Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് എയർവേയ്സും ടോക്ക് ടോക്കും ഉണ്ടാക്കിയ പൊല്ലാപ്പ് ഇന്ത്യൻ ഐടി മേഖലയുടെ നട്ടെല്ല് ഒടിക്കുമോ? കൊച്ചിയുടെ ഗ്ലാമറിനു മേൽ കരിനിഴൽ വീഴാൻ സാധ്യത

ബ്രിട്ടീഷ് എയർവേയ്സും ടോക്ക് ടോക്കും ഉണ്ടാക്കിയ പൊല്ലാപ്പ് ഇന്ത്യൻ ഐടി മേഖലയുടെ നട്ടെല്ല് ഒടിക്കുമോ? കൊച്ചിയുടെ ഗ്ലാമറിനു മേൽ കരിനിഴൽ വീഴാൻ സാധ്യത

കെ ആർ ഷൈജുമോൻ

ലണ്ടൻ: ഹീത്രൂവിൽ വൈദ്യുതി തകരാർ മൂലം ബ്രിട്ടീഷ് എയർവേയ്‌സ് ഐടി ഹബ്ബിലെ കമ്പ്യൂട്ടറുകൾ പ്രവർത്തന രഹിതമായതും ടോക്ക് ടോക്ക് ഉപയോക്താക്കളായ ലക്ഷക്കണക്കിന് ആളുകളുടെ ബാങ്ക് വിവരങ്ങൾ അടക്കം ചോർന്നതും ഇന്ത്യൻ ഐടി മേഖലക്ക് കരിനിഴൽ ആയി മാറുന്നു. ടോക് ടോകിൽ കരാർ എടുത്ത വിപ്രോയുടെ താൽക്കാലിക ജീവനക്കാർ കള്ളത്തരം കാട്ടിയതാണ് വിനയായി മാറിയതെങ്കിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ കാര്യത്തിൽ വ്യാജ പ്രചാരണമാണ് ഇന്ത്യൻ ഐടി വ്യവസായത്തെ തകർക്കാൻ കളം ഒരുക്കുന്നത്.

രണ്ടു മാസം മുൻപ് കൊൽക്കത്തയിലെ വിപ്രോ കോൾ സെന്ററിൽ നിന്നും ബ്രിട്ടീഷ് ടെലികോം കമ്പനിയായ ടോക്ക് ടോക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഇന്ത്യൻ ഐടി വ്യവസായത്തിന് ഏൽപ്പിച്ച പരുക്കിന് പുറമെയാണ് കഴിഞ്ഞ ദിവസം ഹീത്രൂവിൽ ബ്രിട്ടീഷ് എയർവേയ്സ് സർവീസുകൾ മുടങ്ങിയതും ഇന്ത്യൻ ഐടി ടെക്കികളുടെ തലയിൽ തെറ്റിവയ്ക്കപ്പെടുന്നത്.

ബ്രിട്ടീഷ് എയർവേയ്സ് സംവിധാനത്തിൽ പ്രശ്‌നം ഉണ്ടായതു വൈദ്യുതി നിലച്ചത് മൂലമാണെന്നും ഇൻവേർട്ടർ പോലും പ്രവർത്തിപ്പിക്കാൻ കഴിയാഞ്ഞതുമാണ് പ്രധാന തടസ്സമായി മാറിയത്. എന്നാൽ ഈ സത്യം നിലനിൽക്കെ ഇന്ത്യൻ ഐടിയുടെ കഴിവുകേടാണ് ഈ പ്രശ്‌നങ്ങൾക്കു ഒക്കെ കാരണമെന്ന് ആരോപിക്കുന്നത് ഏറെ നിഗൂഢമാണ്. മാത്രമല്ല, ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ മുടങ്ങിയത് കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനത്തിലെ പാളിച്ച ആണെന്ന് ബ്രിട്ടീഷ് എയർവേയ്സ് തന്നെ വ്യക്തമാക്കിയിട്ടും മറു പ്രചരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

ഐടി ജോലികൾ ഇന്ത്യക്കു പുറംകരാർ ജോലി ആയി നൽകിയതാണ് ഇപ്പോൾ പ്രയാസമായി മാറിയതെന്നും പ്രമുഖ യൂണിയൻ ജിഎംബി കുറ്റപ്പെടുത്തുന്നു. പുറം ജോലി കരാറുകൾ വ്യാപകമായപ്പോൾ അത്യാവശ്യമായ ജോലിക്കാരെ പോലും നിയമിക്കാത്ത വമ്പൻ കമ്പനികളുടെ സമീപനമാണ് വ്യാഴാഴ്ച ഉണ്ടായ പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് ആരോപണം ഉയർത്തുകയാണ് ജിഎംബി.

കഴിഞ്ഞ വർഷം കമ്പനി ജീവനക്കാരെ നിയമിക്കാൻ ബ്രിട്ടീഷ് എയർ വേയ്സ് വിസമ്മതിക്കുകയും ജോലികൾ പൂർണ്ണമായും പുറം കരാർ വ്യവസ്ഥയിൽ നടപ്പാക്കിയതുമാണ് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്ക് അടിസ്ഥാനം എന്നാണ് ജിഎംബി പറയുന്നത്. കഴിഞ്ഞ വർഷം നൂറുകണക്കിന് ഐടി ജീവനക്കാരെ പറഞ്ഞയച്ച് ഒട്ടേറെ ജോലികൾ ഇന്ത്യക്കു പുറം കരാർ വ്യവസ്ഥയിൽ നൽകുക ആയിരുന്നുവെന്നു ജിഎംബി ഏവിയേഷൻ ഓഫിസർ മൈക് റിക്സ് കുറ്റപ്പെടുത്തുന്നു. ഏതാനും വർഷമായി തുടരുന്ന ഈ നയത്തിലൂടെ ബ്രിട്ടീഷ് എയർവേയ്സ് ഉണ്ടാക്കിയ ലാഭം മുഴുവൻ ഒറ്റയടിക്ക് നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാഗ്രഹം വരുത്തി വച്ച വിനയെന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിക്കുന്നത്.

ഇതോടെ സ്വയം പ്രതിരോധത്തിലാകുന്ന സമീപനം എടുക്കാൻ നിർബന്ധിതം ആകുക ആയിരുന്നു ബ്രിട്ടീഷ് എയർവേയ്സ്. വൈദ്യുതി ബന്ധത്തിൽ ഉണ്ടായ തകരാർ ആണ് നഷ്ടങ്ങൾക്കു കാരണമായതെന്നും കമ്പനി വിശദീകരിക്കുന്നു. ലോകമൊട്ടാകെ ബ്രിട്ടീഷ് എയർവേയ്സ് സർവീസുകളെ സംഭവം ബാധിച്ചതിനാൽ കമ്പനിയുടെ ഓഹരി മൂല്യം പോലും വിപണിയിൽ ഇടിഞ്ഞിരിക്കുകയാണ്. സംഭവത്തെ ഐടി രംഗത്തുണ്ടായ കുഴപ്പം മൂലം ആണെന്ന് അംഗീകരിക്കാൻ ഒരു കാരണവശാലും ബ്രിട്ടീഷ് എയർവേയ്സ് തയ്യാറല്ല. അതിനാൽ തന്നെ ഇന്ത്യൻ ഐടി പുറം കരാർ വ്യവസ്ഥകളെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ലെന്നും അദ്ദേഹം തുടരുന്നു.

കൊൽക്കത്ത സംഭവത്തിൽ ന്യായീകരണം ഒന്നും ഇല്ലെങ്കിലും ബ്രിട്ടീഷ് എയർവേയ്സ് പ്രശ്നത്തിൽ യഥാർത്ഥ കാരണം മറച്ചു വച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. എന്നാൽ ഇത് തുറന്നു കാട്ടാൻ ഇന്ത്യൻ ഭാഗത്തു നിന്നും കാര്യമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ല എന്നതും പ്രധാനമാണ്. പൊതുവെ ഐടി രംഗം കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യയുടെ നട്ടെല്ല് ഒടിക്കാൻ കാരണമാകുന്ന പ്രചാരണമാണ് ഇപ്പോൾ ബ്രിട്ടീഷ് ഐടി രംഗം ഏറ്റെടുത്തിരിക്കുന്നത്.

ഇതിനു നേതൃത്വം നൽകാൻ ചില തൊഴിലാളി യൂണിയനുകളും ഏതാനും മാധ്യമങ്ങളും തയ്യാറായതോടെ ലക്ഷക്കണക്കിന് ആളുകളുടെ ജോലിയും മറ്റുമാണ് പ്രയാസം നേരിടുന്നത്. പ്രത്യേകിച്ചും കൊച്ചി പോലുള്ള നഗരങ്ങൾ ഇപ്പോൾ പൂർണ്ണമായും ഐടി ജീവനക്കാരുടെ സ്മാർട്ട് മണിയുടെ ബലത്തിലാണ് പിടിച്ചു നിൽക്കുന്നത് എന്നത് പോലും രഹസ്യമല്ല. ടാക്സി ഓടിക്കുന്നവർ മുതൽ വീടുകൾ പണിതു വാടകക്ക് നൽകുന്നവർ വരെ കൊയ്യുന്നത് ഐടി രംഗത്തിന്റെ ഉണർവ്വാണ്. ഇതിൽ ഏതെങ്കിലും കണ്ണി മുറിഞ്ഞാൽ സകല രംഗങ്ങളെയും സമാനമായി ബാധിക്കും എന്നും വ്യക്തമാണ്.

അതിനിടെ ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യൻ ഐടിയെ കൈവിട്ടാൽ ദൂര വ്യാപക ഫലങ്ങളാണ് ഉണ്ടാവുക. ലക്ഷങ്ങൾ വാരിയെറിഞ്ഞു ക്യാമ്പസ് സെലക്ഷനിൽ നിന്നും യുവരക്തങ്ങളെ കൊക്കിലെടുത്തു പറക്കുന്ന കോർപ്പറേറ്റുകൾ മുതൽ സ്വാശ്രയ എൻജിനീയറിങ് കോളേജ് പ്രവേശനത്തെ വരെ പ്രതികൂലമായി ബാധിക്കാൻ ശക്തമാണ് ബ്രിട്ടീഷ് ഐടി കമ്പനികളുടെ സ്വാധീനവും വ്യാപ്തിയും.

ഇന്ത്യക്കു ബ്രിട്ടനിൽ നിന്നും നഷ്ടമാകുന്ന കരാറിൽ നല്ലൊരു ശതമാനവും കേരളത്തിലേക്ക് കൂടി എത്തുന്നതാണ്. കേരളത്തിൽ തന്നെ ആയിരക്കണക്കിന് ആളുകൾ നേരിട്ടും പരോക്ഷമായും ജോലി ചെയ്യുന്ന ടെക്നോ പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭാവി കൂടിയാണ് ചോദ്യ ചിഹ്നമായി മാറുക. ബ്രിട്ടീഷ് ടെലികോം, ബർകളയ്സ് ബാങ്ക് എന്നിവ ഉയർന്ന അളവിലുള്ള പരാതികൾ മൂലം ഏതാനും കോൾ സെന്റർ കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് നൽകിയിരുന്നത് നിർത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP