Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗാൾ കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റുകാരിൽ ഒരാളുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാൻ പോലും സാധിക്കാതെ സിപിഎം; പാർട്ടി ഓഫീസിൽ എത്തിച്ച് പൊതുദർശനത്തിന് അവസരം നിഷേധിച്ചതും വീട്ടുകാർ; ജീവിതം മുഴുവൻ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും സോംനാഥ് ചാറ്റർജി വിടപറഞ്ഞത് കമ്മ്യൂണിസ്റ്റ് അഭിവാദ്യങ്ങളില്ലാതെ

ബംഗാൾ കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റുകാരിൽ ഒരാളുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാൻ പോലും സാധിക്കാതെ സിപിഎം; പാർട്ടി ഓഫീസിൽ എത്തിച്ച് പൊതുദർശനത്തിന് അവസരം നിഷേധിച്ചതും വീട്ടുകാർ; ജീവിതം മുഴുവൻ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും സോംനാഥ് ചാറ്റർജി വിടപറഞ്ഞത് കമ്മ്യൂണിസ്റ്റ് അഭിവാദ്യങ്ങളില്ലാതെ

മറുനാടൻ മലയാളി ഡസ്‌ക്‌

കൊൽക്കത്ത: ആണവ കരാറിൽ ഉടക്കി സിപിഎം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ പാർട്ടി പറഞ്ഞിട്ടും സോംനാഥ് ചാറ്റർജി സ്പീക്കർ സ്ഥാനം രാജിവെച്ചില്ല. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാർട്ടി സോംനാഥിനെ പുറത്താക്കി. നാല് പതിറ്റാണ്ട് നീണ്ട് നിന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം കൊൽക്കത്തക്കാരുടെ സോംദായ്ക്ക് നഷ്ടപ്പെട്ടത് അങ്ങനെയാണ്.പാർട്ടിയിൽനിന്ന് പുറത്തായപ്പോഴും കമ്യൂണിസമല്ലാതെ മറ്റൊരു രാഷ്ട്രീയപാത സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, തിങ്കളാഴ്ചത്തെ അദ്ദേഹത്തിന്റെ അന്ത്യയാത്ര പാർട്ടിയുടെ ചെങ്കൊടി പുതയ്ക്കാതെയായിരുന്നു. സിപിഎമ്മിന്റെ ബംഗാൾ ആസ്ഥാനമായ അലിമുദ്ദീൻ തെരുവിലെ മുസഫർ അഹമ്മദ് ഭവനിലെത്തിച്ച് അന്തിമോപചാരമർപ്പിക്കാനും അദ്ദേഹത്തിന്റെ മുൻ സഖാക്കൾക്ക് കഴിഞ്ഞില്ല.

പാർട്ടി അംഗമല്ലാത്തതിനാൽ സോമനാഥിന്റെ മരണം സംബന്ധിച്ചുള്ള അനുശോചനപ്രകടനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. രാവിലെ മുസഫർ അഹമ്മദ് ഭവനിൽ പാർട്ടിസംസ്ഥാനസമിതികൂടിയ ശേഷം അനുശോചനക്കുറിപ്പിറക്കി. പാർട്ടിയുടെ മുൻ കേന്ദ്രകമ്മിറ്റിയംഗവും മികച്ച പാർലമെന്റേറിയനുമായ സഖാവ് സോമനാഥ് ചാറ്റർജിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതായി കുറിപ്പിൽ പറഞ്ഞു.

എന്നാൽ, പൊളിറ്റ് ബ്യൂറോയുടെ അനുശോചനക്കുറിപ്പ് മരിച്ച് അഞ്ചുമണിക്കൂറിനുശേഷം മാത്രമാണ് പുറത്തുവന്നത്. ഇത് മാധ്യമങ്ങളിൽ വിമർശനവിധേയമായി. പി.ബി.യുടെ അനുശോചനക്കുറിപ്പിൽ സഖാവ് എന്ന വിശേഷണമില്ലാതെ സോമനാഥ് ചാറ്റർജി എന്നുമാത്രമാണ് വിശേഷിപ്പിച്ചിരുന്നത്. പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പരാമർശവും നടത്തിയിരുന്നുമില്ല. ഭരണഘടനയുടെ മതേതര, ഫെഡറൽ മൂല്യങ്ങളെ സംരക്ഷിച്ചയാൾ, മികച്ച നിയമജ്ഞൻ തുടങ്ങിയ വിശേഷണങ്ങൾ മാത്രമാണ് നൽകിയിരുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും, വി എസ് അച്യുതാനന്ദനും കറകളഞ്ഞ സഖാവായി തന്നെ സോനാഥിനെ വിശേഷിപ്പിച്ചപ്പോൾ പാർട്ടിക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു നേതാവിനെ പുറത്താക്കലിന്റെ പേരിൽ മരണത്തിൽ പോലും പാർട്ടി ആദരങ്ങൾ നൽകാത്തത് പൊതുസമൂഹത്തിലും ഇടത് ചിന്താഗതിക്കാർക്കിടയിലും രോഷം ഉണ്ടാക്കുന്നുണ്ട്.

സോമനാഥ് ചാറ്റർജിയുടെ മൃതദേഹം അലിമുദ്ദീൻ തെരുവിലെ പാർട്ടി ആസ്ഥാനത്തുകൊണ്ടുവരുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ന്യൂഡൽഹിയിൽ പറഞ്ഞെങ്കിലും ഇത് നടന്നില്ല. കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയാണ് അന്ത്യയാത്രയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പാർട്ടി ആസ്ഥാനത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതായി അറിയിപ്പില്ലായിരുന്നു.പാർട്ടി ആസ്ഥാനത്തെത്തിക്കാനായില്ലെങ്കിലും സിപിഎം. സംസ്ഥാനസെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ്, സിഐ.ടി.യു. നേതാവ് ശ്യാമൾ ചക്രവർത്തി തുടങ്ങിയവർ ആശുപത്രിയിലെത്തി സോമനാഥിന് അന്തിമോപചാരമർപ്പിച്ചു.

അതേസമയം സോമനാഥ് ചാറ്റർജിയുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാൻ അനുമതി നൽകാതിരുന്നത് സോമനാഥിന്റെ കുടുംബാംഗങ്ങൾ.പുറത്താക്കൽ തീരുമാനംമൂലം അദ്ദേഹമനുഭവിച്ച മാനസികസംഘർഷം മറക്കാനാവില്ലെന്ന് മകൾ അനുശീല ബസു മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം. ബംഗാൾ ആസ്ഥാനത്തേക്ക് മൃതദേഹം കൊണ്ടുപോകണമെന്ന് പാർട്ടിയുടെ ഭാഗത്തുനിന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ സൂചിപ്പിച്ചു. ''ചെങ്കൊടി പുതപ്പിക്കുന്ന കാര്യംമാത്രം പറഞ്ഞു. അത് ഞങ്ങൾക്ക് സമ്മതമല്ലായിരുന്നു'' -അനുശീല വ്യക്തമാക്കി.

സിപിഎമ്മിൽനിന്ന് പുറത്താക്കിയ ദിവസം അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഞാൻ കണ്ടതാണ്. അച്ഛന്റെ തീരുമാനത്തോട് ജ്യോതിബസുവിന് പൂർണയോജിപ്പായിരുന്നു. അദ്ദേഹം പാർട്ടിയിൽ വരാൻ കാരണവും ജ്യോതി ബസുവായിരുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിറ്റേന്നുമുതൽ മറ്റുപല പാർട്ടികളിൽനിന്നും അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു. 'ഇല്ല' എന്നായിരുന്നു എല്ലാറ്റിനും മറുപടി. ഒരു കണക്കിന് പാർട്ടിയിൽനിന്ന് പുറത്തായത് നന്നായെന്നു തോന്നുന്നു. നേതാവായിരുന്നെങ്കിൽ പാർട്ടിയുടെ ഇന്നത്തെ ശോചനീയാവസ്ഥ അദ്ദേഹത്തിന് സഹിക്കാൻ കഴിയുമായിരുന്നില്ല'' -അനുശീല പറഞ്ഞു.
സ്പീക്കർസ്ഥാനത്ത് തുടരാനുള്ള സോമനാഥിന്റെ തീരുമാനത്തെ ജ്യോതിബസു പിന്തുണച്ചിരുന്നുവെന്ന അനുശീലയുടെ അവകാശവാദത്തെ മുതിർന്ന സിപിഎം. നേതാവ് കാന്തി ഗാംഗുലിയും ശരിവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP