Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിറന്നതും പിളർന്നതും ചരൽകുന്നിൽ; മാണിയുടെ കൈപിടിച്ച് പി സി ജോർജ്ജ് എത്തിയതും ഇവിടെ; വളരും തോറും പിളരുന്ന ബ്രാക്കറ്റ് പാർട്ടികൾക്ക് ചരൽക്കുന്ന് വെറും കുന്നല്ല; മാണിയുടെ നിർണായക തീരുമാനത്തിന് വേദിയാകുന്ന ആ കുന്നിന്റെ ചരിത്രം വായിക്കാം..

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിറന്നതും പിളർന്നതും ചരൽകുന്നിൽ; മാണിയുടെ കൈപിടിച്ച് പി സി ജോർജ്ജ് എത്തിയതും ഇവിടെ; വളരും തോറും പിളരുന്ന ബ്രാക്കറ്റ് പാർട്ടികൾക്ക് ചരൽക്കുന്ന് വെറും കുന്നല്ല; മാണിയുടെ നിർണായക തീരുമാനത്തിന് വേദിയാകുന്ന ആ കുന്നിന്റെ ചരിത്രം വായിക്കാം..

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചരൽക്കുന്ന്. കോഴഞ്ചേരിയെ ചുറ്റിയൊഴുകുന്ന പമ്പയുടെ കരയിലെ ഈ സ്ഥലം അത്ര വലിയ കുന്നൊന്നുമല്ല. പക്ഷേ, കുന്നോളം മോഹങ്ങളുമായി പലരും ഇവിടേക്ക് നടന്നുകയറിയിട്ടുണ്ട്. മോഹഭംഗവുമായി പലരും ആഴങ്ങളിലേക്ക് പതിച്ചിട്ടുണ്ട്. ചരൽക്കുന്ന് മാർത്തോമ്മാ സഭയുടെ ഒരു വെറും ക്യാമ്പ് സെന്ററായിരുന്നു. അതിനെ കേരളാ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാക്കിയത് കേരളാ കോൺഗ്രസും. പിന്നീട് കോൺഗ്രസുകാരും അന്തി ചർച്ചയ്ക്ക് ചരൽക്കുന്നിൽ ക്യാമ്പേറി. എന്നിരുന്നാലും കേരളാ കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പുകൾക്ക് ഈ ക്യാമ്പ് സെന്ററുമായി പൊക്കിൾകൊടി ബന്ധമുണ്ട്. എന്നുവച്ചാൽ പല ബ്രാക്കറ്റുകളുടെയും പൊക്കിൾ കുഴിച്ചിട്ടിരിക്കുന്നത് ഇവിടെയാണ്. ഇപ്പോൾ വീണ്ടും ചരൽക്കുന്ന് ശ്രദ്ധാകേന്ദ്രമാകുന്നു. കെ.എം. മാണിയുടെ തീരുമാനം അറിയാൻ.

കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക തീരുമാനത്തിന് കാതോർത്തിരിക്കുകയാണ് പമ്പാ തീരം. നാല് പതിറ്റാണ്ടിലേറെയായി കേരളാ കോൺഗ്രസിന്റെ ഭിന്നിക്കലിനും ഒന്നിക്കലിനും വേദിയൊരുക്കിയത് ഈ ക്യാമ്പ് സെന്ററാണ്. ഇന്ന് വീണ്ടും ഇവിടെ നേതൃയോഗം ആരംഭിക്കുകയാണ്. ധ്യാനം കഴിഞ്ഞ് മടങ്ങുന്ന കെ.എം. മാണി നേരെ ഇവിടേക്ക് വച്ചു പിടിക്കും. ദിവസങ്ങൾ നീളുന്ന ക്യാമ്പുകൾ, സെമിനാറുകൾ ഇവയ്‌ക്കെല്ലാം പറ്റിയ ഇടം എന്ന നിലയിലാണ് മാർത്തോമ്മാ സഭയുടെ അധീനതയിലുള്ള ചരൽക്കുന്നിന് പലപ്പോഴും നറുക്ക് വീഴുന്നത്.

യാത്രാസൗകര്യം കുറവായിരുന്ന കാലത്ത് തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവരെ വാഹനങ്ങളിൽ ചരൽക്കുന്നിൽ എത്തിക്കുകയായിരുന്നു പതിവ്. മടക്കയാത്രയും അങ്ങനെ തന്നെ. പുല്ലാട്-റാന്നി റോഡിൽ തോണിപ്പുഴ വരെയായിരുന്നു അക്കാലത്ത് വല്ലപ്പോഴുമെങ്കിലും ബസ് എത്തിയിരുന്നത്. ഇവിടേക്ക് എത്താൻ ചരൽക്കുന്നിൽ നിന്നും നാലുകിലോമീറ്റർ യാത്രചെയ്യണം. കാൽനടയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ക്യാമ്പ് സെന്ററിൽ നിന്നും പുറത്തിറങ്ങിയാൽ ലഘുഭക്ഷണമോ ഒരുതരത്തിലുള്ള പാനീയങ്ങളോ ലഭ്യമായിരുന്നില്ല.

ഇത്തരത്തിൽ ക്യാമ്പുകൾക്കും സമ്മേളനങ്ങൾക്കും ഏറ്റവുമധികം പ്രയോജനപ്പെടുന്ന സ്ഥലമായാണ് ഇവിടം പ്രശസ്തമായത്. ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം അത്യന്താധുനിക സൗകര്യങ്ങളുള്ള ക്യാമ്പ്, കൺവൻഷൻ സെന്ററുകൾ സ്ഥാപിക്കപ്പെട്ടപ്പോഴും ചരൽക്കുന്നിന് പ്രാധാന്യം കുറഞ്ഞില്ല. ക്യാമ്പുകളിൽ എത്തുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും. പ്രകൃതി രമണീയമായ ഈ പ്രദേശം വിദേശികൾക്കും അന്യസംസ്ഥാനക്കാർക്കും പ്രിയപ്പെട്ടതാണ്.

കേരളാ കോൺഗ്രസിന്റെ പിറവിക്കു ശേഷം ഉണ്ടായിട്ടുള്ള നിർണായകമായ തീരുമാനങ്ങൾക്കെല്ലാം വേദിയായതും ചരൽക്കുന്നാണ്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിറന്നതും പതിറ്റാണ്ടുകൾക്കു ശേഷം പിളർന്നതും ചരൽക്കുന്നിലാണ്. പാർട്ടിയിലെ പ്രമുഖനായിരുന്ന സ്‌കറിയാ തോമസ് യോഗവേദിയിൽ നിന്നും വ്യസനത്തോടെ ഇറങ്ങിപ്പോയതും ഇവിടെ നിന്നു തന്നെ. മന്ത്രിസ്ഥാനത്തേക്ക് ടി.എസ്. ജോണിനെ നിർദ്ദേശിച്ചതിനെതിരേ ഡോ. ജോർജ് മാത്യു നേതൃത്വവുമായി ഇടഞ്ഞതും ഇതേ വേദിയിലാണ്. ടി.എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസിന്റെ പ്രധാന വേദിയും ചരൽക്കുന്ന് ആയിരുന്നു.

കേരളാ കോൺഗ്രസുകളുടെ പുനരേകീകരണം പ്രഖ്യാപിച്ച് കെ.എം. മാണി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, പി.സി. ജോർജ് എന്നിവരെല്ലാം ഒരുമിച്ചതും ചരൽക്കുന്നിലായിരുന്നു. കേരളാ കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ സംസ്ഥാന ക്യാമ്പിനും ഇവിടം വേദിയായി. വളരുംതോറും പിളരുമെന്ന് പറയുന്ന കേരളാ കോൺഗ്രസിലെ നേതാക്കളുടെയെല്ലാം വിമർശനങ്ങളും ഇടവിട്ടുള്ള പ്രശംസകളും കേൾക്കാൻ ചരൽക്കുന്നിന് ഭാഗ്യമുണ്ടായിട്ടുണ്ട്. കെ എം. മാണി, പി.ജെ ജോസഫ് തർക്കം രൂക്ഷമായി പിളർപ്പിന് കളമൊരുക്കിയ ചരൽക്കുന്ന് വീണ്ടും ഈ നേതാക്കളുടെ വേർപിരിയലിന് കാരണമാകുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP