Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിറപറയോടു കാണിച്ച കർത്തവ്യബോധം അന്ന് ഈസ്‌റ്റേണിനോടു കാട്ടിയില്ല; ധീരത കാണിക്കാൻ ഒരു അനുപമ ഉണ്ടായതുമില്ല; മുളകുപൊടിയിൽ മാരകരോഗമുണ്ടാക്കുന്ന സുഡാൻ ഡൈ കണ്ടെത്തിയിട്ടും നിരോധിക്കാതെ ഒത്താശ ചെയ്ത് സർക്കാർ; സി എ ജി വിമർശിച്ചിട്ടും മിണ്ടാതെ കയ്യും കെട്ടിയിരുന്നു

നിറപറയോടു കാണിച്ച കർത്തവ്യബോധം അന്ന് ഈസ്‌റ്റേണിനോടു കാട്ടിയില്ല; ധീരത കാണിക്കാൻ ഒരു അനുപമ ഉണ്ടായതുമില്ല; മുളകുപൊടിയിൽ മാരകരോഗമുണ്ടാക്കുന്ന സുഡാൻ ഡൈ കണ്ടെത്തിയിട്ടും നിരോധിക്കാതെ ഒത്താശ ചെയ്ത് സർക്കാർ; സി എ ജി വിമർശിച്ചിട്ടും മിണ്ടാതെ കയ്യും കെട്ടിയിരുന്നു

കൊച്ചി: നിറപറയുടെ ഉൽപ്പന്നങ്ങളിൽ അന്നജത്തിന്റെ അളവ് കൂടിയെന്നു കണ്ടെത്തിയതും മൂന്ന് നിറപറ ഉൽപ്പന്നങ്ങൾ നിരോധിച്ചതും കേരളത്തിൽ പൊതുവേയും സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ചും വൻചർച്ചകൾക്കാണു വഴിതുറന്നിരിക്കുന്നത്. നിറപറയുടെ കാര്യത്തിലുള്ള നിയമം എന്തുകൊണ്ട് ഈസ്റ്റേണിന് ബാധകമാകുന്നില്ലെന്ന ചർച്ചകളും ഈ സാഹചര്യത്തിൽ ഉയർന്നുവരുന്നു. അതേസമയം മായം ചേർത്തതിന്റെ പേരിൽ ആദ്യമായി പിടിക്കപ്പെടുന്ന കറിപ്പൗഡർ കമ്പനിയല്ല നിറപറ, കേരളത്തിലെ മറ്റൊരു പ്രമുഖ കമ്പനിയായ ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഉൽപ്പന്നത്തിൽ കണ്ടെത്തിയത് മനുഷ്യശരീരത്തിൽ മാരക രോഗമുണ്ടാക്കുന്ന വസ്തുക്കളായിരുന്നു.

ഈസ്‌റ്റേണിന്റെ മുളകുപൊടിയിൽ മനുഷ്യശരീരത്തിനു മാരകരോഗമുണ്ടാക്കുന്ന വസ്തുക്കളുണ്ടെന്നു കണ്ടെത്തി രണ്ടു വർഷം പിന്നിട്ടിട്ടും ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ അന്നു നിരോധിക്കുകയോ കമ്പനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പകരം കമ്പനിക്കാർ നിർബാധം മുളകുപൊടി വിറ്റുവന്നു. അന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തലപ്പത്ത് ഇന്നത്തേതു പോലെ ധീരമായ നിലപാട് സ്വീകരിച്ച അനുപമയെ പോലൊരു ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ലെന്നതാണ് പ്രധാന പ്രത്യേകത.

കാൻസർ ഉൾപ്പെടെയുള്ള മാരകമായ അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന സുഡാൻ ഡൈയുടെ അളവ് മുളകുപൊടിയിൽ ശ്രദ്ധയിൽപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെയാണ് സർക്കാർ വൻകിട കമ്പനിക്കാർക്കൊപ്പം നിന്നത്. 2011-ലാണ് ഇടുക്കിയിലെ ഈസ്റ്റേണിന്റെ കമ്പനിയിലെ പരിശോധനക്കിടെ സാമ്പിളായി എടുത്ത മുളകുപൊടി പാക്കറ്റിൽ മാരകമായ തോതിൽ സുഡാൻ ഡൈ അടങ്ങിരിക്കുന്നതായി കണ്ടെത്തിയത്.

ലാബിലെ പരിശോധനകൾക്ക് ശേഷമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇത് മാരകവിഷമായ സുഡാൻ ഡൈ ആണെന്ന കാര്യം അന്നു സ്ഥിരീകരിച്ചത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ പാക്കറ്റിലാണ് വിഷത്തിന്റെ അളവ് കണ്ടത്. ഇത് അന്ന് ഈസ്റ്റേണിന്റെ ഗോഡൗണിന് സമീപം തന്നെ കൂട്ടിയിട്ടു കുഴിച്ചുമൂടിയതും മറുനാടൻ മലയാളി പുറംലോകത്തെത്തിച്ചു. എന്നാൽ നടപടികൾ അതിൽ മാത്രം ഒതുങ്ങുകയായിരുന്നു.

എന്നാൽ പണം കൊടുത്ത് ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകി കമ്പനി പ്രശ്‌നം ഒതുക്കി. ഇതിനു പ്രധാന തെളിവാണ് 2012 ലെ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തൽ. ഇത്രയും മാരകമായ വിഷം നാട്ടുകാർക്ക് വിളമ്പിയിട്ടും എന്തുകൊണ്ടാണ് ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ നിരോധിക്കാത്തതെന്നായിരുന്നു സിഎജിയുടെ പരാമർശം. ഇതുകൊണ്ടൊന്നും കാര്യമായ മാറ്റമൊന്നും സർക്കാർ വകുപ്പിന് ഉണ്ടായില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് സിഎജി പറഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാൻ തയ്യാറായിട്ടില്ല.

യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരോധിച്ച വിഷമായ സുഡാൻ ഡൈ മുളക് പൊടിക്ക് ചുവപ്പുനിറം കിട്ടാനായാണ് കറി പൗഡർ കമ്പനികൾ ഉപയോഗിക്കുന്നത്. കാൻസറും കിഡ്‌നി സംബന്ധമായ അസുഖങ്ങളും ഇത് ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുമെന്ന് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട് എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് ഇപ്പോൾ നിറപറയോട് കാണിച്ച ആവേശം ഈസ്റ്റേണിന്റെ കാര്യത്തിൽ കാറ്റിൽപറത്തിയത്.

നിറപറയുടെ മൂന്ന് ബ്രാൻഡ് ഉൽപ്പന്നങ്ങളിലായിരുന്നു മായം കണ്ടെത്തിയത്. നിറപറ ബ്രാൻഡിൽ പുറത്തിറക്കുന്ന മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവയിൽ നിലവാരം കുറഞ്ഞ സ്റ്റാർച്ചിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിത്. റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടും ഉത്തരവിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ' കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.കെ.ആർ പ്രോഡക്ട്‌സ് എന്ന കമ്പനിയാണ് നിറപറ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കിയത്.

മായം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റു കറിപൗഡറുകളും മസാലപ്പൊടികളും പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിറപറയുടെ ഉൽപന്നങ്ങളിൽ മുമ്പും മായം കണ്ടെത്തിയതിനെ തുടർന്ന് പിഴ അടപ്പിച്ചിരുന്നു. കറിപൗഡറുകളിൽ മായംകലർത്തി കോടികൾ ലാഭമുണ്ടാക്കിയ ശേഷം ഫൈൻ അടച്ച് വീണ്ടും തട്ടിപ്പു നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇത്. ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ നിറപറ അടച്ചത് 10 ലക്ഷം രൂപ ഫൈനാണ്. ഒരു മാസം ഒരു ജില്ലയിലെ കേസുകളിൽ മാത്രം പത്തും ഇരുപതും ലക്ഷം രൂപ ഫൈൻ അടയ്ക്കുന്ന കമ്പനിയുടെ കൊള്ളലാഭവും തട്ടിപ്പും ഊഹിക്കാവുന്നതിനപ്പുറമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP