Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലെ വമ്പനെ അറസ്റ്റ്‌ചെയ്തതും തടവിലാക്കിയതും കസ്റ്റംസിന് കോടതിയുടെ ഇടപെടൽ നൽകിയ കരുത്ത്; കളി കാര്യമായതോടെ കടുത്ത സമ്മർദ്ദവുമായി ഉന്നതർ; ഡ്യൂട്ടി ഫ്രീ മാർക്കറ്റിൽ വെട്ടിപ്പിന് പിടിവീണതോടെ തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ ശക്തികൾ ഉണർന്നു  

തമിഴ്‌നാട്ടിലെ വമ്പനെ അറസ്റ്റ്‌ചെയ്തതും തടവിലാക്കിയതും കസ്റ്റംസിന് കോടതിയുടെ ഇടപെടൽ നൽകിയ കരുത്ത്; കളി കാര്യമായതോടെ കടുത്ത സമ്മർദ്ദവുമായി ഉന്നതർ; ഡ്യൂട്ടി ഫ്രീ മാർക്കറ്റിൽ വെട്ടിപ്പിന് പിടിവീണതോടെ തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ ശക്തികൾ ഉണർന്നു   

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം; വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യത്തട്ടിപ്പ് നടത്തിയ കേസിൽ കസ്റ്റംസിന് ബലമായത് ഹൈക്കോടതിയുടെ ഇടപെടൽ. യാത്രക്കാരുടെ പാസ്‌പോർട്ടിലെ വിവരങ്ങൾ ചോർത്തി ഇതുപയോഗിച്ച് മദ്യത്തട്ടിപ്പ് നടത്തിയതാണ് കേസ്. തമിഴ്‌നാട്ടിലെ വമ്പനെയാണ് കസ്റ്റംസ് കൂട്ടിലാക്കിയത്. തമിഴ്‌നാട്ടിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കൾക്കു പ്ലസ് മാക്‌സ് ഉടമകളുമായി ബന്ധമുണ്ടെന്നും കേസ് ഒതുക്കാൻ നീക്കം നടക്കുന്നതായി നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു.

ഇതിനിടയിൽ വിമാനത്താവളത്തിലെ 'പ്ലസ് മാക്‌സ്' ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വിദേശനിർമ്മിത വിദേശമദ്യം പുറത്തേക്കു കടത്തി ആറു കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ച കേസ് ഒതുക്കാൻ ഉന്നതതല സമ്മർദം തുടരുന്നു. എയർപോർട്ട് അഥോറിറ്റിയിലെയും കാർഗോ കോംപ്ലക്‌സ് കസ്റ്റംസ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെയും കേസിൽ പ്രതി ചേർക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിനു മേൽ സമ്മർദം ശക്തമാകുന്നത്.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിലെ ചില ഉന്നതർ തന്നെ കേസിൽ ഇടപെട്ടതായാണു വിവരം. ഡ്യൂട്ടി വെട്ടിപ്പിനു വിമാനത്താവളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ കൂട്ടു നിന്നതായി വ്യക്തമായിട്ടും സിബിഐ കേസെടുക്കാൻ വൈകുന്നതു സമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്. സിബിഐയും എൻഐഎയും ഉൾപ്പെടെയുള്ള ഏജൻസികളെ, കേസിന്റെ വിവരം കസ്റ്റംസ് നേരത്തേ അറിയിച്ചിരുന്നു.

മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പാസ്‌പോർട്ട് നമ്പർ ദുരുപയോഗിച്ച് മദ്യം പുറത്തു വിറ്റ്, ആറു കോടിയിലധികം രൂപയുടെ തീരുവ 'പ്ലസ് മാക്‌സ്' വെട്ടിച്ചുവെന്നാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കേസ്. പ്ലസ് മാക്‌സിന്റെ വിദേശനാണയ ഇടപാടിൽ മൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുള്ളതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്ലസ് മാക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആർ. സുന്ദരവാസനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

തുടർച്ചയായി നോട്ടിസ് അയച്ചിട്ടും എയർപോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥൻ കേസിൽ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ഹാജരായിട്ടില്ല. ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിക്കും. പ്ലസ് മാക്‌സിലെ ചില ജീവനക്കാരെയും കേസിൽ പ്രതിയാക്കും.

കസ്റ്റംസ് കമ്മിഷണർ സുമിത്കുമാറിന്റെ ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാൻ കസ്റ്റംസ് ചെന്നൈ പ്രിൻസിപ്പൽ കമ്മിഷണർ നിയമവിരുദ്ധമായി ഉത്തരവിട്ടതു വിവാദമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി അന്വേഷണം മരവിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

കുറ്റം ചുമത്തപ്പെട്ടവരടക്കമുള്ളവരുടെ മൊഴിയെടുക്കലിന് കൃത്യമായ നിബന്ധനകൾ കോടതി നിർദ്ദേശിച്ചു. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. സമൻസ് അയച്ചിട്ടും ഹാജരാകാത്തവർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരുന്നു.

കസ്റ്റംസ് വനിതാ അസിസ്റ്റന്റ് കമ്മിഷണറുടെ സാന്നിധ്യത്തിൽ മൊഴിയെടുക്കണം. (അസിസ്റ്റന്റ് കമ്മിഷണർ വി. ശാന്തിയാണ് നടപടികൾക്ക് മേൽനോട്ടം വഹിച്ചത്),നടപടികളുടെ വീഡിയോ പകർത്തണം.മൊഴി നൽകാനെത്തുന്നവരുടെ വക്കീലിന് പുറത്തുനിന്ന് കാണാവുന്ന വിധത്തിലായിരിക്കണം നടപടികൾ എന്നിവയൊക്കെയാണ് കോടതിയുടെ നിർദ്ദേശം.

തട്ടിപ്പിന്റെ സൂചനകൾ കണ്ടെത്തിയപ്പോൾത്തന്നെ അന്വേഷണം തടസ്സപ്പെടുത്താൻ നടന്ന ശ്രമങ്ങളിൽ പ്രധാനമായിരുന്നു വ്യവഹാരക്കുരുക്കുകൾ. ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്‌തെന്ന പൊലീസ് പരാതിയിൽ കാര്യമായ പിന്തുണ കിട്ടാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി മൊഴിയെടുക്കലിന് കൃത്യമായ നിബന്ധനകളാണ് കസ്റ്റംസിനോട് നിർദ്ദേശിച്ചത്.

കസ്റ്റംസ് സാധാരണ 108-ാം വകുപ്പ് പ്രകാരം മൊഴി ഒപ്പിട്ടുവാങ്ങുകയാണ് ചെയ്യാറുള്ളത്. വീഡിയോ പകർത്തുകയും ഉദ്യോഗസ്ഥരുടെ മേൽനോട്ടം വരികയും ചെയ്യുന്നത് കേസിന്റെ ഭാവിനടപടികളിൽ കസ്റ്റംസിന് കരുത്താകും.കസ്റ്റംസിന്റെ സമൻസ് സ്വന്തം ഉദ്യോഗസ്ഥർ തന്നെ അവഗണിച്ചത് അധികൃതർ ഗൗരവമായാണെടുത്തിരിക്കുന്നത്. ഇവർക്കെതിരേ വകുപ്പുതല നടപടികളും മറ്റു നിയമനടപടികളും സ്വീകരിക്കും. പ്രധാനപ്പെട്ട ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പല രേഖകളും കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്നുവെന്നും അവ ഹാക്ക് ചെയ്യപ്പെട്ടെന്നുമുള്ള വാദമാണ് പ്ലസ് മാക്‌സ് ഉന്നയിക്കുന്നത്. ഇതു ശരിയാണെങ്കിൽ യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തിയതും അത് ക്രമവിരുദ്ധമായി ഉപയോഗിച്ചതുമടക്കം ഗുരുതരമായ കുറ്റങ്ങൾ നിലനിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP