Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആന്റണിയുടെ ചാരായ നിരോധനം കള്ളക്കടത്തുകാരനാക്കി; മണലും കോഴിയും കടത്തി കോടിപതിയായി; മുംബൈയിൽ ചുവടുറപ്പിച്ച് തോക്കുമായെത്തി കാസർഗോഡിനെ വിറപ്പിച്ചു; വാളെടുത്തവൻ വാളാലെയെന്ന പഴമൊഴി ശരിവച്ച് മരണവും; മംഗളൂരുവിൽ കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ കഥ ഇങ്ങനെ

ആന്റണിയുടെ ചാരായ നിരോധനം കള്ളക്കടത്തുകാരനാക്കി; മണലും കോഴിയും കടത്തി കോടിപതിയായി; മുംബൈയിൽ ചുവടുറപ്പിച്ച് തോക്കുമായെത്തി കാസർഗോഡിനെ വിറപ്പിച്ചു; വാളെടുത്തവൻ വാളാലെയെന്ന പഴമൊഴി ശരിവച്ച് മരണവും; മംഗളൂരുവിൽ കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ കഥ ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്:  കാസർഗോഡ് ജില്ലയിലും കർണ്ണാടക, മഹാരാഷ്ട്ര, ഗോവ, സംസ്ഥാനങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകിയ കാലിയാ റഫീഖ് എന്ന അധോലോക നായകൻ അതിദാരുണമാം വിധം കൊല  ചെയ്യപ്പെട്ടു.

താൻ നടത്തിപ്പോന്നിരുന്ന അക്രമങ്ങളുടെ അതേ നാണയത്തിൽ തന്നെയാണ് റഫീക്കിന്റെ അന്ത്യവും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാലിയാ റഫീഖ് തോക്കും മറ്റ് മാരാകായുധങ്ങളും ഏന്തിയാണ് സഞ്ചരിക്കാറ്. കാസർഗോഡ് ഉപ്പള സ്വദേശിയായ കാലിയാ റഫീഖ് കഴിഞ്ഞ രാത്രി മംഗളൂരുവിൽ വച്ചാണ് കൊല ചെയ്യപ്പെട്ടത്. അർദ്ധരാത്രി കഴിഞ്ഞ് 12.30 ഓടെ മംഗളുരു ക്വാട്ടെക്കാറിൽ വച്ചാണ് കൊല ചെയ്യപ്പെട്ടത്. 38 കാരനായ കാലിയാ റഫീഖ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ അന്ത്യം തന്റെ അനുയായികൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു.   

മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മറ്റൊരു അധോലോക സംഘമാണ് ഇതിന് പിറകിലെന്നാണു പൊലീസ് കരുതുന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന കാലിയാ റഫീഖിനെ ടിപ്പർ ലോറിയിൽ പൻതുടർന്നായിരുന്നു  എതിർ സംഘം ആക്രമിച്ചത്. കാറിൽ നിന്നും റഫീഖ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചിടുകയും തുടർന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. റഫീഖിന്റെ മൃതദേഹം ദർളക്കട്ട കെ.എസ്. ഹെഗ്ഡെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

1994 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചാരായ നിരോധനം നടപ്പാക്കിയതോടെയാണ് മുഹമ്മദ് റഫൂഖ് കാലിയാ റഫീഖെന്ന കടത്തുകാരനായി മാറിയത്. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ മൂലവെട്ടി എന്ന പേരിൽ അറിയപ്പെടുന്ന കർണാടക പാക്കറ്റ് ചാരായം വൻ തോതിൽ ചിലവഴിക്കപ്പെട്ടിരുന്നു. കർണ്ണാടകത്തിൽ നിന്നും കള്ളക്കടത്തായി കേരളത്തിലേക്ക് കടത്തുന്നതിൽ കാലിയാ റഫീഖിന്റെ നേതൃത്വത്തിൽ വൻ സംഘം തന്നെ പ്രവർത്തിച്ചു പോന്നിരുന്നു. അതിലൂടെ വൻ സമ്പത്തിന് ഉടമയായ കാലിയാ റഫീഖ് തന്റേതായ ഒരു സാമ്രാജ്യം തന്നെ രൂപപ്പെടുത്തിയെടുത്തു. കർണ്ണാടകവും ഗോവയും കടന്ന് മഹാരാഷ്ട്ര വരെ നീണ്ട അധോലോക നായകനായി പ്രവർത്തിച്ചു. കേരള- കർണ്ണാടക അതിർത്തിയിലെ മുപ്പതോളം വരുന്ന ഊടുവഴികളാണ് കാലിയാ റഫീഖിന്റെ അധോലോകം വളർത്തുന്നതിന് സഹായകമായത്.

പൊലീസിനും ഭരണകൂടത്തിനും നേരിടാനാവാത്ത വിധം വളർന്ന കാലിയാ റഫീഖ് കേരള- കർണാടക ചെക്കു പോസ്റ്റുകൾ അവഗണിച്ച് മണൽ കടത്തും കോഴിക്കടത്തും വ്യാപകമായി നടത്തി. കർണ്ണാടകത്തിലെ പ്രധാന നദിയിയായ നേത്രാവതിയിലെ മണൽ വൻ ലോറികളിലായി ഉത്തരകേരളത്തിലെ മുക്കിലും മൂലയിലും എത്തിച്ച റഫീഖ് മണൽ കടത്തിന്റേയും രാജാവായി. എതിർക്കുന്നവരെ കൊലപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന ഒരു വൻ സംഘം റഫീഖിന്റെ തണലിൽ വളർന്നുവരുകയും ചെയ്തു. സ്വന്തം നാട്ടിൽ പോലും എതിർപ്പുണ്ടെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്താനും വരുതിയിൽ നിർത്താനും ഇയാളുടെ സംഘം പ്രവർത്തിച്ചു. രണ്ടു കൊലപാതകങ്ങളും 28 അക്രമ കേസുകളിലും പ്രതിയാണ് കാലിയാ റഫീഖ്.

ഉപ്പളയിലെ ഇയാളുടെ എതിരാളിയായ കസായി അലിയെന്ന അധോലോക നായകനെ വെടിവെക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇയാളെ പരിഹസിച്ചു എന്ന പേരിൽ മാസങ്ങൾക്കു മുമ്പ് ഒരു യുവാവിനെ കടലോരത്ത് കഴുത്തറ്റം വരെ കുഴിച്ചു മൂടി അക്രമിച്ച സംഭവവും ഉണ്ടായിരുന്നു. അടുത്ത കാലത്ത് കാപ്പ ചുമത്തി കണ്ണൂർ സെൻ്ട്രൽ ജയിലിൽ തടവുകാരനാക്കിയിരുന്നു. അത് കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ഇയാൾ വീണ്ടും തന്റെ സംഘത്തെ വിപുലമാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. അതിനിടെയാണ് മംഗളൂരുവിൽ വച്ച് റഫീഖ് കൊല്ലപ്പെടുന്നത്. രണ്ടു ദശാബ്ദങ്ങളിലേറെയായി കാസർഗോഡിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കാലിയാ റഫീഖിന്റെ യുഗം ഇവിടെ അവസാനിക്കുന്നു.

രണ്ടു കൊലക്കേസും നിരവധി വധശ്രമക്കേസും ഉൾപ്പെടെ 23 കേസുകളാണ് കാലിയാ റഫീക്കിനെതിരായി ഉള്ളത്. 2005 മുതൽ 23 കേസുകളിൽ പ്രതിയായ കാലിയാ റഫീഖ് ഉപ്പളയിലെ മുത്തലീബിനെ വെടിവച്ചു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. നിരവധി പിടിച്ചു പറി ക്കേസുകളും കഞ്ചാവുൾപ്പെടെ സാമൂഹ്യ വിരുദ്ധ നടപടിയും റഫീഖിന്റെ പേരിലുണ്ട്. 44 കാരനായ കാലിയാ റഫീഖ് ഗുണ്ടാ പ്രവർത്തനമാരംഭിച്ചിട്ട് താണ് രണ്ട് ദശകങ്ങൾ കഴിഞ്ഞിരുന്നു. കാലിയാ റഫീഖിന്റേയും മറ്റൊരു ഗുണ്ടയും എതിരാളിയുമായ കസായി അലി.യുടേയും പ്രവർത്തനങ്ങൾ കേരളാ കർണ്ണാടക അതിർത്തി ഗ്രാമമായ ഉപ്പളയിലും മഞ്ചേശ്വരത്തും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP