Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകൃഷ്ണജയന്തിദിനത്തിൽ ബാലഗോകുലത്തിന് പകരം ബാലസംഘം; ശോഭായാത്രയ്ക്കു പകരം ഘോഷയാത്ര; പേര് ഓണാഘോഷ സമാപനം; കുട്ടികളെ വെയിലത്തു തെരുവിലിറക്കുന്ന ശോഭായാത്രയെ പഴിച്ച സിപിഎമ്മും ബദൽ പരിപാടിക്ക്

ശ്രീകൃഷ്ണജയന്തിദിനത്തിൽ ബാലഗോകുലത്തിന് പകരം ബാലസംഘം; ശോഭായാത്രയ്ക്കു പകരം ഘോഷയാത്ര; പേര് ഓണാഘോഷ സമാപനം; കുട്ടികളെ വെയിലത്തു തെരുവിലിറക്കുന്ന ശോഭായാത്രയെ പഴിച്ച സിപിഎമ്മും ബദൽ പരിപാടിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ദിനത്തിൽ സിപിഐ(എം) ബാലസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഘോഷയാത്രയും പായസവിതരണവും നടത്തും. കാലങ്ങളായി ബിജെപി - ആർ.എസ്.എസ്. സംഘടനകൾ ബാലഗോകുലം മുഖേന നടത്തുന്ന ശോഭായാത്രക്ക് ബദലായാണ് സിപിഎമ്മിന്റെ 'ശ്രീകൃഷ്ണജയന്തി ആഘോഷം.'

പാർട്ടി അംഗങ്ങളുടേയും പാർട്ടി അനുഭാവികളുടേയും മക്കൾ ശോഭായാത്രക്ക് പങ്കെടുക്കുന്നതു തടയുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിന്റെ ആഘോഷത്തിനുള്ളത്. ഹൈന്ദവ ആഘോഷങ്ങളുടെ മറവിൽ ആർ.എസ്.എസ് നടത്തുന്ന മുതലെടുപ്പ് തടയിടാനാണ് സിപിഐ.(എം) ബാലഗോകുലം മുഖേന ലോക്കൽ തലങ്ങളിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ഘോഷയാത്രയും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നത്.

ഓണാഘോഷത്തിന്റെ സമാപനമായാണ് ഘോഷയാത്രയും പായസ വിതരണവും നടത്തുന്നതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. ശ്രീനാരായണ ജയന്തിയും സിപിഐ.(എം) പ്രവർത്തകർ ഇത്തവണ വിവിധ പരിപാടികളോടെ ആഘോഷിച്ചിരുന്നു. എന്നാൽ കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ബിജെപി. വിട്ടു വന്നവർ ഗണേശോൽസവം നടത്തിയത് പാർട്ടിക്ക് വിനയായിരുന്നു. എസ്.എൻ. ഡി. പി ബിജെപി. ബന്ധം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ചതയദിനാഘോഷത്തിൽ പതിവിലധികം സിപിഐ(എം) പ്രവർത്തകർ സജീവമായി പങ്കെടുത്തിരുന്നു.

ബാലഗോകുലം നടത്തുന്ന ശോഭായാത്രയെ സിപിഐ(എം) തുടക്കം മുതൽക്കേ എതിർത്തിരുന്നു. ക്ഷേത്രങ്ങളിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തോടല്ല മറിച്ച്, അതിന്റെ പേരിൽ വേഷം കെട്ടി കുട്ടികളെ തെരുവിലിറക്കുന്നതിനെയാണ് തങ്ങൾ എതിർത്തിട്ടുള്ളതെന്നും നേതൃത്വം പറയുന്നു. കഴിഞ്ഞ വർഷം ശോഭായാത്രയിൽ സിപിഐ.(എം) നെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. ഫലത്തിൽ ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രകൾ ആർ.എസ്.എസിന്റെ രാഷ്ട്രീയജാഥയായി മാറിയിരിക്കയാണെന്നും സിപിഐ.(എം) നേതാക്കൾ ആരോപിക്കുന്നു.

ഓണാഘോഷത്തിന്റെ സമാപനമായാണ് സെപ്റ്റംബർ അഞ്ചാം തീയതി തങ്ങൾ ആഘോഷിക്കുന്നതെന്ന് സിപിഐ.(എം) വിശദീകരിക്കുന്നു. എന്നാൽ ശ്രീകൃഷ്ണ ജയന്തി ദിനം തന്നെ ആഘോഷത്തിനു തിരഞ്ഞെടുത്തതിനാൽ പാർട്ടി വിശദീകരണം ആരും വിശ്വസിക്കുന്നില്ല. തിരുവോണം കഴിഞ്ഞ് 7 ദിവസത്തിനു ശേഷം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽത്തന്നെ ഘോഷയാത്രയും പായസദാനവും നടത്തുന്നത് ഫലത്തിൽ ഏതാണ്ടു ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം പോലെയാകുകയാണ്.

ബാല സംഘത്തിന്റെ പേരിൽ ശ്രീകൃഷ്ണജയന്തി ദിനം തന്നെ ഘോഷയാത്രക്ക് തിരഞ്ഞെടുത്തത് ബാലഗോകുലത്തിന്റെ ശോഭായാത്രയുടെ പകിട്ട് കുറയ്ക്കാനാണെന്നത് വൃക്തം. ബാലസംഘം ഘോഷയാത്രക്ക് ശേഷം വർഗീയതക്കെതിരെ സാംസ്‌കാരിക സമ്മേളനം നടത്താനും ലോക്കൽ കമ്മിറ്റികൾക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടി അനുഭാവികൾക്കൊപ്പം മറ്റു ജനാധിപത്യവിശ്വാസികളേയും സമ്മേളനത്തിൽ പങ്കെടുപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP