Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എന്റെ പൊന്നുമക്കളെ ഓർത്ത് എല്ലാം ക്ഷമിക്കുന്നുവെന്ന് ടി സിദ്ദിഖ്; ജീവനാംശം കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഉറച്ച് നസീമയും; രണ്ട് പേരുടെ പക്ഷംചേർന്ന് സൈബർ ലോകത്തും വാഗ്വാദം

എന്റെ പൊന്നുമക്കളെ ഓർത്ത് എല്ലാം ക്ഷമിക്കുന്നുവെന്ന് ടി സിദ്ദിഖ്; ജീവനാംശം കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഉറച്ച് നസീമയും; രണ്ട് പേരുടെ പക്ഷംചേർന്ന് സൈബർ ലോകത്തും വാഗ്വാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ദിഖ് ആദ്യഭാര്യയെ മൊഴിചൊല്ലി വിഷയം സൈബർലോകത്ത് സജീവ ചർച്ചാവിഷയമായതോടെ ഫേസ്‌ബുക്കിൽ രണ്ട് വിഭാഗങ്ങൾ ചേർന്നുള്ള വാഗ്വാദങ്ങളും കൊഴുക്കുന്നു. ഇരുവരും മറുനാടൻ മലയാളിയിലൂടെയും ഫേസ്‌ബുക്കിലടെയും തങ്ങളുടെ നിലപാടുകൾ വിശദീകരിച്ച് രംഗത്തെത്തിയതോടെയാണ് രണ്ട് പേരുടെയും പക്ഷം പിടിച്ച് സൈബർ ലോകവും രണ്ട് തട്ടിലായത്. 11 വർഷം നസീമയ്‌ക്കൊപ്പം ജീവിച്ചത് ഏറെ കഷ്ടപ്പെട്ടാണെന്ന സിദ്ദിഖ് വ്യക്തമാക്കിയതോടെ രൂക്ഷമായ മറുപടിയായിരുന്നു നസീമ നൽകിയത്. തന്നെ വെള്ളക്കടലാസിൽ തലാഖ് ചൊല്ലിയതിന് ശേഷം ഒരു മാസം കഴിയു മുമ്പ് സിദ്ദിഖ് എങ്ങനെ വിവാഹിതനായി എന്ന ചോദ്യമാണ് നസീമ ഫേസ്‌ബുക്കിലൂടെ ഉന്നയിച്ചത്.

തന്നെ പ്രകോപിപ്പിച്ചത് സിദ്ദിഖ് തന്നെയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ നസീമ പറഞ്ഞിരുന്നു. ഇതോടെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഫേസ്‌ബുക്ക് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റിട്ടും. തന്റെ മക്കളുടെ നല്ലഭാവിയെ ഓർത്ത് എല്ലാം ക്ഷമിക്കുകയും പൊറുക്കുകയുമാണെന്നാണ് സിദ്ദിഖിന്റെ വിശദീകരണം. മക്കളോടൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

എന്റെ മക്കൾ നാളെ പൊതു സമൂഹത്തെ അഭിമുഖീകരിക്കുമ്പോൾ ,അവർക്ക് ഒരു ദുഷ്‌പ്പേര് വരാൻ പാടില്ല കാരണം അത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കും അതുകൊണ്ട് തന്നെയാണ് എന്റെ വ്യക്തിപരമായ കാര്യങ്ങൾ തികച്ചും വ്യക്തിപരമായി നില നിർത്താൻ ശ്രമിച്ചത് ,പക്ഷെ ചില അർദ്ധ സത്യങ്ങളും ചില നുണ പ്രചരണവും കണ്ടതുകൊണ്ടാണ് മുമ്പുള്ള പോസ്റ്റുകൾ ഇട്ടത്. എന്റെ മക്കളുടെ പിതാവിന്റെ അഭിമാനം പൊതു സമൂഹത്തിൽ അപമാനിക്കാനുള്ള ശ്രമങ്ങൾ എന്റെ മക്കളെയാണ് ബാധിക്കുക അതുപോലെ മക്കളുടെ മാതാവിന്റെ അഭിമാനത്തെയും ,അതുകൊണ്ട് തന്നെ എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു എന്റെ പോന്നു മക്കളെ ഓർത്ത് മാത്രം.

അതേസമയം ന്യായമായ നഷ്ടപരിഹാരം നൽകാത്ത പക്ഷം യാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് നസീമ. സിദ്ദിഖ് നഷ്ടപരിഹാരത്തിന് വഴങ്ങിയില്ലെന്ന് കോടതിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. കോഴിക്കോട്ടെ ഒരു പ്രമുഖ വനിതാ അഭിഭാഷക മുഖേന വരും ദിവസങ്ങളിൽ തന്നെ ഇവർ കേസ് ഫയൽ ചെയ്യും. അതേസമയം മുസ്ലിം പേഴ്‌സണൽ ലോ പ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് തലാഖ് ചൊല്ലിയതെന്ന വാദമാണ് സിദ്ദിഖ് ഉന്നയിക്കുന്നത്. അതുകൊണ്ട് കോടതി നടപടിയെ ഭയമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു.

 എന്നാൽ, മുൻ മന്ത്രി ഗണേശ് കുമാർ-യാമിനി തങ്കച്ചി വിഷയം പോലെ ഗാർഹിക പീഡനം അടക്കമുള്ള ആരോപണങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട്. നേരത്തെ സിദ്ദിഖ് തന്നെ പീഡിപ്പിക്കുന്നു എന്ന ആരോപണം നസീമ ഉന്നയിച്ചിരുന്നു. ദാമ്പത്യപ്രശ്‌നം മുഖ്യമന്ത്രിയോടും മുതിർന്ന കോൺഗ്രസ് നേതാക്കളോടും നസീമ പറഞ്ഞിരുന്നു. എന്നിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും ഇവർ ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ പ്രമുഖനായ നേതാവിനെതിരായ ആരോപണം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ആക്ഷേപം കോഴിക്കോട്ടുള്ള ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

കാൻസർ ബാധിതയായ ഭാര്യയെ ഉപേക്ഷിച്ച് പുതിയ വിവാഹം കഴിച്ചുവെന്നത് പൊതുജന സമക്ഷം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സിദ്ദിഖിന്റെ രാഷ്ട്രീയ എതിരാളികൾ പറയുന്നു. എന്തായാലും സിപിഐ(എം) നേതക്കളാരും പരസ്യമായി രംഗത്തെത്തിയിട്ടില്ലെങ്കിലും സിദ്ദിഖിന്റെ കുടുംബപ്രശ്‌നം സൈബർലോകത്തെ സിപിഐ(എം) പോരാളികൾ ഏറ്റെടുക്കുകയും ചെയ്തു. നസീമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് പോസ്റ്റുകൾ ഇട്ടത്. നഷ്ടപരിഹാരം നൽകാതെയുള്ള തലാഖ് അംഗീകരിക്കാൻ ആവില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം. എന്നാൽ ഇസ്ലാമിക രീതിയിൽ മൊഴി ചൊല്ലിയതിൽ യാതൊരു തെറ്റുമില്ലെന്ന വാദമാണ് സിദ്ദിഖിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP