Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളപ്പണം കുറഞ്ഞപ്പോൾ ഈശ്വരനു കൊടുക്കാനും പിശുക്ക്! വൻതുകയ്ക്കുള്ള വിശേഷാൽ പൂജകളും മൃത്യുഞ്ജയ ഹോമവും രുദ്രാഭിഷേകവും നാമമാത്രമായി; കളഭച്ചാർത്തിനും ഉദയാസ്തമന പൂജയ്ക്കും ഭക്തന്മാരെത്തുന്നില്ല; 'ശത്രുസംഹാര'ത്തിനു തിരക്കേറി; മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രവരുമാത്തിൽ ഗണ്യമായ കുറവ്

കള്ളപ്പണം കുറഞ്ഞപ്പോൾ ഈശ്വരനു കൊടുക്കാനും പിശുക്ക്! വൻതുകയ്ക്കുള്ള വിശേഷാൽ പൂജകളും മൃത്യുഞ്ജയ ഹോമവും രുദ്രാഭിഷേകവും നാമമാത്രമായി; കളഭച്ചാർത്തിനും ഉദയാസ്തമന പൂജയ്ക്കും ഭക്തന്മാരെത്തുന്നില്ല; 'ശത്രുസംഹാര'ത്തിനു തിരക്കേറി; മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രവരുമാത്തിൽ ഗണ്യമായ കുറവ്

രഞ്ജിത് ബാബു

കണ്ണൂർ: കറൻസി നോട്ടുകൾ അസാധുവാക്കിയ നടപടി ദേവീദേവന്മരേയും സാരമായി ബാധിച്ചു. കള്ളപ്പണമുണ്ടായിരുന്നപ്പോൾ ദൈവങ്ങൾക്കു കൈയയച്ചു പണംനൽകിയിരുന്നവർ ഇപ്പോൾ പിശുക്കാൻ തുടങ്ങിയിരിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും പതിവു വഴിപാടുകൾ മാത്രമാണ് നടക്കുന്നത്. വൻ തുകക്കുള്ള വിശേഷാൽ പൂജകൾ നാമമാത്രമാവുകയാണ്. ശിവപ്രീതിക്കായി നടത്തുന്ന മൃത്യുഞ്ജയഹോമവും രുദ്രാഭിഷേകവും അത്യപൂർവ്വമായി.

കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ്. ക്ഷേത്രങ്ങളുടെ നിലയനുസരിച്ച് ഇത്തരം വിശേഷാൽ പൂജകൾക്ക് 18,000 മുതൽ 20,000 രൂപ വരെയാണ് ചെലവ്. 2,000 രൂപ മുതൽ ഈടാക്കുന്ന ചുറ്റുവിളക്കിനും ആളുകൾ വിരളം. ചെറിയ തുകക്ക് നടത്താവുന്ന ശത്രുസംഹാരപൂജക്കും പുഷ്പാഞ്ജലിക്കുമാണ് ഇപ്പോൾ ഭക്തജനങ്ങളെത്തുന്നത്. മാസം തോറും വലിയ പൂജകൾക്കായി എത്തുന്ന പതിവുകാർ പോലും ക്ഷേത്രങ്ങളിൽ അർച്ചനകൾ നടത്തിപ്പോവുകയാണ്.

ആയിരം രൂപക്ക് മുകളിലുള്ള പ്രധാന വഴിപാടുകളെല്ലാം ഏതാണ്ട് അസ്തമിച്ച മട്ടാണ്. ശത്രുസംഹാര പൂജക്കാണ് ഭക്തജനങ്ങൾ പതിവുപോലെ എത്തുന്നത്. ഈ പൂജക്കെത്തുന്നവരുടെ എണ്ണം ചില ക്ഷേത്രങ്ങളിൽ ഉയർന്നിട്ടുമുണ്ട്. ക്ഷേത്രത്തിന്റെ നില അനുസരിച്ച് ശത്രുസംഹാര പൂജക്ക് നൂറ് രൂപ മുതൽ നൂറ്റെഴുപത്തഞ്ച് രൂപ വരെയാണ് ചെലവ്. കറൻസി നോട്ടുകൾ അസാധുവാക്കൽ ആരംഭിച്ചപ്പോൾ ഭക്തജനങ്ങൾ ശത്രുസംഹാര പൂജയിലേക്കാണ് ആകർഷിക്കപ്പെടുന്നതെന്നാണ് നില. സമ്പന്നരായാലും ദരിദ്രരായാലും ശത്രുസംഹാര പൂജക്ക് വിഘ്നം വരുത്തുന്നില്ല. ശത്രുക്കളുടെ എണ്ണത്തിൽ ആരും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പൂജയുടെ വർദ്ധനയിലൂടെ വ്യക്തമാവുന്നത്.

കണക്കിൽ പെടാത്ത പണം ക്ഷേത്രങ്ങളിൽ ദേവീ ദേവന്മാർക്ക് അർപ്പിച്ചു വരുന്നുണ്ടെന്നതിന്റെ സൂചനയാണ് വിലയേറിയ അഭിഷേകങ്ങൾക്കും ഹോമങ്ങൾക്കും ഭക്തജനങ്ങൾ കുറയാൻ കാരണമെന്ന് കരുതപ്പെടുന്നത്. ഇരിക്കൂർ മാമാനം ഭഗവതി ക്ഷേത്രത്തിൽ ഇപ്പോൾ മുഖ്യമായും നടക്കുന്ന വഴിപാട് ശത്രു സംഹാര പൂജയാണ്. ഈ പൂജക്ക് ആളുകൾ കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് ക്ഷേത്രം അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ 1500 രൂപയുടെ നിറമാല 2000 രൂപയുടെ ഗുരുതി ദർപ്പണം എന്നിവ ഇപ്പോൾ നടക്കുന്നത് അത്യപൂർവ്വം മാത്രം. സമ്പന്നർ പോലും ചെറിയ തുകക്കുള്ള അർച്ചനകൾ നടത്തിപ്പോരുകയാണ്.

മലബാർ മേഖലയിലെ മിക്ക ക്ഷേത്രങ്ങളിലേയും സ്ഥിതി ഇതുതന്നെയാണ്. വരുമാനത്തിന്റെ കാര്യത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ചിറക്കൽ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വലിയ വരുമാനക്കുറവ് വന്നിട്ടുണ്ടെന്ന് അധികാരികൾ പറയുന്നു. നൂറ് രൂപ വരെയുള്ള പൂജകളും അർച്ചനകളും മാത്രമാണ് ഇപ്പോൾ നടന്നു വരുന്നത്. 500 രൂപക്ക് മുകളിൽ ദേവീ-ദേവപ്രീതിക്കായി നടത്തുന്ന ഹോമങ്ങളിലും അഭിഷേകത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇത് ക്ഷേത്ര വരുമാനത്തെ കാര്യമായി ബാധിച്ചിരിക്കയാണ്. ക്ഷേത്രഭണ്ഡാരത്തിലെ നിക്ഷേപങ്ങളിലും ഇടിച്ചിൽ സംഭവിച്ചിട്ടുണ്ട്.

ഇരിക്കൂറിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ആറേമുക്കൽ ലക്ഷം രൂപയായിരുന്നു നോട്ടു അസാധുവാക്കുന്നതിന് മുന്നിലുള്ള വരുമാനം. എന്നാൽ ഈ മാസം ആദ്യം വരുമാനം നാലേകാൽ ലക്ഷം രൂപ മാത്രമായി ചുരുങ്ങിയെന്ന് അധികൃതർ പറയുന്നു. നടപ്പു മാസം ഇനിയും ഗണ്യമായി ഭണ്ഡാര നിക്ഷേപം കുറയുമെന്ന അവസ്ഥയായിരിക്കുമെന്ന് ക്ഷേത്രാധികാരികൾ ഭയപ്പെടുന്നു. ഹോമങ്ങളിലും അഭിഷേകത്തിലും മറ്റ് പൂജകളിലുമുണ്ടായ കുറവ് ക്ഷേത്രങ്ങളെ സാരമായി ബാധിച്ചിരിക്കയാണ്. അതോടൊപ്പം ഭണ്ഡാരത്തിലെ വരുമാനത്തിലെ കുറവ് കൂടി വന്നാൽ എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കാകുലരായിരിക്കയാണ് ക്ഷേത്രാധികാരികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP