Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാഗ്രതൈ! മുന്നൂറോളം പേരടങ്ങുന്ന കവർച്ചാസംഘം ആലുവയിൽ; ഇവർ സ്വർണവും ബാഗും കവർച്ച ചെയ്യാൻ തമിഴ്‌നാട്ടിൽ പ്രത്യേകം പരിശീലനം നേടിയവർ; നിരീക്ഷണം ശക്തമാക്കി പൊലീസ്

ജാഗ്രതൈ! മുന്നൂറോളം പേരടങ്ങുന്ന കവർച്ചാസംഘം ആലുവയിൽ; ഇവർ സ്വർണവും ബാഗും കവർച്ച ചെയ്യാൻ തമിഴ്‌നാട്ടിൽ പ്രത്യേകം പരിശീലനം നേടിയവർ; നിരീക്ഷണം ശക്തമാക്കി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തമിഴ്‌നാട് സ്വദേശികളായ മുന്നൂറോളം വരുന്ന കവർച്ചാസംഘം ആലുവ കേന്ദ്രീകരിച്ച് തമ്പടിച്ചിട്ടുള്ളതായി പൊലീസിനു വിവരം ലഭിച്ചു. ഇന്നലെ സ്വകാര്യ ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ തമിഴ് നാടോടി സ്ത്രീകളിൽനിന്നാണ് കോതമംഗലം പൊലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കവർച്ചക്കാരെ കണ്ടെത്താൻ ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.

സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുടുംബസഹിതം കവർച്ചക്ക് തയ്യാറായി എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടരിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നത് സ്ത്രീകളാണ്. ഇവരിൽ ഒട്ടുമിക്കവരും മാല പൊട്ടിക്കുന്നതിലും കുട്ടികളുടെ ആഭരണങ്ങൾ തട്ടിയെടുക്കുന്നതിലും പരിശീലനം നേടിയവരാണ് . ഒരു ആയുധവും ഉപയോഗിക്കാതെ സാമാന്യം വലിപ്പുള്ള മാലകൾ പോലും ഇവർ നിമിഷനേരം കൊണ്ട് നിഷ്പ്രയാസം പൊട്ടിച്ചെടുത്ത് സ്ഥലം വിടും.വീട്ടമ്മമാരുടെ പേഴ്‌സുകൾ അടിച്ചുമാറ്റുന്ന കാര്യത്തിൽ ഇവർക്കുള്ള പ്രാവിണ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മലയാളികളെപ്പോലെ നന്നായി ഡ്രസ്സ് ചെയ്ത് നടക്കുന്ന ഇവരെ ഒറ്റ നോട്ടത്തിൽ ആരും സംശയിക്കില്ല എന്നതും കവർച്ചക്ക് സഹായകമാവുന്നുണ്ട്.

ഓരോ പ്രദേശത്തും സംഘാംഗങ്ങളെ നിയന്ത്രിക്കുന്നത് ഏജന്റുമാരാണ്. രാവിലെ 5-6 പേരടങ്ങുന്ന സംഘമാണ് കവർച്ചക്ക് പുറപ്പെടുന്നത്. തിരക്കുള്ള ബസ്സുകളിലാണ് ഇവർ ഇരയെത്തേടുക. കവർച്ച ചെയ്യപ്പെട്ട ആഭരണം കൈപ്പറ്റാനും ശരവേഗത്തിൽ ഇത് ഒളിപ്പിക്കാനും ഇവർക്കൊപ്പം പുരുഷന്മാരായ സഹായികളും ഉണ്ട്. അഥവാ പിടിക്കപ്പെട്ടാൽ ദാരിദ്യവും കഷ്ടപ്പാടും നിരത്തി കരഞ്ഞുകാലുപിടിച്ച് രക്ഷപെടുന്നതിനായിരിക്കും ഇവരുടെ ശ്രമം. ചിലപ്പോഴൊക്കെ ഇത്തരം നീക്കം ഇവർക്ക് തുണയാകാറുമുണ്ട്. പൊലീസ് കേസിൽ ഉൾപ്പെട്ടാൽ ഇവർക്കുവേണ്ടി കോടതിയിലെത്തുന്നത് പ്രദേശത്തെ മുന്തിയ വക്കീലന്മാരായിരിക്കും.

കവർച്ച മുതലുകൾ രാത്രിക്കുരാത്രി സംസ്ഥാന അതിർത്തി കടത്തുന്നതാണ് ഇവരുടെ പതിവുരീതി. കവർച്ച മുതൽ കടത്തുന്നതിനും വിറ്റഴിക്കുന്നതിനും മാത്രമായി പ്രത്യേക വിഭാഗവും ഇവർക്കിടയിലുണ്ട്. കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുകൊള്ളാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഏജന്റുമാർ സ്ത്രീകളെ കവർച്ചയ്ക്കായി നിയോഗിക്കപ്പെടുന്നത്. കവർച്ചാരംഗത്തെ വിദഗ്ദ്ധർക്കൊപ്പം സഹായിയായിട്ടായിരിക്കും പുതുതായി തിരഞ്ഞെടുക്കപ്പടുന്നവരെ ആദ്യഘട്ടത്തിൽ നിയോഗിക്കുക. പണിപഠിച്ചെന്ന് ബോധ്യപ്പെട്ടാൽ ഇവർക്ക് സ്ഥാനക്കയറ്റം നൽകി ടീം ലീഡർ പദവി നൽകും .ഇതോടെ കമ്മീഷനും കൂടും. ഒരു പ്രദേശത്ത് ഒരുമാസത്തിൽ കൂടുതൽ ഇവർ തങ്ങാറില്ല.

തമിഴ്‌നാട് ചിന്നസേലം കുറുപ്പുസ്വാമി കോവിൽ കുമുദിനി (28), മീന (27) എന്നിവരാണ് ബസ് യാത്രക്കാരിയായ കുറ്റിലഞ്ഞി പുളിയത്തുകുന്നേൽ ആമിനയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിൽ പിടിയിലായത്. മാല പൊട്ടിച്ചതറിഞ്ഞ് ആമിന ബഹളം വച്ചപ്പോൾ തിരികെ കൊടുത്ത് രക്ഷപ്പെടാൻ യുവതികൾ ശ്രമിച്ചെങ്കിലും യാത്രക്കാർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ ചെറുവട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ ഇന്നലെ ഉച്ചയ്ക്ക് കുറ്റിലഞ്ഞി സ്‌കൂളിനു സമീപമായിരുന്നു സംഭവം. തമിഴ് യുവതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ആലുവയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചിട്ടുള്ള കവർച്ചാസംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

അടുത്തിടെ കോട്ടപ്പടിയിൽ അഞ്ചുവീടുകളിൽ കവർച്ച നടന്നിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷത്തിൽ ഈ സംഭവത്തിൽ തമിഴ്‌നാട് സംഘത്തിന്റെ ഇടപെടൽ വ്യക്തമായിരുന്നു. ഏതാനും വർഷം മുമ്പ് സമീപപ്രദേശങ്ങളായ പൈങ്ങോട്ടൂർ, ചാത്തമറ്റം മേഖലകളിലെ വീടുകളിൽ തമിഴ്‌സംഘങ്ങൾ വ്യാപകമായി കവർച്ച നടത്തിയിരുന്നു. മുൻവശത്തെ വാതിലുകളിൽ മുട്ടിവിളിക്കുകയും വാതിൽ തുറന്ന് പുറത്തുവരുന്ന വീട്ടുകാരെ അടിച്ചുവീഴ്‌ത്തി കവർച്ച നടത്തുകയുമായിരുന്നു ഇവരുടെ രീതി. കവർച്ച നടത്താനെത്തുന്ന വീടുകളുടെ സമീപത്തുനിന്നും ലഭിക്കുന്ന ആയുധങ്ങളും മരക്കമ്പുകളും മറ്റും ഉപയോഗിച്ചായിരുന്നു അന്ന് തമിഴ്‌നാട് സ്വദേശികൾ വീട്ടുകാരെ ആക്രമിച്ചിരുന്നത്. സ്വകാര്യവ്യക്തിയുടെ കിണറ്റിൽ അകപ്പെട്ട നിലയിൽ കവർച്ചാസംഘത്തിലെ യുവാവ്് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായതോടെയാണ് ഒരുമാസത്തോളം നീണ്ടുനിന്ന കവർച്ചാ പരമ്പരക്ക് വിരാമമായത്.

ഇതിനകം വയോധികരും സ്ത്രീകളും ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ദേഹമാസകലം ഏണ്ണ തേച്ച് മുഖംമൂടിയണിഞ്ഞ് അടിവസ്ത്രം മാത്രം ധരിച്ചെത്തിയിരുന്ന കവർച്ചക്കാരെക്കുറിച്ച് ഓർക്കുമ്പോൾ ഇവിടുത്തകാർക്ക് ഇപ്പോഴും നെഞ്ചിടിപ്പ് വിട്ടുമാറിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP