Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവാസ്‌കറുടെ പരിക്ക് ഗുരുതരമാണെന്ന് വന്നപ്പോൾ പൊലീസുകാരിയെ കൊണ്ട് പീഡന പരാതി കൊടുപ്പിക്കാൻ ആദ്യ ശ്രമം; അസോസിയേഷന്റെ ഇടപെടലിൽ പൊലീസുകാരി പിന്മാറിയപ്പോൾ മകളെ ആശുപത്രിയിലെത്തിച്ചു; ഡോക്ടറോട് ഓട്ടോ ഇടിച്ചുവെന്ന് പറഞ്ഞ് എക്സ്റേ എടുക്കാൻ പോലും നിൽക്കാതെ മുങ്ങി സിവിൽ സർവ്വീസ് പഠനക്കാരി; സുധേഷ് കുമാറിന്റെ മകളെ അറസ്റ്റ് ചെയ്യാതിരിക്കാൻ സർവ്വ അടവും പുറത്തെടുക്കാൻ ഐപിഎസുകാരും

ഗവാസ്‌കറുടെ പരിക്ക് ഗുരുതരമാണെന്ന് വന്നപ്പോൾ പൊലീസുകാരിയെ കൊണ്ട് പീഡന പരാതി കൊടുപ്പിക്കാൻ ആദ്യ ശ്രമം; അസോസിയേഷന്റെ ഇടപെടലിൽ പൊലീസുകാരി പിന്മാറിയപ്പോൾ മകളെ ആശുപത്രിയിലെത്തിച്ചു; ഡോക്ടറോട് ഓട്ടോ ഇടിച്ചുവെന്ന് പറഞ്ഞ് എക്സ്റേ എടുക്കാൻ പോലും നിൽക്കാതെ മുങ്ങി സിവിൽ സർവ്വീസ് പഠനക്കാരി; സുധേഷ് കുമാറിന്റെ മകളെ അറസ്റ്റ് ചെയ്യാതിരിക്കാൻ സർവ്വ അടവും പുറത്തെടുക്കാൻ ഐപിഎസുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകൾ മർദിച്ചെന്ന കേസ് അട്ടിമറിക്കാൻ അണിയറയിൽ നടന്നതു വൻ ഗൂഢാലോചന. ഗവാസ്‌കർ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പൊലീസിനെ രംഗത്തിറക്കാൻ ശ്രമം നടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. അപകടം മണത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഈ നീക്കം തടയുകയായിരുന്നു. ഇതിനിടെ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ദയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ഗവാസ്‌കറിന് ഏറ്റത് മാരക പരിക്കുകളാണ്. അതുകൊണ്ട് തന്നെ കൊലപാതക ശ്രമം ചുമത്തണമെന്നും അഭിപ്രായമുണ്ട്. എന്നാൽ ചില പൊലീസുകാർ സ്‌നിഗ്ദയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസുകാരന് മാരക പരിക്കേറ്റുവെന്ന് വ്യക്തമായിട്ടും സ്‌നിഗ്ദയെ വെറുതെ വിടുകയാണ് പൊലീസ്. ഇതിൽ പൊലീസ് അസോസിയേഷനിൽ അമർഷം പുകയുകയാണ്. ഇതിനൊപ്പമാണ് ഗവാസ്‌കർ പീഡിപ്പിച്ചെന്നാരോപിച്ചു പൊലീസ് ഉദ്യോഗസ്ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്. ഇത് പൊളിഞ്ഞപ്പോഴായിരുന്നു മകളെ കൊണ്ട് കള്ളപരാതി ഗവാസ്‌കറിനെതിരെ കൊടുത്തത്. അതിനിടെ ഐപിഎസ് അസോസിയേഷന്റെ പിന്തുണ സുധേഷ് കുമാറിനുണ്ട്. മകളുടെ അറസ്റ്റ് നടക്കാതിരിക്കാൻ ചില ഐപിഎസുകാരാണ് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നത്.

വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ വ്യാജപരാതി നൽകാൻ പൊലീസ് ഉദ്യോഗസ്ഥ തയാറായില്ല. പൊലീസ് അസോസിയേഷനായിരുന്നു ഇടപെടൽ നടത്തിയത്. ഗവാസ്‌കർ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകൾ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ഏറെ ചർച്ചയായി കഴിഞ്ഞു. തലസ്ഥാനത്തെ എസ്‌പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകൾ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്ടറോടു പറഞ്ഞത്. അദ്ദേഹം ഇതു കേസ് ഷീറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതോടെ എഡിജിപി ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ്. അതിനിടെ മകളെ കൊണ്ട് കള്ളപരാതി കൊടുത്ത എഡിജിപിയെ സസ്‌പെന്റ് ചെയ്യണമെന്ന അഭിപ്രായവും സജീവമാണ്.

പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനേത്തുടർന്നാണു ഗവാസ്‌കർക്കു മർദനമേറ്റതെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഇതിലൂടെ ഗവാസ്‌കറെ സർവ്വീസിൽ നിന്ന് പുറത്താക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പൊലീസിലെ ചിലർ ഈ വിവരം അസോസിയേഷന് ചോർത്തി നൽകി. ഇതോടെ ഒറ്റുകാരിയാകരുതെന്ന് പൊലീസുകാരിക്ക് നിർദ്ദേശം പോയി. അങ്ങനെ ആ കളി പൊളിയുകയായിരുന്നു. അതിനിടെ ഗവാസ്‌കർക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുധേഷ്‌കുമാറിന്റെ മകൾക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകൾ ഹൈക്കോടതിയിൽനിന്നു മുൻകൂർജാമ്യം നേടാൻ ശ്രമമാരംഭിച്ചു.

എ.ഡി.ജി.പിയുടെ മകൾ വനിതാ സിഐക്കു നൽകിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഗവാസ്‌കർ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സിഐക്കു നൽകിയ മൊഴി. എന്നാൽ കാലിലെ പരുക്ക് ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ് ആശുപത്രിരേഖ. ഗവാസ്‌കർ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടർന്നാണു മകൾക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുധേഷ്‌കുമാർ പരാതി നൽകിയിരുന്നു. എന്നാൽ, മകളുടെ പരാതിയിൽ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും. കള്ളപരാതി കൊടുത്തതിന് എഡിജിപിക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തും.

ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എ.ഡി.ജി.പി. സമയമനുവദിച്ചില്ല. തന്റെ വളർത്തുനായയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയും എ.ഡി.ജി.പി: സുധേഷ്‌കുമാർ നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള മർദനത്തിൽ കഴുത്തിനും തോളിനും പരുക്കേറ്റെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കർ പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടി മണിക്കൂറുകൾക്കു ശേഷമാണ് എ.ഡി.ജി.പിയുടെ മകൾ എതിർപരാതിയുമായി രംഗത്തെത്തിയത്. ഇതിനിടെയാണ് പൊലീസുകാരിയെ കൊണ്ട് പീഡന പരാതി കൊടുക്കാൻ ശ്രമം നടന്നത്. ഇത് നടക്കാതെ പോയതോടെയാണ് വനിതാ സിഐയെ എ.ഡി.ജി.പിയുടെ വീട്ടിൽ വിളിച്ചുവരുത്തി ഗവാസ്‌കറിനെതിരെ മൊഴി കൊടുപ്പിച്ചത്.

തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നു ചികിത്സിച്ച ഡോ. ഹരി ക്രൈംബ്രാഞ്ചിനു മൊഴി നൽകി. യുവതി പറഞ്ഞപ്രകാരമാണു കേസ് ഷീറ്റിൽ ഓട്ടോറിക്ഷ ഇടിച്ചുള്ള പരുക്കെന്ന് എഴുതിയത്. എന്നാൽ കാര്യമായ പരുക്കൊന്നും കണ്ടില്ല. എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അതിനു തയാറാകാതെ, യുവതി മരുന്നു വാങ്ങിപ്പോയെന്ന് ഡോക്ടർ മൊഴി നൽകി. മകൾക്കു മുൻകൂർജാമ്യം തേടുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിയും കുടുംബാംഗങ്ങളും കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

എന്നാൽ പൊലീസ് ശക്തമായ വകുപ്പുകൾ ചുമത്തിയാൽ മകൾക്ക് ജാമ്യം കിട്ടില്ലെന്നാണ് സൂചന. ബറ്റാലിയൻ എഡിജിപിയായിരുന്ന സുധേഷ് കുമാറിനെ ആരോപണത്തെ തുടർന്ന് ഈ പദവിയിൽ നിന്ന് മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP