Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ടെണ്ണം അകത്തു ചെന്നാൽ ചിലർ മോളേ, കൊച്ചേ.. എന്നൊക്കെ വിളിക്കും; നമ്പർ ചോദിച്ചാൽ കൊടുക്കുക റിസപ്ഷനിലെ നമ്പർ; ബ്രാൻഡുകൾ മനപ്പാഠമാക്കിയും 'ഡ്രിങ്ക് മിക്‌സ് ചെയ്യൽ പരിശീലിച്ചും ജോലി എളുപ്പമാക്കി; തുടക്കത്തിലെ ഭയം ഇപ്പോൾ ആത്മവിശ്വാസത്തിന് വഴിമാറി; ബാർ വെയ്റ്റർ ജോലിയിലെ പുരുഷാധിപത്യത്തിന് സുല്ലിട്ട തൊടുപുഴയിലെ രാജിയും ജ്യോൽസ്‌നയും അനുഭവം പറയുന്നു

രണ്ടെണ്ണം അകത്തു ചെന്നാൽ ചിലർ മോളേ, കൊച്ചേ.. എന്നൊക്കെ വിളിക്കും; നമ്പർ ചോദിച്ചാൽ കൊടുക്കുക റിസപ്ഷനിലെ നമ്പർ; ബ്രാൻഡുകൾ മനപ്പാഠമാക്കിയും 'ഡ്രിങ്ക് മിക്‌സ് ചെയ്യൽ പരിശീലിച്ചും ജോലി എളുപ്പമാക്കി; തുടക്കത്തിലെ ഭയം ഇപ്പോൾ ആത്മവിശ്വാസത്തിന് വഴിമാറി;  ബാർ വെയ്റ്റർ ജോലിയിലെ പുരുഷാധിപത്യത്തിന് സുല്ലിട്ട തൊടുപുഴയിലെ രാജിയും ജ്യോൽസ്‌നയും അനുഭവം പറയുന്നു

തൊടുപുഴ: ടൗണിലെ ഫോർ സ്റ്റാർ ബാറിൽ വെയിറ്റർമാരായി നാത്തൂന്മാർ. പൂമാല സ്വദേശിനിയായ ബിന്ദുവും കൂടിയെത്തിയതോടെ തൊടുപുഴ ജോവാൻസ് റീജിയൻസി ബാറിൽ മദ്യം സേർവ് ചെയ്യുന്ന സ്ത്രീ വെയിറ്റർമാർ മൂന്നുപേരായി. തുടക്കത്തിൽ രാത്രിയിൽ ഡ്യൂട്ടിക്ക് ശേഷം സഹപ്രവർത്തകർ ഹോട്ടൽ വാഹനത്തിൽ അവരെ താമസസ്ഥലത്തെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾ സ്വന്തം ഇരുചക്രവാഹനത്തിൽ തനിയെ പോയ്‌ക്കൊള്ളാമെന്നു പറയുന്ന തന്റേടത്തിലേക്ക് രാജിയും ജ്യോൽസ്‌നയും മാറിയിരിക്കുന്നു. ഇതാണ് ബാർ വെയ്റ്റർ ജോലിയിലെ പുരുഷാധിപത്യത്തിന് സുല്ലിട്ട ഇവർക്ക് ഈ പുതിയ തൊഴിലിടം നൽകിയ ആത്മവിശ്വാസം.

തുടക്കത്തിന്റെ ഹാംഗ് ഓവറൊന്നും ഇപ്പോൾ ഇവർക്കില്ല. എന്നിരുന്നാലും കൂടുതൽ കുടുംബവിശേഷങ്ങൾ പങ്കുവെക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല.
ഈ ബാർ എൻട്രിയെ അത്ര വലിയ സംഭവമായി കാണാൻ ഇവർ തയ്യാറല്ല. ഒരു പ്രഫഷൻ അല്ലെങ്കിൽ ഒരു തൊഴിൽ എന്ന നിലയിൽ മാത്രമേ കാണുന്നുള്ളു. ഒരു തൊഴിൽ എന്ന നിലയിൽ കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരണമെന്നും ഇവർ ആഗ്രഹിക്കുന്നു. മാറ്റത്തിന്റെ ഇക്കാലത്ത് ഒരു രംഗത്തു നിന്നും അകറ്റിനിർത്തപ്പെടേണ്ടവരല്ല സ്ത്രീകൾ എന്നും ഇവർ വിളിച്ചു പറയുന്നു. ബാറിലെത്തുന്നവരിൽ ഭൂരിപക്ഷവും വളരെ മാന്യമായാണ് പെരുമാറുന്നത്. എന്നിരുന്നാലും ബാറിലെ സേർവിങ് എന്ന് തിരിച്ചറിഞ്ഞ് തന്ത്രപരമായാണ് ഇവരുടെ നീക്കങ്ങൾ.

ആദ്യമൊക്കെ മാന്യമായി പെരുമാറുന്ന ചില കസ്റ്റമേഴ്‌സ് രണ്ടോ മൂന്നോ അകത്താക്കിക്കഴിഞ്ഞാൻ മോളേ, കൊച്ചേ എന്നൊക്കെയുള്ള കുഴഞ്ഞ സംബോധനകളുമായെത്തി നമ്പരൊക്കെ ചോദിക്കും. ഇവർ അതുകൊടുക്കുകയും ചെയ്യും. ബാർ ഹോട്ടലിലെ റിസപ്ഷന്റെ നമ്പരാണ് നൽകുന്നത് എന്ന് മാത്രം. വെള്ളമടിക്കുന്നതിനിടെ ബഹളത്തിലേക്കും ഉറക്കെയുള്ള സംസാരത്തിലേക്കുമൊക്കെ അന്തരീക്ഷം വഴുതിമാറുമ്പോൾ ഇവിടെ സ്ത്രീകളുണ്ടെന്ന് ഓർമ്മപ്പെടുത്തി സമാധാനപാലകരാകുന്ന സഹകുടിയന്മാരും ഇവരുടെ ബാർ ജീവിത കാഴ്ചകളാണ്. പിന്നെ ഒരു സെക്യൂരിറ്റിയെന്ന നിലയിൽ ഫേസ്‌ബുക്ക് അക്കൗണ്ടുകളൊക്കെ ഇവർ വേണ്ടെന്നുവെച്ചു.

കൂത്താട്ടുകുളം സ്വദേശിനിയാണ് രാജി. ഒഡീഷ സ്വദേശിനിയാണ് ജ്യോൽസ്‌ന. കൂത്താട്ടുകുളത്ത് ഓട്ടോഡ്രൈവറാണ് രാജിയുടെ ഭർത്താവ്
ജെയ്‌സൺ. രാജിയുടെ സഹോദരനും ജ്യോൽസ്‌നയുടെ സഹോദരനുമായ രാജേഷ് പാലക്കാട് ഒരു ഹോട്ടലിൽ ഷെഫ് ആണ്. വനിതാ വെയ്റ്റർമാരെ ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ഹോട്ടൽ മാനേജ്‌മെന്റ് ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും പരസ്യം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരും ജോലിക്ക് തയ്യാറായെത്തിയത്. മുൻപ് തിരുവനന്തപുരത്ത് ഹോട്ടലുകളിൽ ജോലി ചെയ്തതിന്റെ പരിചയമുള്ളതിനാലാണ് ഈ മേഖലയിലും ഒരു കൈ നോക്കാമെന്നു ജ്യോൽസ്‌ന തീരുമാനിച്ചത്. ആദ്യ ദിനങ്ങൾ ടെൻഷൻ നിറഞ്ഞതായിരുന്നു. കുടുംബാംഗങ്ങളും ഹോട്ടൽ മാനേജ്‌മെന്റും നൽകിയ പൂർണ പിന്തുണയിൽ അതൊക്കെ മാറി. ആദ്യം റസ്റ്റോറന്റിലായിരുന്നു ഡ്യൂട്ടി.

പിന്നീടാണ് ബാറിലേക്ക് മാറ്റിയത്. ഇവരെക്കൂടാതെ ഹൗസ്‌കീപ്പിങ് വിഭാഗത്തിലും അടുക്കളയിലും സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 10.30 വരെയാണ് ജോലി സമയം. ഇടയ്ക്ക് റെസ്റ്റും അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ രാവിലെയെത്താനും രാത്രിയിലും താമസസ്ഥലത്തക്കു മടങ്ങാനും വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്നു. ജ്യോൽസ്‌നയാണ് വിപ്ലവകരമായ ഈ തീരുമാനത്തിന് വഴിതുറന്നതെന്നു രാജി പറയുന്നു. തിരുപ്പൂരിലെ ടീ-ഷർട്ട് ഫാക്ടറിയിലായിരുന്നു രാജി ജോലി ചെയ്തിരുന്നത്. രാജിക്ക് പത്തുംനാലും വയസ്സ്  പ്രായമുള്ള രണ്ട് മക്കളുണ്ട്. ജ്യോൽസ്‌ന അഞ്ച് വർഷം തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. ഈ മുൻപരിചയമാണ് ബാർ വെയ്റ്റർ എന്ന 'റിസ്‌ക്'ഏറ്റെടുക്കാൻ ഇവർക്ക ധൈര്യം പകർന്നത്. ഭർത്താവ് പൂർണമായും സപ്പോർട്ട് ചെയ്തതോടെ ജ്യോൽസ്‌ന ഓ.കെയായി. പിന്നെ രാജിയും കൂടെച്ചേർന്നു. ഒഡീഷക്കാരിയാണെന്ന് പറഞ്ഞാൽ മാത്രമേ അറിയൂ എന്ന നിലയിലാണ് ജ്യോൽസ്‌നയുടെ മലയാളഭാഷണം.

ഇപ്പോൾ ഓർഡറെടുത്ത് സേർവ് ചെയ്താൽ മതിയാകും. ബ്രാൻഡുകളുടെ പേരൊക്കെ പരിശീലനത്തിലൂടെ മനപ്പാഠമാക്കിയിട്ടുണ്ട്.'ഡ്രിങ്ക് മിക്‌സ് ചെയ്യാൻ പഠിക്കുകയാണ് ഞങ്ങൾ' രാജി പറയുന്നു. ജോലിയിലെ ആദ്യ ദിനങ്ങളിൽ സ്ത്രീകൾ മദ്യം വിളമ്പുന്നത് കാണാൻ തന്നെ ആളുകളെത്തിയിരുന്നു.ആ പിരിമുറുക്കത്തെ തരണംചെയ്യുന്നതിന് സഹപ്രവർത്തകർ നൽകിയ പിന്തുണവളരെ വലുതായിരുന്നു.-രാജി ഓർമ്മിക്കുന്നു. ബാറിലെ ജോലിയായതിനാൽ കാര്യങ്ങൾ എങ്ങനെയാകുമെന്നതിൽ കുടുംബാംഗങ്ങളും ബന്ധുക്കളുമൊക്കെ ഉൽക്കണ്ഠയിലായിരുന്നു. ആദ്യ നാളുകളിൽ അവർ ബാറിനു സമീപത്തും മറ്റും കണ്ണുംനട്ട് കാത്തിരുന്നു.എന്നാൽ ഭയപ്പെടാൻ ഒന്നുമില്ലെന്നു തുടർ ദിവസങ്ങളിൽ ബോധ്യപ്പെട്ടതോടെ അവർ 'സെക്യൂരിറ്റി' പിൻവലിച്ചു.

'പുറത്തുനിന്നുള്ള ആളുകളുടെ തുറിച്ചുനോട്ടമോ അടക്കംപറച്ചിലുകളെയോ ഞങ്ങൾ ഭയപ്പെടുന്നില്ല.ജീവിക്കാനായി ഒരു ജോലി ചെയ്യുന്നു''ഇരുവരും നയം വ്യക്തമാക്കുന്നു.ഇവരെ ജോലിയ്‌ക്കെടുത്ത ശേഷമാണ് പൂമാല സ്വദേശിനിയായ ബിന്ദുവിനെ നിയമിച്ചത്.ബിന്ദുവും പുതിയ ജോലിയിൽ വളരെ കംഫർട്ടാണ്. കൂടുതൽ സ്ത്രീകളെ നിയമിച്ച് ബാറിൽ കോക്ടെയ്ൽ വിഭാഗം തുടങ്ങാൻ പോവുകയാണെന്ന് മാനേജർ ഷാജി വെളിപ്പെടുത്തി.മുന്തിയ ബ്രാൻഡുകൾ മാത്രമാണ് ഇവിടെ വിൽക്കുന്നത്. മാന്യന്മാരായ കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.കൂതറ സാധനങ്ങൾ കൊടുത്ത് തിരക്കുണ്ടാക്കാനോ വരുമാനം കൂട്ടാനോ തയ്യാറല്ല. ഉദ്ദേശിച്ചതിനേക്കാൾ വേഗത്തിൽ ഈ ജോലിയുമായി രാജിയും ജ്യോൽസ്‌നയും പൊരുത്തപ്പെട്ടതായും ഷാജി പറഞ്ഞു. ഇനി ആര് വിചാരിച്ചാലും അവരെ പിന്തിരിപ്പിക്കാനാവില്ല. കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP