Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെറുപ്പക്കാരുടെ ആവേശമായി കേരളം മുഴുവൻ നിറഞ്ഞു നിന്ന സോണി ബി തെങ്ങമത്തിന് 50 തികയും മുമ്പേ എണീറ്റ് നടക്കാൻ വയ്യ; ഒന്നുമാകാതെ പോയ ആദർശ ധീരനെ ഒടുവിൽ വിവരാവകാശ കമ്മീഷണർ എങ്കിലും ആക്കിയ ആശ്വാസത്തിൽ സിപിഐ; ഗാന്ധി ഭവനിൽ അഭയം തേടുന്ന മഹാന്മാരുടെ പട്ടികയിൽ ഒരാൾ കൂടി

ചെറുപ്പക്കാരുടെ ആവേശമായി കേരളം മുഴുവൻ നിറഞ്ഞു നിന്ന സോണി ബി തെങ്ങമത്തിന് 50 തികയും മുമ്പേ എണീറ്റ് നടക്കാൻ വയ്യ; ഒന്നുമാകാതെ പോയ ആദർശ ധീരനെ ഒടുവിൽ വിവരാവകാശ കമ്മീഷണർ എങ്കിലും ആക്കിയ ആശ്വാസത്തിൽ സിപിഐ; ഗാന്ധി ഭവനിൽ അഭയം തേടുന്ന മഹാന്മാരുടെ പട്ടികയിൽ ഒരാൾ കൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വി എസ് അച്യുതാനന്ദന്റെ കാലത്ത് കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് സോണി ബി തെങ്ങമം എന്ന യുവ നേതാവിനെ സിപിഐ നേതൃത്വം വിവരാവകാശ കമ്മീഷണറാക്കിയത്. സ്വത്ത് ഒന്നുമില്ലാത്ത രാഷ്ട്രീയ നേതാവിനെ എങ്ങനെ കമ്മീഷണറാക്കുമെന്നതായിരുന്നു വിവാദം. നിയമനത്തിന് നൽകിയ അപേക്ഷയിൽ തനിക്ക് സ്വത്തൊന്നും ഇല്ലെന്ന് കുറിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണം. സിപിഐയുടെ ആറുപതുകളിലേയും ഏഴുപതുകളിലേയും ഗർജ്ജിക്കുന്ന സിംഹം തെങ്ങമം ബാലകൃഷ്ണനെന്ന മുൻ എംഎൽഎയുടെ മകന് സ്വത്തൊന്നുമില്ല. ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാര്യം.

അച്ഛന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തിയ സോണി സിപിഐ. കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു.എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. എ.ഐ.എസ്.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.സിപിഐ ദേശീയ ജനറൽ സെക്രട്ടറി എ.ബി. ബർദാന്റെ സെക്രട്ടറിയുമായിരുന്നു. എന്നിട്ടും അനർഹ്മായതൊന്നും സോണി സമ്പാദിച്ചില്ല. ഇതിനുള്ള അംഗീകാരമായിരുന്നു വിവരാവകാശ കമ്മീഷണർ സ്ഥാനം. എന്നാൽ അതിനുമപ്പുറത്ത് ഒരു കാര്യം സിപിഐയ്ക്ക് മുന്നിലുണ്ടായിരുന്നു. അത്യപൂർവ്വ രോഗത്തിനുടമയായ സോണിയെ സഹായിക്കുക. അങ്ങനെ യുവാക്കളെ ഹരം കൊള്ളിച്ച തീപ്പൊരി നേതാവ് വിവരാവകാശ കമ്മീഷണറായി. തലച്ചോറിൽ നിന്ന് സന്ദേശങ്ങൾ കാലിലേക്ക് എത്തുന്നില്ലെന്നതായിരുന്നു രോഗാവസ്ഥ. അതുകൊണ്ട് തന്നെ നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും മറിഞ്ഞു വീഴും. ശ്രീ ചിത്രയുടെ ചികിൽസയ്ക്ക് ലക്ഷങ്ങൾ ചിലവുണ്ടായിരുന്നു. ഒരു ഇഞ്ചക്ഷന് ലക്ഷങ്ങൾ ചെലവ്. ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായിരുന്നു വിവരാവകാശ കമ്മീഷണറാക്കിയത്.

അസുഖത്തിനിടയിലും മുടങ്ങാതെ ഓഫീസിലെത്തി. ഫയലുകളിൽ തീർപ്പു കൽപ്പിച്ചു. കാറിൽ യാത്ര. കസേരയിലേക്ക് മറ്റുള്ളവരുടെ സഹായത്തോടെ എത്തിയായിരുന്നു പ്രവർത്തനം. ഇതിനിടെയിൽ രോഗം ശരീരത്തേയും ബാധിക്കാൻ തുടങ്ങി. ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ സോണി പൂർണ്ണമായും കിടപ്പിലാണ്. തെങ്ങമം ബാലകൃഷ്ണനെന്ന സത്യസന്ധനായ രാഷ്ട്രീയക്കാരന്റെ യഥാർത്ഥ പിന്തുടർച്ചാവകാശികളായിരുന്നു മക്കളും. അതുകൊണ്ട് തന്നെ സോണിയെ പോലെ അദ്ദേഹത്തിന്റെ സഹോദരിമാർക്കും സമ്പാദ്യങ്ങളൊന്നുമില്ല. സഹോദരനെ അസുഖകാലത്ത് സഹായിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഇവിടെ അവർക്കും നിശബ്ദരായി നോക്കി നൽക്കാനെ കഴിയുന്നുള്ളൂ. ഭാര്യയ്ക്ക് തിരുവനന്തപുരത്ത് വഞ്ചിയൂർ കോടതിയിലാണ് ജോലി. ശരീരവും തളർന്നതോടെ പൂർണ്ണ കിടപ്പിലേക്ക് മാറേണ്ട സോണിയുടെ ശാരീരികാവസ്ഥയിൽ ഭാര്യും കുട്ടിയും ഒപ്പമുണ്ട്. അമ്പതുകാരന്റെ ഈ ദുരിതകാലം തിരിച്ചറിഞ്ഞാണ് പത്തനാപുരം ഗാന്ധിഭവന്റെ ഇടപെടൽ.

ആരുമില്ലാത്ത അശരണരുടെ കേന്ദ്രമാണ് പത്തനാപുരത്തെ ഗാന്ധിഭവൻ. മക്കൾ തിരിഞ്ഞു നോക്കാത്ത സിപിഐയുടെ മുൻ എംഎൽഎ വരെ അന്തേവാസികളായുണ്ട്. ഇവിടെ സോണി ബി തെങ്ങമം വ്യത്യസ്തനാണ്. ഭാര്യയും ബന്ധുക്കളുമെല്ലാം പത്തനാപുരത്തെ ഗാന്ധിഭവനിൽ സോണി ബി തെങ്ങമെത്തെ പരിചരിക്കാനുണ്ട്. സിപിഐ നേതാക്കളും എത്തുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പോലും രോഗാവസ്ഥ ചോദിച്ചറിയാൻ ഫോൺ വിളിക്കുന്നു. സോണിക്ക് വേണ്ട പരിചരണം ഒരുക്കാനാണ് ഗാന്ധിഭവൻ തീരുമാനം. ഇതിനായി ചികിൽസയ്ക്കും പരിചരണത്തിനുമായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഗാന്ധിഭവനുമായി തെങ്ങമം ബാലകൃഷ്ണന് ഏറെ അടുപ്പമുണ്ടായിരുന്നു. എന്നും സഹായിയും കരുത്തുമായി നിലകൊണ്ടു. തീപ്പൊരി പ്രസംഗവുമായി മനസ്സുകളെ സോണി കീഴടക്കുമ്പോഴും പത്തനാപുരത്തെ അശരണരെ മറന്നില്ല. അതുകൊണ്ട് കൂടിയാണ് സോണിക്ക് സമാധാനമായി വിശ്രമിക്കാനും മറ്റും ഗാന്ധി ഭവനിൽ അവസരമൊരുക്കുന്നത്. സോണിയുടെ ശാരീരികാവസ്ഥയറിഞ്ഞപ്പോൾ കുടുംബത്തോട് ഇങ്ങോട്ട് വരണമെന്ന് പത്താനാപുരം ഗാന്ധിഭവന്റെ എല്ലാമെല്ലാമായ സോമരാജൻ ആവശ്യപ്പെടുകയായിരുന്നു. അത് നിരസിക്കാൻ ആ കുടുംബത്തിനുമായില്ലെന്നതാണ് യാഥാർത്ഥ്യം.

അന്തേവാസിയായല്ല സോണി ബി തെങ്ങമം ഗാന്ധി ഭവനിൽ എത്തിയതെന്ന് സോമരാജൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. ഇപ്പോൾ ശരീരം തളർന്ന് സംസാര ശേഷി നഷ്ട്ടപ്പെട്ട സോണി ബി തെങ്ങമം അസുഖം ബാധിച്ചതിനാലല്ല ഇവിടെ വന്നത്. അദ്ദേഹത്തിന്റെ അച്ഛന്റെ കാലം മുതൽ ഇവിടെ വരുമായിരുന്നു. ഗാന്ധിഭവൻ അധികൃതർ തന്നെ അങ്ങോട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇവിടെ ചികിത്സയും ശുശ്രൂഷ നൽകുന്നതിനുമായി സോണിയുടെ ഭാര്യയുടെ സമ്മതത്തോടെയാണ് ഇവിടേക്ക് കൊണ്ട് വന്നത്. ഒരു ലക്ഷത്തിൽ ഒരാൾക്ക് വരുന്ന രോഗമാണ് സോണി ബി തെങ്ങമത്തിന് പിടിപെട്ടിരിക്കുന്നത്. വിവരാവകാശ കമ്മീഷണറായി പ്രവർത്തിക്കുമ്പോൾ തന്നെ വീൽചെയറിലായിരുന്നു അദ്ദേഹം ജോലികൾ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പരിചരണത്തിന് ഭാര്യയെ സഹായിക്കാൻ പ്രത്യേകം ആൾക്കാരേയും ഗാന്ധിഭവൻ നിയോഗിച്ചിട്ടുണ്ട്-സോമരാജൻ വിശദീകരിച്ചു.

എംഎൽഎയായിരുന്ന അച്ഛൻ തെങ്ങമം ബാലകൃഷ്ണന്റെ പാത പിന്തുടർന്നാണ് സോണിയും രാഷ്ട്രീയത്തിൽ സജീവമായത്. നാലാം കേരള നിയമസഭയിലായിരുന്നു തെങ്ങമം ബാലകൃഷ്ണൻ സിപിഐയെ പ്രതിനിധീകരിച്ചത്. ജനയുഗത്തിൽ സബ് എഡിറ്ററും ദീർഘകാലം പത്രാധിപരുമായിരുന്നു ബാലകൃഷ്ണൻ. മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയ്ക്കും ഉപമുഖ്യമന്ത്രിയായ ആർ.ശങ്കറിനും എതിരെ അഴിമതി ആരോപണം ഉന്നയിച്ച് തെങ്ങമം എഴുതിയ റിപ്പോർട്ടുകൾ ശ്രദ്ധേയങ്ങളായിരുന്നു. 1970 ൽ അടൂർ നിന്ന് സിപിഐ സ്ഥാനാർത്ഥിയായി നാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു. 2013 ജൂലൈയിലായിരുന്നു തെങ്ങമം ബാലകൃഷ്ണൻ മരിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തിനിടെ സമ്പാദിക്കാൻ മറന്ന രാഷ്ട്രീയക്കാരനായിരുന്നു തെങ്ങമം. സോണിയും രാഷ്ട്രീയത്തിൽ പലതുമാകുമെന്ന് പ്രതീക്ഷിച്ചു. അപ്പോഴാണ് വില്ലനായി രോഗമെത്തിയത്. ഇതോടെയാണ് വിഎസിന്റെ കാലത്ത് വിവരാവകാശ കമ്മീഷണറാക്കിയത്.

ഇതിനിടെ സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണി ബി തെങ്ങമത്തിന്റെ നിയമനം നിയമവിരുദ്ധമാണെന്നതിന് തെളിവുമായി ചിലരെത്തി. വിചിത്രന്യായമാണ് അന്ന് നിരത്തിയത്. പാപ്പരായ ഒരാൾക്ക് കമ്മീഷണറായി നിയമനം നേടാൻ അർഹതയില്ലെന്നാണ് വിവരാവകാശ നിയമം. എന്നാൽ സോണി ബി തെങ്ങമം സംസ്ഥാന വിവരാവകാശ കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ തനിക്ക് സ്വത്തുക്കളൊന്നുമില്ലെന്നാണ് കാണിച്ചിരിക്കുന്നത്. വിവരാവകാശനിയമം സെക്ഷൻ (17(3)(മ)) പ്രകാരം പാപ്പാരായി പ്രഖ്യാപിക്കപ്പെട്ടവർക്ക് ഈ സ്ഥാനത്ത് തുടരുന്നത് വിലക്കിയിട്ടുണ്ട്. 17(3(യ) പ്രകാരം ശാരീരികമോ മാനസികമായി ജോലി ചെയ്യാൻ കഴിവില്ലാത്തവർ തൽസ്ഥാനത്തു തുടരുന്നെങ്കിൽ അവരെ നീക്കാൻ സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പിൻബലത്തിൽ ഗവർണറെ അധികാരപ്പെടുത്തുന്നു. വിവരാവകാശ കമ്മീഷൻ വെബ്‌സൈറ്റിൽ കമ്മീഷണർമാർ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നുണ്ട്. സോണി ബി. തെങ്ങമം സ്വമേധയാ വെളിപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പാപ്പരാണ്. പാപ്പരാണെന്ന് സ്വയം പ്രഖ്യാപിച്ചതിനാൽ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ലെന്ന് വ്യക്തമാണ്. നിയമനം നടത്തുമ്പോൾ സോണി ബി. തെങ്ങമം ജോലി ചെയ്യാൻ പറ്റാത്തവിധം രോഗബാധിതനായിരുന്നു-ഇങ്ങനെ പോയി വാദങ്ങൾയ

സോണി ബി തെങ്ങമം സിപിഐയുടെ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു. വിവരാവകാശ കമ്മീഷനായി നിയമിതനായതിന്റെ തലേദിവസമാണ് പാർട്ടി സ്ഥാനങ്ങൾ ഇദ്ദേഹം രാജിവെക്കുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവർത്തകർ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. നേരത്തെ സോണി ബി. തെങ്ങമത്തിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി എതിർത്തിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിട്ടും സോണി ബി തെങ്ങമം കമ്മീഷണറായി തുടരുകയാണ് എന്നിങ്ങനെ പലവാദങ്ങളും എത്തി. സോണി ബി തെങ്ങമത്തിന്റെ നിയമനകാലത്ത് അതിനെ രാഷ്ട്രീയമായി എതിർത്ത ഉമ്മൻ ചാണ്ടി പോലും മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ രോഗാവസ്ഥയും മറ്റും തിരിച്ചറിഞ്ഞ് ഒപ്പം നിന്നുവെന്നതാണ് വസ്തുത.

1948 മുതൽ കമ്മ്യൂണിസ്റ്റ് ആശയപ്രചാരകനായിരുന്നു തെങ്ങമം ബാലകൃഷ്ണൻ. കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ സിപിഐയിൽ നിലയുറപ്പിച്ച തെങ്ങമം ബാലകൃഷ്ണൻ 1970ൽ അടൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977 വരെ നിയമസഭംഗമായിരുന്നു, 1981 മുതൽ 87 വരെ പബ്ലിക് സർവീസ് കമ്മിഷനിൽ അംഗമായിരുന്നു. ഗ്രന്ഥശാല സംഘത്തിനായി ദീർഘകാലം പ്രവർത്തിച്ച തെങ്ങമത്തിന്റെ നേതൃത്വത്തിലായിരുന്നു കടപ്പാക്കട കേന്ദ്രീകരിച്ച് സ്പോർട്സ് ക്ലബും റീഡിങ് റൂമും നിർമ്മിച്ചത്. സിപിഐ മുഖപത്രമായ ജനയുഗത്തിൽ മുപ്പത് വർഷത്തോളം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും മക്കൾക്കായി ഈ നേതാവ് ഒന്നും കരുതിയില്ല. സിപിഐയുടെ മുതിർന്ന നേതാവ് എബി ബർദ്ദന്റെ വിശ്വത്‌നായിരുന്ന സോണിയും അച്ഛനെ പോലും രാഷ്ട്രീയത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. അതുകൊണ്ട് തന്നെ സമ്പാദ്യത്തിൽ പാപ്പരുമായി. സിപിഐയുടെ യുവജനപ്രസ്ഥാനത്തിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം വരെ പോരാട്ട വഴിയിലൂടെയായിരുന്നു സോണി എത്തിയത്. പല കരുത്തുറ്റ സമരങ്ങൾക്കും പാർലമെന്റിലേക്ക് എഐവൈഎഫിനെ നയിച്ചു.

തൊഴിൽ മൗലികാവകാശമാക്കുക, വാഗ്ദാനം ചെയ്ത ഒരു കോടി വാർഷിക തൊഴിൽദാന പദ്ധതി നടപ്പാക്കുക, നിയമനനിരോധനം പിൻവലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ഇറക്കുമതിനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പൊരുതുക, അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യമുയർത്തിയുള്ള ദേശീയ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. ഗോഡ് ഫാദർമാർ ആരുമില്ലാത്തതിനാൽ യുവത്വകാലത്ത് എംഎൽഎയോ എംപിയോ ആകാൻ കഴിഞ്ഞില്ല. അതെല്ലാം ഉൾക്കൊണ്ടായിരുന്നു വി എസ് സർക്കാരിന്റെ കാലത്ത് സോണിയെ സിപിഐ വിവരാവകാശ കമ്മീഷണറാക്കിയത്. അത് ചെയ്തില്ലായിരുന്നുവെങ്കിലും ഇതിലും മോശമായേനെ ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP