Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബ് ലോകത്തെ ഇടപാടുകളുടെ റാണിയായി വാണ സുനന്ദ മയങ്ങിയത് തരൂരിന്റെ സമ്പത്തിലും സൗന്ദര്യത്തിലും; പാക്കിസ്ഥാനി യുവതിയുമായുള്ള പ്രണയം പുറത്താകുമ്പോൾ കലാപം തുടങ്ങി; സുനന്ദാ പുഷ്‌കറിന്റെ ആത്മാവ് ശശി തരൂരിനെ കൊണ്ടു പോകുമോ?

അറബ് ലോകത്തെ ഇടപാടുകളുടെ റാണിയായി വാണ സുനന്ദ മയങ്ങിയത് തരൂരിന്റെ സമ്പത്തിലും സൗന്ദര്യത്തിലും; പാക്കിസ്ഥാനി യുവതിയുമായുള്ള പ്രണയം പുറത്താകുമ്പോൾ കലാപം തുടങ്ങി; സുനന്ദാ പുഷ്‌കറിന്റെ ആത്മാവ് ശശി തരൂരിനെ കൊണ്ടു പോകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിൽക്കുകയും പിന്നീട് ജീവിതത്തോട് മടുത്തപ്പോൾ മരണത്തെ പുൽകിയ താരറാണിമാർ ഇന്ത്യൻ സിനിമയിലുണ്ട്. ഇത്തരക്കാരുടെ ജീവിതചിത്രം വരച്ചിടുന്ന സിനിമകളും അടുത്തിടെ പുറത്തുവന്നിരുന്നു. സുനന്ദാ പുഷ്‌ക്കറിന്റെ ജീവിതവും ഒരു പരിധിവരെ ഇത്തരം സിനിമാക്കഥയോട് ചേർന്നു നിൽക്കുന്നവയാണ്. സുനന്ദയുടെ മരണം ആത്മഹത്യ തന്നെയെന്ന് ഡൽഹി പൊലീസ സ്ഥിരീകരിച്ചിരിക്കുകയാണ്.ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റവും ഗാർഹിക പീഡനക്കുറ്റവും ചുമത്തിയിരിക്കുകയാണ്.

വാടകക്കൊലയാളികളാണ് സുനന്ദയെ കൊന്നത് എന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കേസ് ചൂടാക്കി നിർത്തിയത്.സുനന്ദ താമസിച്ച കിടക്കവിരിയിലും പരവതാനിയിലും ദ്രാവകത്തിന്റെ പാടുകളും മുറിയിൽ പൊട്ടിയ ചില്ലുകളും കണ്ടെത്തിയിരുന്നു. ഔദ്യോഗിക വസതി ഒഴിവാക്കി ഹോട്ടലിൽ സുനന്ദയുമായി ശശി തരൂർ എത്തിയതും സംശയമാണ്. മെഹർ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധമുയർത്തി സുനന്ദ രംഗത്ത് വന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു ഇതും.

സുനന്ദയുടെ ജീവിതവും ഒരു സിനിമാക്കഥയുടെ തകർന്ന നായികാ കഥാപാത്രത്തെ പോലെയായിരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ നിറഞ്ഞുനിൽക്കുമ്പോഴും സമാധാനമില്ലാതിരുന്ന ജീവിതം. ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാർ അപൂർവമായി മാത്രമാണ് മുഖ്യധാരയിലെത്തുന്നത്. അവർ, സ്വന്തം ജീവിതത്തിൽ ഒതുങ്ങി ജീവിക്കുന്നവരാകും. വല്ലപ്പോഴും ചില വനിതാ മാസികകളിലോ മറ്റോ നേതാവിന്റെ കുടുംബചരിത്രത്തിൽ പ്രത്യക്ഷപ്പെട്ടാലായി. എന്നാൽ, സുനന്ദ പുഷ്‌കർ അങ്ങനെയായിരുന്നില്ല. യഥാർഥത്തിൽ ശശി തരുരിനെക്കാൾ സുനന്ദ പുഷ്‌കർ ജനക്കൂട്ടത്തെ ആകർഷിച്ചു.

കൊച്ചി ടസ്‌കേഴ്സിലെ വിയർപ്പോഹരി മുതൽ പാക് മാധ്യമപ്രവർത്തകയുടെ വിവാദ ട്വിറ്റർ സന്ദേശങ്ങൾ വരെ സുനന്ദയെ മുഖ്യധാരയിൽ നിർത്തി. ഒടുവിൽ അപ്രതീക്ഷിതമായി, ദുരൂഹമായ മരണവും. പക്ഷേ മറുപടി നൽകേണ്ടി വരിക ഭർത്താവ് ശശി തരൂർ തന്നെയാകും.

ദുബായിൽനിന്ന് ശശി തരൂരിന്റെ ഭാര്യയായാണ് സുനന്ദയുടെ ഇന്ത്യയിലേക്കുള്ള വരവ്. മാർക്കറ്റിങ് രംഗത്തെ ആഗോള മുഖമായിരുന്നു അതുവരെ സുനന്ദ. ഗൾഫ് മേഖലയിലെ വമ്പൻ അന്താരാഷ്ട്ര കമ്പനികളുടെ ഉപദേഷ്ടാവ്. ശശി തരൂരിനായി ഐപിഎൽ ടീമിന്റെ ലേലത്തിൽ ചരട് വലിച്ച് വിവാദത്തിലായി. ആദ്യ വിവാഹത്തിൽ ഒരു മകനുമുണ്ട്. തരൂരിന്റെ മൂന്നാം ഭാര്യയായി സുനന്ദ എത്തിയത് താരപകിട്ടുമായാണ്. ആഗോള പൗരനെന്ന തരൂരിന്റെ ഇമേജ് തന്നെയാണ് ഇവരെ തിരുവനന്തപുരം എംപിയുമായി അടുപ്പിച്ചത്.

മറ്റ് രാഷ്ട്രീയനേതാക്കളുടെ ഭാര്യമാരെപ്പോലെയായിരുന്നില്ല അവർ. പരസ്യമായി നൃത്തം ചെയ്തും ആഘോഷങ്ങളിലും വിരുന്നുകളിലും പങ്കെടുത്തും വശ്യമായ വസ്ത്രധാരണത്തിലുമൊക്കെ അവർ വേറിട്ടുനിന്നു. വിരുന്നുകളിൽ നേതാക്കൾപോലും നാപ്കിൻ പേപ്പറുകൾ കൊണ്ട് വിസ്‌കി നുണയുമ്പോൾ, സുനന്ദ അവിടെയും മറവ് കാട്ടിയിരുന്നില്ല. ഏത് വിഷയത്തെക്കുറിച്ചായാലും സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാൻ അവർ ശ്രമിച്ചിരുന്നു. തന്നെ പൊതുസ്ഥലത്ത് അപമാനിക്കാൻ ശ്രമിച്ചയാളുടെ ചെകിട്ടത്തടിക്കാനും നരേന്ദ്ര മോദിയുടെ '50 കോടി കാമുകിന' പ്രയോഗത്തോട് ശക്തമായി പ്രതികരിക്കാനും അവർ മടിച്ചിരുന്നില്ല.

അധികാര കേന്ദ്രത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും അവരുടെ ജീവിതം സമാധാനപൂർണമായിരുന്നില്ല എന്ന് മരണം കൊണ്ടവർ തെളിയിച്ചു. പരാജയപ്പെട്ട രണ്ട് വിവാഹ ബന്ധങ്ങൾക്കുശേഷം ശശി തരൂരിന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ അവർ സമാധാനം പ്രതീക്ഷിച്ചിരിക്കണം. എന്നാൽ, അവർ പറയാൻ ആഗ്രഹിച്ചിരുന്ന കുറേ കാര്യങ്ങൾ മുഴുവനാക്കാതെ സുനന്ദ മടങ്ങി. ഇനിയൊരിക്കലും ആ രഹസ്യങ്ങൾ എന്തായിരുന്നുവെന്ന് പുറം ലോകമറിയില്ല. ഏതായാലും ഒന്നുറപ്പാണ്. ശാന്തമായിരുന്നില്ല ആ മരണം പോലും.

ശശി തരൂർ എന്ന പേർ ഒരു കാലത്ത് ഇന്ത്യൻ മദ്ധ്യവർഗ്ഗം വലിയ ഫാൻഫെയറോടെ വായിച്ചുകൊണ്ടിരുന്ന ബൈലൈനാണ്. ഇന്ത്യൻ എക്സ്‌പ്രസിലും തുടർന്ന് ഹിന്ദുവിലും അതിനുംശേഷം ടൈംസ് ഓഫ് ഇന്ത്യയിലും എഴുതിയ കോളങ്ങളിലൂടെ സുപരിചതമായ പേര്. കോൺഗ്രസിനെ, അതിന്റെ കുടുംബവാഴ്ചയെ, ഒക്കെ വിമർശിച്ച് പുസ്തകം തന്നെയെഴുതിയ തരൂർ പിന്നീട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ശ്രമിക്കുന്നതും അതിനെ തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെടുന്നതും ഒടുവിൽ താൻ എതിർത്ത കോൺഗ്രസിൽ തന്നെ ചെന്നുചേരുന്നതും നാം കണ്ടുനിന്നു.

അദ്ദേഹം തിരുവനന്തപുരത്തുനിന്ന് മത്സരിക്കുമ്പോൾ നാഗരിക അരാഷ്ട്രീയ യുവജനതയുടെ ഐക്കൺ ആയാണ് സ്വയം വെളിപ്പെട്ടത്. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ, രാഷ്ട്രീയക്കാർക്കിടയിൽ അദ്ദേഹം വേറിട്ടുനിന്നു. വലിയ താരത്തിളക്കത്തോടെ തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. ക്രിക്കറ്റ് എന്ന ഇന്ത്യയിലെ പണംവാരി വ്യവസായത്തിൽ അദ്ദേഹം കണ്ണുവയ്ക്കുന്നതോടെയാണ് തരൂരിന്റെ ജീവിതത്തിലെ വിവാദപർവ്വം ആരംഭിക്കുന്നത്.

ഒരു ശതമാനം ഓഹരി മാത്രമുള്ള ഒരു മലയാളി, പേരിന് തലപ്പത്തുനിന്ന്, ഗുജറാത്തി മാർവാഡി വ്യവസായികൾ പണം മുടക്കിത്തുടങ്ങിയ കൊച്ചി ടസ്‌കേഴ്സ് കേരള എന്ന ഐപിഎൽ ടീമിന്റെ 26% ഓഹരികൾ പണം മുടക്കാത്ത ഒരു യുവതിയുടെ പേരിൽ വന്നത് പ്രശ്നമാക്കിയത് ഐപിഎൽ കമ്മിഷണറായിരുന്ന ലളിത് മോദിയാണ്. ഇവർ ഒരു കേന്ദ്രമന്ത്രിയുടെ ബിനാമിയാണെന്നും മോദി ആരോപിച്ചു. സുനന്ദ പുഷ്‌കർ എന്ന പേര് നാം കേൾക്കുന്നത് ആ വിവാദത്തോടെയാണ്. താൻ ആ ഓഹരികൾ വേണ്ടെന്നുവയ്ക്കുന്നു എന്ന് സുനന്ദ പുഷ്‌കറിന് പിന്നീട് പറയേണ്ടിവന്നു. ആ വിവാദത്തിൽ തട്ടി ശശി തരൂരിന് ആദ്യതവണ മന്ത്രിസ്ഥാനം നഷ്ടമായി. തരൂർ പിന്നീട് സുനന്ദയെ വിവാഹം കഴിക്കുന്നതാണ് നാം കണ്ടത്.

പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായി ഉണ്ടായ വിവാദത്തിനു പിന്നാലെ സുനന്ദ പുഷ്‌കർ ഇക്കണോമിക് ടൈംസിനും ഇന്ത്യൻ എക്സ്‌പ്രസിനും എൻഡിടിവിക്കും നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ അവർക്കുതന്നെ വിഴുങ്ങേണ്ടിവന്നിരുന്നു. തങ്ങളുടെ വിവാഹജീവിതം സന്തുഷ്ടമാണെന്ന പ്രഖ്യാപനം അവർക്ക് നടത്തേണ്ടിവന്നു. തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിന്നപ്പോൾ പാക് ചാരവനിതയുമായി തരൂരിന് ബന്ധം എന്ന തരത്തിൽ സുനന്ദ ഉയർത്തിയ ആരോപണം തരൂരിനു മാത്രമല്ല, കോൺഗ്രസിനു മൊത്തത്തിൽ ബാധിച്ചിരുന്നു. എന്നിട്ടും തരൂർ തിരുവനന്തപുരത്ത് നിന്ന് വീണ്ടും ലോക്സഭയിലെത്തി

മരണത്തിന് തൊട്ട് മുമ്പുള്ള ദിവംസ ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ സുനന്ദ പറഞ്ഞത്, ഐപിഎൽ വിവാദത്തിൽ തരൂരിന് വേണ്ടി കുറ്റം താൻ ഏറ്റെടുത്തതായാണ്. ഒരു ഗൾഫ് രാജ്യത്തിൽ മയക്കുമരുന്നു കേസിൽ പിടിക്കപ്പെട്ട മകനെ രക്ഷിക്കാൻ ഒരു കേന്ദ്രമന്ത്രി ഇടപെട്ടു എന്ന് സുബ്രമണ്യം സ്വാമി ട്വിറ്ററിലൂടെ ആരോപിച്ചതും സുനന്ദയുടെ മരണത്തിന് തൊട്ടമുമ്പായിരുന്നു. താൻ ആരെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന മറുപടിയുമായി അന്ന് തരൂർ രംഗത്തെത്തി. സുനന്ദയുടെ മകൻ ശിവ് ആണ് ജയിലിലായത് എന്ന് പിന്നീടറിഞ്ഞു. തരൂർ ഈ പ്രതികരണം നടത്തിയില്ലായിരുന്നുവെങ്കിൽ ഈ വിവരം തന്നെ പുറത്തുവരില്ലായിരുന്നു.

തരൂരിന് മെഹറുമായി ബന്ധമുണ്ടെന്ന് സുനന്ദ ട്വിറ്ററിൽ കുറിച്ചിരുന്നു. അതിന് മുൻപ് തന്നെ തരൂരിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചില വെളിപ്പെടുത്തലുകൾ സുനന്ദ നടത്തിയിരുന്നു. തന്റെ അക്കൗണ്ട് ഹാക് ചെയ്തെന്ന് പറഞ്ഞ് തരൂർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭർത്താവിന്റെ അക്കൗണ്ടിൽ കയറിയത് താനാണെന്ന് വെളിപ്പെടുത്തി സുനന്ദ രംഗത്തുന്നു. മെഹർ തരൂർ ബന്ധത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും തരൂരുമായുള്ള ബന്ധം വേർപെടുത്തുകയാണെന്നും അവർ പറഞ്ഞു.

മെഹർ പാക് ചാരസംഘടനയായ ഐ.എസ്‌ഐയുടെ ഏജന്റ് ആണെന്ന് സുനന്ദ വീണ്ടും ട്വീറ്റ് ചെയ്തു. തുടർന്ന് മെഹ്റിന്റെ ട്വിറ്റർ അക്കൗണ്ടിലേക്ക് തന്നെ സുനന്ദ പോര് തുടങ്ങി. ഭർത്താവിൽ നിന്ന് അകലം പാലിക്കണമെന്ന് മെഹറിനോട് സുനന്ദ ആവശ്യപ്പെട്ടു. തന്നെ ഐ.എസ്. ഐ ഏജന്റ് എന്ന് വിളിച്ച സുനന്ദയ്ക്ക് മാനസികരോഗമാണെന്ന് മെഹർ തിരിച്ചടിച്ചു. സ്വന്തം ഭർത്താവിനെ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തുന്ന അവർക്ക് എന്തോ മാരക രോഗമുണ്ട്. അവരുടെ വിവാഹത്തെ ബഹുമാനിക്കുന്നില്ലെന്നും മെഹർ ട്വിറ്ററിൽ പറഞ്ഞു.

അന്ന് വൈകിട്ട് വിവാദത്തിന് വിരാമമിട്ട് സുനന്ദയും തരൂരും ഫേസ്‌ബുക്കിൽ സംയുക്ത പ്രസ്താവന നടത്തി. വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്ത ഇരുവരും നിഷേധിച്ചു. ട്വിറ്ററിൽവന്ന സന്ദേശങ്ങൾ തങ്ങളുടെതല്ലെന്നും അവർ പറഞ്ഞു. ഭാര്യയുടെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു. അസുഖത്തെത്തുടർന്ന് സുനന്ദ ആശുപത്രിയിലായിരുന്നു. ഇനി വിശ്രമം ആവശ്യമാണ്. തങ്ങളുടെ സ്വകാര്യത മാധ്യമങ്ങൾ മാനിക്കണമെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിച്ചത്. എന്നിട്ടും ചില നിലപാടുകളിൽ നിന്ന് സുനന്ദ പിന്നോട്ട് പോയില്ല.

മെഹറിന് താൻ ട്വീറ്റുകൾ അയച്ചിരുന്നതായി അവർ ഒരു ദേശീയ ചാനലിനോട് പ്രതികരിച്ചു. തരൂർ സന്തുഷ്ടകുടുംബ ജീവിതം നയിക്കുന്ന ആളാണെന്ന് അറിയാതെ അദ്ദേഹവുമായി ബന്ധത്തിന് മെഹർ ശ്രമിച്ചതിനാലാണ് തടയാൻ ശ്രമിച്ചതെന്ന് സുനന്ദ പറഞ്ഞതായി ചാനൽ അറിയിച്ചു. തെരഞ്ഞെടുപ്പ് ആയതിനാൽ മെഹറിൽ നിന്ന് അകലം പാലിക്കണമെന്ന് തരൂരിനോട് പറയാനിരിക്കുകയായിരുന്നു. തരൂർ മന്ത്രിയാണ്. എന്നാൽ ഞാൻ ആം ആദ്മിയാണ്. ഇത്തരം കാര്യങ്ങൾ കേട്ടാൽ പെട്ടെന്ന് തകർന്നുപോകുമെന്നും സുനന്ദ പ്രതികരിച്ചിരുന്നു. സംയുക്ത പ്രസ്താവനയുടെ പിറ്റേന്ന് ജനുവരി 17ന് ഡൽഹിയിൽ സുനന്ദയുടെ മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP