Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാനിപ്പോഴും ഭക്ഷ്യസുരക്ഷാ കമ്മീഷണർ തന്നെ; ടൂറിസം വകുപ്പിന്റെ ഡയറക്ടർ ചുമതല കൂടി ലഭിച്ചുവെന്ന് മാത്രം; പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്ന പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അനുപമ ഐഎഎസ് മറുനാടനോട്

ഞാനിപ്പോഴും ഭക്ഷ്യസുരക്ഷാ കമ്മീഷണർ തന്നെ; ടൂറിസം വകുപ്പിന്റെ ഡയറക്ടർ ചുമതല കൂടി ലഭിച്ചുവെന്ന് മാത്രം; പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്ന പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അനുപമ ഐഎഎസ് മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖം നോക്കാതെ നടപടി സ്വീകരിക്കുമ്പോൾ പലരുടെയും കണ്ണിൽ കരടാകാറുണ്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഇങ്ങനെ ധീരമായി നടപടി സ്വീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ ടി വി അനുപമ ഐഎഎസും പലരുടെയും നോട്ടപ്പുള്ളിയാണ്. എന്നാൽ ജനങ്ങളുടെ കയ്യടി നേടാൻ ഈ ഉദ്യോഗസ്ഥയ്ക്ക് സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നൊരു സംവിധാനം കേരളത്തിൽ ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ അനുപമയ്ക്ക് സാധിച്ചു. നിറപറയെന്ന വൻബ്രാൻഡിൽ മായം ചേർക്കുന്നത് പുറത്തു കൊണ്ടുവന്നത് അനുപമയുടെ ഇടപെടലാണ്. ഇത് കൂടാതെ വിഷപച്ചക്കറിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും അവർ ജനശ്രദ്ധ നേടി. പൊതുവേ ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന മലയാളികൾക്കിടയിൽ അതുകൊണ്ട് തന്നെ അതിവേഗം അനുപമ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയായി.

ഇങ്ങനെയുള്ള ഉദ്യോഗസ്ഥയെ ഭക്ഷ്യസുരക്ഷാ ചുമതലയിൽ നിന്നും നീക്കിയെന്ന വിധത്തിൽ കിംവതന്ദികൾ കഴിഞ്ഞദിവസം അതിവേഗം പടർന്നിരുന്നു. സോഷ്യൽ മീഡിയയിൽ ആയിരുന്നു അനുപമയെ ഭക്ഷ്യസുരക്ഷാ കമ്മീഷണറു മാറ്റി ടൂറിസം ഡയറക്ടറാക്കിയെന്ന വിധത്തിൽ വാർത്തകൾ പടർന്നത്. ഇതോടെ നിരവധി പേർ സംഭവത്തിന്റെ വസ്തുത തിരക്കി രംഗത്തുവരികയും ചെയ്തു. നിറപറ ഉൾപ്പടെയുള്ള ഉന്നതർക്കെതിരെ കർശന നടപടി സ്വീകരിച്ചതിന്റെ പേരിലാണ് അനുപമയെ സ്ഥലം മാറ്റിയതെന്നു പോലും കിംവതന്ദി പരന്നു. എന്നാൽ ഇത്തരം പ്രചരണങ്ങളൊക്കെ അടിസ്ഥാന രഹിതമാണെന്നാണ് അനുപമ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നതിനെ കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് താൻ ഇപ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറാണെന്ന് അനുപമ വ്യക്തമാക്കിയത്. നേരത്തെ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്ന തനിക്ക് പ്രമോഷൻ നൽകി ടൂറിസം വകുപ്പിന്റെ കൂടി ചുമതല നൽകുകയാണുണ്ടായതെന്ന് അനുപമ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനവും വഹിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്ഥാനത്തു നിന്നും മാറ്റിയോ എന്ന ചോദിച്ച് നിരവധി പേർ തനിക്ക് ഫോൺ ചെയ്തിരുന്നതായും അവർ പറഞ്ഞു. എന്നാൽ ട്രാൻസ്ഫർ ചെയ്‌തെന്ന വിധത്തിലുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അവർ മറുനാടനോട് പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ഡയറക്ടറുടെ ചുമതല കൂടി അനുപമയ്ക്ക് നൽകി സർക്കാർ കഴിഞ്ഞദിവസം നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച് മാതൃഭൂമിയിൽ വന്ന വാർത്തയ്‌ക്കൊപ്പം ചേർത്താണ് അനുപമയെ മാറ്റിയെന്ന വിധത്തിൽ വാർത്ത വന്നത്. ഫേസ്‌ബുക്കിലെ സിപിഐ(എം) സൈബർ കമ്മ്യൂൺ ഗ്രൂപ്പിലാണ് അനുപമയെ മാറ്റിയെന്ന് ധ്വനിപ്പിക്കുന്ന പോസ്റ്റർ വന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റർ. 'നിറപറയുടെ പെയിന്റടിച്ച അരിക്കെതിരെയും പച്ചക്കറിയിലെ അമിത കീടനാശിനിക്കെതിരെയും മായം കലർത്തുന്ന കമ്പനികൾക്കുമെതിരെ കർശന നടപടി സ്വീകരിച്ച ഭക്ഷ്യസുക്ഷാ കമ്മീഷണർ ടി വി അനുപമയെ ടൂറിസം വകുപ്പിലേക്ക് തട്ടിയ ഉമ്മൻ ചാണ്ടി സർക്കാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. വാട്ട് എ ബ്യൂട്ടിഫുൾ സർക്കാർ...! ഇതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം.

ഈ പോസ്റ്റർ ആയിരത്തിലേറെ പേർ ഷെയർ ചെയ്യുകയും ചെയ്തതോടെ അനുപമയെ മാറ്റിയെന്ന പ്രചരണം ശക്തമായി. ഇത് കൂടാതെ വീ സപ്പോർട്ട് അനുപമ ഐഎഎസ് എന്ന ഗ്രൂപ്പിലും ഇത്തരം പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചു. എന്നാൽ, ടൂറിസം വകുപ്പിന്റെ ഡയറക്ടറായി ചുമതലയായി പ്രമോഷൻ ലഭിച്ചതോടെ നിലവിലെ സ്ഥാനം പോയെന്ന തെറ്റിദ്ധാരണ പടർനതാണ് പ്രചരണത്തിന് ഇടയാക്കിയത്. അടുത്തിടെ സംസ്ഥാന വ്യാപകമായി വിൽക്കുന്ന മായം കലർന്ന തേയില ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. അനുപമയുടെ കർശന നിലപാടിനെ തുടർന്ന് തേയില കമ്പനിയുടെ ഗോഡൗണും അടച്ചുപൂട്ടുകയുണ്ടായി. ഇതിനിടെയാണ് അവരെ തൽസ്ഥാനത്തു നിന്നും മാറ്റിയെന്ന വാർത്ത പടർന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP