Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുങ്ഫൂവിലെ 'ലിറ്റിൽ മാസ്റ്റർ' ആദിലിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിലേക്കു ക്ഷണം; സിനിമയിലും സീരിയലിലും തിരക്കേറുന്നു

കുങ്ഫൂവിലെ 'ലിറ്റിൽ മാസ്റ്റർ' ആദിലിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിലേക്കു ക്ഷണം; സിനിമയിലും സീരിയലിലും തിരക്കേറുന്നു

ആലപ്പുഴ : ചൈനീസ് ആയോധനകലയിലെ ഇന്ത്യൻ ലിറ്റിൽ മാസ്റ്റർ ആദിൽ സിദ്ദിഖ് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിലേക്ക് കുതിക്കുന്നു. മലയാളസിനിമയിൽ തിരക്കേറി വരുന്ന ബാലതാരം കൂടിയാണ് ആദിൽ. എട്ടുവയസുകാരനായ ആദിലിന് ഇപ്പോൾ ലോകം കീഴടക്കണമെന്നുള്ള മോഹം മാത്രമാണ് മനസിൽ. ഈ കൊച്ചുമിടുക്കൻ വെറുതെ മോഹിക്കുകയല്ല, ലോകം ഈ കൊച്ചുമിടുക്കന്റെ തൊട്ടരികിലെത്തിയെന്നു പലപ്പോഴും തോന്നിപ്പോകുന്നു. അത്രകണ്ട് വിസ്മയം ജനിപ്പിക്കുകയാണ് ഈ മൂന്നാം ക്ലാസുകാരന്റെ പ്രകടനം.

നന്നേ ചെറുപ്പത്തിൽത്തന്നെ ചൈനീസ് ആയോധന കലയായ കുങ്ഫൂവിൽ ആദിൽ ബ്ലാക്ക് ബെൽറ്റ് നേടിക്കഴിഞ്ഞു. ഈ മേഖലയിൽ സമപ്രായക്കാരായ ആർക്കും ലഭിക്കാത്ത അംഗീകാരം നേടിയാണ് ആദിൽ വരവറിയിച്ചത്. ബോധിധർമ്മ മാർഷ്യൽ അക്കാദമി ഓഫ് ഇന്ത്യ ആണ് ആദിലിന് ഈ അപൂർവ്വ ബഹുമതി സമ്മാനിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ കുങ്ഫൂ ബ്ലാക് ബെൽറ്റുകാരനെന്ന നിലയിൽ ഈ കൊച്ചുമിടുക്കന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വരെ എത്തി. 2014 -ൽ തന്നെ ബ്ലാക്ക് ബെൽറ്റും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടവും. ഇപ്പോൾ ഈ കൊച്ചുമിടുക്കന്റെ അനിതരസാധാരണമായ കഴിവ് കണക്കിലെടുത്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിലേക്കു ക്ഷണമെത്തിക്കഴിഞ്ഞു. ആദിലിന്റെ മികവുകൾ ഇനി ഏഷ്യയിലും പ്രചരിക്കും.

ഇത് ഈ അത്്ഭുതപ്രതിഭയുടെ ഒരുഭാഗമെങ്കിൽ ഇനിയുമുണ്ടു പറയാനേറെ. അഭ്രപാളിയിലെ മിന്നും താരമായ ആദിൽ രണ്ടു സിനിമയിലും ഒരു ടി വി സീരിയലിലും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. യുവനടൻ വിനീത് പ്രധാനവേഷം ചെയ്ത ഐ ഫോണിലും, മധു, കുമരകം രഘുനാഥ്, ഇന്ദ്രൻസ് എന്നിവർ അഭിനയിക്കുന്ന വിശ്വപാതയിലും ആദിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. കൂടാതെ ഉടൻ ഏഷ്യാനെറ്റിൽ ആരംഭിക്കുന്ന ഏഴുരാത്രികൾ എന്ന സീരിയലിലും ആദിൽ അഭിനയിക്കുന്നുണ്ട്. ഇരുപത് എപ്പിസോഡുകൾ പൂർത്തീകരിച്ച സീരിയൽ ഉടൻ ഏഷ്യാനെറ്റിൽ പ്രദർശനത്തിനെത്തും.

മിടുക്കന്മാരെ അണിനിരത്തുന്ന ചാനലിലെ നമ്മൾ തമ്മിൽ പരിപാടിക്കായുള്ള ഷൂട്ടിൽ ഇന്ന് പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ആദിൽ. ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് വില്ലേജിലെ നീലിക്കാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെയും അനിമോളുടെയും മകനാണ് ആദിൽ . സ്‌കേറ്റിംഗിലൂടെയാണ് ആദിൽ കായികരംഗത്തെത്തുന്നത്. പരിശീലനത്തിനായി ആദിലിനെ പിതാവ് സിദ്ദിഖ് എറണാകുളത്ത് ദിവസവും എത്തിക്കുകയായിരുന്നു. പിന്നീടാണ് ആയോധനകലയിലേക്ക് ചുവടുമാറ്റം നടത്തിയത്. ഇപ്പോൾ സഹോദരി അഫ്രിന് പരിശീലനം നൽകുകയാണ് ആദിൽ. കലയോടൊപ്പം പഠനത്തിലും കേമൻ തന്നെ ആദിൽ. ആലപ്പുഴ ഗുരുപുരത്ത് പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ചർച്ച് സ്‌കൂളിലെ നമ്പർ വൺ വിദ്യാർത്ഥിയാണ് ഈ മൂന്നാം ക്ലാസുകാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP