Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജേശ്വരിയുടെ ദുരിതം ഉമ്മൻ ചാണ്ടിയും തരംപോലെ മറന്നു; ദുരിതക്കയത്തിൽ രാജേശ്വരിയും അമ്മയും; സൗന്ദര്യം പോയതോടെ ഭർത്താവും ഉപേക്ഷിച്ച രാജേശ്വരിക്ക് സ്വന്തം കുഞ്ഞിനെ ഒന്നു കാണണം

രാജേശ്വരിയുടെ ദുരിതം ഉമ്മൻ ചാണ്ടിയും തരംപോലെ മറന്നു; ദുരിതക്കയത്തിൽ രാജേശ്വരിയും അമ്മയും; സൗന്ദര്യം പോയതോടെ ഭർത്താവും ഉപേക്ഷിച്ച രാജേശ്വരിക്ക് സ്വന്തം കുഞ്ഞിനെ ഒന്നു കാണണം

തിരുവനന്തപുരം: മാരകരോഗങ്ങൾക്ക് ഇരകളായ മനുഷ്യരെ കുറിച്ചുള്ള വാർത്തകൾ പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ളതാണ് . ഇത്തരം വാർത്തകൾ വായിക്കുമ്പോൾ സർക്കാരും വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന വാഗ്ദാനങ്ങൾ പലപ്പോഴും വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുമ്പോൾ നഷ്ടപ്പെടുന്നത് രാജേശ്വരിയെ പോലെ, മാരകരോഗത്തിന്റെ നീരാളികൈകളിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന നിർദ്ധരരായ രോഗികളുടെ പ്രതീക്ഷകൾ കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഭഗവതിപുരം ഗ്രാമത്തിൽ കരിനെല്ലിയോട് കോളനിയിൽ രാജലക്ഷ്മിയുടെ ദുരിതജീവിതം 'മറുനാടൻ മലയാളി'യിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. വാർത്ത വന്നതിനു ശേഷം സർക്കാരും വ്യക്തികളും സ്ഥാപനങ്ങളും നേരിട്ടും അല്ലാതെയും വാഗ്ദാനങ്ങളുടെ പെരുമഴയാണ് നടത്തിയത്. അതേസമയം രാജേശ്വരിയുടെ ചികിത്സയ്ക്ക് ഒരു കൈ സഹായം നൽകിയവരെയും ഈ കുടുംബം വിസ്മരിക്കുന്നില്ല.

നിർദ്ധന കുടുംബത്തിൽ ജനിച്ച രാജേശ്വരിയുടെ ജീവിതത്തിലേക്ക് സുരേഷ് എന്ന ചെറുപ്പക്കാരൻ എത്തിയതോടെ സന്തോഷകരമായ ഒരു കുടുംബത്തിന്റെ ശുഭാരംഭം ആയിരുന്നു. എന്നാൽ വളരെ പെട്ടെന്നായിരുന്നു ആ കുടുംബത്തിന്റെ സന്തോഷത്തിലേക്ക് രോഗം ഇരുൾ പരത്തിയത്. ഭർത്താവും മകനുമൊത്ത് സന്തോഷത്തോടെ രാജേശ്വരി കഴിയുന്നതിനിടെ, രാവിലെ കടയിൽ പോയി വന്ന രാജേശ്വരി ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയുമായിരുന്നു. വീട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നും ശ്രീചിത്രാ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്ന അപൂർവ്വരോഗമാണെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ വിധിയെഴുതി. വലതുവശം തളർന്നെങ്കിലും ചെറിയ രീതിയിൽ ശരീരത്തിന് ചലനം ഉണ്ടായിരുന്നു.

തുടർന്ന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ പക്ഷാഘാതം അവളെ എല്ലുംതോലും മാത്രമാക്കി. രോഗം വഷളായി സൗന്ദര്യം ഒക്കെ ക്ഷയിച്ചപ്പോൾ എന്നു കാത്തുസൂക്ഷിക്കാൻ ദൈവം ഒരുമിപ്പിച്ച ഭർത്താവ് രാജേശ്വരിയെ വീട്ടിൽ കൊണ്ടാക്കി മടങ്ങി. മൂന്നു വർഷം സന്തോഷത്തോടെ കഴിയുകയും ഒരു കുഞ്ഞിന്റെ അമ്മയാകുകയും ചെയ്ത ഓർമ്മകളാണ് രാജേശ്വരിയുടെ കണ്ണു നനയിക്കുന്നത്. 25ാം വയസ്സിൽ രോഗം തളർത്തിയ രാജേശ്വരി ഒരു വർഷമായി ഒരേ കിടപ്പാണ്. എന്നും കൂടെയുണ്ടായകുമെന്ന കരുതിയ ഭർത്താവ് ഉപേക്ഷിച്ചതിലുപരി, നൊന്തുപെറ്റ മകൻ അഭിമന്യുവിനെ തന്നിൽ നിന്ന് അകറ്റിയ ഭർത്താവിന്റെ ക്രൂരതയെ കുറിച്ച് രാജേശ്വരി പറയുന്നത് തോരാത്ത കണ്ണീർ കൊണ്ടാണ്. അയൽപക്കത്തെ കുട്ടികളെ കണ്ടാൽ പിന്നെ തോരാത്ത കണ്ണീരാണ്.

കഴിഞ്ഞ വർഷം മെയ് മാസം 3ാം തീയതി ഉച്ചയ്ക്ക് ഊണും കഴിച്ച് ഉറങ്ങാൻ കിടന്ന രാജേശ്വരിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ശരീരം മുഴുവൻ തളർന്ന് കിടക്കുന്ന രാജേശ്വരിയെയാണ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേശ്വരിയുടെ ചലനശേഷി വീണ്ടെടുക്കാൻ ഡോക്ടർമാർക്കും കഴിഞ്ഞില്ല. പൂർണമായും ചലനശേഷി നഷ്‌പ്പെട്ട രാജേശ്വരിയുടെ ചികിത്സാ ചെലവുകൾക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീടങ്ങോട്ട് അമ്മ മീനാക്ഷിയമ്മയുടേയും അനിയന്റെയും. ചേച്ചിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പഠനം നിർത്തി കൂലിപ്പണിക്കു പോകുകയാണ്.

അതിനിടെ ഇടിത്തീ പോലെയാണ് രാജേശ്വരിയുടെ വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ്. രാജേശ്വരിയുടെ വിവാഹസമയത്ത് പിന്നോക്ക വിഭാഗ വികസന കോർപറേഷനിൽ നിന്ന് എടുത്ത 25000 രൂപയിൽ 19000 രൂപ അടച്ചെങ്കിലും ചികിത്സാ ചെലവ് താങ്ങാനാകാത്ത സാഹചര്യത്തിൽ ബാക്കി തുക അടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ബാക്കി തുക കൂടി അടയ്ക്കണമെന്നാണ് 'വികസന കോർപറേഷന്റെ ' നിലപാട്. 'സർക്കാർ എന്റെ കിടപ്പാടം കൊണ്ടുപോയാലും എനിക്ക് പ്രശ്‌നമില്ല. എന്റെ മകൾ ഒന്ന് എഴുന്നേറ്റ് നടന്നാൽ മതിയായിരുന്നു. എന്തിനാണ് ദൈവം എന്റെ മോളോട് ഇങ്ങനെ ചെയ്തത്?' അമ്മ ഇത് മാത്രമാണ് ചോദിക്കുന്നത്.

ഇനി സർക്കാർ നിലപാട്

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും രണ്ടു തവണ പോയി കണ്ടിരുന്നു. രാജേശ്വരിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ചെലവുകളും വീട്, കിണർ എന്നിവയും വാഗ്ദാനം ചെയ്തു. എന്നാൽ നാളിതു വരെ സർക്കാരിന്റെ വാഗ്ദാനങ്ങളൊന്നും പോലും ഈ കുടുംബത്തിന് ഉപകാരപ്പെട്ടില്ല. ചികിത്സാ ചെലവിന് അമ്പതിനായിരത്തിലധികം രൂപ ആവശ്യമുള്ള രാജേശ്വരിക്ക് സർക്കാർ മാസം നൽകുന്നത് 250 രൂപയാണ്.

രാജേശ്വരിയുടെ അമ്മ മീനാക്ഷിയമ്മ വിധവാ പെൻഷൻ അനുവദിച്ചത് അടുത്തിടെ ആണ്. ആറു മാസം കൂടുമ്പോൾ 3500 രൂപ. രോഗത്തിന്റെയും രോഗികളുടേയും പേരു പറഞ്ഞ് വിൽക്കുന്ന കാരുണ്യ ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ സർക്കാർ കൈവശം ഉള്ളപ്പോഴാണ് ഈ ഉദാരസമീപനം. പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുന്നതു കൊണ്ട് മറ്റ് അസുഖങ്ങളും രാജേശ്വരിക്ക് പിടിപെട്ടതോടെ വിളപ്പിൽ ശാലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. അരുവിക്കര പഞ്ചായത്ത് വീടും കിണറും നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഈ കുടുംബം പുറത്ത്. എത്രനാൾ ബന്ധുക്കൾക്കൊപ്പം കഴിയാനാകും എന്ന ആശങ്കയിലാണ് അമ്മ മീനാക്ഷിയമ്മ.

ചികിത്സ

നിലവിൽ ആർ.സി.സിയിലെ ഡോ. ഷൈലജയുടെ ചികിത്സയിലാണ് രാജേശ്വരി. ഇതിനോടൊപ്പം ചലനശേഷി് വീണ്ടെടുക്കാനുള്ള ആയുർവേദ ചികിത്സ അടുത്തു തന്നെ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അമ്മ മീനാക്ഷി അമ്മയും അനിയനും. രാജേശ്വരിയുടെ കഥകൾ അറിഞ്ഞ് ചികിത്സാ ചെലവ് വഹിക്കാമെന്ന ് ഏറ്റ ചാരിറ്റബൾ ട്രസ്റ്റുകളും ഈ നിർദ്ധന കുടുംബത്തെ മറന്നു. നേരത്തെ ആയുർവേദ ചികിത്സ നൽകിയതിന്റെ ഫലമായി രാജേശ്വരിയിൽ മാറ്റങ്ങൾ ഉണ്ടായി. ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട രാജേശ്വരിക്ക് ഇപ്പോൾ ഇടതുകൈ അല്പം അനക്കാൻ കഴിയുന്നുണ്ട്. ആയുർവ്വേദ ചികിത്സക്ക് മാത്രമായി ഏകദേശം 1,70,000 രുപ ഇതുവരെ ചെലവായി. അതോടോപ്പം ശ്രീചിത്രയിലെ ചികിത്സയും നടത്തുന്നണ്ട്. ഒരു ഇൻജക്ഷനു മാത്രമായി 18,000 രൂപ വേണം. മറ്റ് മരുന്നുകളുടെ ചെലവ് വേറെ. ചികിത്സയുടെ ഭാരിച്ച ചെലവ് താങ്ങാൻ ഈ പാവം മാതാവിന് കഴിയുന്നില്ല.

വാഗാദാനം ചെയ്തവർ അക്കാര്യം വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കിയതോടെ മകളെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാൻ കഴിയുമെന്ന മീനാക്ഷിയമ്മയുടെ പ്രതീക്ഷകൾക്കാണ് തിരിച്ചടിയായത്. ഇവരെ സഹായിക്കാനായി മീനാക്ഷിയമ്മയുടെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ വെള്ളനാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബാങ്കിൽ ചെന്ന് ഈ അക്കൗണ്ട് നമ്പരും ഞങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. നല്ലവരായ വായനക്കാർ കഴിയുന്നത്രയും സഹായം ഈ കുടുംബത്തിന് നല്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഈ അക്കൗണ്ടിൽ ഞങ്ങൾക്ക് യാതൊരു വിധ നിയന്ത്രണവും ഇല്ലാത്തതിനാൽ പണം നല്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ നല്കണമെന്ന് അപേക്ഷിക്കുന്നു. അക്കൗണ്ട് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Account number: 40082200112275.

MEENAKSHIAMMA V
SYNDICATE BANK
VELLANAD Branch
Thiruvananthapuram, 695 543
IFSC Code: SYNB0004008

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP