുപോലും എത്താത്ത ട്രസറ്റുകളിൽ കോടികൾ നിക്ഷേപിച്ചവർ പണം തിരികെ കിട്ടാൻ കോടതിയെ ശരണം പ്രാപിക്കുകയായിരുന്നു. 10 മുതൽ 12 വരെ ശതമാനം പലിശ ഓഫർ നൽകി ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച ശേഷം വട്ടിപ്പലിശയ്ക്കു കച്ചവടസ്ഥാപനങ്ങളിലേക്കു നല്കിയും വ്യക്തിപരവായ്പകൾ നൽകിയും ട്രസ്റ്റ് സമ്പാദിച്ചിട്ടുള്ളത് കോടികളാണ്.

ഈ പണവുമായാണ് യോഗത്തിന്റെ മുഖ്യാധാരാ ഭാരവാഹികൾ മിക്കയിടങ്ങളിലും മുങ്ങിയിട്ടുള്ളത്. സംസ്ഥാനത്ത് 600 ഓളം ശാഖാതല നിക്ഷേപ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ശാഖകളിലെല്ലാം തന്നെ എസ്എൻഡിപിയുടെയും എസ്എൻ ട്രസ്റ്റിന്റെയും കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയൊക്കെ ഗുരുദേവന്റെ പൂർണ്ണകായ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. ഇതു കണ്ടുമയങ്ങിയാണ് നിക്ഷേപകർ കൂടുതലും വീണത്. പണം നൽകിയവരിൽ അധികവും തൊഴിലാളികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP