Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി എസ് വാഗ്ദാനം ചെയ്ത് മടങ്ങിയത് 2002ൽ; അധികം വൈകാതെ കുമാരൻ മാസ്റ്ററും ഓർമ്മയായി; 14 കൊല്ലത്തിന് ശേഷം വോട്ട് പിടിക്കാനെത്തിയ പിണറായിയും പ്രതീക്ഷകൾ നൽകി; കുടുംബത്തിനു ജപ്തി ഭീഷണിയായിട്ടും മകനു ജോലി ശരിയാക്കാനാരുമില്ല; എൻഡോസൾഫാൻ ദുരിതരുടെ വേദന ആരും കാണുന്നില്ല

വി എസ് വാഗ്ദാനം ചെയ്ത് മടങ്ങിയത് 2002ൽ; അധികം വൈകാതെ കുമാരൻ മാസ്റ്ററും ഓർമ്മയായി; 14 കൊല്ലത്തിന് ശേഷം വോട്ട് പിടിക്കാനെത്തിയ പിണറായിയും പ്രതീക്ഷകൾ നൽകി; കുടുംബത്തിനു ജപ്തി ഭീഷണിയായിട്ടും മകനു ജോലി ശരിയാക്കാനാരുമില്ല; എൻഡോസൾഫാൻ ദുരിതരുടെ വേദന ആരും കാണുന്നില്ല

രഞ്ജിത് ബാബു

കാസർഗോഡ്: ബന്ധുനിയമന വിവാദവും സ്വജനപക്ഷപാതവും കേരളരാഷ്ട്രീയത്തിലെ ചർച്ചയാവുമ്പോൾ കാസർഗോഡു നിന്ന് എൻഡോസൾഫാൻ ദുരിത ബാധിത കുടുംബത്തിന്റെ കദനകഥ. 2002 ൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാന്ദൻ കാസർഗോഡ് എന്മകജെ പഞ്ചായത്തിലെ സ്വർഗ ഗ്രാമത്തിലെത്തിയത് എൻ.കുമാരൻ മാസ്റ്റരുടെ കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകിയിരുന്നു.

എൻഡോസൾഫാൻ വിഷബാധയേറ്റ് വയറ് വീർത്ത് മരണത്തെ മുഖാമുഖം കണ്ട് കഴിയുകയായിരുന്നു കുമാരൻ മാസ്റ്റർ. കുമാരൻ മാസ്റ്റരുടെ രോഗത്തിനുള്ള ചികിത്സ ചെയ്ത് കുടുംബം കടക്കെണിയിലായ വിവരമൊക്കെ നാട്ടുകാരും കുടുംബാംഗങ്ങളും പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചു. താൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തി കുമാരൻ മാസ്റ്റരുടെ മകൻ അജിത്തിന് സർക്കാർ ജോലി നേടിത്തരാമെന്ന് അച്യുതാനന്ദൻ അറിയിക്കുകയും ചെയ്തു. അല്പകാലം കഴിയും മുമ്പ് കുമാരൻ മാസ്റ്റർ മരണപ്പെടുകയും ചെയ്തു.

കുമാരൻ മാസ്റ്റർ മരിച്ചിട്ട് 14 വർഷം കഴിഞ്ഞു. വി എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും ഈ വാഗാദാനം നിറവേറ്റപ്പെട്ടില്ല. നിവേദനങ്ങളേറെ സമർപ്പിച്ചെങ്കിലും ജോലി വാഗ്ദാനം ഇന്നും ജലരേഖയായി അവശേഷിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലം ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇതേ വീട്ടിലെത്തി. നവകേരള യാത്രയുടെ ഭാഗമായാണ് എൻഡോസൾഫാൻ ബാധിതരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചത്.

അങ്ങനെ കുമാരൻ മാസ്റ്റരുടെ വീട്ടിലും പിണറായി എത്തി. കുമാരൻ മാസ്റ്റരുടെ ഭാര്യ ചന്ദ്രാവതിയോട് ഞാൻ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു പിണറായിയുടെ ചോദ്യം. താങ്കളുടെ നേതാവുകൂടിയായ വി എസ്. അച്യുതാനന്ദൻ നൽകിയ വാഗ്ദാനം പാലിച്ചാൽ മതിയെന്നായിരുന്നു അവരുടെ മറുപടി. എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് വാഗ്ദാനം നൽകി പടിയിറങ്ങി.

പിണറായി മുഖ്യമന്ത്രിയായി. എന്നാൽ ഇപ്പോഴും വി എസ്. അച്യുതാനന്ദൻ മുതൽ പിണറായി വരെയുള്ളവരുടെ വാഗ്ദാനം മാത്രം നടപ്പായില്ല. അജിത്തിനുള്ള ജോലി വാഗ്ദാനം മരീചികയായി തുടരുകയാണ്. അച്ഛന്റെ രോഗകാഠിന്യം മൂലം മംഗലാപുരത്ത് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കാതെ പാതി വഴിക്ക് വീട്ടിലെത്തേണ്ടി വന്നവനാണ് അജിത്ത്.

കടക്കെണിയിൽ കുടുങ്ങിയ ഈ കുടുംബം സ്വസ്ഥതയോടെ ഉറങ്ങിയിട്ട് കാലമേറെയായി. സാമൂഹ്യനീതി വകുപ്പിൽ നിന്നും 5 ലക്ഷം രൂപ എൻഡോസൾഫാൻ ബാധിതർക്ക് ധനസഹായം അനുവദിച്ചിരുന്നു. യു.ഡി.എഫിന്റേയും എൽ.ഡി.എഫിന്റേയും ഭരണകാലങ്ങളിൽ 3.5 ലക്ഷം രൂപയാണ് അവർക്ക് ഇതുവരെയായി ലഭിച്ചത്. അതുപോലും തികച്ച് നൽകാൻ എൻഡോസൾഫാന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന നേതാക്കൾ ഭരിച്ചപ്പോഴും കഴിഞ്ഞില്ല.

കുമാരൻ മാസ്റ്റരുടെ ചികിത്സക്കു വേണ്ടി വായ്പയെടുത്തും മറ്റും ചിലവഴിച്ച തുകയ്ക്ക് ജപ്തി നോട്ടീസടക്കം വന്നു കൊണ്ടിരിക്കയാണ്. എന്നിട്ടും ജോലി വാഗ്ദാനം നടപ്പാവുന്നില്ല. ആരിൽ നിന്നും ഒരു മറുപടി പോലും ലഭിക്കുന്നില്ല; അജിത്ത് പറയുന്നു. കാസർഗോഡ് ജില്ലക്കാരനായ റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഈ കുടുംബത്തിന്റെ ദുരിത കഥ അറിയാം. എന്നാൽ ഈ കുടുംബത്തിനെ കൈപിടിച്ചുയർത്താൻ ഒരു സർക്കാർ നടപടിയും ഉണ്ടാകുന്നില്ല.

ഡ്രൈവർ തസ്തികയിൽ പി.എസ്.സി. നടത്തിയ പരീക്ഷയിൽ 73 ാം റാങ്കുകാരനാണ് അജിത്ത്. 35 വയസ്സ് പൂർത്തിയാകാൻ ഇനി മാസങ്ങൾ മാത്രമേ ഉള്ളൂ വെന്ന ചിന്ത അജിത്തിനെ വേട്ടയാടുകയാണ്. ജീവിക്കാനായി വാഗ്ദാനം ചെയ്ത തൊഴിലെങ്കിലും തന്ന് തങ്ങളെ രക്ഷപ്പെടുത്തണമെന്നാണ് അമ്മ ചന്ദ്രവതിയും മകനും സർക്കാറിനോട് ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP