Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവ. പ്ലീഡർ, പ്രോസിക്യൂട്ടർ തസ്തികകളിൽ സ്ഥാനമുറപ്പിക്കാൻ ഒപ്പം നിന്നവർക്കിട്ടു പാലം വലിച്ചു; റോഡ് ഉപരോധത്തിന് എടുത്ത കേസിൽ കുറ്റം സമ്മതിച്ച അഭിഭാഷകർക്ക് നല്ലനടപ്പു ശിക്ഷ; പത്തനംതിട്ടയിലെ ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് സ്വന്തം കാര്യം സിന്ദാബാദ്

ഗവ. പ്ലീഡർ, പ്രോസിക്യൂട്ടർ തസ്തികകളിൽ സ്ഥാനമുറപ്പിക്കാൻ ഒപ്പം നിന്നവർക്കിട്ടു പാലം വലിച്ചു; റോഡ് ഉപരോധത്തിന് എടുത്ത കേസിൽ കുറ്റം സമ്മതിച്ച അഭിഭാഷകർക്ക് നല്ലനടപ്പു ശിക്ഷ; പത്തനംതിട്ടയിലെ ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് സ്വന്തം കാര്യം സിന്ദാബാദ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇപ്പോൾ കൊച്ചിയിലും തിരുവനന്തപുരത്തും മാത്രം കണ്ടുവരുന്ന അഭിഭാഷക ഐക്യം പത്തനംതിട്ടയിലില്ല. റോഡ് ഉപരോധത്തിന്റെ പേരിൽ പൊലീസ് ചാർജ് ചെയ്ത കേസിൽപ്പെട്ട പത്തനംതിട്ടയിലെ രണ്ട് അഭിഭാഷകർ പ്രോസിക്യൂട്ടർ, ഗവ. പ്ലീഡർ തസ്തിക സ്വപ്നം കണ്ട് കുറ്റം സമ്മതിച്ചതോടെ വെട്ടിലായത് ഒപ്പം പ്രതികളായ 11 അഭിഭാഷകർ. കുറ്റം സമ്മതിച്ച നല്ല പിള്ള ചമഞ്ഞ രണ്ടു ബാർ അസോസിയേഷൻ ഭാരവാഹികളെ കോടതി നല്ല നടപ്പിനു വിധിച്ചു.

'ശശി'യായ ശേഷിച്ചവർ ഇവർക്കെതിരേ പ്രസ്താവനയുമായി രംഗത്തുവന്നു. അഭിഭാഷകന്റെ വീട്ടിൽ പാതിരായ്ക്ക് പൊലീസ് അതിക്രമിച്ചു കയറി റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് 2014 മാർച്ച് 31 ന് പ്രകടനവും റോഡ് ഉപരോധവും നടത്തിയ കേസിൽ ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു എം. തങ്കച്ചൻ, മുൻ സെക്രട്ടറിയും ഭാരവാഹിയുമായ അഡ്വ. എസ്. മനോജ് എന്നിവരെയാണ് മജിസ്‌ട്രേട്ട് അഥീക് റഹ്മാൻ നല്ല നടപ്പിനു ശിക്ഷിച്ചത്. ഡിസംബറിലേക്ക് അവധിക്ക് വച്ചിരുന്ന കേസിൽ ഇന്നലെ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു ഇരുവരും. ഗവ. പ്ലീഡർമാരുടെയും പ്രോസിക്യൂട്ടർമാരുടെയും പട്ടികയിൽ ഉൾപ്പെട്ട ഇവർ പൊലീസ് വെരിഫിക്കേഷന് മുൻപായി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാകാൻ വേണ്ടിയാണ് കരിങ്കാലിപ്പണി നടത്തിയതെന്ന് ഒപ്പം പ്രതികളായ അഭിഭാഷകർ ആരോപിച്ചു.

മനോജ് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ സെക്രട്ടറിയും ബിജു എം. തങ്കച്ചൻ സജീവ പ്രവർത്തകനുമാണ്. ബിജു എം. തങ്കച്ചൻ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്ന കാലത്താണ് അഡ്വ. ഡി. സുകുവിന്റെ വീട്ടിൽ പത്തനംതിട്ട സിഐ ആയിരുന്ന മധുബാബു പാതിരാത്രിയിൽ കയറി പരിശോധന നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ തീരുമാനപ്രകാരമാണ് റോഡ് ഉപരോധം നടത്തിയത്. റോഡ് ഉപരോധം, ഹൈക്കോടതി ഉത്തരവ് ലംഘനം, അന്യായമായി സംഘം ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കലാപമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് അന്നത്തെ എസ്.ഐ മനുരാജ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരായ ബിജു എം. തങ്കച്ചൻ, എസ്. മനോജ്, മുരളീധരൻ ഉണ്ണിത്താൻ, എസ്. മോഹൻകുമാർ, എ.എം. അജി, ജോർജ്് കോശി, ജോണി കെ. ജോർജ്്, അനിൽ പി. നായർ, എ. ജയകുമാർ, സജേഷ് കെ. സാം, മോൻസി മാത്യു, സുജിത്ത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 20 പേരും പ്രതികളായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 17 ന് പ്രതികൾ ഹാജരാകണമെന്ന് നിർദ്ദേശിച്ച് കോടതിയിൽ നിന്ന് സമൻസ് വന്നു. ചില പ്രതികൾ അഭിഭാഷകർ മുഖേന ഹാജരാകുന്നതിന് സാവകാശം ചോദിച്ചു. കഴിഞ്ഞ ആറിന് പോസ്റ്റ് ചെയ്ത കേസ് വരുന്ന ഡിസംബർ അഞ്ചിന് അവധിക്ക് വച്ചു. ഇതിനിടെയാണ് ഒന്നും രണ്ടും പ്രതികളായ ബിജു എം. തങ്കച്ചനും എസ്. മനോജും മാത്രം ബാർ അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. പീലിപ്പോസ് തോമസ് മുഖേന ഇന്നലെ കോടതിയിൽ ഹാജരായി കുറ്റം സമ്മതിച്ചത്. ഇരുവരെയും കുറ്റക്കാരായി കണ്ടതിന് ശേഷം ശിക്ഷയെപ്പറ്റി ചോദിച്ചപ്പോൾ ബാർ അസോസിയേഷൻ ഭാരവാഹികളാണെന്നും കുറ്റകൃത്യങ്ങളിലേർപ്പെട്ട മുൻകാല ചരിത്രം ഇല്ലെന്നും കോടതി പ്രൊബേഷൻ ഒഫന്റേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷ നൽകുന്നതിനുള്ള ദയവുണ്ടാകണമെന്നും ബോധിപ്പിച്ചു.

ഇരുവരും മേലിൽ കുറ്റകൃത്യങ്ങളിൽ ഒന്നും ഏർപ്പെട്ടു പോകരുതെന്ന താക്കീതോടെ ഈ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഇരുവരെയും ശിക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവായിട്ടുള്ളത്. ബാർ അസോസിയേഷൻ തീരുമാനപ്രകാരം അഭിഭാഷകരുടെ പൊതുതാൽപ്പര്യ സംരക്ഷണത്തിനായി നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസ് ഭാരവാഹികൾ മാത്രം ഇപ്രകാരം കുറ്റം സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങി അഭിഭാഷകസമൂഹത്തിന് മാനക്കേടുണ്ടാക്കിയെന്ന് മറ്റ് അഭിഭാഷകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP