Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇങ്ങോട്ടു വന്ന രോഗികളെ മാത്രം സേവിക്കാതെ അങ്ങോട്ടുപോയി സഹായിക്കാൻ ഐ.എ.എസ് എടുത്ത ഡോക്ടർക്ക് ഭൂമാഫിയയുടെ മുൻപിൽ കാലിടറുമോ? പിതാവിന്റെ മോഹം സഫലമാക്കി എം.ബി.ബി.എസ് എടുത്ത ശ്രീറാമിന് ഐ.എ.എസ് കിട്ടുന്നത് എം.ഡിക്ക് പഠിക്കുമ്പോൾ; മകന്റെ സുരക്ഷയെ ഓർത്ത് ആശങ്കപ്പെട്ട് കുടുംബം; മതനേതാക്കളെയും കർഷകരെയും ഇളക്കിവിട്ട് പ്രതികാരം തീർക്കാൻ ഭൂമാഫിയ

ഇങ്ങോട്ടു വന്ന രോഗികളെ മാത്രം സേവിക്കാതെ അങ്ങോട്ടുപോയി സഹായിക്കാൻ ഐ.എ.എസ് എടുത്ത ഡോക്ടർക്ക് ഭൂമാഫിയയുടെ മുൻപിൽ കാലിടറുമോ? പിതാവിന്റെ മോഹം സഫലമാക്കി എം.ബി.ബി.എസ് എടുത്ത ശ്രീറാമിന് ഐ.എ.എസ് കിട്ടുന്നത് എം.ഡിക്ക് പഠിക്കുമ്പോൾ; മകന്റെ സുരക്ഷയെ ഓർത്ത് ആശങ്കപ്പെട്ട് കുടുംബം; മതനേതാക്കളെയും കർഷകരെയും ഇളക്കിവിട്ട് പ്രതികാരം തീർക്കാൻ ഭൂമാഫിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന് മുന്നിലെത്തിയ ശ്രീറാം വെങ്കിട്ടരാമനോട് യു.പി.എസ്.സി ചെയർമാൻ ആദ്യം ചോദിച്ചത് കുഴപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു. മെഡിക്കൽ സ്റ്റുഡന്റ് ആയ താങ്കൾ എന്തിനാണ് സിവിൽ സർവീസിന് ശ്രമിക്കുന്നത്? ഞാനൊരു ഡോക്ടറായാൽ രോഗികൾ ഇങ്ങോട്ട് വന്നാൽ മാത്രമെ എനിക്ക് അവർക്കായി സേവനം ചെയ്യാൻ സാധിക്കൂ, എന്നാൽ സിവിൽ സർവീസ് ഓഫീസറായാൽ എനിക്ക് ജനങ്ങൾക്കിടയിലേക്കിറങ്ങി സേവനം ചെയ്യാൻ കഴിയും'.

മകനെ ഡോക്ടറായി കാണണമെന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കിയശേഷമാണ് ശ്രീറാം സിവിൽ സർവീസിലെത്തുന്നത്. എറണാകുളം പനമ്പിള്ളിനഗറിൽ രാമ അയ്യർ കോളനിയിലെ കൃഷ്ണാലയത്തിൽ ഡോ. വി.ആർ വെങ്കിട്ടരാമന്റേയും രാജം രാമമൂർത്തിയുടേയും മൂത്ത മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. എന്നാൽ ദേവികുളം സബ്കളക്ടറായി നിയമിതനായതോടെ മൂന്നാറിൽ ഭരണപ്പാർട്ടിയുടെ എംഎ‍ൽഎ ഉൾപ്പെടെയുള്ള ഭൂമി കൈയേറ്റക്കാരെ വിറപ്പിക്കുന്ന മകന്റെ സുരക്ഷയോർത്ത് ആശങ്കയിലാണ് ഡോ വി.ആർ വെങ്കിട്ടരാമനും കുടുംബവും.

എം.ബി.ബി.എസ് കഴിഞ്ഞയുടൻ സിവിൽ സർവീസ് പരീക്ഷയെഴുതാൻ ശ്രീറാം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിതാവ് വെങ്കിട്ടരാമന്റെ നിർബന്ധത്തിന് വഴങ്ങി എം.ഡി കോഴ്‌സിന് ചേരുകയായിരുന്നു. ഒഡീഷയിലെ കട്ടക്കിൽ എസ്.സി.ബി മെഡിക്കൽ കോളേജിലാണ് ശ്രീറാം ജനറൽ മെഡിസിലിൽ എം.ഡിക്ക് ചേർന്നത്.

ഇതിനിടെ സഹപാഠികളായെത്തിയ മറ്റ് നാല് സുഹൃത്തുക്കളും സിവിൽ സർവീസ് മോഹമുള്ളവരായിരുന്നു. ഇത് ശ്രീറാമിനും പ്രചോദനമായി. അങ്ങനെ മനസിൽ അടക്കിവച്ചിരുന്ന ആഗ്രഹം വീണ്ടും തളിരിടാൻ തുടങ്ങി. അഞ്ചു പോരും ചേർന്ന് പരീക്ഷ എവുതാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
എം.ഡി ക്ലാസുകൾക്കിടയിലാണ് ഇവർ സിവിൽ സർവീസ് പഠനത്തിന് സമയം കണ്ടെത്തിയത്. ഒന്നര വർഷത്തോളം ശ്രീറാം കട്ടക്കിൽ എം.ഡി കോഴ്‌സ് ചെയ്തു. ഇതിനിടയിടെ 2012ൽ ആണ് സിവിൽ സർവീസ് പരീക്ഷയെഴുതിയതും രണ്ടാം റാങ്കയതും. ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്കും അന്ന് പരീക്ഷ ജയിക്കാനായില്ല. എന്നാൽ ഇവരെല്ലാം പിന്നീട് സിവിൽ സർവീസ് നേടി.

മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് റാങ്ക് ലഭിച്ച വാർത്ത ഫോണിലൂടെ അറിയുന്നത്. തുടർന്ന് സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നു. മൂന്നോ നാലോ വർഷത്തിന് ശേഷം എം.ഡി കോഴ്‌സ് പൂർത്തിയാക്കാനാകുന്ന തരത്തിൽ സബാൾട്ടിക്കൽ ലീവെടുത്താണ് ശ്രീറാം സിവിൽ സർവീസ് പരിശീലനത്തിന് പോയത്. ഒന്നര വർഷം കൂടി പഠിച്ചാലെ എ.ഡി കോഴ്‌സ് പൂർത്തിയാകൂ.

ദേവികുളം സബ് കലക്ടറായി ശ്രീറാം എത്തിയതോടെയാണ് മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേ വീണ്ടും നടപടി തുടങ്ങിയത്. ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എം, സിപിഐ പാർട്ടികളുടെ പ്രദേശിക ഘടകങ്ങൾ സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും അതൊന്നും കണ്ടില്ലെന്നു നടിച്ചാണ് ശ്രീറാം കൈയേറ്റക്കാർക്കെതിരായ നടപടിയുമായി മുന്നോട്ടു പോകുന്നത്.

2013 ൽ പത്തനംതിട്ട സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായിരിക്കെ 2016 ജൂലൈ 22 നാണ് ദേവികുളത്തേക്ക് മാറ്റപ്പെട്ടത്. ദേവികുളത്തെത്തിയതോടെ മൂന്നാറിൽ സർക്കാർ ഭൂമി കൈയേറി നടക്കുന്ന റിസോർട്ട് നിർമ്മാണങ്ങൾ ശ്രീറാമിന്റെ ശ്രദ്ധയിൽപ്പെട്ടു. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്‌റ്റോപ്‌മെമോ നൽകുകയും പല കൈയേറ്റങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലം എം.എ.എൽയും സ്ഥലം കൈയേറിയതായി വാർത്തവന്നു. ഇതിനിടെ സബ്കളക്ടറുടെ കൈയേറ്റത്തിനെതിരായ നടപടികളെ എന്ത്വിലകൊടുത്തും തോൽപ്പിക്കാൻ മൂന്നാറിലെ രാഷ്ട്രീയ നേതാക്കളും ഭൂമാഫിയകളും ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്.

നാളെ കടകളടച്ച് പ്രതിഷേധിക്കാൻ ഭൂമാഫിയ നിർദ്ദേശം നൽകിയിട്ടുമുണ്ട്. മത നേതാക്കളുടെ ഒപ്പോടുകൂടിയ നോട്ടീസാണ് ഇതിന് വേണ്ടി ഇവർ ഇറക്കിയിരിക്കുന്നത്. നാളെ വൈകിട്ട് മൂന്നിന് പ്രതിഷേധ യോഗവും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. കൈയേറ്റ ഭൂമി സംരക്ഷിക്കാൻ കർഷകരെയും വിവിധ മതനേതാക്കളെയും കൂട്ടുപിടിച്ച് ഏതറ്റംവരെയും പോകാനാണ് ഭൂമാഫിയയുടെ തീരുമാനം. സബ്കളക്ടറും മാധ്യമങ്ങളും ചേർന്ന് മൂന്നാറിലെ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നെന്ന ആക്ഷേപമാണ് ഭൂമാഫിയകൾ ഉന്നയിക്കുന്നത്.
വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളിൽ മരം മുറിക്കാൻ സബ്കളക്ടർ വിലക്കേർപ്പെടുത്തിയെന്നും കർഷകവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നെന്നും ആരോപിച്ച് സി.പി.എം പോഷക സംഘടനയായ കേരള കർഷകസംഘം ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ മാർച്ച് ഏഴ് മുതൽ 22 വരെ സമരം നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. വീടു നിർമ്മിക്കുന്നതിനും മറ്റുമുള്ള ആവശ്യങ്ങൾക്കും സബ്കലക്ടറെ സമീപിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ നിലവിലെ നിയമങ്ങൾ ശക്തമായി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിലപാട്.

2015 ലെ സർക്കാർ ഉത്തരവുപ്രകാരമാണ് അഞ്ചു വില്ലേജുകളിൽ തണ്ടപ്പേരു പരിശോധിച്ചശേഷം സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദ്ദേശിച്ചത്. രേഖകൾ പരിശോധനയ്ക്കായി എത്തിക്കാൻ ചിലർ തയാറാകാത്തതാണ് തെറ്റിധാരണയ്ക്കിടയാക്കിയത്. മാത്രമല്ല 2010 ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻഒസി.വേണമെന്ന ഉത്തരവ് നടപ്പാക്കിയത്. എന്നാൽ ഇപ്പോൾ എൻഒസി. നൽകിക്കഴിഞ്ഞു. 125 അപേക്ഷകളിൽ 115 എണ്ണത്തിനും തീർപ്പായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ മൂന്നാർ സംരക്ഷിക്കപ്പെടണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന തരത്തിൽ നമ്മുടെ സമീപനം മാറണം. നീലക്കുറിഞ്ഞി കാലഘട്ടങ്ങളിൽ പത്തുലക്ഷം പേരാണ് മൂന്നാറിലെത്തുന്നത്.

എന്നാൽ ഇപ്പോൾ റിസോർട്ടു നിർമ്മിക്കുന്നവർ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല. അതിനാലാണ് മൂന്നാറിനായി പ്രത്യേക കാഴ്‌ച്ചപ്പാടുവേണമെന്ന് വാദിക്കുന്നതെന്നുമാണ് ശ്രീറാം പറയുന്നത്. അതേസമയം ഭൂമാഫിയകൾ രാഷ്ട്രീയ മത നേതാക്കളുടെ പിൻബലത്തിൽ നടത്തുന്ന പടയൊരുക്കത്തെ സബ്കളക്ടർക്ക് എത്രകാലം അതിജീവിക്കാനുകുമെന്ന സംശയവും ശക്തമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP