Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈറ്റ വെട്ടാൻ കൂപ്പുകൾ ലേലത്തിൽ പിടിച്ച് തുടക്കം; തോട്ടങ്ങളും പാറമടകളും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുമായി പിന്നീട് കാട്ടുരാജാവ് നാട്ടിലെ വാഴുന്നോരായി; സുധീരനെ പിണക്കി ഉമ്മൻ ചാണ്ടി സംരക്ഷിക്കുന്ന കരുണ എസ്റ്റേറ്റ് കൈവശം വെക്കുന്ന പോബ്‌സ് ഗ്രൂപ്പിന്റെ കഥ

ഈറ്റ വെട്ടാൻ കൂപ്പുകൾ ലേലത്തിൽ പിടിച്ച് തുടക്കം; തോട്ടങ്ങളും പാറമടകളും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുമായി പിന്നീട് കാട്ടുരാജാവ് നാട്ടിലെ വാഴുന്നോരായി; സുധീരനെ പിണക്കി ഉമ്മൻ ചാണ്ടി സംരക്ഷിക്കുന്ന കരുണ എസ്റ്റേറ്റ് കൈവശം വെക്കുന്ന പോബ്‌സ് ഗ്രൂപ്പിന്റെ കഥ

ശ്രീലാൽ വാസുദേവൻ

പാലക്കാട്: യുഡിഎഫ് സർക്കാറിന്റെ കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കിയിരിക്കേയാണ് പാലക്കാട് നെല്ലിയാമ്പതിയുള്ള പോബ്‌സൺ ഗ്രൂപ്പിന്റെ കരുണ എസ്റ്റേറ്റ് കരമടയ്ക്കാൻ സർക്കാർ അനുമതി നൽകിത്. മുൻ സർക്കാർ മടിച്ചിരുന്ന കാര്യം ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യാതൊരു മടിയുമില്ലാതെയാണ് നൽകിയരിക്കുന്നത്. സർക്കാറിന്റെ ഈ നടപടിയെ പരസ്യമായി ചോദ്യം ചെയ്ത് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വിട്ടുവീഴ്‌ച്ചക്കില്ലെന്ന് പറഞ്ഞ് കടുംപിടുത്തത്തിലാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രി അടൂർ പ്രകാശും. മറ്റ് നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും കരുണ എസ്റ്റേറ്റ് വിഷയത്തിൽ മാത്രം കടുംപിടിത്തം തുടരാൻ മാത്രം സർക്കാറിനെ പ്രേരിപ്പിച്ച ഘടകം എന്താണ്. അതിസമ്പന്നരായ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ സ്വാധീനം തന്നെയാണ് ഇതിലെന്നത് വ്യക്തമാണ്.

ഇടതായാലും വലതായാലും തങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയക്കാരെ ഫലപ്രദമായി ഉപയോഗിക്കുന്ന വിധത്തിൽ ശക്തരാണ് പോബ്‌സൺ ഗ്രൂപ്പ്. സംസ്ഥാനത്തെ അധികാരം കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഈ ഗ്രൂപ്പിന്റെ കഥ തുടങ്ങുന്നത് കാട്ടിൽ നിന്നാണ്. സർക്കാരിന്റെ ഈറ്റവെട്ടാനുള്ള അനുവാദവും ലേലത്തിൽ പിടിച്ച കൂപ്പുമായി വനത്തിലുള്ളിലേക്ക് കടന്ന തിരുവല്ല കുറ്റൂർ സ്വദേശി പി.എ. ജേക്കബ് എന്ന ക്‌നാനായ (യാക്കോബായ)കത്തോലിക്കൻ പിന്നീട് വളർന്നു പടർന്നു പന്തലിച്ച് മധ്യതിരുവിതാംകൂറിലെ അതിസമ്പന്നനാകുന്നതാണ് കണ്ടത്.

കാട്ടിൽനിന്ന് ഈറ്റയ്‌ക്കൊപ്പം കണക്കിൽപ്പെടാത്ത തടിയും വെട്ടിക്കടത്തിയതാണ് ജേക്കബിന്റെ ഉയർച്ചയ്ക്ക് പിന്നിലെന്ന് നാട്ടുകാർ പറയും. പശുവിനെ വളർത്തിയും പാലു വിറ്റുമൊക്കെ ജീവിച്ചിരുന്ന വെറുമൊരു സാധാരണക്കാരനായ ജേക്കബിന്റെ പെട്ടെന്നുള്ള വളർച്ച നാട്ടുകാർ അന്തം വിട്ടു കണ്ടു നിന്നു. കോന്നി വനമേഖലയിൽ നിന്ന് ഈറ്റയും കോന്നി, പുനലൂർ, റാന്നി റേഞ്ചുകളിലെ കൂപ്പുകളും ലേലം കൊണ്ട് ജേക്കബിന്റെ വളർച്ച ശരവേഗത്തിലായിരുന്നു.

വിദേശത്തുള്ള സഹോദരന്റെ മുതൽ മുടക്കിലാണ് ജേക്കബ് തടി-ഈറ്റക്കച്ചവടത്തിന് ഇറങ്ങിയത്. ജേക്കബ് തഴച്ചപ്പോൾ സഹോദരങ്ങൾ തളർന്നു. അടിവച്ചടിവച്ച് ജേക്കബ് ക്‌നാനായ സമുദായത്തിലെ വമ്പൻ പണക്കാരനായി. അതോടെ പി.എ. ജേക്കബ് ആൻഡ് സൺസ് എന്ന പോബ്‌സ് ഗ്രൂപ്പ് ഉദയം ചെയ്തു. 1962 -ലായിരുന്നു ഇത്. കുറ്റൂരിലെ തറവാട് വീടിനോടുചേർന്ന് ആസ്ഥാനമന്ദിരം പണിതു. പിന്നെ ക്വാറി-തോട്ടം മേഖലയിലേക്ക് കടന്നു. ഇതോടെ പോബ്‌സണിനെ പിടിച്ചാൽ കിട്ടാതായി. നദികളിലെ മണൽവാരൽ നിയന്ത്രണാതീതമാകുകയും പിൽക്കാലത്ത് മണൽ വാരലിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്‌തോടെ പി.എ. ജേക്കബ് എന്ന അതികായന്റെ ബുദ്ധി കൃത്രിമമണൽ നിർമ്മാണം എന്ന ആശയത്തിലേക്ക് കടന്നു.

കേരളത്തിൽ ആദ്യമായി എം. സാൻഡ് നിർമ്മാണം തുടങ്ങിയത് പോബ്‌സൺ ആയിരുന്നു. മണലിന് പകരം എം. സാൻഡും തേപ്പുമണലിന് പകരം പി. സാൻഡും പോബ്‌സൺ ഉൽപാദിപ്പിച്ചു പുറത്തിറക്കി. പിന്നീട് പല ക്രഷർ യൂണിറ്റുകൾ വന്നിട്ടും പോബ്‌സണിന്റെ പാറമണലിന് ഇന്നും ആവശ്യക്കാർ ഏറെയാണ്. ഇപ്പോൾ ബുക്ക് ചെയ്താൽ മാസങ്ങൾ കഴിഞ്ഞേ മണൽ കിട്ടൂ. പോബ്‌സ് എസ്റ്റേറ്റ്, ഓർഗാനിക് പ്രൊഡക്ട്‌സ്, എക്‌പോർട്‌സ്, എൻവിറോടെക്, ബയോടെക്, പ്ലാന്റേഷൻസ്, മുനിസിപ്പൽ ഖരമാലിന്യ സംസ്‌കരണം തുടങ്ങി പോബ്‌സ് ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖലകളില്ല.

പണവും പത്രാസും വന്നതോടെ പി.എ. ജേക്കബിനെ ക്‌നാനായ സഭയും കൈയിലെടുത്തു. സഭയുടെ ട്രസ്റ്റിയായും മറ്റ് ഉന്നതപദവികളിലും വിരാജിച്ച അദ്ദേഹത്തിന് ഷെവലിയാർ പട്ടവും നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വാരിക്കോരി കൊടുക്കുന്നയാളായിരുന്നു ജേക്കബ്. അതുകൊണ്ടു തന്നെയാണ് എൽ.ഡി.എഫിന്റെ കാലത്ത് റവന്യുമന്ത്രിമാരായിരുന്ന കെ.ഇ. ഇസ്മയിൽ, കെ.പി. രാജേന്ദ്രൻ എന്നിവരുടെ സഹായം പോബ്‌സ് ഗ്രൂപ്പിന് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വം പോബ്‌സന്റെ കൈയിലുണ്ടായിരുന്ന തുത്തമ്പാറ എസ്റ്റേറ്റ് പാട്ടക്കാലാവധി അവസാനിച്ചപ്പോൾ സർക്കാരിലേക്ക് തിരികെപ്പിടിച്ചു.

ഇതു വിട്ടുകിട്ടാൻ പോബ്‌സ് ഗ്രൂപ്പ് പഠിച്ച പണി പതിനെട്ടും നോക്കി. എൽ.ഡി.എഫിന്റെ തലപ്പത്തു നിന്ന് നിരന്തര സമ്മർദം ഉണ്ടായിട്ടും പോബ്‌സണിന് അനുകൂലമായ നിലപാട് എടുക്കാൻ ബിനോയി വിശ്വം തയാറായില്ല. കണ്ണിലെ കരടായി മാറിയ ബിനോയ് വിശ്വത്തെ വെട്ടാൻ സർക്കാരിനെതിരേ വെളിപ്പെടുത്തലുകൾ നടത്താൻ വരെ അന്ന് പി.എ. ജേക്കബ് തയാറായിരുന്നു. അഞ്ചു വർഷം മുമ്പ് പി.എ. ജേക്കബ് മരിച്ചു. രണ്ടാൺമക്കളാണ് ഇപ്പോൾ പോബ്‌സ് ഗ്രൂപ്പിന്റെ തലപ്പത്തുള്ളത്.

കരുണ പ്ലാന്റേഷൻസിന്റെ ചരിത്രം പരിശോധിച്ചാൽ ബ്രിട്ടീഷ് കാലം വരെ പോകേണ്ടതായി വരും. പാലക്കാട് ജില്ലയിലെ ചിറ്റുർ താലൂക്കിലെ നെല്ലിയാമ്പതി മലനിരകളിലാണ് കരുണ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കുന്നിന്മുകളിൽ അതിസമൃദ്ധമായ കന്യാവനങ്ങളാണ് ഇതിന്റെ പ്രത്യേകത. അനുകൂലകാലാവസ്ഥയും പ്രകൃതി രമണീയതയും വിളകൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നു. യഥാർഥത്തിൽ നെല്ലിയാമ്പതി മലനിരകൾ കൊല്ലങ്കോട് വേങ്ങുനാട് കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. പിന്നീട് ഇവർ ഇത് സർക്കാരിന് പാട്ടത്തിന് കൊടുത്തു. മക്കൻസി, ഹോംസ് എന്നീ രണ്ടു ബ്രിട്ടീഷുകാർക്ക് 1889 ൽ ഇത് പാട്ടത്തിന് നൽകി. 1896 ൽ അവർ തങ്ങളുടെ പാട്ട അവകാശം അമാൽഗമേറ്റഡ് ടീ കമ്പനിക്ക് കൈമാറി.

പിന്നീടിത് അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റായി. നീലകണ്ഠ അയ്യർ എന്നൊരാളായിരുന്നു ഉടമസ്ഥൻ. തോട്ടം അദ്ദേഹത്തിന്റെ കൈയിലായതോടെ ഇവിടം സീതാർഗുണ്ഡ് എന്ന് അറിയപ്പെടാൻ തുടങ്ങി. പിന്നീട് ഇദ്ദേഹം ഈ മേഖല ചെറിയ ഭാഗങ്ങളാക്കി പലർക്ക് മുറിച്ചു വിറ്റു. 1969 ൽ എൻ.ജെ. ജോസഫ് എന്നയാൾ ഒരു ഭാഗം വാങ്ങി. ഇതാണിപ്പോൾ വിവാദമായിട്ടുള്ള കരുണ പ്ലാന്റേഷൻസ്. 1988 ൽ എൻ.ജെ. ജോസഫിൽ നിന്നാണ് പോബ്‌സ് ഗ്രൂപ്പ് എസ്റ്റേറ്റ് വാങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP