Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ച് ആദ്യം ശ്രദ്ധ നേടി; കനേഡിയൻ ഡോക്ടറെയും ജർമൻകാരനെയും ഓസ്‌ട്രേലിയൻ പൗരനെയും മോചിപ്പിച്ചും മിഡിൽ ഈസ്റ്റിൽ രക്ഷക കിരീടം ഉറപ്പിച്ചു; പൂനയിൽ പഠിച്ചപ്പോൾ മുതൽ ഇന്ത്യയോട് ഇഷ്ടം; സമാധാന സമ്മാനത്തിന് പോലും പരിഗണിക്കേണ്ട അപൂർവ വ്യക്തിത്വത്തിന് ഉടമയായ ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദിന്റെ കഥ

ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ച് ആദ്യം ശ്രദ്ധ നേടി; കനേഡിയൻ ഡോക്ടറെയും ജർമൻകാരനെയും ഓസ്‌ട്രേലിയൻ പൗരനെയും മോചിപ്പിച്ചും മിഡിൽ ഈസ്റ്റിൽ രക്ഷക കിരീടം ഉറപ്പിച്ചു; പൂനയിൽ പഠിച്ചപ്പോൾ മുതൽ ഇന്ത്യയോട് ഇഷ്ടം; സമാധാന സമ്മാനത്തിന് പോലും പരിഗണിക്കേണ്ട അപൂർവ വ്യക്തിത്വത്തിന് ഉടമയായ ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

യെമനിൽ നീണ്ട 550 ദിവസങ്ങളായി ഭീകരരുടെ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഫാദർ ടോം ഉഴുവനാലിനെ രക്ഷിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദിനെ വാനോളം പുകഴ്‌ത്താൻ ലോക മാധ്യമങ്ങൾ ഇപ്പോൾ മത്സരിക്കുകയാണ്. ഉഴുവനാലിനെ മോചിപ്പിക്കുന്നതിന് മുമ്പ് തന്നെ സമാനമായ ഒട്ടേറെ നീക്കങ്ങൾ നടത്തി കൈയടി വാങ്ങിയിട്ടുള്ള സുൽത്താനാണിത്.

ഉദാഹരണമായി ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ചായിരുന്നു ഇദ്ദേഹം ആദ്യം ശ്രദ്ധ നേടിയിരുന്നത്. പിന്നീട് കനേഡിയൻ ഡോക്ടറെയും ജർമൻകാരനെയും ഓസ്‌ട്രേലിയൻ പൗരനെയും മോചിപ്പിച്ചും സുൽത്താൻ മിഡിൽ ഈസ്റ്റിൽ തന്റെ രക്ഷകകീരീടം ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയോട് ഏറെ ഇഷ്ടം പുലർത്തുന്ന ആളാണ് ഖബൂസ്. പൂനയിൽ പഠിക്കാനെത്തിയപ്പോഴാണ് ഈ ഇഷ്ടം തുടങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ സമാധാന സമ്മാനത്തിന് പോലും പരിഗണിക്കേണ്ട അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് സുൽത്താൻ. ഉഴുവനാലിനെ മോചിപ്പിക്കാൻ യെമനും ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയത്തിനുമിടയിൽ നടന്ന ചർച്ചകൾക്കിടയിൽ മധ്യവർത്തിയായി നിന്നിരുന്നത് സുൽത്താനായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇറാനിലെ ജയിലിലായ മൂന്ന് അമേരിക്കൻ ഹൈക്കർമാരെയായിരുന്നു സുൽത്താൻ ഇത്തരത്തിൽ ആദ്യമായി മോചിപ്പിച്ചിരുന്നത്.

ഇറാനിൽ ജയിലിലായ കനേഡിയൻ ഡോക്ടറായ ഹോമ ഹൂഡ്ഫാറിനെയായിരുന്നു സുൽത്താന്റെ ശ്രമത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോചിപ്പിക്കപ്പെട്ടിരുന്നത്. യെമനിലെ റിബലുകൾ തട്ടിക്കൊണ്ട് പോയ ജർമൻകാരനെയും ഓസ്‌ട്രേലിയക്കാരനെയും മോചിപ്പിക്കാനും മുന്നിട്ടിറങ്ങിയത് ഖബൂസ് ബിൻ തന്നെയായിരുന്നു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയ പരമായും ഏറെ വെല്ലുവിളികൾ നിലനിൽക്കുന്ന പ്രദേശത്ത് അപൂർവവ്യക്തിത്വത്തിന് ഉടമയായ ഭരണാധികാരിയായി നിലകൊള്ളുന്നുവെന്നതാണ് സുൽത്താനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. സമാധാനത്തിനുള്ള ഏത് ശ്രമത്തിന് മുന്നിട്ടിറങ്ങാൻ മടികാണിക്കാത്ത സുൽത്താനാണിത്.

ചിരവൈരികളായ ഇറാനെയും യുഎസിനെയും ഒരു മേശക്ക് ചുറ്റും ഇരുത്തിയ നയചാതുര്യം

ദീർഘകാലം പരസ്പര വൈരികളായി നിലകൊണ്ടിരുന്ന ഇറാനെയും യുഎസിനെയും ചർച്ചകൾക്കായി ഒരു മേശയ്ക്ക് സമീപം കൊണ്ടു വരുന്നതിലും സുൽത്താൻ നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഈ ചർച്ചകളുടെ പുരോഗതിയുടെ മൂർധന്യാവസ്ഥയിലായിരുന്നു 2015ൽ നിർണായകമായ ഇറാൻ-യുഎസ് ന്യൂക്ലിയർ ഡീലിലേക്ക് നയിച്ചത്. കുറച്ച് കാലം പൂനയിൽ പഠിച്ചത് മുതൽ സുൽത്താന് ഇന്ത്യയുമായി അടുത്ത ബന്ധം ആരംഭിച്ചിരുന്നു. അത് ഇന്നും അദ്ദേഹം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഉഴുവനാലിനെ മോചിപ്പിക്കുന്നതിന് പ്രത്യേക താൽപര്യമെടുക്കാൻ അതും അദ്ദേഹത്തിന് പ്രേരകമായി വർത്തിച്ചിരുന്നു.

ഇതിന് പുറമെ സുൽത്താൻ ഖബൂസ് ബിന്നിന്റെ പ്രധാനപ്പെട്ട ഉപദേശകരിൽ പലരും ഇന്ത്യൻ വംശജരാണ്. ഒമാനിലെ പ്രമുഖി വ്യവസായിയായ ഖിംജി രാംദാംസ് ഗുജറാത്തി വംശജനാണ്. ഇദ്ദേഹം സുൽത്താനുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. പൂണെയിലെ പഠനകാലത്ത് ശങ്കർ ദയാൽ ശർമ ഇദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പിന്നീട് ശർമ ഇന്ത്യൻ രാഷ്ട്രപതിയായി ഒമാൻ സന്ദർശിച്ച വേളയിൽ സുൽത്താൻ ഒരു നിഴല് പോലെ കൂടെത്തന്നെയുണ്ടായിരുന്നു. ജോലി ചെയ്യാൻ ഏറ്റവും അനുകൂലമായ സാഹചര്യമുള്ള രാജ്യമാണ് ഒമാനെന്ന് നിരവധി ഇന്ത്യൻ പ്രവാസികൾ വെളിപ്പെടുത്തുന്നുണ്ട്.

ഹിന്ദുക്കൾക്കും സിഖുകാർക്കും വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവാദം നൽകിയ സുൽത്താൻ

ഹിന്ദുക്കൾക്കും സിഖുകാർക്കും തങ്ങളുടെ വിശ്വാസം അനുസരിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സുൽത്താൻ അനുവാദം നൽകിയിട്ടുണ്ട്. 2014ൽ കാൻസർ ചികിത്സക്ക് വിധേയനായിരുന്ന സുൽത്താന്റെ രോഗവിമുക്തിക്കായി കർണാടകയിലെ വേദപണ്ഡിതർ പ്രത്യേക യജ്ഞം പോലും നടത്തിയിരുന്നു. 1970ൽ തന്റെ പിതാവിന് അധികാരം നഷ്‌പ്പെട്ട ശേഷമായിരുന്നു ഖബൂസ് അധികാരമേറ്റെടുത്തത്. അൽ ബു സയിദി രാജവംശത്തിലെ 14ാം തലമുറയിൽ പെട്ട സുൽത്താനാണ് ഇദ്ദേഹം. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അറബ് നേതാവെന്ന റെക്കോർഡും സുൽത്താന് സ്വന്തം.

1940 നവംബർ 18നായിരുന്നു ദോഫറിലെ സലാലയിരുന്നു സുൽത്താൻ ജനിച്ചത്.സുൽത്താൻ സയിദ് ബിൻ തൈമൂറിന്റെ ഏക മകനായിട്ടായിരുന്നു ജനനം. ഷെയ്ഖ മസൂൻ അൽ മഷാനി എന്നാണ് ഇദ്ദേഹത്തിന്റെ മാതാവിന്റെ പേര്.

വത്തിക്കാന്റെയും കത്തോലിക്കാ സഭയുടെയും പ്രിയങ്കരൻ

ടോം ഉഴുന്നാലിനെ മോചിപ്പക്കാൻ നിർണായ പങ്കുവഹിച്ചത് ഒമാൻ സുൽത്താനായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് വൈദികന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾക്കു ചൂടുപിടിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കർദിനാൾമാർക്ക് ഉറപ്പു നൽകിയിരുന്നു. ഒമാൻ സുൽത്താനോട് ഇന്ത്യൻ സർക്കാറും സഹായം അഭ്യർത്ഥിക്കുകയുണ്ടായി.

യമെന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുൽത്താന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ അധികൃതർ യെമെനി പാർട്ടികളുമായി ചേർന്ന് നടത്തിയ പ്രവർത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാർത്താക്കുറിപ്പ്. വൈകാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുൽത്താൻ ഖാബൂസിന്റെ ചിത്രത്തിനുമുന്നിൽ നിൽക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാൻ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതിൽ കാണപ്പെട്ടത്. അദ്ദേഹം മസ്‌കറ്റിലെത്തുന്ന ദൃശ്യങ്ങൾ പിന്നീട് ഒമാൻ ടി.വി. പുറത്തുവിട്ടു. ഇതിൽ നിന്നു തന്നെ വ്യക്തമായത് ഒമാൻ സർക്കാറിനോടും സുൽത്താനോടുമാണ് കടപ്പെട്ടിരിക്കുന്നതെന്നായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP