Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പൻ തമിഴ്‌നാടിന്റെ പുത്രൻ; ശബരിമലയിലെ യുവതി പ്രവേശന കേസിൽ തമിഴ്‌നാട് കക്ഷി ചേരണമെന്ന് സംഘപരിവാർ സംഘടന; കർണാടകയുടേയും ആന്ധ്രയുടേയും സഹായവും തേടും; അഭിപ്രായം പറയാതെ ജയലളിത: കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കത്തിന് ഭക്തിയുടെ വഴിമരുന്നിട്ട് ഹിന്ദുസംഘടനകൾ സജീവമാകുന്നു

അയ്യപ്പൻ തമിഴ്‌നാടിന്റെ പുത്രൻ; ശബരിമലയിലെ യുവതി പ്രവേശന കേസിൽ തമിഴ്‌നാട് കക്ഷി ചേരണമെന്ന് സംഘപരിവാർ സംഘടന; കർണാടകയുടേയും ആന്ധ്രയുടേയും സഹായവും തേടും; അഭിപ്രായം പറയാതെ ജയലളിത: കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കത്തിന് ഭക്തിയുടെ വഴിമരുന്നിട്ട് ഹിന്ദുസംഘടനകൾ സജീവമാകുന്നു

തിരുവനന്തപുരം: കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഹിന്ദുത്വ വിരുദ്ധ നടപടികൾ മുതലെടുത്ത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ആർഎസ്എസ്-സംഘപരിവാർ സംഘടനകളുടെ നീക്കങ്ങൾക്ക് അവസരമേറുന്നു. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ പ്രധാന ഭക്തികേന്ദ്രമായ ശബരിമലയെ കൈപ്പിടിയിലൊതുക്കാനുള്ള ഇടതുപക്ഷ സർക്കാർ ശ്രമങ്ങളെ തങ്ങളുടെ വളർച്ചയ്ക്കുള്ള വളമാക്കാനുള്ള ശ്രമമാണ് ആർഎസ്എസും സംഘപരിവാറും നടത്തുന്നത്.

എൽഡിഎഫ് സർക്കാരിനെ ഹൈന്ദവ സമൂഹത്തിന് വിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം വർഷങ്ങളായി ബിജെപിയും ആർ എസ്്എസും നടത്തിവരികയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും പൂർണമായി വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ശബരിമല സംബന്ധമായ പല വിഷയങ്ങളിലും എൽഡിഎഫ് സർക്കാർ കാണിക്കുന്ന കടുംപിടുത്തം തങ്ങൾക്ക് അനുകൂലമാക്കാനുള്ള അടവുകളെല്ലാം പുറത്തെടുക്കുകയാണ് ആർഎസ്എസ്, ബിജെപി സംഘപരിവാർ സംഘടനകൾ.

മറ്റെന്തിനേക്കാളും ശബരിമലയെ തൊട്ടാൽ മലയാളികൾക്ക് പൊള്ളുമെന്ന് അറിയാവുന്നവരാണ് ആർഎസ്എസ്-ബിജെപി-സംഘപരിവാർ സംഘടനകൾ. അന്ധമായ ആർഎസ്എസ്-ബിജെപി വിരുദ്ധത ഉള്ളിൽവച്ച് മുന്നോട്ടുനീങ്ങുന്ന എൽഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിനും ശബരിമലയും മലയാളികളും തമ്മിലുള്ള വൈകാരിക ബന്ധം ഇനിയും മനസിലായിട്ടില്ല. അതുകൊണ്ടുതന്നെ അവർ ശബരിമല വിഷയത്തിൽ ഇതുവരെ നിലവിലുള്ള എല്ലാ ആചാരങ്ങളും പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ്.

അതിന്റെ ആദ്യഘട്ടമാണ് ശബരിമലയിലെ യുവതീപ്രവേശനം. ഹിന്ദുസംഘടനകളും വിശ്വാസികളും എല്ലാം എതിർത്തിട്ടും, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് കടുപ്പിക്കുകയാണ് എൽഡിഎഫ് സർക്കാർ. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ദേവസ്വംമന്ത്രിയായിരുന്ന ജി സുധാകരൻപോലും തന്ത്രപരമായി ഉപേക്ഷിച്ച നിലപാടുകൾ പൊടിതട്ടിയെടുത്ത്, കടുംപിടുത്തവുമായി മുന്നോട്ടുപോകുകയാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് എല്ലാത്തിനും പിറകിൽ.

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എൽഡിഎഫിൽതന്നെ വിവിധ അഭിപ്രായമാണുള്ളത്. എങ്കിലും ഇതുവരെ പ്രധാനകക്ഷിയായ സിപിഐ എമ്മിന്റെ നിലപാടിനെ തള്ളിപ്പറയാൻ ഘടകകക്ഷികളൊന്നും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മുന്നണിയിൽ തങ്ങളുടെ അഭിപ്രായങ്ങൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുകയാണ്.

അതേസമയം എൽഡിഎഫിന്റേയും സിപിഐ- എമ്മിന്റേയും ശബരിമല വിരുദ്ധ നിലപാടുകളെ ലോട്ടറി അടിച്ചപോലെ സ്വീകരിക്കുകയാണ് ബിജെപി-ആർഎസ്എസ്, സംഘപരിവാർ സംഘടനകൾ. നന്നായി കൈകാര്യം ചെയ്താൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടംകൊയ്യാമെന്നും കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ നേടാമെന്നുമാണ് ബിജെപി-ആർഎസ്എസ് സഖ്യത്തിന്റെ കണക്കുകൂട്ടൽ.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വി എസ് സർക്കാരിന്റെ കാലത്തെ നിലപാടിനോടുതന്നെ ബിജെപി-ആർഎസ്എസ് കക്ഷികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഹൈന്ദവ സമൂഹത്തിന്റെയാകെ ശത്രുത പിടിച്ചുപറ്റുമെന്നുള്ളതിനാൽവി എസ് സർക്കാർ ഇക്കാര്യത്തിലെ കടുംപിടുത്തം ഉപേക്ഷിച്ചു.

വി എസ് സർക്കാരിന്റെകാലത്തെ നല്ല സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരനാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന വാദം ആദ്യമുന്നയിച്ചത്്. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻപോലും ഇക്കാര്യത്തിൽ തന്ത്രപരമായ നിലപാടെടുത്തു. മുന്നണി സമവായങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് ദേവസ്വംമന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിയും ഇക്കാര്യത്തിൽ സിപിഐ -എമ്മിനോട് അനുകൂലിച്ചില്ല. അതുകൊണ്ടുതന്നെ തന്റെ ഭരണകാലത്ത് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാതെ മുന്നോട്ടുപോകാൻ വി എസ് അച്യുതാനന്ദൻ എന്ന കടുംപിടുത്തക്കാരനായ രാഷ്ട്രീയ നേതാവിന് കഴിഞ്ഞു.

എന്നാൽ അഞ്ചുവർഷങ്ങൾക്കിപ്പുറം അധികാരം ലഭിച്ചപ്പോളും പഴയ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിപിഐ -എം. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്ന നിലപാടു മാത്രമല്ല, ശബരിമലയിൽ വർഷംമുഴുവൻ പൂജ നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശവും ബിജെപി-ആർഎസ്എസ് ശക്തികൾക്ക് പുതിയ ആയുധമായിരിക്കുകയാണ്.

ഇക്കാര്യങ്ങൾ കേരളത്തിലെ രാഷ്ട്രീയ വിഷയമായി മാത്രം ഒതുക്കാതെ ഇന്ത്യയൊട്ടാകെ ഇക്കാര്യം ഉന്നയിക്കാനുള്ള നീക്കത്തിലാണ് ബിജെപി-ആർഎസ്എസ് നേതൃത്വം. അതിന്റെ തുടക്കമെന്ന രീതിയിൽ ഈ വിഷയത്തിൽ കേരള സർക്കാരിനെതിരേ തമിഴ്‌നാട് സർക്കാരിനെ കക്ഷി ചേർക്കാനുള്ള നീക്കം ഹൈന്ദവ സംഘടനകൾ ആരംഭിച്ചുകഴിഞ്ഞു. ശബരിമല തന്ത്രി കുടുംബത്തിലെ ഇളംതലമുറയിലെ പ്രധാനിയും പ്രമുഖ ഹൈന്ദവസംഘടനാ നേതാവുമായ രാഹുൽ ഈശ്വറിനെ മുന്നിൽനിർത്തിയാണ് ബിജെപിയും ആർഎസ്എസ്സും പോരാട്ടം തുടങ്ങിയിരിക്കുന്നത്.

രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ 'അയ്യപ്പ ധർമ്മ സേന'- എന്ന സംഘടനയ്ക്ക് കഴിഞ്ഞ ആഴ്ച ബിജെപി-ആർഎസ്്എസ് നേതൃത്വം രൂപം നൽകി. ഈ സംഘടനയുടെ നേതൃത്വത്തിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കേരള സർക്കാരിനെതിരേ തമിഴ്‌നാട് സർക്കാരിനെ കക്ഷിചേർക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

അയ്യപ്പൻ പാണ്ടിനാട്ടുകാരൻ (തമിഴ്‌നാട്ടുകാരൻ) ആണെന്നും അതിനാൽ ശബരിമല വിഷയത്തിൽ കക്ഷിചേരാൻ തമിഴ്‌നാട് സർക്കാരിന് നിയമപരമായി അവകാശമുണ്ടെന്നുമുള്ള വാദമാണ് തങ്ങൾ ഉയർത്തുന്നതെന്ന് രാഹുൽ ഈശ്വർ പറയുന്നു. കാശിയിൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് സ്ഥലം അനുവദിച്ചിട്ടുള്ളതിനാൽ, അവിടത്തെ കേസുകളിൽ കക്ഷിചേരാൻ കേരളത്തിന് അവകാശമുണ്ടെന്ന നിയമപരമായ സാഹചര്യമാണ് അയ്യപ്പ ധർമ്മ സേന ഉന്നയിക്കുന്നത്. ശബരിമലയിൽ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സ്ഥലം നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് ശബരിമലയെ സംബന്ധിച്ച കേസുകളിൽ ഈ സംസ്ഥാനങ്ങൾക്ക് കക്ഷിചേരാമെന്നുമുള്ള വാദമാണ് അയ്യപ്പ ധർമ്മ സേന സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പോകുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ, കഴിഞ്ഞ യുഡിഎഫ് നൽകിയതിന് വിപരീതമായ പുതിയ സത്യവാംഗ്മൂലം നൽകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻകഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സിപിഐ -എമ്മിന് അഭിപ്രായം പറയാൻ അവകാശമില്ലെന്നും, വിശ്വാസി സമൂഹവും ഹിന്ദുമതപണ്ഡിതന്മാരും അഭിപ്രായം പറയുമെന്നുമുള്ള നിലപാടിലാണ് ബിജെപി.

ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ കേസ് എത്തുമ്പോൾ തമിഴ്‌നാടിനെക്കൂടി കക്ഷിചേർക്കാൻ ബിജെപി-ആർഎസ്എസ് പാർട്ടികൾ ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ അയ്യപ്പ സേവാസംഘങ്ങളുടെ പിന്തുണയും ബിജെപി നേടിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ഒരു വക്കീലെങ്കിലും സുപ്രീംകോടതിയിൽ കേരളത്തിനെതിരേ സുപ്രീംകോടതിയിൽ ഹാജരായാൽ കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സഹായവും തങ്ങൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി-ആർഎസ്എസ് സംഘങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP