Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

21-ാം വയസിൽ മോട്ടോർ ന്യൂറോൺ ഡിസീസ് കണ്ടെത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞത് വെറും രണ്ടുവർഷത്തെ ആയുസ്; സംസാരിക്കാനോ അനങ്ങാനോ കഴിയാതെ തുടർന്നും ലോകത്തെ മാറ്റി മറിച്ചത് 53 വർഷം; എങ്ങനെയാണ് ഇത്രനാൾ സ്റ്റീഫൻ ഹോക്കിങ് ജീവിച്ചിരുന്നതെന്ന് വിശദീകരിക്കാനാവാതെ ശാസ്ത്രം

21-ാം വയസിൽ മോട്ടോർ ന്യൂറോൺ ഡിസീസ് കണ്ടെത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞത് വെറും രണ്ടുവർഷത്തെ ആയുസ്; സംസാരിക്കാനോ അനങ്ങാനോ കഴിയാതെ തുടർന്നും ലോകത്തെ മാറ്റി മറിച്ചത് 53 വർഷം; എങ്ങനെയാണ് ഇത്രനാൾ സ്റ്റീഫൻ ഹോക്കിങ് ജീവിച്ചിരുന്നതെന്ന് വിശദീകരിക്കാനാവാതെ ശാസ്ത്രം

മറുനാടൻ ഡെസ്ക്

ധുനിക ലോകത്തെ ലോകാത്ഭുതങ്ങളിലൊന്നായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം. 21-ാം വയസ്സിൽ മോട്ടോർ ന്യൂറോൺ രോഗത്തിന്റെ വകഭേദമായ അമയോട്രോപ്പിക് ലാറ്ററൽ സ്‌ക്ലിറോസിസ് (എഎൽഎസ്) ആണെന്ന് കണ്ടെത്തിയ ഡോക്ടർമാർ ഹോക്കിങ്ങിനോട് പറഞ്ഞത് ഏറിയാൽ രണ്ടുവർഷം കൂടിയെന്നാണ്. അപ്പോൾ അദ്ദേഹം തിരിച്ചുചോദിച്ചത് വാട്ട് എബൗട്ട് ദി ബ്രെയിൻ എന്നായിരുന്നു. വൈദ്യശാസസ്ത്രത്തെ അമ്പരപ്പിച്ചുകൊണ്ട് ആ തലച്ചോർ പിന്നീട് അരനൂറ്റാണ്ടിലേറെ ജീവിച്ചു. അന്നോളം മനുഷ്യകുലത്തിലാരും നടത്തിയിട്ടില്ലാത്തത്ര കണ്ടെത്തലുകളും അതിൽനിന്നുണ്ടായി.

ഹോക്കിങ് പലതുകൊണ്ടും ഒരു സമസ്യയാണ്. ശരീരത്തിലെ പേശീതന്തുക്കൾ എങ്ങനെ ചലിക്കണമെന്നുള്ള സന്ദേശം നാഡീവ്യവസ്ഥയാണ് തലച്ചോറിൽ എത്തിക്കുന്നത്. ഈ സന്ദേശനാളികളുടെ കാലക്രമേണയുള്ള നാശമാണ് എഎസ്എൽ. കൈകാലുകൾ തളർന്ന്, സ്വന്തമായി ശ്വസിക്കാനാവാതെ ജീവച്ഛവമായി മാറും രോഗി. വളരെപ്പെട്ടെന്ന് മരിക്കുകയും ചെയ്യും. എന്നാൽ, ഹോക്കിങ് ഇത്രകാലം എങ്ങനെ ജീവിച്ചിരുന്നുവെന്നത് ഡോക്ടർമാർക്കുപോലും വിശദീകരിക്കാനായിട്ടില്ല.

ശാസ്ത്രമാണ് ഹോക്കിങ്ങിന്റെ കാര്യത്തിൽ വിജയിച്ചത്. പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ ആധുനിക വൈദ്യശാസ്ത്രം തണലായി കൂടെനിന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ചക്രക്കസേരയിലായിരുന്നു ആ ജീവിതം. ഭക്ഷണം കഴിപ്പിക്കാനും ശ്വാസമെടുക്കാൻ സഹായിക്കാനുമൊക്കെ പരസഹായം വേണ്ടിയിരുന്നു. അതിനെല്ലാം ആളും അർഥവും ഉണ്ടായി. ഹോക്കിങ്ങിന്റെ ധിഷണ കെടാതെ ശാസ്ത്രം ഒരു നെയ്ത്തിരിനാളം പോലെ അദ്ദേഹത്തെ കാത്തുസൂക്ഷിച്ചു.

ശ്വാസതടസ്സമാണ് എ.എസ്.എൽ രോഗികളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാറ്. ട്രക്കിയോസ്റ്റമി എന്ന ശ്വാസനാള ശസ്ത്രക്രിയയിലൂടെ ആ പ്രശ്‌നം പരിഹരിച്ചു. ഇതോടെ സംസാരശേഷി പൂർണമായി നഷ്ടപ്പെട്ടെങ്കിലും അവിടെയും ശാസ്ത്രം മറുകര കണ്ടെത്തി. ശേഷിച്ചതെങ്കിലും അനങ്ങുമായിരുന്ന വിരലുകൊണ്ട് എഴുതുന്ന കാര്യങ്ങളെ സംസാരമാക്കി മാറ്റുന്ന സ്പീച്ച് സിന്തസൈസർ എന്ന ഉപകരണം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിരലിന്റെ ചലനം നിലച്ചപ്പോൾ കവിളിലെ പേശികളുടെ ചലനം നിരീക്ഷിച്ച് അതിനെ ശബ്ദമാക്കി മാറ്റുന്ന ഉപകരണമായി തുണയ്ക്ക്.

വീൽച്ചെയറിൽ ഘടിപ്പിച്ച കംപ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന വാക്കുകളിൽ ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തിരഞ്ഞെടുക്കുകയും അതുപയോഗിച്ച് ലേഖനങ്ങളും ഗ്രന്ഥങ്ങളുമെഴുതുകയാണ് ഹോക്കിങ് ചെയ്തത്. ലോകാത്ഭുതമായി എക്കാലവും നിലനിൽക്കുന്ന രചനകളും കണ്ടെത്തലുകളുമാണ് അദ്ദേഹത്തിന്റേത്. ശാസ്ത്രത്തിന്റെ തുണയില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ശാസ്ത്രത്തിനും അപ്പുറമുള്ള ഒരു ശക്തിയുടെ തുണയിലില്ലായിരുന്നെങ്കിൽ ഹോക്കിങ് ഉണ്ടാകുമായിരുന്നില്ല.

അത്ഭുതമെന്നാണ് ഹോക്കിങ്ങിന്റെ ജീവിതത്തെ വിലയിരുത്തുന്നത്. 21-ാം വയസ്സിൽ രോഗബാധ ഉണ്ടായശേഷമാണ് അദ്ദേഹം ഇക്കണ്ടതൊക്കെ എഴുതിക്കൂട്ടിയതും ലോകത്തെ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രകാരനെന്ന പെരുമയിലേക്ക് ഉയർന്നതും. ലക്ഷണങ്ങൾ തുടങ്ങിയാൽ പരമാവധി മൂന്നുവർഷം മാത്രം ജീവിച്ചിരിക്കുന്ന എഎസ്എൽ രോഗിയായി, ഇക്കാലമത്രയും ചക്രക്കസേരയിൽ ഒടിഞ്ഞുമടങ്ങിയിരിക്കുകയായിരുന്നില്ല ഹോക്കിങ്. അസാമാന്യ പ്രതിഭാവിലാസം കൊണ്ടാണ് ഹോക്കിങ് ഇത്രയും കാലം ജീവിച്ചത്. ബുദ്ധിശക്തിയും അതിജീവനശേഷിയുമായി ബന്ധമുണ്ടോയെന്നതിന് ശാത്രീയമായ വിശദീകരണങ്ങളൊന്നുമില്ല. പക്ഷേ, ഹോക്കിങ് അവിടെയും അത്ഭുതമായി നിലകൊണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP