Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

സോളാറിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് വീഴ്‌ച്ച പറ്റിയെന്ന് പരാമർശം; ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലും സംശയത്തിൽ; രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കാൻ വീണ്ടും സോളാർ ഭൂതം കുടത്തിൽ നിന്നും പുറത്തുചാടി; ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷത്തെ വിരട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ഇടതുപക്ഷം; തുടർ നടപടി മന്ത്രിസഭ തീരുമാനിക്കും

സോളാറിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് വീഴ്‌ച്ച പറ്റിയെന്ന് പരാമർശം; ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലും സംശയത്തിൽ; രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കാൻ വീണ്ടും സോളാർ ഭൂതം കുടത്തിൽ നിന്നും പുറത്തുചാടി; ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷത്തെ വിരട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ഇടതുപക്ഷം; തുടർ നടപടി മന്ത്രിസഭ തീരുമാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിലെ നിർണായക റിപ്പോർട്ട് ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉച്ചക്ക് ശേഷമാണ് മുമ്പാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ജസ്റ്റിസ് ശിവരാജൻ കൈമാറിയത്. കൊച്ചിയിൽ നിന്നും പുറപ്പെട്ട് തൈക്കാട് ഗസ്റ്റ്ഹൗസിൽ എത്തിയ അദ്ദേഹം മൂന്ന് മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. പത്ത് മിനിറ്റാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച്ച നീണ്ടു നിന്നത്. റിപ്പോർട്ടിലെ കാര്യങ്ങൾ താൻ തന്നെ വെളിപ്പെടുത്തി കൊള്ളാമെന്നാണ് മുഖ്യമന്ത്രി ജസ്റ്റിസ് ശിവരാജനോട് പറഞ്ഞത്. കൂടിക്കാഴ്‌ച്ചക്ക് ശേഷം പുറത്തുവന്ന ജസ്റ്റിസ് ശിവരാജൻ എല്ലാം വിശദമായി നൽകിയിട്ടുണ്ടെന്നും വിശദാംശങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്നു വ്യക്തമാക്കി. അതേസമയം, റിപ്പോർട്ടിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

നാല് ഭാഗങ്ങളായാണ് സോളാർ കമ്മീഷൻ റിപ്പോർട്ടുള്ളത്. സോളാർ വിവാദത്തിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് വീഴ്‌ച്ച പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസ് ആദ്യം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ചപറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിലവിലെ നിയമങ്ങൾ തട്ടിപ്പുകൾ തടയാൻ അപര്യാപ്തമാണെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാല് ഭാഗങ്ങളായാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിനെ കുറിച്ചാണ് പറയുന്നത്.

ഇനി ഈ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെക്കും. അതിന് ശേഷം ആറ് മാസത്തിന് ഉള്ളിൽ റിപ്പോർട്ട് നിയമസഭയിൽ വെക്കും. എപ്പോൾ വെക്കണമെന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയും മന്ത്രിസഭയും കൈക്കൊള്ളും. അതിന് ശേഷം മാത്രമേ റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളൂ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിഷയത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നാണ് പരാമർശം എന്നാണ് സൂചന. വേണ്ടത്ര മുൻകരുതൽ ഈ വിഷയത്തിൽ ഉമ്മൻ ചാണ്ടിയിൽ നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് പുറത്തുവരുന്ന സൂചനകൾ.

2013 ഒക്ടോബർ 23 നാണ് ജസ്റ്റിസ് ശിവരാജനെ സോളാർകേസിൽ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. 2006 മുതലുള്ള കേസുകൾ അന്വേഷിക്കാനായിരുന്നു അന്നത്തെ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉയർന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാനായിരുന്നു കമ്മീഷനോട് യുഡിഎഫ് സർക്കാർ നിർദ്ദേശിച്ചിരുന്നത്.

2015 ജനുവരി 12 ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. രണ്ടുവർഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളിൽ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകൾ കമ്മീഷൻ രേഖപ്പെടുത്തി. ഏപ്രിൽ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റൽ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകൾ കമ്മീഷനിൽ ഹാജരാക്കി. 2013 ജൂൺ രണ്ടിന് സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോൺവിളികളുടെ രേഖകൾ കമ്മീഷനു ലഭിച്ച പ്രധാന തെളിവിൽപ്പെടുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയ വിവാദത്തെ സംബന്ധിച്ച റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ട് ഭരണ പക്ഷത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ ഒരു ആയുധം തന്നെയാകുമെന്നത് ഉറപ്പാണ്. കേസിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകളും രേഖകളും തന്റെ കക്ഷി കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും ഇത് കണക്കിലെടുത്ത് കമ്മീഷൻ ഇദ്ദേഹത്തിനെതിരെ നടപടിക്ക് ഗവൺമെന്റിനോട് ശുപാർശ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സരിതയുടെ അഭിഭാഷകരും പറഞ്ഞത്.

തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യാവസായി എം എ യൂസഫലി, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണകക്കരാർ ഏറ്റെടുത്തിട്ടുള്ള അദാനി ഗ്രൂപ്പ് എന്നിവരിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്നതിനായി തന്നേ ഉപയോഗിച്ചെന്നുമാണ് ഉമ്മൻ ചാണ്ടിക്കെതിരെ സരിത എസ് നായർ സോളാർ കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങൾ. ഈ ആരോപണങ്ങളൊക്കെ ഉമ്മൻ ചാണ്ടി നിഷേധിച്ചിരുന്നു. എങ്കിലും തുടർന്നുള്ള രാഷ്ട്രീയ ജീവിതത്തിൽ ഉമ്മൻ ചാണ്ടിക്ക് ഈ റിപ്പോർട്ട് തലവേദനയുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

മുഖ്യമന്തിയായിരിക്കെ ഗൺമാനായിരുന്ന സലിംരാജിന്റെ മൊബൈലിൽ നിന്നും ഉമ്മൻ ചാണ്ടി തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഓഫീസ് ജീവനക്കാരായ ജോപ്പൻ,ജിക്കുമോൻ എന്നിവർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സരിതവെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് പുറമേ മുൻ മന്തിമാരായ അടൂർ പ്രകാശ് ,എ പി അനിൽകുമാർ,അര്യാടൻ മുഹമ്മദ് ,കെ സി വേണുഗോപാൽ ,എം എൽ എ മാരായ മോൻസ് ജോസഫ് ,ഹൈബി ഈഡൻ.ഏ പി അബ്ദുള്ളകുട്ടി, പി സി വിഷ്ണുനാഥ് തുടങ്ങയവരും അനിൽകുമാറിന്റെ പി എ ആയിരുന്ന നസിറുള്ളയും തന്നെ പലതരത്തിൽ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതായി സരിത കമ്മീഷന് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങിയ റിപ്പോർട്ടാണ് കമ്മീഷൻ സർക്കാരിന് മുമ്പിലുള്ളത്. അതുകൊണ്ടു തന്നെ ഇപ്പോൾ കമ്മീഷൻ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസ് കേസും അറസ്റ്റുമുൾപ്പെടെയുള്ള നിയമനടപടികൾക്ക് ശുപാർശ്വചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. ഇത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളി ഉയർത്തുന്നതാണ്.

സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സൗരോർജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാർ കമ്പനിയുടെ പേരിൽനടന്ന തട്ടിപ്പാണ് കമ്മിഷൻ അന്വേഷിച്ചത്. ടീം സോളാർ നടത്തിപ്പുകാരായ സരിത എസ്. നായർ അടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മൻ ചാണ്ടി സർക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. 2013 ഒക്ടോബർ 23-നാണ് ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ ഏകാംഗ കമ്മിഷനെ സർക്കാർ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർ സരിതയുമായി നടത്തിയ ഫോൺരേഖകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്.

കെഎസ്ഇബിഇഎ വാർഷികയോഗത്തിൽ സരിതയും മുന്മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോ പകർപ്പ്, തമ്പാനൂർ രവി, ബെന്നി ബെഹനാൻ, സലീംരാജ്, വാസുദേവശർമ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയിൽ നൽകിയ മൊഴി എന്നിവയും പ്രധാന തെളിവുകളാണ്.

പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷൻ മൊഴിയെടുത്തു. ഉമ്മൻ ചാണ്ടിയെ രണ്ട് തവണയാണ് കമ്മീഷൻ വിസ്തരിച്ചത്. ആദ്യതവണ നീണ്ട 14 മണിക്കൂറാണ് ഉമ്മൻ ചാണ്ടി കമ്മീഷന് മുന്നിൽ മൊഴി നൽകിയത്. ഇക്കാലയളവിനിടയിൽ അഞ്ച് തവണയാണ് സർക്കാരുകൾ കമ്മീഷന്റെ കാലാവധി നീട്ടി നൽകിയത്. നാല് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കമ്മീഷൻ ഇപ്പോൾ റിപ്പോർട്ട് സമർപ്പിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന രാഷ്ട്രീയം തന്നെ കലുഷിതമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ നിർബന്ധിതമായത്.

പ്രധാനസാക്ഷിയായ സരിതയിൽനിന്നടക്കം തെളിവുകൾ ശേഖരിക്കാൻ വൈകിയതാണ് കമ്മിഷൻ റിപ്പോർട്ട് വൈകാൻ കാരണം. 2015 ജനുവരി 12-ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15-നാണ് അവസാനിച്ചത്. മൊത്തം 216 സാക്ഷികളെ വിസ്തരിച്ചു. ഡിജിറ്റൽ വീഡിയോ, ഓഡിയോരേഖകൾ, അച്ചടിച്ച രേഖകൾ എന്നിവ കമ്മിഷനിൽ ഹാജരാക്കി. കമ്മിഷന്റെ കാലാവധി 27-ന് അവസാനിക്കാനിരിക്കയാണ്. അതിന് ഒരു ദിവസം മുമ്പാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP