Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'വയൽക്കിളി' സമരക്കാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്‌ച്ച നടത്തും; കീഴാറ്റൂർ വയൽ ഒഴിവാക്കി ബൈപ്പാസിനായി ബദൽ സംവിധാനമുണ്ടെന്ന് മന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് കീഴാറ്റൂർ; രാഷ്ട്രീയമല്ല, പാരിസ്ഥിതിക പ്രശ്‌നമാണ് ഉന്നയിച്ചതെന്നും, അതിന് സഹായിച്ചവർക്ക് നന്ദിയെന്നും ബൈപ്പാസ് നിർമ്മാണം നിർത്തിവെച്ച കേന്ദ്രതീരുമാനത്തിൽ വയൽക്കിളി സമര നേതാവ്

'വയൽക്കിളി' സമരക്കാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്‌ച്ച നടത്തും; കീഴാറ്റൂർ വയൽ ഒഴിവാക്കി ബൈപ്പാസിനായി ബദൽ സംവിധാനമുണ്ടെന്ന് മന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് കീഴാറ്റൂർ; രാഷ്ട്രീയമല്ല, പാരിസ്ഥിതിക പ്രശ്‌നമാണ് ഉന്നയിച്ചതെന്നും, അതിന് സഹായിച്ചവർക്ക് നന്ദിയെന്നും ബൈപ്പാസ് നിർമ്മാണം നിർത്തിവെച്ച കേന്ദ്രതീരുമാനത്തിൽ വയൽക്കിളി സമര നേതാവ്

രഞ്ജിത്ത് ബാബു

കണ്ണൂർ: കീഴാറ്റൂർ ദേശീയപാതാ ബൈപ്പാസിന്റെ നിർമ്മാണ നടപടികൾ നിർത്തി വച്ചുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നതോടെ ബദൽ സാധ്യത പരിശോധിക്കാനുള്ള അവസരം കൈവന്നിരിക്കയാണ്. ഒന്നര വർഷക്കാലം നീണ്ടു നിന്ന വയൽക്കിളികളുടെ സമരം ആദ്യമേ തന്നെ ഉയർത്തിക്കാട്ടിയത് ദേശീയപാത അഥോറിറ്റി തന്നെ നിർദ്ദേശിച്ച രണ്ട് അലൈന്മെന്റുകളായിരുന്നു. ഈ അലൈന്മെന്റ് മാറ്റിയാണ് മൂന്നാമതായി കീഴാറ്റൂർ വയലിലൂടെ പാത കൊണ്ടു പോകാനുള്ള നിർദ്ദേശം വന്നത്.

70 മുതൽ 90 വരെ വീതിയുള്ള കീഴാറ്റൂർ വയൽ പ്രദേശത്തു കൂടെ നാലര കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് കടന്നു പോകുക. അതോടെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ഗ്രാമവാസികളുടെ നിലനിൽപ്പിനും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം ആരംഭിച്ചത്. സിപിഎം. ന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അണിനിരന്ന സമരത്തിൽ രാഷ്ട്രീയ പ്രശ്നങ്ങളും ഉടലെടുത്തു. പൂർണ്ണമായും പാർട്ടി ഗ്രാമത്തിൽ ബിജെപി. അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമവും തുടർന്നിരുന്നു.

വയൽക്കിളി സമരക്കാർക്ക് കേന്ദ്ര സർക്കാർ തീരുമാനം ബിജെപി. നേതാവ് പി.കെ. കൃഷ്ണദാസാണ് അറിയിച്ചത്. അടുത്ത മാസം ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടി കാഴ്ച നടത്താനും അവസരം ലഭിച്ചിട്ടുണ്ടെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ കീഴാറ്റൂർ വയലിലൂടെ കൊണ്ടു പോകാനുദ്ദേശിക്കുന്ന ബൈപാസിന് ബദൽ സംവിധാനമുണ്ടെന്ന് വിശദമായി പഠിച്ച ശേഷം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം പാടെ അവഗണിക്കപ്പെടുകയായിരുന്നു. കേന്ദ്രസർക്കാറിന്റെ പുതിയ നിർദ്ദേശം ബദൽ സാധ്യതകൾ പരിശോധിക്കാനുള്ള അവസരമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ സംസ്ഥാന കേന്ദ്ര സർക്കാറുകൾ രമ്യമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് സുരേഷ് കീഴാറ്റൂർ പറയുന്നു. ഞങ്ങളെ സംബന്ധിച്ച് ഈ സമരത്തിൽ രാഷ്ട്രീയമേ ഉണ്ടായിരുന്നില്ല. ആര് സഹായിച്ചാലും സ്വീകരിക്കുന്ന നിലപാടായിരുന്നു.

രാഷ്ട്രീയമല്ല പാരിസ്ഥിതിക പ്രശ്നമാണ് ഞങ്ങൾ ഉയർത്തിക്കാട്ടിയത്. അതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. ബദൽ സാധ്യതകൾ ആരായുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് വയൽക്കിളികളിൽ നിന്നും എന്ത് സഹായവും ലഭിക്കും. കീഴാറ്റൂർ വയലിന്റെ ഏതെങ്കിലും ഒരു ഭാഗത്തു കൂടെ റോഡ് കൊണ്ട് പോകാൻ കഴിയുമെന്ന് പറയുന്നതും ശരിയല്ല. കാരണം 45 മീറ്റർ വീതിയിൽ റോഡ് കൊണ്ടു പോകുമ്പോൾ മിക്ക സ്ഥലത്തും 25 മീറ്ററിൽ താഴെ മാത്രമേ വയൽ പ്രദേശം അവശേഷിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ അങ്ങിനെ ഒരു സാധ്യത നിലനിൽക്കുന്നില്ല- സുരേഷ് കീഴാറ്റൂർ പറഞ്ഞു. മന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരിച്ചുള്ള റിപ്പോർട്ട് നൽകുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

വയൽക്കിളി സമരത്തിൽ അണി ചേർന്ന സിപിഎം. പ്രവർത്തകരെ പാർട്ടി ആദ്യം തള്ളി പറഞ്ഞെങ്കിലും പിന്നീട് അവരെ അകറ്റുന്ന നിലപാടിൽ നിന്നും പിൻതിരിയുകയായിരുന്നു. ദേശീയപാതാ അഥോറിറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസ് കടന്നു പോകുന്നത് തീരുമാനിച്ചതെന്നും അവർ നിർദ്ദേശിക്കുന്ന സ്ഥലത്തു കൂടെ പാത ക്ക് വേണ്ടുന്ന സ്ഥലം ഏറ്റെടുത്ത് നൽകാൻ മാത്രമേ സംസ്ഥാന സർക്കാറിന് കഴിയുകയുള്ളു വെന്നുമായിരുന്നു സിപിഎം. ന്റെ നിലപാട്. ത്രീ ഡി വിഞ്ജാപനം റദ്ദായതോടെ ഇനി കാഴാറ്റൂർ വയൽ, വയൽക്കിളികളുടെ സ്വന്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP