Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അലോപ്പതി തോറ്റിടത്ത് ആയുർവേദത്തിലൂടെ പാർക്കിൻസൺസ് രോഗത്തെ തോൽപ്പിച്ച് മീനാക്ഷി തമ്പാൻ, ഇനിയുമൊരങ്കത്തിന് ബാല്യവുമായി പ്രൊഫസർ വീണ്ടും പൊതു ജീവിതത്തിലേക്ക്

അലോപ്പതി തോറ്റിടത്ത് ആയുർവേദത്തിലൂടെ പാർക്കിൻസൺസ് രോഗത്തെ തോൽപ്പിച്ച് മീനാക്ഷി തമ്പാൻ, ഇനിയുമൊരങ്കത്തിന് ബാല്യവുമായി പ്രൊഫസർ വീണ്ടും പൊതു ജീവിതത്തിലേക്ക്

തൃശൂർ: ആധുനികവൈദ്യശാസ്ത്രം മുട്ടുമടക്കാറുള്ള പാർക്കിൻസൺസ് രോഗം മീനാക്ഷി തമ്പാന്റെ മുമ്പിൽ മുട്ടു മടക്കി തോൽവി സമ്മതിക്കുകയാണ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള അവരുടെ ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്റേയും മുമ്പിൽ പാർക്കിൻസൺസ് ഒരു രോഗമല്ലാതായി മാറുന്നു.

കുറച്ചുകാലം മുമ്പു വരെ കേരളരാഷ്ട്രീയത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു മീനാക്ഷി തമ്പാൻ. സുപ്രധാനമായ ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കിയത് പ്രൊഫ മീനാക്ഷി തമ്പാനായിരുന്നു. ഭർത്താവിനെതിരെ ഭാര്യ കോടതിയിൽ ക്രിമിനൽ നിയമനടപടി 125 പ്രകാരം ചെലവുതുക കിട്ടാൻ കേസ് കൊടുത്താൽ പരമാവധി 500 രൂപ വരെ നഷ്ടപരിഹാരം വിധിക്കാനുള്ള അധികാരം മാത്രമേ അന്നു മജിസ്റ്റ്രേറ്റുമാർക്ക് ഉണ്ടായിരുന്നുള്ളൂ. ഈ തുക 5000 രൂപയാക്കി ഉയർത്താൻ വേണ്ടി നിയമസഭയിൽ 1996 ൽ സ്വകാര്യബില്ലായി മീനാക്ഷി തമ്പാൻ അവതരിപ്പിച്ചു. എന്നാൽ ഇത് സർക്കാർ തന്നെ ഏറ്റെടുത്ത് ഔദോഗിക ബില്ലായി അവതരിപ്പിച്ചു പാസ്സാക്കി.

1991 ലാണ് ആദ്യമായി കൊടുങ്ങല്ലൂരിൽനിന്ന് ജില്ലയിലെ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ൽ കെ.വേണുവിനെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 2001 ൽ ഉമേഷ് ചള്ളിയിലിനോട് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിയത്. സിപിഐ.യുടെ ദേശീയ കൗൺസിൽ അംഗമായിരുന്ന അവർ 1987 ൽ മാളയിൽനിന്ന് കെ. കരുണാകരനെതിരെ നിയമസഭയിലേക്ക് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചതോടെ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാളയിൽനിന്ന് നിയമസഭയിലേക്ക് തുടർച്ചയായി ജയിച്ചു വന്നിരുന്ന കരുണാകരനെ ഇനിയാർക്കും തോൽപ്പിക്കാനാവില്ലെന്നായിരുന്നു അന്നത്തെ പത്രമാദ്ധ്യമങ്ങൾ വിലയിരുത്തിയത്.

പക്ഷേ മത്സരം ചൂടുപിടിച്ചതോടെ കരുണാകരന്റെ തോൽവി ഉറ്റുനോക്കിയ ദേശീയ മാദ്ധ്യമങ്ങൾ വരെ മാളയിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ ഫലം വന്നപ്പോൾ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കരുണാകരൻ ജയിച്ചു. പക്ഷേ മീനാക്ഷി തമ്പാന്റെ മത്സരത്തോടെ മാളയിലെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് കരുണാകരനും മനസ്സിലായി. 1989 ൽ തൃശൂരിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. എതിരാളി കോൺഗ്രസ്സിലെ പി.എ.ആന്റണിയായിരുന്നു. ജയിക്കുമെന്ന ആത്മവിശ്വാസം ഇവിടേയും വിനയായി. 5000 വോട്ടിന് പരാജയപ്പെട്ടു. 2001 ൽ ഉമേഷ് ചള്ളിയിലിനോട് പരാജയപ്പെട്ടതിനു ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു മാറിയ ശേഷവും പൊതുരംഗത്ത് അവർ സജീവമായിരുന്നു. സിപിഐ. ദേശീയ കൗൺസിൽ അംഗമായിരുന്ന അവർ കേരള മഹിളാസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമാണ്.

രണ്ടു വർഷം മുമ്പ് പാർക്കിൻസൺസ് രോഗം പിടികൂടിയ ശേഷമാണ് അവർ പൂർണമായും പൊതുരംഗത്തുനിന്നു മാറേണ്ട അവസ്ഥയുണ്ടായത്. ഞരമ്പുകൾ നശിച്ച് ഓർമ്മശക്തിയും മറ്റും ഇല്ലാതാകുന്ന ഈ രോഗം ബാധിച്ചവർ രോഗം മാറി പഴയ നിലയിലേക്ക് മടങ്ങുന്നതു അത്യപൂർവമാണ്. അലോപ്പതി ചികിത്സയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്ത ഈ രോഗത്തിന് വളരെ കുറച്ചു ചികിത്സാസാധ്യതയേയുള്ളുവെന്ന് അലോപ്പതി ഡോക്ടർമാർ തന്നെ പറയുന്നു. ഇത്തരമൊരവസ്ഥയിൽ കൊച്ചിയിലെ പ്രമുഖ അലോപ്പതി ആശുപത്രിയിൽനിന്ന് ചികത്സിച്ചിട്ടും ഫലം കാണാത്ത നിലയിൽനിന്നാണ് ആയുർവേദ ചികിത്സ വഴി അവർ ജീവിതത്തിലേക്കെന്നല്ല, പഴയ പൊതുജീവിതത്തിലേക്കു തന്നെ മടങ്ങിവരുന്നത്.

പട്ടാമ്പിയിലെ അമിയ നേഴ്‌സിങ്ങ് ഹോമിലെ ഡോക്ടർ വിനോദ് ക്യഷ്ണനാണ് മീനാക്ഷി തമ്പാനെ ചികിത്സിക്കുന്നത്. ആദ്യത്തെ തവണ 21 ദിവസം കിടത്തി ധാര, ശിരോവസ്തി, ഉഴിച്ചിൽ പോലുള്ള ചികിത്സകളാണ് നടത്തിയത്. പിന്നീടും ഒരു തവണ കൂടി കിടത്തി ചികിത്സ നടത്തിയിട്ടുണ്ട്. ഇപ്പോൾ പൂർണമായും ആയുർവേദ ചികിത്സയിലൂടെ അവർ പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നു തന്നെ പറയാം.

രോഗംഭേദമായതോടെ കേരള മഹിളാസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമെന്ന നിലകളിലുള്ള പ്രവർത്തനത്തിൽ സജീവമായിട്ടുണ്ട്. 74 വയസ്സിന്റെ വാർദ്ധക്യസഹജമായ ഒരു ക്ഷീണം മാത്രമേ ഇപ്പോൾ ഉള്ളൂ. അടുത്ത മാസം മീനാക്ഷി തമ്പാന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇവരുടെ ഭർത്താവ് കൂടിയായ അഡ്വ. കെ.ആർ തമ്പാന്റെ ചരമദിനമായ പതിനൊന്നിന് പുറത്തിറങ്ങും.

അഡ്വ. കെ.ആർ തമ്പാൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. മാസം തോറും 25000 രൂപയുടെ മരുന്നുകളും, മറ്റു ജീവൻരക്ഷാസാമഗ്രികളും വൃക്കരോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുള്ളവർക്ക് നൽകിവരുന്നുണ്ട്. ഇതിനു പുറമെ ഹ്യദ്രോഗം തുടങ്ങി പെട്ടെന്നു സംഭവിക്കുന്ന രോഗങ്ങൾക്ക് മാസം തോറും പതിനായിരം രൂപയുടെ സഹായധനം വേറെയും നൽകുന്നുണ്ട്. ഉപയോഗം കഴിഞ്ഞ ഫ്‌ളെക്‌സ് ബോർഡുകളും മറ്റും ഉപയോഗിച്ചു നിർമ്മിക്കുന്ന ബാഗുകൾ നിർമ്മിച്ച് ചുരുങ്ങിയ വിലക്ക് വിറ്റുകിട്ടുന്ന തുകയും മറ്റും കൊണ്ടാണ് ഇതിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നത്. മീനാക്ഷി തമ്പാനും മകൻ രാജഷ് തമ്പാൻ ഉൾപ്പടെയുള്ള പത്തുപേരും സിപിഐ.മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമടങ്ങുന്നതാണ് ഈ ട്രസ്റ്റ്.

അടുത്തയിടെ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് മീനാക്ഷി തമ്പാൻ ഒരു ദിവസം പോയിരുന്നു. ഇരിങ്ങാലക്കുടക്കാർ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന നേതാവാണ് പ്രൊഫസർ മീനാക്ഷി തമ്പാനെന്ന് ഇരിങ്ങാലക്കുടയിൽനിന്ന് കിലോമീറ്ററുകൾക്കപ്പുറം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുള്ള കല്ലേറ്റുംകരയിൽ ഇറങ്ങിയാൽ പോലും മനസ്സിലാകും. ഇവരുടെ വീട് ചോദിച്ചാൽ ഏതു കൊച്ചുകുട്ടിക്ക് പോലും അറിയാം. വീട്ടിലേക്കുള്ള വഴി പറഞ്ഞു തരുന്നതിൽ പോലും ആ സ്‌നേഹവും ബഹുമാനവും തിരിച്ചറിയാം. അലോപ്പതി തോറ്റിടത്ത് ആയുർവേദത്തിലൂടെ പാർക്കിൻസൺസ് രോഗത്തെ തോൽപ്പിച്ച് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് പറയുന്ന മീനാക്ഷി തമ്പാന്റെ വീജയത്തിന് പിന്നിൽ നാട്ടുകാരുടെ ഈ സ്‌നേഹവും ഉണ്ടാകുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP