Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാലതിയുടെയും അർജ്ജുന്റെയും കൺകണ്ട ദൈവമായി മുനവ്വറലി ശിഹാബ് തങ്ങളും പാണക്കാട് കടുംബവും; കൊലപാതക കുറ്റത്തിന് കുവൈത്ത് ജയിലിൽ കഴിയുന്ന അർജുന് വധശിക്ഷ ഒഴിവാക്കാൻ 25 ലക്ഷം രൂപ ഹൈദരലി ശിബാഹ് തങ്ങൾ കൈമാറി; ഭർത്താവിന്റെ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഈറനണിഞ്ഞ കണ്ണുകളുമായി മാലതി

മാലതിയുടെയും അർജ്ജുന്റെയും കൺകണ്ട ദൈവമായി മുനവ്വറലി ശിഹാബ് തങ്ങളും പാണക്കാട് കടുംബവും; കൊലപാതക കുറ്റത്തിന് കുവൈത്ത് ജയിലിൽ കഴിയുന്ന അർജുന് വധശിക്ഷ ഒഴിവാക്കാൻ 25 ലക്ഷം രൂപ ഹൈദരലി ശിബാഹ് തങ്ങൾ കൈമാറി; ഭർത്താവിന്റെ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഈറനണിഞ്ഞ കണ്ണുകളുമായി മാലതി

എം പി റാഫി

മലപ്പുറം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടൽ ഫലംകണ്ടു. കുവൈത്ത് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അർജുനന്റെ കുടുംബത്തിന് സ്വരൂപിച്ച 25 ലക്ഷം രൂപ കൈമാറി. ഊരുംപേരും നോക്കാതെ തമിഴ് കുടുംബത്തിനായി മുനവ്വറലി തങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ മലപ്പുറത്തുകാർ കൈകോർത്തിറങ്ങി. ഇതോടെ തമിഴ്‌നാട്ടുകാരി മാലതിക്ക് ജീവന്റെ ജീവനായ പ്രിയതമനെ തിരിച്ചുകിട്ടാൻ വഴിയൊരുക്കിയിരിക്കുകയാണ്.

കുവൈത്തിൽ വധശിക്ഷ കാത്തിരിക്കുന്ന തഞ്ചാവൂർ സ്വദേശി അത്തിവെട്ടി അർജുനൻ അത്തിമുത്തുവിന്റെ മോചനത്തിനാണ് വഴിയൊരുങ്ങുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്തയെത്തുടർന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇടപെട്ടാണ് കരുണയുടെ വഴിവെട്ടിയത്. കുവൈത്തിൽ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അർജുനന് വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2013 സെപ്റ്റംബർ 21-നായിരുന്നു സംഭവം. വധശിക്ഷ കാത്തിരിക്കുന്ന അർജുനന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനൽകിയാൽ ശിക്ഷാ ഇളവ് ലഭിക്കും.

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നഷ്ടപരിഹാരമായി 30ലക്ഷം രൂപ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും 13 വയസ്സുള്ള മകളും വാടകവീട്ടിലാണ് താമസം. നിത്യച്ചെലവിനു പോലും വകയില്ലാത്ത ഇവർക്ക് മറ്റുവഴിയില്ലായിരുന്നു. എന്നാൽ, ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയിട്ടും മാലതിക്ക് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല. ഈ നിസ്സഹായതയാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. ചൊവ്വാഴ്ച മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട്ട് കൊടപ്പനയ്ക്കൽ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടിയിരുന്നു. സാധ്യമായതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആ വാക്ക് സത്യമായി. മുനവ്വറലി തങ്ങൾ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിച്ചു. എൻ.എ. ഹാരിസ് ഫൗണ്ടേഷൻ, എ.എംപി. ഫൗണ്ടേഷൻ, സ്റ്റേർലിങ് ഇന്റർനാഷണൽ കുവൈത്ത്, സാലിം മണി എക്‌സ്‌ചേഞ്ച് എന്നിവയുടെ സഹായത്തോടെയാണ് പണംകണ്ടെത്തിയത്.

തിങ്കളാഴ്ച മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ 25 ലക്ഷം രൂപ മുസ്ലിം ലീഗ്പാ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മാലതിക്ക് കൈമാറി. മുനവ്വറലി ശിഹാബ് തങ്ങൾ, പത്രപ്രവർത്തകയൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ജില്ലാസെക്രട്ടറി സുരേഷ് എടപ്പാൾ, എസ്. മഹേഷ്, സി.വി. മുഹമ്മദ് നൗഫൽ, സഹറാൻ ഗ്രൂപ്പ് പ്രതിനിധികളായ പട്ടർക്കടവൻ കുഞ്ഞാൻ, പട്ടർക്കടവൻ റഹീം എന്നിവർ പങ്കെടുത്തു.

മാലതി സ്വരൂപിച്ച അഞ്ചുലക്ഷമടക്കം 30ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ചൊവ്വാഴ്ച പാണക്കാട്ടു വെച്ച് നൽകും. അവർ മാപ്പു നൽകിയതായുള്ള രേഖയും കൈമാറും. തുടർന്ന് ഇന്ത്യൻ എംബസി വഴി കുവൈത്ത് കോടതിയിലെത്തിക്കാനാണ് തീരുമാനം. തമിഴ്‌നാട് സ്വദേശി അർജുനനെ തൂക്കു കയറിൽ നിന്ന് രക്ഷിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമായി കണക്കാക്കുന്നതായും വഴിതെളിഞ്ഞത് നന്മയുടെ മാധ്യമ ധർമ്മമാണെന്നും മുനവ്വറലി തങ്ങൾ ഫേസ് ബുക്കിൽ കുറിച്ചു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കുവൈത്ത് ജയിലിൽ മരണത്തെ മുഖാമുഖം കണ്ട്, തൂക്കു കയറും കാത്ത് നിമിഷങ്ങൾ എണ്ണിയിരുന്ന തമിഴ്‌നാട് സ്വദേശി അർജുനനെ തൂക്കു കയറിൽ നിന്ന് രക്ഷിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമായി ഞാൻ കണക്കാക്കുന്നു. ഭർത്താവ് അർജുനന്റെ ജീവൻ രക്ഷിക്കാൻ, 25 ലക്ഷം രൂപ ഇന്ന് രാവിലെ എളാപ്പ ഹൈദറലി ശിഹാബ് തങ്ങൾ അർജുനന്റെ ഭാര്യ മാലതിക്ക് കൈമാറിയപ്പോൾ സ്വന്തം ഭർത്താവിന്റെ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്താൽ മാലതിയുടെ കണ്ണുകൾ ഈറനണിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മാലതി പാണക്കാടെത്തി സഹായം ആവശ്യപ്പെട്ടപ്പോൾ ഏറെ ആശങ്കയോടെയാണ് അത് ഏറ്റെടുത്തത്. എന്നാൽ അന്ന് രാത്രി രണ്ട് മണി വരെ വിദേശത്തടക്കമുള്ള എന്റെ സുഹൃത്തുക്കളുമായി നേരിട്ട് ഞാൻ വിഷയം ധരിപ്പിച്ചപ്പോൾ അവരെല്ലാം വളരെ ആവേശത്തോടെയാണ് മുന്നോട്ട് വന്നത്.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകൾക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകൾക്കും കുടുംബനാഥനേയും ലഭിക്കും.

ഈ മഹത്തായ ഉദ്യമത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച്, വാർത്ത പുറം ലോകത്തേക്ക് എത്തിക്കാൻ അതീവ ജാഗ്രത കാണിച്ച മലപ്പുറത്തെ മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കുന്നു.

ഇതിനായി വലിയ തുക തന്നെ തന്ന ജിദ്ദയിലെ സഹ്‌റാൻ ഗ്രൂപ് ഓഫ് കമ്പനീസ് , എൻ.എ ഹാരിസ് ഫൗണ്ടേഷൻ, എ.എംപി. ഫൗണ്ടേഷൻ മാള, സ്റ്റർ ലിങ് ഇന്റർ നാഷണൽ കുവൈത്ത്, സാലിം മണി എക്‌സ്‌ചേഞ്ച് യു.എ.ഇ എന്നീ കമ്പനി മേധാവികളെ ഞാൻ മുക്ത കണ്ഡം പ്രശംസിക്കുകയും ചെയ്യുന്നു. എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP