Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലേക്ക് ചാഞ്ഞുനിന്ന മരം മുറിച്ചു മാറ്റാനെന്ന് പറഞ്ഞ് ആയുധം വാങ്ങി; മൂന്നാം വിവാഹത്തിന് ഒരുങ്ങിയ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് മാതാവ് വഴിയാധാരമാകുമെന്ന ആശങ്കയാൽ; പരപ്പനങ്ങാടിയിൽ നിന്നൊരു ദുരന്തകഥ..

വീട്ടിലേക്ക് ചാഞ്ഞുനിന്ന മരം മുറിച്ചു മാറ്റാനെന്ന് പറഞ്ഞ് ആയുധം വാങ്ങി; മൂന്നാം വിവാഹത്തിന് ഒരുങ്ങിയ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് മാതാവ് വഴിയാധാരമാകുമെന്ന ആശങ്കയാൽ; പരപ്പനങ്ങാടിയിൽ നിന്നൊരു ദുരന്തകഥ..

മറുനാടൻ മലയാളി ബ്യൂറോ

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കലിൽ പൂമഠത്തിൻ മുഹമ്മദ് (52) വെട്ടേറ്റു മരിച്ച സംഭവത്തിൽ മൂത്തമകൻ അഷ്‌റഫിനെ (28) പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂന്നാമതും വിവാഹിതനാകാനുള്ള പിതാവിന്റെ നീക്കം തടയുന്നതിനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിൽ കീഴടങ്ങിയ അഷ്‌റഫ് മൊഴിനൽകി. സൗദി അറേബ്യയിലെ റിയാദിൽ നിന്നും മുഹമ്മദ് അവധിക്ക് വീട്ടിൽ തിരിച്ചത്തിയത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. പെരിന്തൽമണ്ണക്കടുത്തുള്ള യുവതിയെ വിവാഹം ചെയ്യാനാണ് പിതാവ് ഗൾഫിൽ നിന്നും വരുന്നതെന്നും ഇതോടെ ഉമ്മ വീട് വിട്ടിറങ്ങേണ്ടിവരുമെന്നും മനസിലാക്കിയ അഷ്‌റഫ് പിതാവ് വീട്ടിലെത്തുന്നതിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ജോലി ചെയ്യുന്ന ബാഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.

മുഹമ്മദ് വീട്ടിലെത്തിയ ബുധനാഴ്ച രാത്രി വീട്ടിൽ നിന്ന് വാക്ക് തർക്കവും ബഹളവും കേട്ടതായി അയൽവാസികളും മൊഴിനൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ സഹോദരിമാരോടൊപ്പം മാതാവും പോയതോടെ വീട്ടിൽ തനിച്ചായ സഹോദരഭാര്യ തർക്കവും ബഹളവും നടന്ന വീട്ടിൽ ഒറ്റക്കു നിൽക്കാതെ അയൽ വീട്ടിലേക്കു പോകുകയായിരുന്നു. ഈ അവസരം മുതലെടുത്ത അഷ്‌റഫ് ഉറങ്ങിക്കിടന്ന പിതാവിനു നേരെ കൊടുവാളെടുക്കുകയായിരുന്നു. പരപ്പനങ്ങാടി ടൗണിലെ കത്തിക്കടിയിൽ നിന്നും നേരത്തെ തന്നെ അഷ്‌റഫ് കൊടുവാൾ വാങ്ങിയിരുന്നു. വീട്ടിലേക്ക് ചാഞ്ഞുനിന്ന മരം മുറിച്ചുമാറ്റാണെന്ന് അഷ്‌റഫ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

ബുധനാഴ്ച നാട്ടിലെത്തിയ മുഹമ്മദ് വ്യാഴാഴ്ച വൈകുന്നേരം നാലിനും നാലരക്കുമിടയിലാണ് കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ് കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. കഴുത്ത്, വാരിയെല്ല്, ഭാഗങ്ങളിലായി അഞ്ച് വെട്ടുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ വെട്ടേറ്റതാണ് മരണ കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം നടന്നയുടൻ മകൻ അഷ്‌റഫിനെ കാണാതായതോടെയാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. അഷ്‌റഫ് കച്ചവടം ചെയ്യുന്ന ബാഗ്ലൂരിലെ സ്ഥാപനത്തിലേക്ക് അന്വേഷണ സംഘത്തിലെ രണ്ടുപേർ യാത്രതിരിക്കുകയായിരുന്നു. അതിനിടെയാണ് ബന്ധുക്കൾക്ക് ഫോൺ ചെയ്ത അഷ്‌റഫ് അവരുടെ ഉപദേശം മാനിച്ച് നാട്ടിലേക്ക് യാത്രചെയ്ത കെഎസ്ആർടിസി ബസിൽ നിന്ന് തമ്പാനൂർ സി.ഐ കെസി ബാബു വെള്ളിയാഴ്ച രാത്രി 10.30ന് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അഷ്‌റഫിനെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പും നടത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മുഹമ്മദ് ആദ്യ ഭാര്യയെ മൊഴി ചൊല്ലിയ ശേഷമാണ് ഖദീജയെ വിവാഹം കഴിക്കുന്നത്. ഇതിൽ രണ്ട് ആൺ മക്കളും മൂന്ന് പെൺമക്കളും ഉണ്ട്. പിതാവ് വീണ്ടും വിവാഹതിനാകുന്നതോടെ താനും മാതാവും സഹോദരങ്ങളും വഴിയാധാരമാകുമെന്ന ആശങ്കയും മാതാവിനെ ഉപദ്രവിക്കുന്നതിലുള്ള വിരോധവുമാണ് അഷ്‌റഫിനെ കൊലപാതകത്തിലേക്ക് നയിച്ചത്.

അറസ്റ്റിലായ മൂത്തമകൻ അഷ്‌റഫിനെ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത തിരൂർ ജയിലിലേക്ക് അയച്ചു. ഒന്നിലേറെ പേർ കൊലപാതകത്തിൽ പങ്കാളികളായിട്ടുണ്ടേ എന്ന് പോസ്റ്റമാർട്ടം റിപ്പോർട്ട് വന്നാൽ കുടുതൽ അന്വേഷണമുണ്ടാകും. എന്നാൽ കിടപ്പുമുറിയിൽ പിടിവലിയോ പരാക്രമോ നടന്നതായ ലക്ഷണമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. മരിച്ച പിതാവിന്റെയും പ്രതിയുടേയും ടെലിഫോൺ കോളുകൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കുടുതൽ ചോദ്യം ചെയ്യുമെന്നും താനൂർ സി.ഐ കെസി ബാബു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP