Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളമശ്ശേരി തോഷിബ ജംഗ്ഷനിൽ ചെന്നപ്പോൾ വ്യാപാരികളും തട്ടുകടക്കാർക്കും മുതൽ എല്ലാവർക്കും അറിയാം മൂന്ന് മാസമായി ഹനാൻ മീൻ വിൽക്കുന്ന കാര്യം; തമ്മനത്തുകാരുടെ പ്രതികരണം എടുത്ത് ഹനാനെ വ്യാജ മീൻവിൽപ്പനക്കാരി ആക്കിയവർ മുങ്ങി; ഫേസ്‌ബുക്ക് ലൈവുമായി ആദ്യം രംഗത്തിറങ്ങിയ നൂറുദ്ദീൻ ഷെയ്ഖിനെതിരെ കേസെടുക്കുമെന്ന് സ്ഥിരീകരിച്ച് പൊലീസ്; ആങ്ങളമാരുടെ കെണിയിൽ വീണവരൊക്കെ പുലിവാല് പിടിക്കും

കളമശ്ശേരി തോഷിബ ജംഗ്ഷനിൽ ചെന്നപ്പോൾ വ്യാപാരികളും തട്ടുകടക്കാർക്കും മുതൽ എല്ലാവർക്കും അറിയാം മൂന്ന് മാസമായി ഹനാൻ മീൻ വിൽക്കുന്ന കാര്യം; തമ്മനത്തുകാരുടെ പ്രതികരണം എടുത്ത് ഹനാനെ വ്യാജ മീൻവിൽപ്പനക്കാരി ആക്കിയവർ മുങ്ങി; ഫേസ്‌ബുക്ക് ലൈവുമായി ആദ്യം രംഗത്തിറങ്ങിയ നൂറുദ്ദീൻ ഷെയ്ഖിനെതിരെ കേസെടുക്കുമെന്ന് സ്ഥിരീകരിച്ച് പൊലീസ്; ആങ്ങളമാരുടെ കെണിയിൽ വീണവരൊക്കെ പുലിവാല് പിടിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൈബർ ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഹനാൻ എന്ന സാധു പെൺകുട്ടി ഇപ്പോൾ ശരിക്കും ദുരിതത്തിലാണ്. മീൻവിറ്റ് ജീവിച്ചിരുന്ന അവളുടെ ദുരിത ജീവിതം കണ്ട് സഹായവുമായി രംഗത്തിറങ്ങിയവർ പോലും സൈബർ ലോകത്തിന്റെ നുണ പ്രചരണത്താൽ മനം മാറ്റിയ അവസ്ഥ. വഞ്ചകിയെന്നും കള്ളിയെന്നും വിളിച്ച് അധിക്ഷേപിച്ചപ്പോൾ ഇന്ന് വരെ കണ്ണീരു മറ്റാരെയും അറിയിക്കാതെ സ്വന്തം അധ്വാനം കൊണ്ട് ജീവിച്ച പെൺകുട്ടി അലമുറയിട്ട് കരയേണ്ടി വന്നു. താൻ അധ്വാനിച്ച പണം കൊണ്ട് ജീവിക്കാന്ന അനുജനെ ഓർത്ത് ഇന്നലെ അവൾ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു. എന്നിട്ടും സൈബർ ലോകത്തിലെ ചിലർക്ക് അവളുടെ കണ്ണീർ കണ്ട് മതിയായിട്ടില്ല, അവർ ഇപ്പോഴും അവളെ തട്ടമിടീക്കാനുള്ള തിരക്കിലാണ്.

മാതൃഭൂമി എഴുതിയ വാർത്തയെ തുടർന്നാണ് ഒരുപാട് നല്ലമനുഷ്യർ ഹനാന് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നത്. പുതുമുഖ സംവിധായകൻ അരുൺ ഗോപി തന്റെ സിനിമയിൽ അവസരവും വാഗ്ദാനം ചെയ്തു. മുമ്പ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട് എന്നറിഞ്ഞതുകൊണ്ടുകൂടിയാവാം അരുൺഗോപി തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഹനാനെ സഹായിക്കാമെന്ന് കരുതിയത്. എന്നാൽ അരുണ് ഗോപിയെ പോലും പ്രതിരോധത്തിലാക്കുന്ന വിധത്തിലായി പിന്നീടുണ്ടായ കാര്യങ്ങൾ. തമ്മനത്ത് അവൾ മീൻകച്ചവടം തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. എന്നാൽ, കളമശ്ശേരിയിൽ മൂന്ന് മാസമായി അവൾ മീൻവിൽക്കുന്നുണ്ടായിരുന്നു, ഇക്കാര്യം അവിടെയുള്ള എല്ലാവരും ശരിവെക്കുകയും ചെയ്യുന്നു.

കളമശ്ശേരി തോഷിബ ജങ്ഷനിലെ പൈപ്പ്ലൈൻ റോഡിൽ ഹനാൻ ഒരുമാസത്തോളം കച്ചവടം നടത്തിയിരുന്നെന്ന് തൊട്ടടുത്ത് ബജിയും മറ്റും വിറ്റിരുന്ന രാഹുൽ പറയുന്നു. ഇക്കാര്യം ഇവിടുത്തെ ഓട്ടോക്കാരും യൂണിയൻകാരുമെല്ലാം സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ മുന്നു ദിവസം മാത്രം കച്ചവടം നടത്തിയാണ് ഹനാൻ വാർത്തയിൽ ഇടംപിടിച്ചതെന്ന കുപ്രചാരണങ്ങൾക്ക് മറുപടിയാവുകയാണ്. നേരത്തെ തന്നെ, കളമശ്ശേരിയിൽ മറ്റു രണ്ടു പേരോടൊപ്പം പങ്കു കച്ചവടം നടത്തിയിരുന്നുവെന്നും അതിലൊരാളുടെ പെരുമാറ്റം ശരിയല്ലെന്ന് തോന്നിയതിനാൽ ഒഴിവാക്കുകയായിരുന്നെന്നും ഹനാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തമ്മനത്ത് കച്ചവടമാരംഭിച്ചിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളു എന്ന അർധസത്യം മാത്രം പറഞ്ഞ് ചിലർ പ്രചാരണം നടത്തിയതോടെ സോഷ്യൽ മീഡിയയിൽ ഹനാനെതിരെ വ്യാപക ആക്രമണമുണ്ടാവുകയായിരുന്നു.

കളമശ്ശേരിയിൽ ബാബു, ഫിറോസ് എന്നിവരോടൊപ്പമാണ് ഹനാൻ പങ്കുകച്ചവടം നടത്തിയിരുന്നത്. മുമ്പേ കച്ചവടം നടത്തിയിരുന്ന ഇവർക്ക് പണം നൽകി ലാഭവിഹിതം എടുക്കുകയായിരുന്നു. പലപ്പോഴും കോളേജ് വിട്ട ശേഷം കടയിലും എത്താറുണ്ടായിരുന്നു. ഒരുമാസത്തോളം മാത്രമേ ഈ കട പ്രവർത്തിച്ചിരുന്നുള്ളു. ലൈസൻസില്ലെന്ന കാരണത്താൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കളമശ്ശേരി മുനിസിപ്പാലിറ്റി ഈ കട അടപ്പിച്ചിരുന്നു. കളമശ്ശേരി തോഷിബ ജങ്ഷനിലെ കച്ചവടക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും വൈകീട്ട് ബസിൽ വന്നിറങ്ങി മീൻവിൽക്കുന്ന ഹനാനെ കണ്ടിട്ടുണ്ട്. ആദ്യം ഹനാന്റെ മീൻകച്ചവടം ഇവിടെയായിരുന്നു. വയസ്സായ ഒരാളും ഒരു യുവാവും കൂടെയുണ്ടായിരുന്നുവെന്നും കളമശ്ശേരിയിലെ ഓട്ടോ ഡ്രൈവർ നൗഷാദ് പറഞ്ഞു.

ഒരാളുടെ പെരുമാറ്റം മോശമായതുകൊണ്ടാണ് ഹനാന് കളമശ്ശേരിയിൽനിന്ന് പോകേണ്ടിവന്നത്. കൂടെവന്നവരിലൊരാൾ മദ്യപിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ േകാർപറേഷൻ കൗൺസിലർ ഇടപെട്ട് പിന്നീട് ഇവിടത്തെ വിൽപ്പന നിർത്തിച്ചു. കൂടെ മീൻ വിൽപ്പനയ്ക്കുണ്ടായിരുന്ന ബാബുവിനെ ഹനാൻ പരിചയപ്പെടുന്നത് ആലുവ മണപ്പുറത്ത് കപ്പവിറ്റു നടന്നപ്പോഴാണ്. ബാബുവും സുഹൃത്തും മണപ്പുറത്ത് കുലുക്കിസർബത്തിന്റെ കച്ചവടം നടത്താൻ വന്നതായിരുന്നു. ഹനാനുമായി ചേർന്ന് ബാബു ആദ്യം ബജി വിൽപ്പന നടത്തി. പിന്നീട് മീൻവിൽപ്പനയിലേക്ക് തിരിഞ്ഞു.

ആലുവയിൽ വാടകയ്ക്കു താമസിക്കുമ്പോൾ ഹനാനിന്റെ ഒപ്പം അമ്മയുണ്ടായിരുന്നു. പിന്നീട് അവർ താമസം കുസാറ്റിന്റെ പരിസരത്തേക്കു മാറ്റി. ഒടുവിൽ വാടക കൂടുതലായതിനാൽ മാടവനയിലേക്ക് താമസം മാറ്റി. ''ഒരു ഗതിയും പരഗതിയുമില്ലാതിരുന്ന കുട്ടിയായിരുന്നു, കലാഭവൻ മണി സഹായിക്കുന്നതിനെപ്പറ്റിയെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്'' -ബാബു പറയുന്നു.

മീനെടുക്കാൻ അതിരാവിലെ പോകുന്ന പെൺകുട്ടിയെ ഓർത്ത് ഓട്ടോ ഡ്രൈവർ

ഹനാനുവേണ്ടിയാണ് ഷിജു എന്ന ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടം അതിരാവിലെയാക്കിയത്. ആ പെൺകുട്ടിയെ സഹായിക്കാൻ വേണ്ടിയായിരുന്നു ഇത്. ആദ്യദിനം ചമ്പക്കര മാർക്കറ്റിൽനിന്ന് തമ്മനംവരെ മീൻ എത്തിച്ചു നൽകണം എന്ന് ഹനാൻ അഭ്യർത്ഥിച്ചു. സൈക്കിൾകൂടി വാഹനത്തിൽ കയറ്റണം എന്നും പറഞ്ഞു. ഇതനുസരിച്ച് ഹനാനെയും കയറ്റി ഷിജു തമ്മനം ജങ്ഷനിലേക്ക്. ഇതിനിടെ ഷിജു എന്തിനാണ് കച്ചവടം നടത്തുന്നതെന്ന് ചോദിച്ചപ്പോൾ പഠിക്കാനാണെന്ന് മറുപടി കിട്ടി. നാളെയും വരാമോ എന്ന് ഹനാൻ അഭ്യർത്ഥിച്ചതിനെ തുടർന്ന് അതുവരെ ആറുമണിക്ക് ഓട്ടംപോയിരുന്ന ഷിജു പിന്നീടുള്ള ദിവസം ഹനാനുവേണ്ടി അഞ്ചുമണിക്ക് മാർക്കറ്റിലെത്തി. ഇതിനിടെ ഹനാനുമായി സംസാരിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ ഷിജു അറിയുന്നത്. അനിയനെ പഠിപ്പിക്കണമെന്നും അമ്മയെ നോക്കണമെന്നും ഡോക്ടറാക്കണമെന്നും ഹനാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ഷിജു പറഞ്ഞു.

വിമർശകർക്ക് അറിയുമോ അവളുടെ കഷ്ടപ്പാട്

''ഉമ്മയ്ക്കു മരുന്ന്, അനിയന്റെ പഠിപ്പ് ഇവയെല്ലാം ഹനാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ടാണ് നടത്തുന്നത്. വിമർശിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടല്ലോ. ഹനാൻ ജീവിച്ചു പോയ്ക്കോട്ടെ''- ഹനാൻ ഇപ്പോൾ താമസിക്കുന്ന മാടവനയ്ക്കു സമീപമുള്ള വീടെടുത്തുകൊടുത്ത ദല്ലാൾ അഷ്റഫ് പറയുന്നത് ഇങ്ങനെയാണ്. ഹനാന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. എട്ടുമാസത്തോളമായി പരിചയമുണ്ട്. അമ്മയുമായി വന്നപ്പോഴാണ് വീട് എടുത്തുകൊടുത്തത്. ഹനാന്റെ ചെവിയുടെ ചികിത്സാച്ചെലവും വീട്ടുകാര്യങ്ങളും താങ്ങാനാവാതെ വന്നപ്പോഴാണ് ഉമ്മയെ തൃശ്ശൂരിലാക്കിയത്.

വൈറ്റിലയിൽ അഷ്റഫിന്റെ വീടിന്റെ അടുത്താണ് ഹനാന്റെ സുഹൃത്ത് താമസിച്ചിരുന്നത്. കൂട്ടുകാരിയുടെ ആവശ്യപ്രകാരം, ദല്ലാളായ അഷ്റഫ് ഹനാന് വീട് എടുത്തുനൽകുകയായിരുന്നു. ഒറ്റയ്ക്ക് വീട് വേണമെന്നാണ് ആവശ്യപ്പെട്ടത്. അമ്മയുടെ കൂടെ താമസിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ബിസിനസ് എന്ന ലക്ഷ്യവുമായാണ് ഇവർ എറണാകുളത്തേക്ക് എത്തുന്നത്. 3000 രൂപയാണ് ഈ വീടിന്റെ വാടക. കളമശ്ശേരിയിൽ മീൻ കച്ചവടത്തിന് കുറേ പണമിറക്കി. അവിടെ പറ്റിയില്ലെന്ന് തോന്നിയപ്പോൾ മാടവനയിൽ കച്ചവടം ചെയ്യാൻ നോക്കി. എന്നാൽ, ഇവിടെ നാല് മത്സ്യവില്പന കേന്ദ്രമുണ്ടായിരുന്നു. തുടർന്നാണ് തമ്മനം കണ്ടെത്തിയത്. ഡബ്ബിങ്ങിനും പാട്ടിനുമൊക്കെ പോകുന്നുണ്ടായിരുന്നു. പാവപ്പെട്ട ഒരു കുട്ടിക്ക് തന്നെക്കൊണ്ട് ആവുന്ന സഹായം ചെയ്തു കൊടുത്തു -അഷ്‌റഫ് പറഞ്ഞു.

അവളെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ച് സുഹൃത്തുക്കളും അദ്ധ്യാപകരും

സോഷ്യൽ മീഡിയയിൽ നുണപ്രചരണം കൊഴുത്തത്തു മുതൽ ഹനാനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയത് അവളുടെ സുഹൃത്തുക്കളും പഠിക്കുന്ന കോളേജിലെ അദ്ധ്യാപകരുമായിരുന്നു. അദ്ധ്യാപകരും സുഹൃത്തുക്കളും വിമർശകർക്ക് സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടിയുമായി രംഗത്തെത്തുകയു ചെയ്തു. കോളേജിൽ ചേർന്ന 2016 മുതൽ ഹനാനെ പരിചയമുണ്ട്. ഒരുവർഷമായി അടുത്തപരിചയം ഉണ്ട്. ഇവന്റ് മാനേജ്മെന്റ്, ആങ്കറിങ് എന്നിവ നടത്തിയാണ് ജീവിക്കുന്നതെന്ന് അറിയാം. കോളേജ് ഫീസ് കുറച്ചുതാമസിച്ചാണെങ്കിലും അടയ്ക്കാറുണ്ട്. സ്വന്തമായി അധ്വാനിച്ച് പഠിക്കുന്ന കുട്ടിയാണ്. ജൂണിൽ ക്ലാസ് തുടങ്ങിയപ്പോൾ വരാത്തകാര്യം ചോദിച്ചപ്പോഴാണ് കളമശ്ശേരിയിൽ മീൻകച്ചവടം നടത്തുന്ന കാര്യം അറിഞ്ഞത്. - അൽ അസ്ഹർ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. തോമസ് ഫ്രാൻസിസ് വ്യക്തമാക്കിയത് ഇങ്ങനെയാണ്.

ഡോക്ടറാകാൻ ആഗ്രഹിച്ച് പഠിക്കുന്ന കുട്ടിയാണ് ഹനാൻ. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് അവളെ മാനസികമായി തളർത്തരുതെന്ന് കോളേജിലെ ടൂറിസം ഡിപ്പാർട്ട്‌മെന്റ് മേധാവി പെപ്‌സിയ സ്‌നോബർ പറയുന്നു. നല്ല വസ്ത്രംധരിക്കാനും ഭക്ഷണം കഴിക്കാനും അവൾക്കും സ്വാതന്ത്ര്യമില്ലേ. മീൻകച്ചവടം നടത്താൻ ഡ്രസ് കോഡ് വേണമെന്നും മോതിരം ഇടാൻ പാടില്ലെന്നും ആരും നിയമം കൊണ്ടുവന്നിട്ടില്ല. സോഷ്യൽ മീഡിയക്കാരേ... അവളെ ജീവിക്കാൻ അനുവദിക്കൂ. ഹനാന്റെ കഷ്ടപ്പാടിനെ കുറിച്ച് പറയുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് കൂടെ താമസിക്കുന്ന മണി എന്ന പെൺകുട്ടി.

മണി തയ്യൽക്കട നടത്തുകയാണ്. താമസിക്കുന്ന വീടുതന്നെയാണ് തയ്യൽക്കടയാക്കിയത്. സഹായിയാണ് അശ്വതി. തൊട്ടുചേർന്നുള്ള കൊച്ചുമുറിയിലാണ് ഹനാൻ. മണി ചേച്ചിയോട് എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കും. മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ല. അതു പറഞ്ഞതെല്ലാം സത്യമാണ്. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ ഹനാൻ ഇവിടെ കിടന്നുറങ്ങും. ആകെ ഇവിടെ ഇരിക്കുന്നത് കോളേജ് ഇല്ലാത്ത ദിവസമാണ്. വൈകീട്ട് മൂന്ന് മണിയാകുമ്പോഴാണ് എഴുന്നേറ്റു വരിക. അതുവരെ പട്ടിണിയായിരിക്കും. നമ്മൾ നിർബന്ധിക്കണം എന്തെങ്കിലും കഴിക്കണമെങ്കിൽ'- മണി പറയുന്നു.

'രണ്ടു മാസത്തോളമായി ഇവിടെ താമസിക്കുന്നു. നല്ല കുട്ടിയാണ്. നന്നായി വർത്തമാനം പറയും. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളെ തോണ്ടി ഉണർത്തി സംസാരിക്കും. കളമശ്ശേരിയിൽ കച്ചവടം നടത്തിയിരുന്നു. അവിടെ എന്തോ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് തമ്മനത്തേക്ക് മാറുകയായിരുന്നു. ചായക്കച്ചവടം നടത്താനുള്ള പരിപാടികളും ഹനാന്റെ മനസ്സിലുണ്ട്. അതിന്റെ ഭാഗമായിട്ട് സൈക്കിളും മറ്റും വാങ്ങിയിരുന്നു. മാടവനയിൽ ഒരു പലഹാരം മാത്രം വിൽക്കുന്ന കടയുണ്ട്. അവിടെ ചായ എത്തിച്ചുകൊടുക്കാനായിരുന്നു തീരുമാനം. ഡോക്ടർ ആകണമെന്ന് എപ്പോഴും ഇവിടെ വന്നിരുന്നു പറയും. ജീവിക്കാൻ മാർഗത്തിന് വേണ്ടിയാണ് അത് ഇങ്ങനെയോരോ വഴി കണ്ടുപിടിക്കുന്നത്. അമ്മയ്ക്ക് സുഖമില്ല. അനിയനെ ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ പെരുന്നാളിന് അത് ആഹാരം പോലും കഴിക്കാതെ ഇവിടെ കിടക്കുന്നത് കണ്ടിട്ട് ഞാനാണ് അല്പം ചോറുവെച്ച് കൊടുത്തത്.' - മണി കൂട്ടിച്ചേർത്തു.

''കലാഭവന്മണിയെ കുറിച്ച് പറയാറുണ്ട്. മണിച്ചേട്ടൻ ഇവൾക്ക് പരിപാടികൾ ഒക്കെ പിടിച്ചുകൊടുത്തിരുന്നു. അവതാരക, ഡബ്ബിങ് ആർട്ടിസ്റ്റ് പണികൾ ചെയ്യുമെങ്കിലും പലരും പൈസ കൊടുക്കാതെ പറ്റിക്കും. ഇൻഡക്ഷൻ കുക്കറുണ്ടെങ്കിലും ഒന്നും വെച്ചുകഴിക്കാൻ അതിന് സമയമില്ല. രാവിലെതന്നെ മീനെടുക്കാൻ പോകും. അതുകൊണ്ട് കോളേജുള്ള സമയങ്ങളിൽ രാത്രിയോടെയാണ് കൂടണയുന്നത്. എന്നാലും കാണാൻ ഓടി വരും'' -മണിയും പറയുന്നു.

ഹനാന് മീൻ വിൽക്കാൻ കിയോസ്‌ക് പണിതു കൊടുക്കുമെന്ന് മേയർ

ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവസാനിച്ചതോടെ ഹനാന് ജോലിചെയ്ത് ജീവിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. നഗരത്തിലെ പൊതുസ്ഥലത്ത് നഗരസഭ ഹനാന് മീൻ വിൽക്കാൻ കിയോസ്‌ക് പണിതുകൊടുക്കും. ഹനാന്റെ താത്പര്യമറിഞ്ഞാകും ഇതുമായി മുന്നോട്ടു പോകുകയെന്നും മേയർ അറിയിച്ചു.

കേസെടുക്കുമെന്നായപ്പോൾ മാപ്പു പറഞ്ഞ് നൂറുദ്ദീൻ ഷെയ്ഖ്

ഹനാനെതിരെ വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖ് മാപ്പപേക്ഷയുമായി രംഗത്ത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ഷെയ്ഖ് മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഹനാനെതിരെ അധിക്ഷേപം ചൊരിഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.

വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ നൂറുദ്ദീൻ ഷെയ്ഖ് ഫേസ്‌ബുക്കിലൂടെയാണ് മാപ്പ് പറഞ്ഞത്. ഇയാൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ വാദങ്ങൾ ഫേസ്‌ബുക്കിൽ വൈറലായതോടെയാണ് ഹനാനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നത്. എന്നാൽ മാപ്പ് പറഞ്ഞ വിഡിയോ ഇയാൾ പിന്നീട് ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്തു.

പ്രചരിച്ച വ്യാജവാർത്തകൾക്ക് പിന്നിലെ സത്യംപകൽ വ്യക്തമാക്കിയതോടെ നൂറുദ്ദീനെതിരെ പ്രതിഷേധമുയർന്നു. ഇതെ തുടർന്നാണ് മാപ്പപേക്ഷയുമായി ഇയാൾ തടിതപ്പുന്നത്. താനൊരു മുസ്‌ലീം ലീഗ് പ്രവർത്തകനാണെന്നും ഇയാൾ വിഡിയോയിൽ വ്യക്തമാക്കുന്നു. ഹനാനെ നേരിട്ട് വിളിച്ച് മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇയാൾ പറയുന്നു. ഹനാനെതിരെ അധിക്ഷേപം ഉന്നയിച്ചപ്പോൾ അവൾ നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ ഇപ്പോൾ തന്റെ ഫേസ്‌ബുക്ക് പേജിൽ നടക്കുകയാണെന്നും മാന്യമായ കമന്റുകൾ ഇടണമെന്നും ഇയാൾ സോഷ്യൽ ലോകത്തോട് അഭ്യർത്ഥിക്കുന്നു.

ഹനാൻ നവരത്‌നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗസ് ഇട്ടാണ് മീൻ വിൽക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുൺ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് ഇയാൾ ഇന്നലെ വിഡിയോയിൽ പറഞ്ഞത്. ഈ തെറ്റിദ്ധാരണയാണ് ആ പാവം പെൺകുട്ടിയെ ഇന്നത്തെ ദിനം മാനസികസംഘർഷത്തിലാക്കിയത്. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും ഇയാളുടെ പേജിൽ പ്രതിഷേധം നിറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP