Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തിനാടീ നീ ബൈക്ക് വാങ്ങിക്കൊടുത്തത്? 18 തികയാത്ത മകന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്റെ ദയനീയവിലാപം; സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിൽ സൂപ്പർബൈക്കുകളിൽ പായുന്ന യുവാക്കൾ വീട്ടിലിരിക്കുന്നവരെ മറക്കുമ്പോൾ നിരത്തുകളിൽ ഏറുന്നത് കൂട്ടക്കുരുതികൾ

എന്തിനാടീ നീ ബൈക്ക് വാങ്ങിക്കൊടുത്തത്? 18 തികയാത്ത മകന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്റെ ദയനീയവിലാപം; സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിൽ സൂപ്പർബൈക്കുകളിൽ പായുന്ന യുവാക്കൾ വീട്ടിലിരിക്കുന്നവരെ മറക്കുമ്പോൾ നിരത്തുകളിൽ ഏറുന്നത് കൂട്ടക്കുരുതികൾ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ന്യൂജൻ ബൈക്കുകളിൽ ചീറിപ്പായുന്ന ന്യൂജൻ യുവാക്കളെ കണ്ട് എന്തൊരുസ്പീഡ് എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി നിൽക്കുന്ന കാലം പോയി. ഇത് വല്ലാത്തൊരു മരണസ്പീഡാണെന്നാണ് ആളുകൾ പറയുക. കാരണം മരണം വിലയ്ക്ക് വാങ്ങുകയാണ് നമ്മുടെ ചെറുപ്പക്കാർ.റോഡരികിൽ നിൽക്കുന്നവരുടെ ശ്രദ്ധയാകർഷിക്കാൻ സൈലൻസറുകൾ ഘടിപ്പിക്കാത്ത ബൈക്കുകളും കാണാം.

മണിക്കൂറുകൾ കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന സ്പോർട്സ് ബ്രാൻഡ് ബൈക്കുകൾ നിരത്തുകളിലൂടെ ചീറിപ്പായുന്നവരിലേറെയും പ്രായപൂർത്തിയാകാത്തവരാണ്. അമിതവേഗം കാരണമുള്ള അപകടങ്ങൾ ഏറുകയാണ്. നഗരങ്ങളിൽ സ്‌കൂളുകളിൽ കയറാതെ നിരത്തുകളെ വിറപ്പിക്കുന്ന കുട്ടികൾക്കാണ് ഒരുനിമിഷത്തെ അശ്രദ്ധ മൂലം ജീവൻ തന്നെ നഷ്ടമാകുന്നത്.

പത്തനംതിട്ട പോലെ പ്രവാസികൾ ഏറെയുള്ള ജില്ലയിൽ വീട്ടിലെ സാഹചര്യം മുതലെടുത്താണ് പ്രായപൂർത്തിയാകാത്ത പല കുട്ടികളും ബൈക്കുമായി നിരത്തിലിറങ്ങുന്നത്.അച്ഛന്മാർ ഗൾഫിലോ മറ്റുദേശങ്ങളിലോ ജോലി നോക്കുകയാവും. വീട്ടിൽ അമ്മയുടെ അടുത്ത ബൈക്ക് വാങ്ങാൻ വഴക്ക് കൂട്ടും. ആദ്യനയതന്ത്രത്തിന് വഴങ്ങിയില്ലെങ്കിൽ, പിന്നെ വധഭീഷണി വരെ മുഴക്കും. ഒടുവിൽ ഗത്യന്തരമില്ലാതെ അമ്മമാർ മക്കൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കും.അമിതവേഗത്തിൽ പാഞ്ഞ് എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ചോ, നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചോ ഒക്കെയാവും അപകടങ്ങൾ. വീട്ടിൽ കാത്തിരിക്കുന്ന അമ്മമാർക്ക് തീരാവേദന നൽകിയുള്ള ദാരുണാന്ത്യങ്ങൾ എത്ര. കഴിഞ്ഞ ദിവസം ഹരി ഇലന്തൂർ എന്ന മാധ്യമ പ്രവർത്തകൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ചാൽ ഇതിന്റെ ഗുരുതരാവസ്ഥ പിടികിട്ടും.

'ഇന്നലെ ആറന്മുള കുറിച്ചി മുട്ടത്തു നിന്നും ഒരു പിതാവിന്റെ ദയനീയകരച്ചിൽ കേട്ടു .എന്തിനാ ടീ നീ വണ്ടി വാങ്ങി കൊടുത്തതെന്ന് .18 തികയാത്ത മകന്റെ മൃതശരീരത്തിന് സമീപത്തു നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഒരച്ഛന്റെ വിലാപം. ബൈക്ക് വാങ്ങി കൊടുത്തില്ലങ്കിൽ അമ്മയെ കൊല്ലുന്ന കാലം. നിസ്സഹായരായ മാതാപിതാക്കൾ.

അടുത്തിടെ പത്തനംതിട്ട ജില്ലയിൽ പൊലീസ് സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ ബൈക്ക് വേട്ട നടത്തി. ലൈസൻസില്ലാതെ ബൈക്കുമായി പോയതിന് 150 ഓളം ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ ബൈക്കുകളും അമ്മമാരുടെ പേരിലായിരുന്നു. വിവേകമില്ലാത്ത പ്രായത്തിൽമകന് ബൈക്ക് വാങ്ങി നൽകുന്ന രക്ഷിതാക്കൾ ഒന്നോർക്കുക.മകന്റെ മൃതശരീരത്തിന് അരികിൽ നിന്ന് സ്വയം കരയുന്ന രംഗം.'

മക്കൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കരുതെന്ന് ആരും പറയുന്നില്ല. പ്രായപൂർത്തിയാവും മുമ്പേ പക്വതയെത്തും മുമ്പേ, നിരത്തുകളിൽ ചീറിപ്പായാൻ വിടുന്നതിനെയാണ് വിമർശിക്കുന്നത്.
തലസ്ഥാനനഗരിയിൽ, കവടിയാർ-വെള്ളയമ്പലം റോഡിലെ ബൈക്ക് റേസിങ് കുപ്രസിദ്ധമാണ്. ഇടക്കാത്ത് അപകടങ്ങൾ ഏറിയപ്പോൾ പൊലീസിന്റെ കർശന നിയന്ത്രണം വന്നതോടെ സംഗതിക്ക് ഇടവേള വന്നെങ്കിലും ഇടയ്ക്കിടെ റേസിങ് നടക്കുന്നതായാണ് വിവരം.

വെള്ളയമ്പലം- കവടിയാർ റോഡിലും ചാക്ക- എയർപോർട്ട് റോഡിലുമാണ് വിദ്യാർത്ഥികളുടെ ചീറിപ്പായൽ. റേസിങ് നടത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ രണ്ട് റോഡുകളിലും സിറ്റി പൊലീസിന്റെ ഷാഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ചില കോഫിഷോപ്പുകളിൽ തമ്പടിച്ച് വിദ്യാർത്ഥിനികളെ ഒപ്പം കൂട്ടിയും ബൈക്കിൽ ചീറിപ്പാച്ചിൽ നടത്തുന്നവരുണ്ട്.

ന്യൂജൻ ബൈക്കുകളും സൂപ്പർ ബൈക്കുകളും ചീറിപ്പായുന്ന രാജ്യത്തെ നിരത്തുകളിൽ പ്രതിവർഷം പൊലിയുന്നത് മുപ്പതിനായിരത്തിൽപരം യുവാക്കളുടെ ജീവനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം അമിതവേഗം മൂലം എഴുപതിനായിരത്തിൽ പരം പേരാണ് അപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ 40 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്നുള്ളതു ശ്രദ്ധേയം.

രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ അഞ്ചാം സ്ഥാനത്താണു കേരളം. 39,420 അപകടങ്ങളാണ് 2016-ൽ സംസ്ഥാനത്തുണ്ടായത്. ഇതിൽ 4287 പേർ മരിച്ചു. തമിഴ്‌നാടാണ് ഏറ്റവും മുന്നിലുള്ളത്. മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവയാണു യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. മണിക്കൂറിൽ 17 പേരാണു രാജ്യത്ത് വാഹനാപകടത്തിൽ മരിക്കുന്നത്. ഇവരിൽ 46.3 % പേരും 18-35നും മധ്യേ പ്രായമുള്ളവരാണ്. ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണ് 84 % അപകടങ്ങളും സംഭവിക്കുന്നത്.

കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ 51.8 % അപകടങ്ങളും സംഭവിക്കുന്നത് ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഒൻപതു വരെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നതു മലപ്പുറത്താണ്. 2016-ലെ കണക്കനുസരിച്ച് 2738 വാഹനാപകടങ്ങളാണ് അവിടെയുണ്ടായത്. 402 പേർ മരിച്ചു. കൊച്ചി-169, തിരുവനന്തപുരം-180, കൊല്ലം 207, കോഴിക്കോട്-145, തൃശൂർ-128, കണ്ണൂർ-52 എന്നിങ്ങനെയാണ് മറ്റുനഗരങ്ങളിലെ മരണനിരക്ക്.

73,896 പേരാണ് മരണപ്പാച്ചിൽ മൂലം രാജ്യത്തുകൊല്ലപ്പെട്ടത്. മദ്യപാനം 6,131 പേരുടെ ജീവൻ കവർന്നു. ഡ്രൈവർ ഉറങ്ങിയതിനാലുണ്ടായ അപകടത്തിൽ 1,796 പേർ മരിച്ചു. മലപ്പുറത്ത് ഏറ്റവും കൂടുതൽ അപകടമുണ്ടാകാൻ കാരണം റോഡുകളുടെ ദുരവസ്ഥയാണ്. പാതകളുടെ നിർമ്മാണവും പരിപാലനവും ശാസ്ത്രീയവുമല്ല. റോഡിന് വീതിയോ ഡിവൈഡറുകളോ ഇല്ല. സിഗ്നലുകളും വേണ്ടത്രയില്ല.

കേരളത്തിൽ സൂപ്പർ ബൈക്കുക(200 സി.സിക്ക് മുകളിലുള്ളത്)ളുടെ വിറ്റുവരവിൽ വൻ വർധനയാണു കഴിഞ്ഞ മൂന്നുവർഷമായുള്ളത്. കൊച്ചിയിൽ മാത്രം 2016 ജനുവരി മുതൽ ഓഗസ്റ്റ് വരെ 230 സൂപ്പർ ബൈക്കുകളാണ് രജിസ്റ്റർ ചെയ്ത്.

സൂപ്പർബൈക്ക് അപകടങ്ങളുടെ കൃത്യമായ കണക്ക് മോട്ടോർവാഹന വകുപ്പിന്റെയോ പൊലീസിന്റെയോ കൈവശമില്ല. അപകടത്തിൽപ്പെടുന്ന ബൈക്കുകൾ അറ്റകുറ്റപ്പണിക്കായി അംഗീകൃത സർവീസ് സെന്ററുകളിലാണ് എത്തിക്കാറുള്ളത്. അപകടങ്ങളെക്കുറിച്ച് വിവരം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവർ നൽകാറില്ല. പരുക്കേൽക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള പൊലീസ് കണക്കിനെ ഉദ്ധരിച്ചാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഇത്തരം അപകടവിവരം തയാറാക്കിയിരിക്കുന്നത്.

കൊച്ചി നഗരത്തിൽ ഒരു വർഷത്തിനിടയ്ക്ക് 150-ലേറെ അപകടങ്ങളാണ് സൂപ്പർബൈക്കുകൾ ഉണ്ടാക്കിയതെന്നാണ് അനൗദ്യോഗിക കണക്ക്. കാൽനടയാത്രക്കാരുടെ ജീവനാണ് ഈ ബൈക്കുകൾ ഏറെയും കവർന്നിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും അധികം സൂപ്പർബൈക്കുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ല കൂടിയാണ് എറണാകുളം. ഇവ കേരളത്തിലെ റോഡുകൾക്ക് അനുയോജ്യമല്ല. എന്നാൽ, നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരം വാഹനങ്ങളുടെ വിൽപ്പന തടയാനോ നിയന്ത്രിക്കാനോ സർക്കാരിനും സാധിക്കില്ല. സൂപ്പർ ബൈക്ക് ഓടിച്ച് ആളുകൾ മരിച്ചാൽ വാഹനമോടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP