Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവ് നായയെ പിടിക്കാൻ ആളില്ല: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് സർക്കാർ; ശരണം തമിഴ്‌നാട്ടുകാർ, അവർ കൈവിട്ടാൽ സംസ്ഥാന സർക്കാരിനു മുന്നിൽ ഹിന്ദിക്കാർ മാത്രം

തെരുവ് നായയെ പിടിക്കാൻ ആളില്ല: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് സർക്കാർ; ശരണം തമിഴ്‌നാട്ടുകാർ, അവർ കൈവിട്ടാൽ സംസ്ഥാന സർക്കാരിനു മുന്നിൽ ഹിന്ദിക്കാർ മാത്രം

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന് ആദ്യത്തെ ആഴ്ച മുതലേ ഭരണത്തിൽ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷമായ ഇടതുപക്ഷം മുന്നോട്ടുപോയത്. സോളാർ കേസ്, സരിത കേസ്, പാറ്റൂർ - കടകംപള്ളി ഭൂമി തട്ടിപ്പ്, ടൈറ്റാനിയം കേസ് തുടങ്ങി അഞ്ചുവർഷവും എൽഡിഎഫിന് പിടിച്ചുനിൽക്കാൻ ഓരോരോ കാരണങ്ങൾ നൽകിക്കൊണ്ടാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ മുന്നേറിയത്. ഭരണം മാറിയപ്പോൾ ഇതല്ല കാഴ്ച. അഞ്ചുവർഷം ഭരിച്ച യുഡിഎഫിന് ഭരണമാറ്റത്തിന്റെ മൂന്നുമാസം പിന്നിട്ടിട്ടും എൽഡിഎഫ് ഭരണത്തിനെതിരേ ശക്തമായ ഒരു സമരംപോലും നടത്താനായിട്ടില്ല. അതിരപ്പള്ളി ഡാം, ശബരിമല, സ്വാശ്രയ മെഡിക്കൽ പ്രവേശനം തുടങ്ങി പാഠപുസ്തക വിതരണംവരെ എത്തിനിൽക്കുന്ന വിവാദങ്ങളിൽ ഒരു നേട്ടവും സമ്പാദിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം പുറമേയാണ് തെരുവ്‌നായ വിഷയം പ്രതിപക്ഷത്തിന് വീണുകിട്ടിയത്.

പക്ഷേ ഒരു ഗുണവും ഉണ്ടായില്ല. ഭരണപക്ഷമായ എൽഡിഎഫ് ശക്തമായ ഒരു പ്രതിപക്ഷമില്ലാത്തതിനാൽ എല്ലാ പ്രതിസന്ധികളിൽനിന്നും വളരെ എളുപ്പത്തിൽ കരകയറുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കും, യുഡിഎഫിലെ തമ്മിലടിയുമാണ് എൽഡിഎഫിന്റെ രക്ഷപ്പെടലുകൾക്ക് അവസരമൊരുക്കുന്നത്. ബിജെപിയിലെ തമ്മിലടിയും ക്രിയാത്മക പ്രതിപക്ഷമില്ലാതെ മുന്നേറാൻ എൽഡിഎഫിനെ സഹായിക്കുന്നുണ്ട്.
എല്ലാ സാഹചര്യങ്ങളിൽനിന്നും കഷ്ടിച്ച് രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന എൽഡിഎഫിനെ നേരിടാൻ ഒരു പ്രതിപക്ഷം ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫും, എൻഡിഎയും അല്ല, ജനങ്ങൾ ഇന്നേറ്റവും പേടിപ്പിക്കുന്ന തെരുവ്‌നായകളാണ് ഇപ്പോൾ സർക്കാരിന്റെപ്രധാന വെല്ലുവിളി. കേന്ദ്രസർക്കാരിന്റെ മൃഗസംരക്ഷണ നിയമങ്ങളെ വെല്ലുവിളിച്ച്, കേരളത്തിൽ അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇടതുപക്ഷ സർക്കാർ. ഇതിനെതിരേ ഒരുവാക്കുപോലും ഉരിയാടാൻ യുഡിഎഫിനും ബിജെപിക്കും കഴിയില്ല. തെരുവുനായ വിഷയത്തിൽ ജനവികാരം അത്രയേറെ മൂർദ്ധന്യാവസ്ഥയിലാണ്.

തെരുവ് നായ വിഷയത്തിൽ പ്രതിപക്ഷമില്ലാതെ മുന്നേറുന്ന ഇടതുപക്ഷത്തിന് തിരിച്ചടിയാകുന്ന ഒരു വിഷയമുണ്ട്. തെങ്ങുകയറ്റം, കൃഷി, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിലുകളെടുക്കാൻ മലയാളികളെ കിട്ടാനില്ലെന്ന് എല്ലാവർക്കും അറിയാം. അതുപോലെയാണ് നായപിടുത്തവും. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മക ഇടപെടലിന് തീരുമാനമെടുത്തുകഴിഞ്ഞു. മൂന്ന് ബ്ലോക്കുപഞ്ചായത്തുകൾ ചേർത്ത് ഒരു തെരുവ്‌നായ വന്ധ്യംകരണ മൊബൈൽ യൂണിറ്റ് തുടങ്ങാനാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളെ മൂന്നായി ഭാഗിച്ചാൽ 50-51 ബ്ലോക്കുകൾ ലഭിക്കും. ഒരു ബ്ലോക്കിന് മൂന്ന് നായ്പിടുത്തക്കാരെവച്ച് നിയോഗിച്ചാൽ 102 പേരെയെങ്കിലും കുറഞ്ഞത് കണ്ടെത്തേണ്ടിവരും. നിലവിൽ കേരളത്തിലുള്ള ആറ് നഗരസഭകളിലും 87 മുനിസിപ്പാലിറ്റികളിലും കൂടി 186 നായ്പിടുത്തക്കാരെ നിയമിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് എൽഡിഎഫ് സർക്കാർ. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണിതിൽനിന്നും വ്യക്തമാകുന്നത്.

മുനിസിപ്പാലിറ്റി-കോർപ്പറേഷൻ എന്നിവയ്ക്കു മാത്രം 186 നായ് പിടുത്തക്കാർ, ബ്ലോക്ക് പഞ്ചായത്തുകൾ ചേർത്ത് നിർമ്മിക്കുന്ന മൊബൈൽ വന്ധ്യംകരണ യൂണിറ്റുകൾക്ക് 102 നായ്പിടുത്തക്കാർ. ആകെ 288 നായ്പിടുത്തക്കാർ വേണം കേരളത്തിൽ. ദിവസവും 700 രൂപയിലധികം കിട്ടുന്ന നിർമ്മാണ മേഖലയിൽപോലും പണിയെടുക്കാൻ തയ്യാറല്ലാത്ത വിദ്യാസമ്പന്നരായ മലയാളികളെ നായ പിടിക്കാൻ വിളിച്ചാലോ...നായയെ ആട്ടുംപോലെ ആട്ടുകതന്നെ ചെയ്യും. ഈ സാഹചര്യം തരണം ചെയ്യാൻ മറ്റുമേഖലകളിലേപ്പോലെ, ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

നിലവിൽ എല്ലാ മുനിസിപ്പാലിറ്റികളിലും, നഗരസഭകളിലും തമിഴ്‌നാട്ടിൽനിന്നുള്ള പരിശീലനം സിദ്ധിച്ച നായ്പിടുത്തക്കാരാണുള്ളത്. പ്രശ്‌നം രൂക്ഷമായതോടെ തിരുവനന്തപുരം നഗരസഭ നായ്പിടുത്തക്കാർക്കുള്ള ആനുകൂല്യം 350ൽ നിന്നും 600 ആക്കി വർദ്ധിപ്പിച്ചു. പക്ഷേ തൊഴിലെടുക്കാൻ ആളെ കിട്ടുന്നില്ല. എല്ലാ മുനിസിപ്പാലിറ്റികളിലും നഗരസഭകളിലും ഇതേ അവസ്ഥ തന്നെയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്കൊഴുകിയെത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനത്തൊഴിലാളികളെ ആറുമാസത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീൽ തന്നെ ഇക്കാര്യം വ്യക്തമാക്കി.

കേരളത്തിൽ നായ പിടുത്തത്തിൽ പരിശീലനം നേടിയവർ ഇല്ലെന്നും തമിഴ്‌നാട്ടിൽനിന്നാണ് ഇപ്പോൾ ആളുകളെ കണ്ടെത്തുന്നത് എന്നുമാണ് മന്ത്രി പറഞ്ഞത്. പുതിയ സാഹചര്യത്തിൽ കേരളത്തിലെ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ഹിന്ദിക്കാരെ ഈ മേഖലയിൽ പരിശീലനം നൽകി ഉപയോഗപ്പെടുത്താനാണ് സർക്കാർ ആലോചന. കൃത്യമായ മേൽവിലാസവും, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് സ്ഥിരം താമസക്കാരുമായ പുരുഷന്മാരെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത് പരിശീലനം നൽകാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനം. ഇക്കാര്യത്തിൽ നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉന്നതർ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP