Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഐ എസ്‌പിയായി എത്തിയത് അഴിമതിക്കാരുടെയും കുറ്റവാളികളുടെയും ഉറക്കംകെടുത്തി; സല്യൂട്ട് ചെയ്യാത്ത പൊലീസുകാരെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിക്കുന്ന കാർക്കശ്യം; കേരള പൊലീസിന്റെ ഭാഗമായത് സംസ്ഥാനത്തെ ആദ്യ ഐപിഎസുകാരിയെന്ന പെരുമയിൽ; സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ശ്രീലേഖ ഐപിഎസ്

സിബിഐ എസ്‌പിയായി എത്തിയത് അഴിമതിക്കാരുടെയും കുറ്റവാളികളുടെയും ഉറക്കംകെടുത്തി; സല്യൂട്ട് ചെയ്യാത്ത പൊലീസുകാരെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിക്കുന്ന കാർക്കശ്യം; കേരള പൊലീസിന്റെ ഭാഗമായത് സംസ്ഥാനത്തെ ആദ്യ ഐപിഎസുകാരിയെന്ന പെരുമയിൽ; സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ശ്രീലേഖ ഐപിഎസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി പദവി നൽകാൻ തീരുമാനച്ചതോടെ സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് ആർ ശ്രീലേഖ. ശ്രീലേഖയ്ക്കു പുറമെ ടോമിൻ ജെ.തച്ചങ്കരി, അരുൺകുമാർ സിൻഹ, സുധേശ് കുമാർ എന്നിവർക്കാണു ഡിജിപി റാങ്ക് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫിസറും ശ്രീലേഖയാണ്. വിജിലൻസിൽ ആയിരിക്കുമ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്.

'ഞാൻ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാൽ ഡിവൈ.എസ്‌പി, സി.ഐ, എസ്.ഐ റാങ്കിലെല്ലാം സ്ത്രീകളെ കൊണ്ടുവരും. എങ്കിലേ സ്ത്രീകളുടെ പരാതിയിൽ അന്വേഷിക്കാനും ഇടപെടാനും വനിതാ ഓഫിസർമാർക്കു സാധിക്കൂ. ഇപ്പോൾ സ്ത്രീ കുറ്റവാളികളെ അറസ്റ്റുചെയ്യാൻ പോകാനും പ്രകടനം നടത്തുമ്പോൾ സ്ത്രീകളെ നിയന്ത്രിക്കാനും മാത്രമല്ലേ വനിതാ പൊലീസ് ഉള്ളൂ' - ഒരു അഭിമുഖത്തിൽ ശ്രീലേഖ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമോ അതിന്റെ അടിസ്ഥാനത്തിലാവും താഴേത്തട്ടിലുള്ള പൊലീസ് സേനയുടെ പ്രവർത്തനമെന്നന്നും തുറന്നു പറയാൻ മടി കാട്ടാത്ത ഉദ്യോഗസ്ഥയാണ് ആർ.ശ്രീലേഖ. അതുകൊണ്ടുതന്നെ ഇവർ പൊലീസ് തലപ്പത്തെത്തുന്നത് സംസ്ഥാനത്തെ സ്ത്രീസുരക്ഷയിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ നിയമനം ലഭിച്ച ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസറും ആർ.ശ്രീലേഖയാണ്. രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷം 1988 ലാണ് ശ്രീലേഖ കേരളത്തിലേക്കെത്തുന്നത്. ആദ്യ നിയമനം കോട്ടയം എഎസ്‌പിയായി. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായി തൃശൂരിൽ ചുമതലയേറ്റു.

സിബിഐയിൽ കേരളത്തിലെ മുഴുവൻ ചുമതലയുള്ള എസ്‌പിയായും ശ്രീലേഖ പ്രവർത്തിച്ചിട്ടുണ്ട്. സല്യൂട്ട് ചെയ്യാൻ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടേ വിടൂ എന്നതും ശ്രീ ലേഖയുടെ പ്രത്യേകതയാണ്. പുരുഷ ഓഫീസർമാരെ സല്യൂട്ട് ചെയ്ത് ബഹുമാനിക്കുന്ന പൊലീസുകാർ വനിതാ ഓഫീസർമാർ അവഗണിക്കുന്നത് ശ്രീലേഖ ഒരിക്കലും അനുവദിച്ചിരുന്നില്ല. ക്രമസമാധന ചുമതല ഏറ്റെടുത്ത കാലഘട്ടം വളരെ കുറവാണെങ്കിലും സുപ്രധാമായ തസ്തികകളിലൊക്കെ എത്തിയ ആദ്യ മലയാളി വനിതയെന്ന വിശേഷണവും ശ്രീലേഖയ്ക്ക് സ്വന്തം.

1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖ തിരുവനന്തപുരം സ്വദേശിനിയാണ്. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്. പി.യായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങലിൽ എസ്‌പി.യായും സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജിയായും ജോലി ചെയ്തിട്ടുണ്ട്.

 

നാലുവർഷത്തോളം കേരളത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സിബിഐ എസ്‌പി ആയി കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. സേതുനാഥ് ആണ് ഭർത്താവ്. ഏക മകൻ: ഗോകുൽനാഥ്. പൊലീസിൽ കാക്കിയിട്ട കാലം കുറവാണെങ്കിലും അനുഭവകഥകൾ ഏറ്റവും കൂടുതൽ എഴുതിയ ഓഫീസറാണ് ശ്രീലേഖ. മൂന്ന് കുറ്റാന്വേഷണ പുസ്തകങ്ങൾ ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ ശ്രീരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP