Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാദിയക്ക് വൈദ്യസഹായവുമായി എത്തിയ സോളിഡാരിറ്റി സംഘത്തെ പൊലീസ് തടഞ്ഞു; ഹാദിയയെ കാണണം എന്ന ആവശ്യം നിരാകരിച്ച് പൊലീസ്; കോടതിയിൽ ഹാജരാക്കുമ്പോൾ കണ്ടാൽ മതിയെന്ന് ഡിജിപിയും എം വി ജയരാജനും; മകൾക്ക് അസുഖമുണ്ടെങ്കിൽ സ്വന്തം ചെലവിൽ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പിതാവ് അശോകനും; വാക്കു തർക്കത്തിന് പിന്നാലെ നാട്ടുകാരും കൂടിയതോടെ പിന്മാറി സോളിഡാരിറ്റി

ഹാദിയക്ക് വൈദ്യസഹായവുമായി എത്തിയ സോളിഡാരിറ്റി സംഘത്തെ പൊലീസ് തടഞ്ഞു; ഹാദിയയെ കാണണം എന്ന ആവശ്യം നിരാകരിച്ച് പൊലീസ്; കോടതിയിൽ ഹാജരാക്കുമ്പോൾ കണ്ടാൽ മതിയെന്ന് ഡിജിപിയും എം വി ജയരാജനും; മകൾക്ക് അസുഖമുണ്ടെങ്കിൽ സ്വന്തം ചെലവിൽ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പിതാവ് അശോകനും; വാക്കു തർക്കത്തിന് പിന്നാലെ നാട്ടുകാരും കൂടിയതോടെ പിന്മാറി സോളിഡാരിറ്റി

അർജുൻ സി വനജ്

വൈക്കം: ഹാദിയക്ക് വൈദ്യസഹായം എത്തിക്കാനെന്ന് പറഞ്ഞ് വൈക്കത്ത് എത്തിയ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഹാദിയയെ കാണാതെ മടങ്ങി. നാട്ടുകാർ അടക്കമുള്ളവർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷം ഉണ്ടാകാത്ത വിധത്തിൽ പൊലീസ് കാര്യങ്ങൾ കൈകാര്യം ചെയത്ു. ഇതോടെ സംഘം മടങ്ങുകയായിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സോളിഡാരിറ്റി സംഘം വൈക്കത്തെ ഹാദിയയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ എത്തുന്നത് വളരെ ദൂരെ ജംഗ്ഷനിൽ വെച്ച് തന്നെ പൊലീസ് ഇവരെ തടയുകയായിരുന്നു. ഹാദിയയുടെ വീട്ടിലേത്ത് സംഘമായി എത്തിയ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും അടങ്ങിയ സോളിഡാരിറ്റി സംഘത്തെ പൊലീസ് വഴിയിൽ തടയുകയായിരുന്നു. ഹാദിയയെ കാണാനും അവൾക്ക് വൈദ്യസഹായം നൽകാനുമാണ് എത്തിയതെന്ന് സംഘത്തിലുള്ളവർ പൊലീസിനോട് പറഞ്ഞെങ്കിലും വീട്ടിലെത്തും മുമ്പ് ജംഗ്ഷനിൽ വെച്ച് പ്രവർത്തകരെ തടയുകയായിരുന്നു.

ഉന്നത പൊലീസുകാരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് വീടാൻ സാധിക്കില്ലെന്നാണ് വൈക്കം പൊലീസ് സോളിഡാരിറ്റി സംഘത്തെ അറിയിച്ചത്. വേണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടാമെന്നും പൊലീസ് അറിയിച്ചു. തുടർ സംഘത്തിലുണ്ടായിരുന്നവർ ഡിജിപി ലോകനാഥ് ബഹ്‌റയെ ഫോണിൽ വിളിച്ചു. വീട്ടുകാരുടെ അനുമതിയുണ്ടെങ്കിൽ കാണാമെന്ന് പറഞ്ഞ ബ്ഹറ ഹാദിയക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ വ്യക്തമാക്കിയ കാര്യവും ചൂണ്ടിക്കാട്ടി. നവംബർ 27ന ഹാദിയ കോടതിയിൽ ഹാജരാകുന്നുണ്ട്. ഈ അവസരത്തിൽ അവളെ കാണുന്നതിൽ തടസമില്ലെന്നു ബെഹ്‌റ പറഞ്ഞു.

ഇതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എംവി ജയരാജനുമായും സോളിഡാരിറ്റി സംഘം ഫോണിൽ വിളിച്ചു. ഇക്കാര്യത്തിൽ പൊലീസ് നിലപാടിന് അപ്പുറത്തേക്കൊന്നും പറയാൻ ഇല്ലെന്നായിരുന്നു എം വി ജയരാജനും അഭിപ്രായപ്പെട്ടത്. പിതാവ് അശോകൻ അനുമതി നല്കിയാൽ ഹാദിയയെ കാണാമെന്നും അവർ പറഞ്ഞു. തുടർന്ന് പൊലീസ് അശോകനെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹവും അനുമതി നിഷേധിച്ചു. എന്റെ മകൾക്ക് അസുഖമുണ്ടെങ്കിൽ സ്വന്തം ചെലവിൽ ആശുപത്രിയിൽ കൊണ്ടു പോയ്‌ക്കൊള്ളാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി നൽകിയത്.

ഇതിനിടെ അശോകനോടല്ല, മറിച്ച് ഹാദിയയോടാണ് സംസാരിക്കേണ്ടതെന്ന് സംഘത്തിലുള്ളവർ പറഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഹാദിയയെ സന്ദർശിക്കാൻ അനുമതില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്മാറാതെ നിന്നതും കൂട്ടത്തിലുണ്ടായിരുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകൻ നാട്ടുകാരുമായി തർക്കിച്ചതുമാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. നാട്ടുകാർ ചുറ്റും കൂടിയപ്പോൾ പൊലീസ് ഇടപെട്ട് തന്നെ വൈദ്യസഹായം നൽകാനെത്തിയ സംഘത്തെ തിരിച്ചടക്കുകയായിരുന്നു. നാട്ടുകാർ കൂക്കുവിളികളോടെയാണ് സംഘത്തെ തിരിച്ചയച്ചത്.

ഇന്നലെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഹാദിയയുടെ വീട്ടിലെത്തി സന്ദർശനം നടത്തിയിരുന്നു. ഹാദിയക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും രേഖാ ശർമ്മ മാധ്യമങ്ങളോട് ചിത്രം സഹിതം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോളിഡാരിറ്റി സംഘം ഹാദിയക്ക് വൈദ്യസഹായം എത്തിക്കണമെന്ന ആവശ്യമായി എത്തിയത്. ഇത് അനാവശ്യമാണെന്ന പൊതുവികാരമാണ് ഉണ്ടായത്. മെഡിക്കൽ സംഘം എത്തുന്നത് കൂടാതെ ഇന്ന് എസ്ഐഓ, ജിഐഓ, സോളിഡാരിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മുഴുവൻ ജില്ലകളിലെയും കലക്ടറേറ്റുകളിലേക്ക് മാർച്ചും നടത്തുന്നുണ്ട്.

ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, മെഡിക്കൽ സംഘത്തെ അയക്കുക, സന്ദർശനാനുമതി നൽകുക, ആശയ വിനിമയ സൗകര്യമൊരുക്കുക എന്നിവയാണ് ആവശ്യങ്ങൾ. ഹാദിയയെ കേട്ടശേഷം മാത്രമേ കേസിൽ ഇനി തുടർ നടപടികൾ ഉണ്ടാകുകയുള്ളൂ എന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ താൻ അവളെ തടവിലാക്കിയിട്ടില്ല എന്നാണ് പിതാവ് അശോകൻ പറയുന്നത്. ഹാദിയയുടെ മനോനില തകരാറിലാണെന്നും ഹാദിയയെ മനോരോഗ വിദഗ്ധരെ കാണിക്കണം എന്നുമാണ് അശോകൻ മാധ്യമങ്ങളോട് പറയുന്നത്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അശോകൻ പറഞ്ഞിരുന്നു. ഈ വാക്കുകളെ ആയുധമാക്കിയെടുത്താണ് സോളിഡാരിറ്റി വൈക്കത്തെ വീട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP