Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

1000 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും പിന്നെ പിന്തുണയുമായി രക്ഷിതാക്കളും; കോളേജ് പൂട്ടി സമരം പൊളിക്കാൻ മാനേജ്‌മെന്റ്; എല്ലാം കണ്ടിട്ടും ഒന്നും കാണാതെ മാദ്ധ്യമങ്ങളും; ശമ്പളത്തിനായുള്ള കെഎംസിടി എഞ്ചിനീയറിങ് കോളേജ് നിരാഹാരത്തിൽ സർക്കാരിനും മൗനം

1000 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും പിന്നെ പിന്തുണയുമായി രക്ഷിതാക്കളും; കോളേജ് പൂട്ടി സമരം പൊളിക്കാൻ മാനേജ്‌മെന്റ്; എല്ലാം കണ്ടിട്ടും ഒന്നും കാണാതെ മാദ്ധ്യമങ്ങളും; ശമ്പളത്തിനായുള്ള കെഎംസിടി എഞ്ചിനീയറിങ് കോളേജ് നിരാഹാരത്തിൽ സർക്കാരിനും മൗനം

മറുനാടൻ മലയാളി ബ്യൂറോ

മുക്കം: ബിപി മൊയ്തീന്റേയും കാഞ്ചനമാലയുടേയും നാടാണ് മുക്കം. നന്മയുടെ അവശേഷിപ്പുകൾ ഇപ്പോഴും ഉള്ള കോഴിക്കോട്ടെ ഈ ഗ്രാമത്തെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെയാണ് മലയാളി സമൂഹം ഇന്ന് കാണുന്നത്. എന്ന് നിന്റെ മൊയ്തീനിലൂടെ കേരളമാകെ ഹിറ്റായി മാറിയ മുക്കത്തെ മറ്റൊരു സമര മാതൃകയും ഇപ്പോൾ ചർച്ചയാകുന്നു. അവകാശത്തിന് വേണ്ടി വിദ്യാർത്ഥികളും അദ്ധ്യാപകരും ഒുരമിച്ച് സമരം ചെയ്യുന്ന മാതൃകകൾ അപൂർവ്വമാണ്. ഇതിന് പിന്തുണയുമായി രക്ഷിതാക്കളെത്തുകയെന്നത് അത്യപൂർവ്വമാണ്. ഇത്തരമൊരു സമരമാണ് ഇപ്പോൾ മുക്കത്ത് നടക്കുന്നത്.

കെ.എം.സി.ടി. എഞ്ചിനീയറിങ് കോളേജിൽ അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും രക്ഷിതാക്കളും ആരംഭിച്ച സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. കോളേജ് മാനേജ്‌മെന്റിന്റെ ഏകപക്ഷീയ നിലപാടുകളിലും തളരാതെ മുന്നോട്ട് പോവുകയാണ് പ്രതിഷേധക്കാർ. സ്ഥാപനം പൂട്ടിയാലും നീതി നൽകില്ലെന്ന പിടിവാശിയിൽ മാനേജ്‌മെന്റ് ഉറച്ചു നിക്കുമ്പോൾ സർക്കാരിനും മിണ്ടാട്ടമില്ല. സമരപന്തലിൽ വന്ന് പോകുന്ന രാഷ്ട്രീയ നേതാക്കളെ വിശ്വാസത്തിലെടുത്തും ന്യായമായ ആവശ്യങ്ങൾക്കായി സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. മാനേജ്മന്റിന്റെ തന്ത്രങ്ങളിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ വാർത്തകൾ മുക്കുമ്പോൾ ചർച്ചകൾ നടക്കുന്നത് സോഷ്യൽ മീഡിയിയിലാണ്. സമരത്തിന്റെ ചൂടും വീര്യവും ഫെയ്‌സ് ബുക്കിലൂടെ പകർന്ന് നൽകി മുന്നോട്ട് പോവുകയാണ് ഈ കൂട്ടായ്മ.

കൃത്യമായി വേതനം നൽകുക,നിയമന ഉത്തരവും തിരിച്ചറിയൽ കാർഡും നൽകുക,വനിത ജീവനക്കാർക്ക് പ്രസവാവധി അനുവദിക്കുക തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം ഏഴാം ദിവസത്തിൽ എത്തിയതോടെ തിങ്കളാഴ്ച അധികൃതർ കോളേജ് അടച്ചതായി അറിയിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിദ്യാർത്ഥികളും രക്ഷകർത്താക്കളും സമരത്തിൽ പങ്കാളികളാവുകയും പ്രധാന കവാടം ഉപരോധിച്ച് സമരം ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒക്ടോബർ 28 നു ആണ് ആദ്യമായി ഈ ആവശ്യങ്ങളുമായി അദ്ധ്യാപകർ പ്രതിഷേധിക്കുന്നത്. രണ്ട് മാസമായി മുടങ്ങി നിൽക്കുന്ന വേതനം നൽകുക എന്ന പ്രാഥമികമായ ആവശ്യവുമായി അദ്ധ്യാപകർ നിസ്സഹകരണ സമരം തുടങ്ങി. പാഠഭാഗങ്ങൾ എടുത്തു തീർത്തവർ മാത്രമ സമരത്തിനിറങ്ങുകയും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാവാതെ സമരമ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.

ഒക്ടോബർ 28 ബുധനാഴ്ചയും 29 വ്യാഴാഴ്ചയും കോളേജിന്റെ സുഗമമായ പ്രവർത്തനം നടന്നില്ല. 29 വ്യാഴാഴ്ച വൈകുന്നേരം ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി ഏകദേശ ധാരണയായി. അത് പ്രകാരം 30 വെള്ളിയാഴ്ച പഠിപ്പിക്കാൻ തയ്യാറായി കോളേജിലെത്തിയ അദ്ധ്യാപകരെ തങ്ങളുടെ അറ്റൻഡൻസ് മാർക്ക് ചെയ്യാൻ സമ്മതിക്കാതെ അധികാരികൾ വീണ്ടും വമ്പ് കാട്ടി. ഇതിനെതിരെ സ്ത്രീകളടങ്ങുന്ന അദ്ധ്യാപകർക്ക് രാത്രി വൈകും വരെ കോളേജിൽ പ്രകിശേധിച്ചു. അദ്ധ്യാപകരുടെ ഒട്ടും ചോരാത്ത വീര്യം ഫലിച്ചു. രാത്രി പതിനൊന്ന് മണിയോടടുപ്പിച്ച് അവർ സൈൻ ചെയ്ത് മടങ്ങി. കുടിശ്ശിക അടക്കമുള്ള ശമ്പളം തന്നു തീർക്കാം എന്നേറ്റ നവംബർ പത്തിന് മാനേജ്മന്റ് വീണ്ടും ഉരുണ്ടു കളി തുടങ്ങി.

അന്ന് മുതൽ ഭൂരിപക്ഷം സ്റ്റാഫ് സമരത്തിനിറങ്ങി. കോളേജ് വരാന്തയിൽ ആരംഭിച്ച സമരത്തിന്റെ ആദ്യ ദിനങ്ങളിൽ രാത്രിയും സ്ത്രീകളടക്കമുള്ള അദ്ധ്യാപകർ സമരം ചെയ്തുകൊണ്ടിരിക്കെ ഒന്ന് ചർച്ചയ്ക്ക് വിളിക്കുക പോയിട്ട്, സമരം കാണാൻ ഒരു പ്രതിനിധിയെ അയക്കാൻ പോലും മാനേജ്മന്റ് തയ്യാറായില്ല. അദ്ധ്യാപകരുടെ അന്യായമായ നടപടിയാണ് ഈ സമരമെന്ന് തെറ്റിദ്ധരിച്ച രക്ഷിതാക്കൾ ആദ്യ ഘടത്തിൽ ശത്രുപക്ഷത്തായിരുന്നു. വാസ്തവം മനസ്സിലായപ്പോൾ അവരും പിന്തുണയുമായി എത്തി. ഇതോടെയാണ് സമരത്തെ നേരിടാൻ കോളേജ് അധികൃതർ കർശന നിലപാടുമായെത്തിയത്. കോളേജ് അടച്ച് പൂട്ടിയെന്ന് ഡയരക്ടർ നോട്ടീസ് ഇടുകയും ഹോസ്റ്റലിലുള്ള വിദ്യാർത്ഥികളോട് ഒഴിഞ്ഞ് പോകണം എന്നാവശ്യപ്പെടുകയും ഈ ആഴ്ച പരീക്ഷ തുടങ്ങുന്നതിനാൽ ഇറങ്ങാൻ പറ്റില്ലെന്ന് വിദ്യാർത്ഥികൾ പറയുകയും ചെയ്തു.

അങ്ങനെയാണെങ്കിൽ വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒരു മുഴു രാത്രി അങ്ങനെ ചെയ്യുകയും ചെയ്തു. അധികാരികളുടെ ഹുങ്കിനെതിരെ ഇപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് സമരം മുന്നോട്ട് പോകുന്നു. എന്നാൽ സർക്കാർ ഇടപെടൽ മാത്രമില്ല. ഇതോടെയാണ് പ്രതിഷേധം കടുക്കുന്നത്. കോളേജിന് മുന്നിലെ നിരാഹാര സമരത്തിന് വാശിയും കൂടി. രാഷ്ട്രീയ നേതാക്കൾ പ്രസംഗികരായെത്തി. എന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ മാത്രം ഈ വിഷയം ചർച്ചയാക്കുന്നില്ല. ഇതിലുള്ള അമർഷം സമരക്കാർ മറച്ചുവയ്ക്കുന്നില്ല. മുഖ്യധാരാ മാദ്ധ്യമങ്ങളുടെ നിലപാടിനോട് അവരുടെ പ്രതികരണം ഇങ്ങനെ.

ചാനലുകൾ പലതും വന്ന് ക്യാമറയും പിടിച്ച് നടന്നിരുന്നു നമ്മുടെ സമരപ്പന്തലിനു തലങ്ങും വിലങ്ങും. പ്രതീക്ഷയോടെ തന്നെയാണ് എല്ലാവരെയും വരവേറ്റതും. നട്ടെല്ലുള്ള ധർമ്മത്തിന്റെ പക്ഷത്ത് നിൽക്കുന്ന കോർപ്പറേറ്റുകൾക്ക് മുന്നിൽ ഉത്തരവാദിത്തം മറക്കാത്ത പശുപാലനു മീതെയും ലോകമുണ്ടെന്ന് ബോധ്യമുള്ള ഒരേയൊരെണ്ണത്തെ മാത്രമേ കണ്ടുള്ളൂ, മിഡിയാവൺ-ഇങ്ങനെയാണ് മറുനാടനോട് സംയുക്ത സമരസമിതി പ്രതികരിക്കുന്നത്. എന്നാൽ വരും ദിനങ്ങളിൽ എല്ലാവരും സമരത്തിന് പിന്തുണയുമായെത്തുമെന്നാണ് പ്രതീക്ഷ. അതിനായി സോഷ്യൽ മീഡിയയിലൂടെ സമരം ചർച്ചയാക്കുകയാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP