Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എക്സിക്യൂട്ടീവ് ഓഫീസറുടെ സഞ്ചാരം സുനിൽ സ്വാമിയുടെ ഇന്നോവയിൽ; സോപാനത്തെ അതീവ സുരക്ഷാ മേഖലെ ശീതീകരിച്ച മുറിയിൽ ഗാർഡുമാർക്കൊപ്പം രാജകീയ താമസം; ദർശന മാഫിയയെ തകർക്കാനൊരുങ്ങിയ സുധാകരൻ മന്ത്രിക്കും പണി കിട്ടിയത് അതിവേഗം; പഴയ പാൽക്കച്ചവടക്കാരൻ ശബരിമലയെ കൈപ്പിടിയിലാക്കിയ കഥ

എക്സിക്യൂട്ടീവ് ഓഫീസറുടെ സഞ്ചാരം സുനിൽ സ്വാമിയുടെ ഇന്നോവയിൽ; സോപാനത്തെ അതീവ സുരക്ഷാ മേഖലെ ശീതീകരിച്ച മുറിയിൽ ഗാർഡുമാർക്കൊപ്പം രാജകീയ താമസം; ദർശന മാഫിയയെ തകർക്കാനൊരുങ്ങിയ സുധാകരൻ മന്ത്രിക്കും പണി കിട്ടിയത് അതിവേഗം; പഴയ പാൽക്കച്ചവടക്കാരൻ ശബരിമലയെ കൈപ്പിടിയിലാക്കിയ കഥ

ശ്രീലാൽ വാസുദേവൻ

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കിഴിലുള്ള ശബരിമലയിലെ ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് ഓഫീസർ ഉപയോഗിക്കുന്നത് ശബരിമലയിലെ ദർശന മാഫിയത്തലവനും ഇപ്പേൾ വിവാദനായകനുമായ സുനിൽ സ്വാമി സമ്മാനമായി നൽകിയ ഇന്നോവാ കാറാണ്. ഇതിൽ പെട്രോളും ഡീസലുമെല്ലാം അടിച്ചു നൽകുന്നതും സുനിൽ സ്വാമി തന്നെയെന്നാണ് സൂചന. എന്നാലും ദേവസ്വം ബോർഡിൽ നിന്നും ടി എ കൃത്യമായി എഴുതിയെടുക്കാനും എക്‌സിക്യുട്ടീവ് ഓഫീസർ മടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ ഏത് അന്വേഷണം വന്നാലും സുനിൽ സ്വാമിക്കെതിരെ ആരും മൊഴി നൽകില്ല. അൻപത് തികയാത്ത ആരേയും സ്വാമി ക്ഷേത്രത്തിൽ കൊണ്ടു വന്നില്ലെന്ന് ദേവസം ബോർഡ് ഉറച്ച നിലപാട് എടുക്കുമെന്നാണ് സൂചന. കോടതിയിലെ കേസുകളെ അട്ടിമറിക്കാൻ വ്യാജ ആരോപണങ്ങൾ എന്ന വാദം ദേവസം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉയർത്തിയതും അതുകൊണ്ടെന്നാണ് വിലയിരുത്തൽ.

ശബരിമലയിൽ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നട തുറന്നിരിക്കുമ്പോൾ അഞ്ച് ലക്ഷം രൂപവരെ ചെലവാക്കാം. പതിവ് പൂജാ സമാഗ്രികൾ വാങ്ങാനായാണ് ഇത്. എന്നാൽ ഈ പൂജാസാധനങ്ങളും സുനിൽ സ്വാമിയാണ് എത്തിച്ചു നൽകാറ്. ഇതിലൂടെ ഒരു ദിവസം കുറഞ്ഞത് അഞ്ച് ലക്ഷം രൂപ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കീശയിലെത്തും. അതുകൊണ്ട് തന്നെ സുനിൽ സ്വാമി എല്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരുടേയും പ്രിയങ്കരനായി. ദേവസം ഗാർഡുമാരുടെ റൂമിൽ താമസവും ഒരുങ്ങി. ദേവസം ഗാർഡുമാരെ റൂമിൽ ഒട്ടേറെ ദുരുഹതയുള്ള സുനിൽ സ്വാമിയുടെ താമസം വൻ സുരക്ഷാ വീഴ്ചയുമാണ്. വർഷങ്ങൾക്ക് മുമ്പ് ഇക്കാര്യം വലിയ ചർച്ചയായി. ഇതോടെ മന്ത്രിയായിരുന്ന ജി സുധാകരൻ ചില ഇടപെടൽ നടത്തി. തൊട്ടടുത്ത വർഷം സുധാകരന് ദേവസം മന്ത്രിപദം കടന്നപ്പള്ളി രാമചന്ദ്രന് കൈമാറേണ്ടിയും വന്നു. അത്രയേറെ സ്വാധീനം സുനിൽ സ്വാമിക്കുണ്ടെന്ന് ദേവസം ബോർഡിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ 8 വർഷത്തോളമായി ശബരിമലയിലെ എക്‌സിക്യുട്ടീവ് ഓഫീസറായി എത്തുന്നവർക്ക് സുനിൽ സ്വാമിയുടെ വകയാണ് കാറുകൾ. മേൽശാന്തിമാരും ശബരിമലയിലുള്ള ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരും സുനിൽ സ്വാമിയുടെ കൈമടക്ക് കൃത്യമായി പറ്റുന്നവരാണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ സുനിൽ സ്വാമി ശബരിമലയിൽ പിടിമുറുക്കിയിട്ട് പത്തു വർഷത്തോളമായി. സുനിൽ സ്വാമിക്ക് താമസിക്കാൻ ദേവസ്വം വക ഗസ്റ്റ് ഹൗസിൽ രാജകീയമായ പട്ടുമെത്തയുണ്ടെങ്കിലും ദേവസ്വം ഗാർഡുമാരുടെ മുറിയിലാണ് കുടുതൽ സമയവും താമസം. മാസപ്പറ്റും പലിശക്ക് പണവും പറ്റുന്ന സന്നിധാനത്തെ ഗാർഡുമാർക്ക് പ്രിയങ്കരനാണേ്രത സുനിൽ സ്വാമി. വി ഐ പി ഗസ്റ്റുകൾ ഉണ്ടെങ്കിൽ മാത്രമേ ഗസ്റ്റ് ഹൗസ്സിലെ മുറിയിൽ സുനിൽ സ്വാമി തങ്ങുകയുള്ളു. അല്ലാത്ത പക്ഷം ഗാർഡുമാർക്കൊപ്പമാണ് താമസം. ഗാർഡുമാരുടെ മുറി ശീതീകരിച്ചതും സുനിൽ സ്വാമിയാണെന്നാണ് സൂചന.

പത്തുവർഷം മുമ്പ് സന്നിധാനത്ത് പാൽക്കച്ചവടവും പിന്നീട് ചെറുകിട കോൺട്രാകട് വർക്കുകളും ചെയ്തുവന്ന സ്വാമി, കമ്മീഷൻ ബ്രോക്കർ ആയതിനു ശേഷമാണ് വളർച്ചയുടെ പടികയറിയത്. പിന്നീട് കൊല്ലത്ത് കശുവണ്ടി വ്യവസായി ആയി. ബാർ കോഴ കേസിൽ വിജിലൻസ് ചോദ്യം ചെയ്തതോടെ വിവാദനായകനായി മാറുകയും സ്വാമി വളർച്ചയുടെ കൊടുമുടിയിൽ എത്തുകയുമായിരുന്നു. ശബരിമല അയ്യപ്പസന്നിധിയിലെത്തുന്ന ഏതു രാഷ്ട്രീയ നേതാവിനും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനും സുനിൽ സ്വാമിയിലൂടെയാണ് ദർശനസൗഭാഗ്യമുണ്ടാകുന്നത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് അടക്കം സുനിൽ സ്വാമിയുടെ ആജ്ഞാനുവർത്തിയാണ്. ആരും സുനിൽ സ്വാമിയെ എതിർക്കുന്നില്ല. അഭൂതപൂർവ്വമായ തിരക്കുള്ളപ്പോഴും ശിവേലി അടക്കമുള്ള ചടങ്ങുകളിലെല്ലാം മുൻ നിരയിൽ തന്നെ സുനിൽ സ്വാമിയുണ്ടാകും.

മുൻ ദേവസ്വം വിജലൻസ് എസ്‌പിയായിരുന്ന ഗോപകുമാർ അയ്യപ്പസന്നിധിയിലെ സോപാനത്തിലെ വി.ഐ.പി ദർശനത്തിനെതിരെ കർശന നിയമം നടപ്പാക്കിയിരുന്നു. ഇതിന്റെ ഫലമായി ഒരു മാധ്യമ പ്രവർത്തകനും സുനിൽ സ്വാമിക്കും പ്രത്യേകം വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനു ശേഷം അയപ്പസന്നിധിയിലെ വഴിപാട് ടിക്കറ്റ് ഒരു വർഷത്തേക്ക് എടുത്താണ് എല്ലാ തട്ടിപ്പു പണികൾക്കും സ്വാമി നേതൃത്വം നൽകുന്നത്. ഉദായസ്തമയ പൂജയുടെ ടിക്കറ്റ് എടുത്താൽ സന്നിധാനത്തെ ഏല്ലാ പൂജയും തൊഴാനാകും. ഇത് ഉള്ളതു കൊണ്ട് തന്നെ സ്വാമിയെ സോപാനത്ത് തടയാനുമാകില്ല. ഇത് പറഞ്ഞാണ് ദേവസം എക്‌സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ളവർ സുനിൽ സ്വാമിയെ ന്യായീകരിക്കുന്നത്.

എന്നാൽ സുരക്ഷാ ഗാർഡുകളുടെ റൂമിൽ എന്തിനാണ് സുനിൽ സ്വാമി തങ്ങുന്നത് എന്നതിന് കൃത്യമായ ഉത്തരം ആർക്കുമില്ല. സ്ഥിരമായി ഒരാൾക്ക് ദേവസം ഗസ്റ്റ് ഹൗസിൽ മുറി നൽകാനും കഴിയില്ല. ഈ നിയമങ്ങളൊക്കെ കൃത്യമായി നടപ്പാക്കിയാൽ തന്നെ സ്വാമിയുടെ ദർശന മാഫിയയെ തകർക്കാൻ കഴിയും. എന്നാൽ കാറും കാശും സംവിധാനവുമെല്ലാം ഒരുക്കുന്ന സ്വാമിയെ ആരും കൈവിടില്ല. ശബരിമല സന്നിധാനവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെ ഏത് ആപത്തിലും കൈയയച്ചു സഹായിക്കാറുണ്ട് സ്വാമി. പത്രക്കാർ ഉൾപ്പെടെ എല്ലാവരും സ്വാമിയുടെ വിശ്വസ്തരുമാണ്. ഇതിനിടെയിലാണ് സ്ത്രീ വിവാദം കത്തുന്നത്.

ശബരിമല മണ്ഡല സീസൺ കാലത്ത് സന്നിധാനത്ത് മുഴുവൻ ദിവസവും തങ്ങുന്ന സുനിൽ സ്വാമി ദർശനത്തിനായി എത്തുന്ന വമ്പന്മാരുമായി ചങ്ങാത്തത്തിനു ശേഷം ഇവരുമായി ബിസിനസ്സുകളിൽ പങ്കാളിയാവുകയാണ് പതിവ്. ശബരിമലയിൽ ദർശനത്തിനെത്തുന്ന വൻ പണച്ചാക്കുകൾക്ക് വളരെ സൗകര്യത്തോടെ അയ്യപ്പദർശനവും വഴിപാടുകളും അടക്കം സുനിൽ സ്വാമി നടത്തിക്കൊടുത്താണ് ഇവരെ കൈയിലെടുക്കുന്നത്. ശബരിമല മണ്ഡല മകരവിളക്കുകാലം കഴിഞ്ഞാൽ സ്വാമി കുടുതൽ സമയം വിദേശത്തായിരിക്കും. പിന്നെ മാസപൂജക്ക് മാത്രമേ വി.ഐപികളുമായി ദർശനത്തിനെത്തുകയുള്ളു.

കഴിഞ്ഞ 10 ന് സ്ത്രീ പ്രവേശനത്തിന് സാധ്യമായതെല്ലാം സുനിൽ സ്വാമിക്കുവേണ്ടി ഒരുക്കിക്കൊടുത്ത തിരുവിംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യേഗസ്ഥർക്ക്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടതോടെ പണി കിട്ടുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP