Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സിപിഎം കലശങ്ങൾ; ത്രിശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളുമായി ആർഎസ്എസ് കലശങ്ങളും; മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ കലശങ്ങളിൽ രാഷ്ട്രീയ അതിപ്രസരം; രാഷ്ട്രീയ തീയിൽ ചുട്ടുപൊള്ളുന്ന കണ്ണൂരിലെ ഉത്സവങ്ങളിലും അഗ്നി പടരുന്നു

രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സിപിഎം കലശങ്ങൾ; ത്രിശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളുമായി ആർഎസ്എസ് കലശങ്ങളും; മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ കലശങ്ങളിൽ രാഷ്ട്രീയ അതിപ്രസരം; രാഷ്ട്രീയ തീയിൽ ചുട്ടുപൊള്ളുന്ന കണ്ണൂരിലെ ഉത്സവങ്ങളിലും അഗ്നി പടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വഴിവെക്കുന്നത് പലപ്പോഴും കണ്ണൂർ കാവുകളിലെ തെയ്യം ചടങ്ങുകളിൽ നിന്നായിരുന്നു. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവർ തമ്മിലുള്ള ചെറു സംഘർഷങ്ങൾ പോലും കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴിവെക്കുന്നതും മുൻകാലങ്ങളിൽ പതിവ് സംഭവങ്ങളാണ്. ഇപ്പോൾ സമാനമായ വിധത്തിൽ രണ്ട് കക്ഷികൾ തമ്മിൽ പോരടിക്കുന്നത് ക്ഷേത്രത്തിലേക്കും മാറി. ക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പിൽ പോലും രാഷ്ട്രീയ പോര് വ്യക്തമാക്കുന്നുണ്ട്.

ക്ഷേത്രങ്ങളിലെ ആരാധാനച്ചടങ്ങുകളിലേക്ക് വരെ പാർട്ടി കന്നു കയറുന്ന അവസ്ഥയാണിപ്പോൾ. മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ 'കലശംവരവിന്റെ' പേരിലാണു സിപിഎമ്മും ബിജെപിയും 'പാർട്ടി കലശങ്ങളു'മായി എത്തിയത്. ക്ഷേത്ര ഭാരവാഹികളുടെ കർശന നിയന്ത്രണങ്ങളെല്ലാം മറികടന്നെത്തുന്ന 'പാർട്ടി കലശങ്ങൾ' ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും ഭയപ്പെടുത്തുകയും ചെയ്യുന്നു.

രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സിപിഎം എത്തുമ്പോൾ, ബിജെപി സമർപ്പിക്കുന്നതു തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളാണ്. മുളങ്കമ്പു വളച്ചു കെട്ടി വലിയ കുഴലിന്റെ രൂപത്തിലാക്കി, പൂക്കൾ കൊണ്ട് അലങ്കരിച്ചുണ്ടാക്കുന്ന കലശം നാടിന്റെ പലഭാഗങ്ങളിൽ നിന്നു ചെറിയ സംഘങ്ങൾ ആർപ്പുവിളികളോടെ, ചുമലിലേറ്റി ക്ഷേത്രത്തിലെത്തിക്കുന്നതാണു 'കലശംവരവ്'. സിപിഎമ്മും ബിജെപിയും ഇതു ശക്തിപ്രകടനത്തിന്റെ വേദിയാക്കിയതോടെയാണു 'പാർട്ടി കലശ'ങ്ങളുമെത്തിത്തുടങ്ങിയത്. ഇരുവിഭാഗവും ഇടയ്ക്കു മുദ്രാവാക്യം വിളിയും നടത്തും.

ക്ഷേത്രനടയിൽ ഓരോ സംഘവും മേളക്കാരെ കൊണ്ട് അര മണിക്കൂറോളം നിന്നു കൊട്ടിക്കും. പ്രവർത്തകർ അതിനൊപ്പം ചുവടു വയ്ക്കും. ഇതോടെ, മറ്റു കലശക്കാർക്കു ക്ഷേത്രം വലം വയ്ക്കാൻ കഴിയാതെയാകും. 'പാർട്ടി കലശം വരവ്' സംഘർഷത്തിലേക്കു നീങ്ങിയതോടെ, കലശങ്ങളുടെ രൂപവും അളവുകളും ആചാര പ്രകാരമായിരിക്കണമെന്നും സംഘങ്ങൾ നേരത്തേ രജിസ്റ്റർ ചെയ്യണമെന്നും ക്ഷേത്ര കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ, ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും പേരിലെത്തുന്ന പാർട്ടിപ്രവർത്തകർ ഇതു വകവച്ചില്ല. ഉത്സവത്തിനു മുൻപു രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ക്ഷേത്ര കമ്മിറ്റി സഹായം അഭ്യർത്ഥിക്കുമെങ്കിലും ഫലമുണ്ടാകാറില്ല.

കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന്റെ മാതൃകയിലുള്ള കലശവുമായാണ് ഒരു സംഘം കഴിഞ്ഞവർഷം എത്തിയത്. ഇത്തവണ സമർപ്പിക്കപ്പെട്ട 79 കലശങ്ങളിൽ പത്തെണ്ണം പാർട്ടികളുടേതായിരുന്നു. തങ്ങളുടെ കലശങ്ങൾ ആചാരങ്ങൾക്കു വിരുദ്ധമല്ലെന്നാണു ബിജെപിക്കാരുടെ വാദം. ബിജെപി കലശം അനുവദിക്കാമെങ്കിൽ തങ്ങളുടേതും ആകാമെന്നു സിപിഎം. ഇതോടെ, ക്ഷേത്രഭാരവാഹികൾ നിസ്സഹായരാകുന്നു. ഈ ദിവസങ്ങളിൽ സംഘർഷം ഒഴിവാക്കാൻ പൊലീസിനും ഏറെ പണിപ്പെടേണ്ടി വരും. 'പാർട്ടികലശം' കലക്ടർ ഇടപെട്ടു നിരോധിക്കണമെന്നാണു ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം.

രൗദ്രമൂർത്തികൾ കാവിൻ മുറ്റങ്ങളിൽ ഉറഞ്ഞാടും. ഇടവപ്പാതി വരെ നൂറുക്കണക്കിന് കാവുകളിൽ തെയ്യങ്ങൾ ആചാരങ്ങളും അനുഷ്ഠാനവുമനുസരിച്ച് കെട്ടിയാടുന്നു. കണ്ണൂരിന്റെ മനസ്സിൽ ഭീതി ഉളവാക്കുന്നതാണ് ഈ തെയ്യാട്ടക്കാലം. രാഷ്ട്രീയ കക്ഷികൾ കുടിപ്പക തീർക്കുന്ന കാലവുമിതാണ്. കളിയാട്ടം ആരംഭിക്കുന്നതു മുതൽ തലശ്ശേരി, കൂത്തുപറമ്പ്, പാനൂര് എന്നിവിടങ്ങളിൽ രാഷട്രീയ വൈര്യവും പുകയും. സിപിഐ.(എം.) നും ബിജെപി-ആർ.എസ്. എസ് കക്ഷികൾക്കും കണക്കു തീർക്കാവുന്ന വേദിയായി കാവുകൾ മാറുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. ഇരുഭാഗത്തും അക്രമിക്കാനുദ്ദേശിക്കുന്നവരുടെ ഹിറ്റ്ലിസ്റ്റ് ഇക്കാലത്ത് പുറത്തെടുക്കും. ഇരുകക്ഷികളും കൂട്ടമായാണ് കാവുകളിലേക്കെത്തുക. യുദ്ധമുഖത്തേക്കെന്ന പോലെ രണ്ടു പക്ഷത്തായി നിൽക്കും. ഇതിനിടെ ഒറ്റപ്പെട്ടു പോയവനെ പലപ്പോഴും അക്രമിക്കപ്പെടും.

കാവുകൾ ഉണരുമ്പോൾ ഭയത്തോടെയാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്. എന്തു തർക്കം നടന്നാലും കണ്ണൂരിലേത് രാഷട്രീയത്തിലേക്ക് വഴിമാറുകയാണ്. വ്യക്തി തർക്കവും കുടുംബ പ്രശ്‌നങ്ങൾ പോലും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടും. ഓരോ പാർട്ടിക്കും സ്വാധീനമുള്ള മേഖലകളിൽ എതിർ പാർട്ടിക്കാർ ഒറ്റപ്പെടും. പാർട്ടി ഗ്രാമങ്ങൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അതിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചാൽ ഒപ്പം നടക്കുന്നവനെ പോലും കൊല്ലാൻ മടിക്കില്ല. മുഖാമുഖം നിന്ന് പോരടിക്കുന്നത് സിപിഐ.(എം.) ന്റേയും ബിജെപി.യുടേയും സ്വഭാവമായി മാറിയിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP