Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെളിപ്പെടുത്തലുകളോടെ ഉപരാഷ്ട്രപതിയാകാനുള്ള സാധ്യത അടഞ്ഞു; അർണാബ് ധാർമികത ലവലേശമില്ലാത്ത ജേണലിസ്റ്റ് എന്ന് തിരിച്ചടി; സുനന്ദാ പുഷ്‌കർ ബോംബിൽ പതറാതെ മറുപടിയുമായി ശശി തരൂർ; മാർക്കറ്റ് പിടിക്കാൻ സൂപ്പർ സ്റ്റോറികളുമായി ഇറങ്ങിയ ഗ്വോസ്വാമിയുടെ റിപ്പബ്ലിക്കിന് മംഗളം ചാനലിന്റെ അവസ്ഥയാകുമോ?

വെളിപ്പെടുത്തലുകളോടെ ഉപരാഷ്ട്രപതിയാകാനുള്ള സാധ്യത അടഞ്ഞു; അർണാബ് ധാർമികത ലവലേശമില്ലാത്ത ജേണലിസ്റ്റ് എന്ന് തിരിച്ചടി; സുനന്ദാ പുഷ്‌കർ ബോംബിൽ പതറാതെ മറുപടിയുമായി ശശി തരൂർ; മാർക്കറ്റ് പിടിക്കാൻ സൂപ്പർ സ്റ്റോറികളുമായി ഇറങ്ങിയ ഗ്വോസ്വാമിയുടെ റിപ്പബ്ലിക്കിന് മംഗളം ചാനലിന്റെ അവസ്ഥയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉപരാഷ്ട്രപതിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണിച്ച പ്രധാന പേരുകാരിൽ ഒരാളായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റേത്. ഇതിനൊപ്പം ഐക്യരാഷ്ട്ര സഭയിലെ പദവികൾ നൽകുന്നതും ബിജെപി പല തലത്തിൽ ചർച്ചയാക്കി. ഇതിനിടെയാണ് വീണ്ടും സുനന്ദാ പുഷ്‌കർ ബോബുമായി അർണാബ് ഗോസ്വാമി എത്തുന്നത്. റിപ്പബ്ലിക് ടിവിയിലൂടെ പുറത്തുവന്ന വിവാദങ്ങളെ ശശി തരൂർ ഭയപ്പെടുന്നില്ല. കരുതലോടെ തന്നെ മറുപടിയും നൽകി,. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ആരോപിച്ച മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയേയും റിപ്പബ്ലക് ടിവിയേയും വെല്ലുവിളിക്കുകയാണ് ശശി തരൂർ എംപി.

തെറ്റായ ആരോപണങ്ങളാണ് വാർത്തയിലുള്ളതെന്നും കോടതിയിൽ ഇവ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ധാർമികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങൾ സംപ്രേഷണം ചെയ്തിരിക്കുന്നത്. സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതിൽ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി. എന്നാൽ ഈ വിവാദം ഇല്ലാതാക്കുന്നത് ശശി തരൂരിന്റെ ഉപരാഷ്ട്രപതിയാകാനുള്ള സാധ്യതകളാണ്. പുതിയ വിവാദത്തോടെ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്താനുള്ള ശശി തരൂരിന്റെ സാധ്യത അടയുകയാണ്. ഇത് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് തരൂർ ക്യാമ്പ് കരുതുന്നത്. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പോലും തരൂരിനെ പരിഗണിക്കണമെന്ന അഭിപ്രായം സജീവമാകുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി അർണാബ് എത്തിയത്.

രണ്ട് ദിവസം മുമ്പാണ് റിപ്പബ്ലിക് ചാനലുമായി അർണാബ് ഗോസ്വാമി എത്തിയത്. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറാണ് പ്രധാന ഇൻവെസ്റ്റർ. ഏഷ്യാനെറ്റിന്റെ പിന്തുണയോടെയാണ് പ്രവർത്തനം. മംഗളം മോഡൽ വാർത്തയുമായി അർണാബ് കളം പിടിക്കാൻ നോക്കുമ്പോൾ മറ്റ് ദേശീയ ചാനലുകളൊന്നും ശശി തരൂർ വിഷയം ഏറ്റെടുത്തില്ല. ഏഷ്യാനെറ്റ് പോലും പ്രധാന വാർത്തയുടെ സ്വാഭാവത്തിൽ ഇത് നൽകിയുമില്ല. അതായത് റേറ്റിങ് കൂട്ടാനുള്ള ശ്രമമായി അർണാബിന്റെ വാർത്തകലെ വിലയിരുത്തുന്നു. ബീഹാറിലെ ലാലു പ്രസാദ് യാദവിനെതിരെ വാർത്ത നൽകിയാണ് അർണാബ് റിപ്പബ്ലിക്കിന് തുടക്കമിട്ടത്. ഇതെല്ലാം ബിജെപിയുടെ അജണ്ടയാണെന്ന വാദവും ഉണ്ട്. ഇതോടെ മംഗളം ബ്രേക്കിങ് പോലെ റേറ്റിംഗിന് വേണ്ടി എന്തും ചെയ്യുകയാണ് അർണാബ് എന്ന വിമർശനവും സോഷ്യൽ മീഡിയ സജീവമാക്കുന്നു. ശശി തരൂരുമായി അർണാബിന് വ്യക്തിപരമായ വിരോധമുണ്ട്. അത് ടൈംസ് നൗവിലുള്ളപ്പോഴും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. അതുകൊണ്ട് തന്നെ തരൂരിന്റെ ഭാവി രാഷ്ട്രീയ സാധ്യതകൾ ഇല്ലായ്മ ചെയ്യുകയാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് ആരോപണം.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ തരൂരിനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക് ടിവി വാർത്ത നൽകിയിരുന്നു. സുനന്ദയുടെ മൃതദേഹം ലീല ഹോട്ടലിൽ അവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ് ചാനൽ പുറത്തുവിട്ടത്. തെക്കൻ ഡൽഹിയിലെ ലീല ഹോട്ടലിലെ 307-ാം നമ്പർ മുറിയിൽ താമസിച്ച സുനന്ദയുടെ മൃതദേഹം 345-ാം നമ്പർ മുറിയിലേക്ക് മാറ്റിയിരുന്നുവെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ചാനൽ അവകാശപ്പെടുന്നു. പുലർച്ചെ ഹോട്ടലിൽ നിന്ന് പോയ ശശി തരൂർ കുറച്ചു നേരത്തിനു ശേഷം മടങ്ങിയെത്തിയെന്ന് സഹായിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് ചാനൽ അവകാശപ്പെടുന്നു. ഇത് സാധൂകരിക്കുന്ന നിരവധി ശബ്ദരേഖകളും പുറത്തുവിട്ടു.

അൽപ്രാക്സ് ഗുളികകളുടെ അമിത ഉപയോഗം, കരിക്കിൻ വെള്ളം കുടിച്ചത് തുടങ്ങിയ നിരവധി കാരണങ്ങൾ സുനന്ദയുടെ മരണകാരണമായി ശശി തരൂർ ചൂണ്ടിക്കാണിച്ചെങ്കിലും അവയെല്ലാം പൊലീസ് അന്വേഷണത്തിൽ ശരിയല്ലെന്ന് തെളിഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാനുള്ള സുനന്ദയുടെ ശ്രമങ്ങൾ തരൂർ തടഞ്ഞതായും ചാനലിന്റെ വാർത്തയിൽ ആരോപിക്കുന്നു. 2014 ജാനുവരി 17നാണ് സുനന്ദയെ കൊല്ലപ്പെട്ട നിലയിൽ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. തരൂരിന് പാക് പത്രപ്രവർത്തക മെഹർ തരാറുമായുള്ള ബന്ധത്തെച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വഴക്കുണ്ടായ രാത്രിയിലാണ് സംഭവം. വിഷം ഉള്ളിൽ ചെന്നാണ് സുനന്ദയുടെ മരണമെന്ന് വെളിവായെങ്കിലും അന്വേഷണം പിന്നെ മുന്നോട്ട് പോയില്ല. തരൂരിനെതിരെ പ്രകടമായ തെളിവുകൾ ലഭിക്കാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.

സുനന്ദ പുഷ്‌കർ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയർത്തുന്ന ഫോൺ സംഭാഷണങ്ങളാണ് ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. ലീലഹോട്ടലിലെ 345ാം നമ്പർ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്.എന്നാൽ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോൺസംഭാഷണങ്ങളിൽ ശശിതരൂരിന്റെ വിശ്വസ്തൻ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് വരെ സുനന്ദ 307ാം നമ്പർ മുറിയിലായിരുന്നുവെന്നാണ്. സുനന്ദപുഷ്‌കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആർ കെ ശർമ്മയുമായും, വിശ്വസ്തൻ നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദപുഷ്‌കർ കൊല്ലപ്പെട്ടത്.

സുനന്ദയുടെ മരണം നടന്ന ദിവസത്തെയും തലേ ദിവസത്തെയും 19 ഓഡിയോ ടേപ്പുകളാണ് ചാനൽ പുറത്തുവിട്ടത്. ശശി തരൂരിന്റെ സഹായി നാരായൺ സിങ്ങുമായി നടത്തിയ സംഭാഷണങ്ങളാണ് ടേപ്പിൽ കൂടുതലായുള്ളത്. സുനന്ദയുടെ സംഭാഷണവും ടേപ്പിലുണ്ട്. ഇതടക്കം 19 പേരുമായുള്ള ഫോൺ സംഭാഷണങ്ങളാണ് ചാനൽ പുറത്തുവിട്ടത്. സുനന്ദ മരിച്ച 2014 ജനുവരി 17 ലെയും തലേദിവസത്തേയും ഫോൺ സംഭാഷണങ്ങളാണിവ. സുനന്ദ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ തരൂർ തടുത്തുവെന്നത് ടേപ്പിൽ നിന്നു വ്യക്തമാകുന്നു. എല്ലാം വെളിപ്പെടുത്തണമെന്ന് സുനന്ദ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് അവസരമുണ്ടാകുന്നതിന് മുമ്പ് അവർ മരിച്ച വാർത്ത പുറത്തുവന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.

സുനന്ദ പുഷ്‌കറുമായുള്ള തന്റെ സംഭാഷണത്തെ തരൂർ തടയാൻ ശ്രമിച്ചുവെന്ന് സംഭാഷണം നടത്തിയ ലേഖിക പ്രേമ ശ്രീദേവി ചാനലിൽ വ്യക്തമാക്കുന്നുണ്ട്. ഈ സംഭാഷണങ്ങൾ ഡൽഹി പൊലീസിന്റെ പക്കലുണ്ടെന്നും എന്നാൽ അത് ഗൗരവത്തിലെടുത്തില്ലെന്നും ലേഖിക വെളിപ്പെടുത്തുന്നുണ്ട്. മരണത്തിന്റെ തലേന്ന് സുനന്ദയുമായി നടത്തിയ സംഭാഷണമാണ് ആദ്യത്തേത്. വീട്ടിൽ കീടനാശിനി പ്രയോഗിക്കുകയാണെന്നും അതിനാൽ ഇപ്പോൾ ലീലാ ഹോട്ടലിന്റെ ഒമ്പതാം നിലയിലാണെന്നും സുനന്ദ പറയുന്നുണ്ട്. വളരെ ക്ഷീണിച്ച ശബ്ദത്തിലാണ് സുനന്ദ സംസാരിച്ചതെന്നാണ് ലേഖികയുടെ വിശദീകരണം. നാരായണൻ സിങ്ങുമായുള്ള സംഭാഷണങ്ങളാണ് തുടർന്നുള്ള ഓഡിയോ ടേപ്പുകൾ.

സുനന്ദയെ കാണാൻ ഹോട്ടലിലെത്തിയപ്പോഴുള്ള സംഭാഷണങ്ങളും പുറത്തുവന്നതിലുണ്ട്. സുനന്ദയുടെ അഭിമുഖം എടുക്കാൻ പറ്റില്ലെന്നാണ് നാരായണൻ പറയുന്നത്. മാഡത്തിന് ഫോൺ കൊടുക്കാമോ എന്ന ചോദ്യത്തിന് പറ്റില്ലെന്നും മറുപടി പറയുന്നു. സുനന്ദയെ കാണാൻ പ്രേമ ശ്രമിക്കുമ്പോൾ തരൂരിന്റെ മറ്റൊരു സഹായി ആർ കെ. ശർമ തടഞ്ഞു. അപ്പോൾ മുറിയിൽ തരൂർ ഉണ്ടായിരുന്നുവെന്നാണ് പ്രേമ പറയുന്നത്. ആർ കെ ശർമയുമായി പ്രേമ നടത്തിയ സംഭാഷണവും പുറത്തുവന്നതിലുണ്ട്. രാവിലെ 6.30ന് ഹോട്ടൽവിട്ട തരൂർ 9.30ന് തിരിച്ചെത്തിയതായി നാരായണനുമായി നടത്തിയ അടുത്ത കോളിൽ പ്രേമ ശ്രീദേവി പറയുന്നു. ഇക്കാര്യം തരൂർ പൊലീസിനോടു പറഞ്ഞുവോയെന്നു വ്യക്തമല്ലെന്നും പ്രേമ പറയുന്നു. സുനന്ദ പുറത്തുപോയിട്ടില്ലെന്നും മുറിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും അടുത്ത ഓഡിയോ ടേപ്പിൽ നാരായണൻ വെളിപ്പെടുത്തുന്നു.

ഞങ്ങൾ വീട്ടിൽ പോകും എന്നാണ് അടുത്ത ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്. ഹോട്ടലിനു പുറത്തിറങ്ങിയ തരൂർ വൈകിട്ട് 8.20ഓടെയാണ് തിരിച്ചെത്തുന്നതെന്ന് നാരായണൻ വ്യക്തമായി പറഞ്ഞിരുന്നു. 307-ാം നമ്പർ മുറിയിൽനിന്ന് 345ലെത്താൻ മൂന്നു മിനിട്ടു മതി.
2014 ജനുവരി 17നാണ് ന്യൂഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വർഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP