Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജനിച്ചത് പപ്പയുടേയും മമ്മിയുടേയും ഏഴാമത്തെ പുത്രനായി; മൂന്നാംലിഗക്കാരിയെന്ന വിളി അധിക്ഷേപമായെത്തിയപ്പോൾ കരഞ്ഞ് തീർത്ത കണ്ണീരെന്നെ വാശിയോടെ ജീവിക്കാൻ പഠിപ്പിച്ചു; 'ഒമ്പതേ'യെന്ന് വിളിച്ചവർപോലും ഇന്ന് പ്രശംസയുമായെത്തുന്നു; കംപ്ലീറ്റ് ഫാഷൻ ഡിസൈനറായ ആബേൽ റോബിൻസിന്റെ വിശേഷങ്ങൾ

ജനിച്ചത് പപ്പയുടേയും മമ്മിയുടേയും ഏഴാമത്തെ പുത്രനായി; മൂന്നാംലിഗക്കാരിയെന്ന വിളി അധിക്ഷേപമായെത്തിയപ്പോൾ കരഞ്ഞ് തീർത്ത കണ്ണീരെന്നെ വാശിയോടെ ജീവിക്കാൻ പഠിപ്പിച്ചു; 'ഒമ്പതേ'യെന്ന് വിളിച്ചവർപോലും ഇന്ന് പ്രശംസയുമായെത്തുന്നു; കംപ്ലീറ്റ് ഫാഷൻ ഡിസൈനറായ ആബേൽ റോബിൻസിന്റെ വിശേഷങ്ങൾ

അർജുൻ സി വനജ്

കൊച്ചി: ' ആത്മവിശ്വാസവും ദൃഡനിശ്ചയവും നിറഞ്ഞ് നിൽക്കുന്ന സംസാരം. തന്റെയുള്ളിലെ പുരുഷ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലിനെത്തുടർന്ന് താനറിയാതെയുണ്ടാകുന്ന സ്‌ത്രൈണതയെ പക്വമായ പുരുഷ ശബ്ദം കൊണ്ട് മറച്ചുവെക്കുന്ന ജീവിതഘടന. ശരീരഭാഷയിലെ സ്ത്രീത്വത്തെ, ആത്മാഭിമാനത്തോടെ ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിത്വം '.. അങ്ങനെ ആബേൽ റോബിൻസിനെക്കുറിച്ച് പറഞ്ഞാൽ ചിലപ്പോൾ സാഹിത്യഭാഷയ്ക്ക് പരിമിതികളുണ്ടെന്ന് തോന്നിപ്പോവും. അതാണ് ഇദ്ദേഹം. കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചിയിലെ മുൻനിര ഫേഷൻ ഡിസൈനർമാരിൽ ഒരാൾ.

മേക്കപ്പ് ചെയ്യുമ്പോൾ, ഹെയർ ഡ്രെസ്സിംഗും, കോസ്റ്റിയൂമുമെല്ലാം സ്വന്തം ചെയ്യാനാണ് ആബേലിന് താൽപര്യം. അതുകൊണ്ടാണ് ഫാഷൻ ലോകം ആബേലിനെ കപ്ലീറ്റ് ഫാഷൻ ഡിസൈനറെന്ന് വിളിക്കുന്നതും.

ഫാഷൻ ഡിസൈൻ രംഗത്തേക്കുള്ള എത്തിച്ചേരൽ..?

തോപ്പുംപടിയിലെ സ്വകാര്യ സ്ഥാപനമായ ദീപ കോളേജിൽ നിന്ന് പിഡിസി പൂർത്തിയാക്കിയപ്പോഴാണ് ഗ്രാഫിക് ഡിസൈനിങ് പഠിച്ചാലെന്താ എന്നോർക്കുന്നത്. കോഴ്്‌സ് പൂർത്തിയാക്കിയതിന് ശേഷം പ്രശസ്തമായ വെഡ്ഡിങ് കാർഡ് ഡിസൈനിങ് സ്ഥാപനമായ വളവി ആൻഡ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി 2005 ൽ ജോലിക്ക് കയറി. അവിടെ നിന്നാണ് ഫാഷൻ രംഗത്തോട് കൂടുതൽ അടുക്കണമെന്ന് തോന്നിയത്.

പിന്നെ ഒട്ടും മടിച്ചില്ല. വരുമാനവും തന്റെ താൽപര്യവും മുന്നിൽ കണ്ട് അമ്മയുടെ പേരിൽ തോപ്പുംപടിയിൽ 2009 ൽ മോണിക്ക സ്റ്റുഡിയോ തുടങ്ങി. പതിയെ ഫോട്ടോഗ്രാഫിക്ക് ഒപ്പം മേക്കപ്പും ചെയ്ത് തുടങ്ങി. വിവാഹ ഫോട്ടോഗ്രാഫറായി പോയാൽ മേക്കപ്പും ഞാൻ തന്നെ ഏറ്റെടുക്കും. യു ടൂബാണ് എന്റെ ഗുരുനാഥൻ. യു ടൂബിൽ ഏറ്റവും പുതിയ രീതികൾ കണ്ട് പഠിക്കും. പിന്നെ അത് പരീക്ഷിക്കും.

ഇതുവരെയുള്ള എല്ലാ പരീക്ഷണവും വിജയമായിരുന്നു. സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ വരുന്നവരെ നല്ല രീതിയിൽ മേക്കപ്പ് ചെയ്ത് ഫോട്ടോയെടുക്കും. അങ്ങനെയിരിക്കെ പല കൊറിയോഗ്രാഫർമാരുടെ ഇടക്ക് മേക്കപ്പ് ചെയ്യാൻ പോയി തുടങ്ങി. 2014 ൽ സഞ്ജന ജോണിന്റെ ഡൽഹിയിലെ അക്കാദമിയിൽ മേക്കപ്പിന്റെ പുതിയ രീതികൾ ശാസ്ത്രീയമായി പരിശീലിക്കാൻ തീരുമാനിച്ചു. ആറ് മാസക്കാലം കോഴ്‌സിനോട് വിടപറഞ്ഞ്, സ്വന്തമായി വർക്കുകൾ ഏറ്റെടുക്കാൻ തുടങ്ങി.

ഇന്ന് മുൻനിര സിനിമതാരങ്ങളുടെ പലരുടേയും ഇഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റായി മാറാൻ കഴിഞ്ഞു. ( ചെറുചിരിയോടെ, അവരുടെ പേര് പറയുന്നില്ല, കാരണം അവർക്ക് പലർക്കും സ്വന്തമായി മേക്കപ്പ് മാൻ ഉണ്ട്) പ്രധാനമായും ഞാൻ ഫാഷൻ ഫോട്ടോഗ്രാഫിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കാറ്. സംവിധായകന്റെ ആശയങ്ങൾക്കിണങ്ങുന്ന കോസ്റ്റിയും ഡിസൈൻ സ്റ്റിച്ച് ചെയ്യലാണ് ആദ്യപണി. പിന്നെയാണ് മേക്കപ്പ്. പിന്നെ ഹെയർ സറ്റൈലിംഗും. വെഡ്ഡിങ് മേക്കപ്പിനിപ്പോൾ നല്ല മാർക്കറ്റാണ്. ചടങ്ങിന് അണിയേണ്ട വസ്ത്രത്തിന്റെ സെലക്ഷൻ മുതൽ മണിയറയിലേക്ക് പ്രവേശിക്കേണ്ട വസ്ത്രങ്ങൾ വരെ മേക്കപ്പ് മാന്റെ കയ്യിലാണിപ്പോൾ.

15,000 രൂപ മുതൽ മുകളിലോട്ടാണ് ഒരു വിവാഹത്തിന്റെ റേറ്റ്. ഉപയോഗിക്കുന്ന പ്രോഡക്ടുകളുടെ ബ്രാൻഡ് അനുസരിച്ച് തുകമാറും. മേക്കപ്പ് സെമിനാറുകൾക്ക് ഇപ്പോൾ ക്ലാസ്സുകൾ നൽകുന്നുണ്ട്. സിറ്റി കളക്ഷൻസ് കേരളമെമ്പാടും നടത്തുന്ന സെമിനാറുകളിൽ ഞാനും ക്ലാസ് നൽകുന്നുണ്ട്.

ബാല്യം... കൗമാരം..?

പപ്പയുടേയും മമ്മിയുടേയും ഏഴാമത്തെ പുത്രനായിട്ടാണ് ഞാൻ ജനിച്ചത്. നാല് ചേച്ചിമാരും രണ്ട് ചേട്ടന്മമാണുള്ളത്. അമ്മച്ചിയേക്കാൾ എന്നെ ചേച്ചിമാരാണ് നോക്കി വളർത്തിയിട്ടുള്ളത്. അതും എന്റെ സ്വഭാവ ഘടനയിൽ ചെറുപ്പത്തിലേ മാറ്റം വരുത്തിയിട്ടുണ്ടാകാം. ചേച്ചിമാർ അവർക്ക്
മേക്കപ്പ് ചെയ്യുന്നത് പോലെ എന്നേയും ഒരുക്കും. ഒരു പെണ്ണായിട്ട്. കണ്ണമാലി സെന്റ് മേരീസ് ഹൈ സ്‌കൂളിലാണ് പത്തുവരെ പഠിച്ചത്.

പഠനകാലത്ത് എന്റെ ശബ്ദം പൂർണ്ണമായും പെൺകുട്ടിയുടേത് പോലായിരുന്നു. പാട്ട് പാടാൻ എനിക്ക് വല്ല്യ താൽപര്യമായിരുന്നു. പെൺകുട്ടികളുടേത് പോലെയുള്ള ശബ്ദം പലപ്പോഴും വില്ലനായിട്ടുണ്ട്.. ഒരിക്കൽ പള്ളിയിലെ ഗായകസംഘത്തിലേക്ക് എന്നേയും ഉൾപ്പെടുത്തി. പക്ഷെ ഫിമെയിൽ വോയിസ് ആയതിനാൽ പെൺകുട്ടികൾക്ക് ഒപ്പം നിർത്തി പാഠിച്ചു. അത് എനിക്ക് വലിയ വിഷമമായിരുന്നു അന്ന്. ഏകദേശം ആ കാലത്താണ് എന്റ ഹോർമോൺ വിത്യാസത്തെക്കുറിച്ച് എനിക്ക് ബോധ്യമാവുന്നത്. എന്റെ ശബ്ദം ആണിന്റേത് പോലെ ആക്കണമെന്ന് അക്കാലത്താണ് തോന്നിയത്. പിന്നെ എല്ലാ ദിവസവും രാവിലെ ചെറു ചൂടുവെള്ളം കണ്ട് ഗാർഗ്ലിങ് ചെയ്യാൻ തുടങ്ങി. കുറേ കാലം കഴിഞ്ഞപ്പോൾ ചെറിയ മാറ്റം വന്നു.

മൂന്നാം ലിംഗക്കാരനായതിന്റെ പേരിൽ എന്തെങ്കിലും വിഷമങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടോ..?

പിഡിസിക്ക് പഠിക്കുമ്പോഴും പിന്നേയുമായി ഒമ്പതേയെന്ന വിളി കുറേയധികം കേട്ടിട്ടുണ്ട്. ആദ്യമൊക്കെ കരച്ചിൽ വന്നിരുന്നു. (ചെറുതായി കണ്ണ് നിറയുന്നു..) പിന്നെ ആ വിളി സഹിച്ചല്ലേ പറ്റൂ... ദൈവം തന്നത്, എത്രയായാലും മാറ്റാൻ പറ്റില്ലല്ലോ..? ഞാൻ കരഞ്ഞ് തീർത്ത
കണ്ണീരെന്നെ വാശിയോടെ ജീവിക്കാൻ പഠിപ്പിച്ചു...ഒമ്പതേയെന്ന വിളി പിന്നീട് ഒരു വാശിയായിരുന്നു. അങ്ങനെ വിളിച്ചവരെക്കൊണ്ട് ആബേലേ എന്ന് സ്‌നേഹത്തോടെയോ ബഹുമാനത്തോടെയോ വിളിപ്പിക്കണമെന്ന്. അത് ഇന്ന് ഒരു പരിധിവരെ വിജയിച്ചു. മൂന്നാം ലിംഗക്കാരിൽ നിന്ന് ഏതെങ്കിലുമൊരു ലിംഗക്കാരനാവാൻ പലരും നിർബന്ധിച്ചു.

ഒരു ശസ്ത്രക്രിയ നടത്തിയാൽ അത് സാധ്യമാവും. പക്ഷെ വേണ്ട. ദൈവം തന്നത് അത്‌പോലെ തന്നെയാവട്ടെ. കൊച്ചിയിൽ താനടക്കം 150 ലധികം മൂന്നാം ലിംഗക്കാരുണ്ട്. നാലഞ്ചോളം ട്രാൻസ് ജെൻഡേഴ്‌സും. ഇവർക്കെല്ലാം തന്നേക്കാൾ ദുഃഖകരമായ ജീവിതകഥയാണ് പറയാനുള്ളത്. അത്രത്തോളം ഭരണകൂടവും സമൂഹവും ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോൾ വീട്ടുകാരിൽ നിന്ന് മാറി പള്ളുരുത്തിയിൽ ഒരു ഫ്ളാറ്റിലാണ് താമസം. സമൂഹം ഒരു പ്രത്യേക കണ്ണിലൂടെ നോക്കികാണുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോൾ അതിനോടൊക്കെ പൊരുത്തപ്പെട്ടു.

കൊച്ചി മെട്രോയിൽ മൂന്നാം ലിംഗക്കാർക്ക് ജോലി സംവരണം ലഭിച്ചത് ഘടനയുടെ(എൽ.ജി.ബി.റ്റി) വിജയമാണ്. സർക്കാരിന്റെ എല്ലാ സർവ്വീസിലും മൂന്നാം ലിംഗക്കാർക്കും പരിഗണന ലഭിക്കണം. നമ്മളും സാധാരണ ഒരു ഇന്ത്യനാണ്. അതുകൊണ്ട് ഇന്ത്യൻ ഭരണഘടന നൽകുന്ന എല്ലാ മൗലീക അവകാശങ്ങളും ഞങ്ങൾക്കുമുണ്ട്. മൂന്നാം ലിഗമായതിന്റെ പേരിൽ അത് ഇല്ലാതാക്കാൻ ആർക്കും ആവില്ല. വിദേശ രാജ്യങ്ങൾ ഭൂരിഭാഗവും ഇതൊക്കെ അംഗീകരിക്കാൻ തയ്യാറായിട്ടുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോണാൾഡ് ട്രംപ് നമ്മുടെ സമൂഹത്തെ അഗീകരിക്കുന്ന ആളാണെന്ന്തിൽ സന്തോഷമുണ്ട്.

മൺസൂൺ നൈറ്റിനെക്കുറിച്ച്..?

എംഫോർമാരി.കോം ഒരു ഫാഷൻ ഷോ കൊല്ലത്ത് സംഘടിപ്പിച്ചിരുന്നു. അതാണ് പ്രചോദനമായത്. അങ്ങനെ ഞാൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അവതരിപ്പിക്കാൻ ഒരു ഫാഷൻ ഷോ നടത്താൻ തീരുമാനിച്ചു. അങ്ങനെ 12 ഓളം പേരെ ഉൾപ്പെടുത്തി 2015 ൽ പരിപാടി നടത്തി. ആദ്യ പരിപാടി സാമ്പത്തികമായി അത്ര വിജയം നേടിതന്നില്ലെങ്കിലും ഞാൻ എന്ന ഫാഷൻ ഡിസൈനർക്ക് നല്ല പ്രശസ്തി നേടി തന്നു. കേരളത്തിൽ ആദ്യമായാണ് അത്തരമൊരു പരിപാടി നടന്നത്. അതുകൊണ്ട് തന്നെ ശത്രുതയും വേണ്ടുവോളം വർദ്ധിച്ചു. 2016 ൽ മൺസൂൺ നൈറ്റ് 2 വിനെക്കുറിച്ച് ആലോചിച്ചു. ആ പരിപാടിയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെക്കൂടി പങ്കെടുപ്പിച്ചു. നാല് മെയിലും അഞ്ച് ഫീമെയിൽ ആർട്ടിസ്റ്റുകൾക്കുമൊപ്പം മൂന്ന് ട്രാൻസ് ജെൻഡേഴ്‌സും പരിപാടിയിൽ പങ്കെടുത്തു.

സത്യത്തിൽ അതൊരു ചരിത്രം തിരുത്തിക്കുറിക്കൽക്കൂടിയായിരുന്നു. ലൈംഗിക തൊഴിലാളികളായി മാത്രം ട്രാൻസ് ജെൻഡേഴ്‌സിനെ കണ്ടിരുന്ന വലിയൊരു സമൂഹം, അവരിലെ കലയേയും ആസ്വദിച്ചു. അവർക്ക് അഭിനന്ദനങ്ങൾ വേണ്ടുവോളം ലഭിച്ചു. പക്ഷെ പരിപാടിക്കിടയിൽ ചിലർ നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിച്ചത്, ആ പരിപാടിയെ മുഴുവനായി ബാധിച്ചു. സദുദ്ദേശത്തോടെ നടത്തിയ പരിപാടി ആളുകൾക്ക് മുന്നിൽ മോശമായി ചിത്രീകരിക്കപ്പെട്ടു. പക്ഷെ പൊലീസ് വളരെ കരുതലോടെയാണ് ആ വിഷയത്തിൽ ഇടപെട്ടത്. ചിലരെയെല്ലാം ചോദ്യം ചെയ്തു എന്നതൊഴിച്ചാൽ യഥാർത്ഥപ്രതികളെതന്നെയാണ് പിടികൂടിയതെന്നാണ് അനുമാനിക്കുന്നത്. രണ്ടായിരത്തി പതിനേഴ് ഓഗസ്റ്റ് മാസമാണ് മൺസൂൺ നൈറ്റിന്റെ മൂന്നാം ഭാഗം നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP