Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷ്ണദാസ് ജയിലിൽ അടയ്ക്കപ്പെട്ടതോടെ ആഹ്‌ളാദനൃത്തം ചവിട്ടി നെഹ്‌റുകോളേജ് വിദ്യാർത്ഥികൾ; എത്രത്തോളം രോഷം മാനേജ്‌മെന്റിനെതിരെ ഉണ്ടെന്നതിന്റെ സൂചനയായി എല്ലാവരും ക്‌ളാസുകൾ വിട്ടിറങ്ങി; അറസ്റ്റ് നടന്നതോടെ ജിഷ്ണുവിന്റെ കേസിലും നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കിട്ട് സുഹൃത്തുക്കൾ

കൃഷ്ണദാസ് ജയിലിൽ അടയ്ക്കപ്പെട്ടതോടെ ആഹ്‌ളാദനൃത്തം ചവിട്ടി നെഹ്‌റുകോളേജ് വിദ്യാർത്ഥികൾ; എത്രത്തോളം രോഷം മാനേജ്‌മെന്റിനെതിരെ ഉണ്ടെന്നതിന്റെ സൂചനയായി എല്ലാവരും ക്‌ളാസുകൾ വിട്ടിറങ്ങി; അറസ്റ്റ് നടന്നതോടെ ജിഷ്ണുവിന്റെ കേസിലും നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കിട്ട് സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ക്രൂര പീഡനങ്ങൾക്കെതിരെ മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ നെഹ്‌റു ഗ്രൂപ്പ് ഉടമ കൃഷ്ണദാസ് അറസ്റ്റിലായതോടെ ക്‌ളാസ്മുറികൾ വിട്ടിറങ്ങി ആഹ്‌ളാദനൃത്തംവച്ച് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥികൾ. ജിഷ്ണു പ്രണോയിയെന്ന ഉറ്റസുഹൃത്തിന്റെ വേർപാടിന് കാരണക്കാരനെന്ന് തങ്ങൾ ഉറച്ചുവിശ്വസിക്കുന്ന സ്ഥാപനം ഉടമ നിയമത്തിന്റെ പിടിയിലായത് അവർക്ക് വലിയ സന്തോഷമാണ് പകർന്നത്.

ഇത് ക്യാമ്പസിൽ ആർപ്പുവിളികളുമായി ഇറങ്ങി വിദ്യാർത്ഥികൾ ഒന്നടങ്കം ആഘോഷിക്കുകയും ചെയ്തു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടല്ല അറസ്റ്റെങ്കിലും ഇപ്പോഴത്തെ പൊലീസ് നടപടി അതിനുള്ള നാന്ദിയാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ബാൻഡുമേളവുമായാണ് വിദ്യാർത്ഥികൾ ഇറങ്ങിയത്.

മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യംവിളികളും ഉയർന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫൈൻ ഈടാക്കുന്നതിനെതിരെയും കടുത്ത നിലപാടിലായിരുന്നു വിദ്യാർത്ഥികൾ. ക്യാമ്പസിൽ അനങ്ങിയാൽ ഫൈൻ ഈടാക്കിയിരുന്ന മാനേജ്‌മെന്റ് പക്ഷേ, ഇന്ന് വിദ്യാർത്ഥികൾ ക്‌ളാസ്മുറി വിട്ടിറങ്ങിയപ്പോൾ ചെറുവിരൽ അനക്കിയില്ലെന്നതും ശ്രദ്ധേയമായി.

ക്‌ളാസ് മുറികൾ വിട്ടിറങ്ങി കോളേജ് യൂണിഫോമിൽ തന്നെയായിരുന്നു വിദ്യാർത്ഥികളുടെ ആഹ്‌ളാദ പ്രകടനം. കൃഷ്ണദാസ് എന്ന കോളേജ് ഉടമയ്‌ക്കെതിരെ എത്രത്തോളം രോഷമുണ്ട് വിദ്യാർത്ഥികൾക്കെല്ലാം എന്നതിന്റെ പ്രകടനം കൂടിയായി ഇത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഷഹീർ ഷൗക്കത്ത് എന്ന മറ്റൊരു വിദ്യാർത്ഥിയും തനിക്ക് മർദ്ദനമേറ്റതായി പരാതി നൽകിയിരുന്നു.

ഈ കേസിൽ ആണ് കൃഷ്ണദാസും ലീഗൽ അഡൈ്വസർ സുചിത്രയും ഉൾപ്പെടെയുള്ള പ്രതികളെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പിന്നീട് അറസ്റ്റുചെയ്യുകയും ചെയ്തത്. ഇന്നലെത്തന്നെ കൃഷ്ണദാസിനെ റിമാൻഡ് ചെയ്ത് ജയിലിൽ അയക്കുകയും ചെയ്തു. ഇതോടെ ഒരു ദിവസമെങ്കിലും അകത്തുകിടത്താനായല്ലോ എന്നാണ് വിദ്യാർത്ഥികൾ പ്രതികരിക്കുന്നത്.

നെഹ്‌റു ഗ്രൂപ്പ് ഉടമയെന്ന നിലയിൽ വലിയ രാഷ്ട്രീയ സ്വാധീനമുള്ള കൃഷ്ണദാസ് കേസുകളിൽ നിന്നെല്ലാം രക്ഷപ്പെടുമെന്ന പ്രചരണം സജീവമാകുന്നതിന് ഇടയിലാണ് അറസ്റ്റ് നടന്നത്. ഇതോടെ ഈ സർക്കാർ അത്തരം സ്വാധീനങ്ങൾക്ക് വഴങ്ങില്ലെന്ന തോന്നലും വിദ്യാർത്ഥികളിൽ ഉണ്ടായിട്ടുണ്ട്. പലരും തുറന്നുതന്നെ ഇക്കാര്യം പറയുകയും ചെയ്തു. ജിഷ്ണുവിന്റെ മരണത്തിലുൾപ്പെടെ തങ്ങൾക്കെതിരെ മാനേജ്‌മെന്റ് കാണിച്ച എല്ലാ നെറികേടുകളിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP